Saturday 04 September 2021 12:44 PM IST

നെഞ്ചുവേദനയില്ലാതെ വരുന്ന ഹൃദയാഘാതം അപകടകാരി; അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനുകളും പൊലിയാനുള്ള കാരണം, അറിയേണ്ടതെല്ലാം

Tency Jacob

Sub Editor

sill44555776g

ഹൃദയാഘാതം മൂലം ജീവന്‍ പൊലിയാനുള്ള പ്രധാന കാരണങ്ങളാണ് അശ്രദ്ധയും അറിവില്ലായ്മയും. ഹൃദയാരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരുന്നു, പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. അലി ഫൈസൽ (ഡയറക്ടര്‍ &ചീഫ് ഓഫ് ക്ലിനിക്കല്‍ സർവീസസ്, മെയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട് )

ഹൃദയാഘാതം വാർധക്യസഹജമായ അസുഖമാണെന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കും വയസ്സായവർക്കുള്ള അതേ രോഗസാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. നമ്മുടെ സംസ്ഥാനത്തു തന്നെ ഇരുപതു വയസ്സിനുള്ളിൽ ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുപ്പതിനും എഴുപതിനും ഇടയിൽ പത്തിലൊരാൾ മരിക്കുന്നത് ഹൃദ്രോഗം ബാധിച്ചാണ്. ആകെ മരണനിരക്കിൽ 31 ശതമാനം ഹൃദ്രോഗങ്ങൾ മൂലം. അതിൽത്തന്നെ പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ ഇരട്ടി സാധ്യതയാണ്. വേൾഡ് ഹാർട്ട് ഫെഡറേഷന്റെ സർവേപ്രകാരം ഹൃദയാഘാതവും ഹൃദയസ്തംഭനവുമടങ്ങിയ ഹൃദ്രോഗങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ കൊലയാളി. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ വരുന്ന ഹൃദ്രോഗങ്ങളില്‍ 80 ശതമാനവും പ്രതിരോധിക്കാന്‍ പറ്റുന്നവയാണ്. ഹൃദയാഘാതത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനുകളും പൊലിയാനുള്ള കാരണം. കാര്യങ്ങൾ മനസ്സിലാക്കി കരുതൽ നൽകാം, നമുക്ക് നമ്മുടെ ഹൃദയത്തിന്.

നെഞ്ചുവേദനയില്ലാതെയും ഹൃദയാഘാതം വരുമോ?

നെഞ്ചുവേദനയല്ലാതെ വരുന്ന ഹൃദയാഘാതത്തെയാണ് പൊതുവെ സൈലന്റ് അറ്റാക്ക് എന്നു പറയുന്നത്. പ്രമേഹ രോഗികള്‍, ആര്‍ത്തവവിരാമമെത്തിയ സ്ത്രീകള്‍, 70 വയസ്സ് കഴിഞ്ഞവര്‍, ഓപ്പറേഷന്‍ സമയത്ത് അനസ്തീസിയ കൊടുത്ത് മയങ്ങുന്ന അവസ്ഥയിലുള്ളവര്‍ എന്നിവരിലാണ് പൊതുവെ വേദനയില്ലാത്ത അറ്റാക്കുണ്ടാകുന്നത്. പലപ്പോഴും രോഗി ഇതറിയണമെന്നില്ല. ബോധം നഷ്ടപ്പെടുക, പെട്ടെന്നുള്ള ശ്വാസം മുട്ടല്‍, കിതപ്പ്, ശ്വാസകോശത്തിലുള്ള നീര്‍ക്കെട്ട് എന്നീ അസ്വസ്ഥതകൾ ചിലരിൽ അനുഭവപ്പെടാറുണ്ട്. പിന്നീട് കുറച്ചു നാൾ കഴിയുമ്പോൾ രക്തം പമ്പ് ചെയ്യുന്നത് കുറയുന്നതു മൂ‌ലം നടക്കുമ്പോൾ ശക്തിയായ കിതപ്പ് അനുഭവപ്പെടും. ഇത് ഹൃദ്രോഗങ്ങൾക്ക് കാരണമായിത്തീർന്ന് ഡോക്ടറെ കാണുമ്പോഴാണ് സൈലന്റ് അറ്റാക്ക് കണ്ടുപിടിക്കപ്പെടുക.

നെഞ്ചിലെ അസ്വസ്ഥതകളും വേദനകളും ഹൃദയാഘാതമാണെന്ന് എങ്ങനെ തിരിച്ചറിയാം?

ഹൃദയാഘാതം വരുമ്പോഴുള്ള വേദന നെഞ്ചിനു മധ്യഭാഗത്തു നിന്നായി ഇടതുകൈയിലേക്ക് പടരുന്നതാണ്. അപൂർവമായി വലതുകൈയിലേക്കും കഴുത്തിലേക്കും നീങ്ങാ‌റുണ്ട്. മുതുകിൽ നിന്ന് പുറത്തേക്കും വേദന പടരാം. ഇതിന്റെ അസ്വസ്ഥത 20 മിനിറ്റിലധികം നീണ്ടുനില്‍ക്കും.കൂട്ടത്തിൽ ഛർദിയും വയറിളക്കവുമുണ്ടായേക്കാം. പലപ്പോഴും ഹൃദയാഘാതത്തിന്റെ അസ്വസ്ഥതയെ ഗ്യാസിന്റെ വേദനയായി തെറ്റിദ്ധരിക്കാറുണ്ട്. ഈ ലക്ഷണങ്ങളോടെയുള്ള അസ്വസ്ഥതയാണെങ്കില്‍ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

ഹൃദയപേശികളിലുണ്ടാകുന്ന വ്യതിയാനങ്ങൾ കണ്ടെത്തുന്ന ഇസിജിയാണ് ആദ്യം ചെയ്യുന്നത്. എല്ലാവരിലും ആദ്യ തവണ ഇത് പ്രകടമാകണമെന്നില്ല. അതിനാല്‍ ഇസിജി പരിശോധന ആവര്‍ത്തിച്ച് നടത്തേണ്ടതാണ്. ഇതിലും സംശയം തോന്നുന്ന അവസ്ഥയുണ്ടെങ്കില്‍ രക്തസാമ്പിളുകള്‍ ശേഖരിച്ചുള്ള ട്രോപ്പോണി, ക്രിയാറ്റിന്‍ കൈനേസ് എന്നീ ഘടകങ്ങളുടെ നില പരിശോധിക്കണം. ഹൃദയാഘാതമുണ്ടായാല്‍ ഇവയുടെ നില ഉയരും. ഹൃദയാഘാതമുണ്ട് എന്ന് കണ്ടെത്തിയാല്‍ പെട്ടെന്ന് തന്നെ രോഗിയെ അടുത്തു കാത്തലാബ് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യേണ്ടത്.

ഹൃദയാഘാതം നെഞ്ചുവേദന ഇല്ലാതെയും ഉണ്ടാകാം. നെഞ്ചില്‍ ഹൃദയം കൂടാതെ അന്നനാളം, ശ്വാസനാളം, പേശികള്‍, എല്ലുകള്‍, ശ്വാസകോശം, രക്തക്കുഴലുകൾ എല്ലാം ഒരുമിച്ചാണ് സ്ഥിതിചെയ്യുന്നത്. ഇവയ്ക്കുണ്ടാകുന്ന അസ്വസ്ഥതകളും നെഞ്ചുവേദനയായി അനുഭവപ്പെടാം.

ഹൃദയാഘാത പാരമ്പര്യമുണ്ടെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?‌

പുരുഷന്മാർക്ക് 50 വയസ്സിനിടയിലും സ്ത്രീകൾക്ക് 52 വയസ്സിനിടയിലും വരികയാണെങ്കിലാണ് മറ്റുള്ളവർക്ക് പാരമ്പര്യ സാധ്യത വരുന്നത്. അച്ഛനോ അമ്മയ്ക്കോ മൂത്തസഹോദരനോ ഈ കാലയളവിൽ വന്നിട്ടുണ്ടെങ്കിൽ മറ്റു മക്കൾക്ക് ഹൃദയാഘാതം വരാം. ഈ പാരമ്പര്യസാധ്യത സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്.

അവർക്ക് വന്ന അതേ വയസ്സിൽ വരാൻ ഇടയുള്ളതുകൊണ്ട്, മുപ്പതു കഴിയുമ്പോൾ കൊളസ്ട്രോൾ പരിശോധിക്കുക, എക്കോ, ഇസിജി എന്നീ ടെസ്റ്റുകളും ചെയ്യാം. അതുപോലെ പുകവലി, ലഹരി മരുന്നുകളുടെ  ഉപയോഗം, മദ്യപാനം ഇവ ഒഴിവാക്കുക.

ചെറുപ്രായത്തിൽ വരുന്ന പ്രമേഹവും പാരമ്പര്യമായതു കൊണ്ട് അവർക്കും കൃത്യമായ പരിശോധന വേണം. ചെറുപ്പക്കാരിൽ ഹൃദയാഘാതനിരക്ക് വർധിച്ചു വരുന്നതിനാൽ പാരമ്പര്യ സാധ്യത ഇല്ലാത്തവരും 30 വയസെ ത്തുമ്പോൾ വർഷത്തിലൊരിക്കൽ ചെക്കപ്പ് നടത്തുന്നതു നല്ലതാണ്. എന്നാൽ ഈ അപകട ചിന്ത മനസ്സിനെ സമ്മർ ദത്തിലാക്കാൻ പാടില്ല. വാർധക്യസഹജമായ കാരണങ്ങ ൾകൊണ്ടോ മറ്റ് അസുഖങ്ങൾകൊണ്ടോ വരുന്ന ഹൃദയാഘാതത്തിന് പാരമ്പര്യ സാധ്യത ഇല്ല.

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഹൃദ്രോഗവും ഒന്നുതന്നെയാണോ?

ഇവയെല്ലാം ഒന്നല്ല. ഹൃദയത്തിൽ രക്തമെത്തിക്കുന്ന ആർട്ടറികളിൽ കൊഴുപ്പടിഞ്ഞ് പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥ ഹൃദയാഘാതത്തിലേക്ക് (ഹാർട് അറ്റാക്ക്) നയിക്കാം.

ഹൃദയം നിന്നു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം (കാര്‍ഡിയാക് അറസ്റ്റ്). പല കാരണങ്ങൾ കൊണ്ടു ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങൾ, പക്ഷാഘാതം, അപകടങ്ങളിൽ നെഞ്ചിനേൽക്കുന്ന ക്ഷതങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾ ഹൃദയസ്തംഭനത്തിലേക്കു നയിക്കാം.

ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഒരു കാരണമാണ് ഹൃദയാഘാതം. ഹൃദയാഘാതം  മൂലം ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുകയും അത് കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂട്ടുകയും ചെയ്യും. ഹൃദയ വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, സുഷിരങ്ങൾ തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളാണ് ഹൃദ്രോഗങ്ങൾ (ഹാർട് ഡിസീസ്).

ചെറുപ്പക്കാർക്കു ഹൃദയാഘാതം വരുന്നത് എന്തു കൊണ്ടാണ്?

അമിതമായ പുകവലി, ലഹരി മരുന്നുകളുടെയോ ഉത്തേജക മരുന്നുകളുടെയോ ഉപയോഗം ഇവ ഹൃദയാഘാതത്തിന് കാരണമായേക്കാം. അതുപോലെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, ശരിയായ വിശ്രമമില്ലായ്മ, ഫാസ്റ്റ് ഫൂഡിന്റെ ഉപയോഗം തുടങ്ങി ചിട്ടയില്ലാത്ത ജീവിതശൈലിയും ഹൃദയാഘാതത്തിന് വഴിയൊരുക്കും. സാധാരണഗതിയിൽ സ്ത്രീകൾക്ക് 35 വയസ്സിനുള്ളിൽ ഹൃദയാഘാതം വരാറില്ല. എന്നാൽ ഗർഭനിരോധന മരുന്ന് തുടർച്ചയായി കഴിക്കുന്നത് ഹൃദയാഘാതത്തിനു കാരണമായേക്കാം.

ഹൃദയാഘാതം വന്നവര്‍ക്ക് സെക്സ് ആകാമോ?

ഹൃദയാഘാതം വന്നവര്‍ സെക്സ് പൂര്‍ണമായും ഒഴിവാക്കണമെന്നില്ല. എങ്കിലും ഹൃദയാഘാതം വന്നതിനുശേഷമുള്ള കുറച്ച് മാസങ്ങള്‍ സെക്‌സ് ഒഴിവാക്കുന്നത് നല്ലതാണ്. മാത്രമല്ല ലൈംഗിക ഉത്തേജകമരുന്നുകള്‍ പൂർണമായും ഒഴിവാക്കേണ്ടതുമാണ്.

ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത കൂടുതലാണോ?

ആര്‍ത്തവകാലങ്ങളില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ രക്തത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു രക്തപ്രവാഹത്തിന് തടസ്സമുണ്ടാകാതെ സംരക്ഷിക്കുന്നു. എന്നാല്‍ ആര്‍ത്തവവിരാമമെത്തിയ സ്ത്രീകളിലും അണ്ഡാശയം നീക്കം ചെയ്തവരിലും  ഈ ഹോര്‍മോണിന്റെ സംരക്ഷണമില്ലാതെ വരുന്നു.

60 വയസ്സ് കഴിഞ്ഞാല്‍ ഹൃദയാഘാത സാധ്യത പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ്. ഇവർ ഈസ്ട്രജന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളായ മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങളും പഴങ്ങളും കാല്‍സ്യം അടങ്ങിയവയും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതുപോലെ വ്യായാമം ചെയ്യേണ്ടതും ചെറിയ ജോലികൾ ചെയ്യേണ്ടതും ആവശ്യമാണ്.  ഒരു പുരുഷൻ ഹൃദയാരോഗ്യം  കാത്തുസൂക്ഷിക്കാൻ എന്തെല്ലാം ചെയ്യുന്നോ അതെല്ലാം ഇവർക്കും ബാധകമാണ്.

രക്തസമ്മർദവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം?

ഹൃദയാഘാതത്തിന്റെ ഒരു റിസ്ക് ഫാക്ടറായിട്ടാണ് രക്തസമ്മർദത്തെ കാണുന്നത്. രക്തസമ്മർദം കൂടുമ്പോള്‍ രക്തക്കുഴലുകളില്‍ വിള്ളലുണ്ടാകുകയും അത് ഹൃദയത്തിന്റെ രക്തക്കുഴലുകളെ ബാധിക്കുകയും ചെ യ്യുന്നു. അത് മൂലം ബ്ലോക്കും ഹൃദയാഘാതവും സംഭവിക്കാന്‍ സാധ്യതയുണ്ട്. ഉയർന്ന രക്ത സമ്മർദം ഹൃദയത്തെ മാത്രമല്ല വൃക്കകളെയും തകരാറിലാക്കാം. അതുകൊണ്ട് രക്തസമ്മർദത്തിനുള്ള മരുന്ന് ഡോക്ടർമാരുടെ നിർദേശാനുസരണം  കൃത്യമായി കഴിക്കുകയും ഭക്ഷണത്തിൽ ആവശ്യമായ നിയന്ത്രണം കൊണ്ടു വരികയും ചെയ്യുക.

1531204685

കാർഡിയാക് എക്സർസൈസു കൊണ്ട് ഹൃദയാഘാതം തടയാനാകുമോ?

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. ഇത് പ്രായത്തിനനുസരിച്ചും ഒരാളുടെ ശിക്ഷണത്തിലും ചെയ്യുന്നതാണ് ഉത്തമം. സാധാരണ ഒരാൾ ആഴ്ചയി ൽ രണ്ടരമണിക്കൂറാണ് വ്യായാമം ചെയ്യേണ്ടത്. അ ങ്ങനെയെങ്കിൽ ദിവസത്തിൽ ഇരുപതു മിനിറ്റായി അതിനെ ക്രമീകരിക്കാം. ശ്വസനം നന്നായി നടക്കുന്ന നീന്തൽ, ഓട്ടം, നടത്തം എന്നിവ സ്വയം ചെയ്യാവുന്ന കാർഡിയാക് വ്യായാമങ്ങളാണ്. ജിംനേഷ്യത്തിൽ പോയി കാർഡിയാക് വ്യായാമങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അത് പരിശീലകരുടെ നിർദേശാനുസരണമായിരിക്കണം. ആദ്യമായി വ്യായാമം തുടങ്ങുന്ന വ്യക്തി കഠിനമായ വ്യായാമമു റകളിൽ ഏർപ്പെടുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ഹൃദയത്തിനുണ്ടാകുന്ന സ്ട്രെയിന്‍ പെട്ടെന്ന് കൂടുകയും അത് മൂലം രക്തക്കുഴലുകളില്‍ വിള്ളല്‍, ബ്ലോക്ക് എന്നിവ ഉണ്ടാക്കുകയും ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യാം.

ഹൃദയാഘാതം വരാതിരിക്കാന്‍ കൊളസ്ട്രോള്‍ കുറയ്ക്കണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്?

മനുഷ്യശരീരത്തില്‍ നല്ല കൊളസ്ട്രോള്‍, ചീത്ത കൊളസ്ട്രോള്‍ എന്നിങ്ങനെ രണ്ടു വിധത്തിലുള്ള കൊളസ്ട്രോളാണുള്ളത്. എച്ച്ഡിഎല്‍ നല്ല കൊളസ്ട്രോളാണ്. എന്നാല്‍ ട്രൈഗ്ലിസറൈഡ്സ്, എല്‍ഡിഎല്‍, വിഎല്‍ഡിഎല്‍ എന്നിങ്ങനെയുള്ള ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ അത് രക്തക്കുഴലു കളില്‍ അടിഞ്ഞു കൂടുകയും ബ്ലോക്ക് ഉണ്ടാകാന്‍ ഇ ടയാക്കുകയും ചെയ്യും.

ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതുമൂലം ബ്ലോക്കിനുള്ള സാധ്യത കുറയ്ക്കുകയും അതുമൂലം  ഹൃദയാഘാതം തടയുകയും ചെയ്യുന്നു. ശരിയായ വ്യായാമം, മധുരവും കൊഴുപ്പും അടങ്ങിയതും എണ്ണയിൽ പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക, എ ല്ലാത്തരം പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക എന്നീ കാര്യങ്ങൾ ചെയ്യുന്നതു വഴി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാതെ നോക്കാം. അതേസമയം നല്ല കൊളസ്്ട്രോളിന്റെ അളവ് വ ര്‍ധിപ്പിക്കുകയും ചെയ്യാം.

ഉദ്ധാരണശേഷിക്കുറവ് അനുഭവപ്പെടുന്നവർ ഹൃദയാഘാത സാധ്യത പരിശോധിക്കണമെന്ന് പറയുന്നതെന്ത് കൊണ്ട്?

ഉദ്ധാരണശേഷി പെട്ടന്ന് കുറയുന്നത് ഹൃദയാഘാതം വരുന്നതിന്റെ ലക്ഷണമായി പറയാറുണ്ട്. ഇവരുടെ ഹൃദയധമനികളിലെ പേശിയുടെ പ്രവര്‍ത്തനം കുറവാ യിരിക്കും. അങ്ങനെയുള്ളവരില്‍ ബ്ലോക്കു ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പ്രമേഹം, ചീത്ത കൊ ളസ്ട്രോള്‍, പുകവലി, അമിതവണ്ണം എന്നിവയെല്ലാം ഉ ദ്ധാരണശേഷിക്കുറവിന് കാരണമാകുന്നുണ്ട്.

stock-graphic5

ഹൃദയാഘാതവും  ഹൃദ്രോഗവും

ഹൃദയധമനികളിൽ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞുകൂടി രക്തമൊഴുക്കിനു തടസ്സം വന്ന് ഹൃദയത്തിന്റെ പേശി കളിലേക്ക്  രക്തമെത്താതെ വരുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ പ്രധാനലക്ഷണമാണ് നെഞ്ചുവേദന. ഹൃദയാഘാതം സംഭവിക്കുന്നതിനു മുന്നോടിയായി നെ‍ഞ്ചിനുള്ളിൽ ഭാരം കയറ്റിവെച്ചതുപോലെയുള്ള അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുന്നതിനെയാണ് ‘ആന്‍ജൈന’ എന്നു പറയുന്നത്.

ഇതു രണ്ടുവിധത്തിലുണ്ട്. നടക്കുമ്പോഴോ ചെറിയ ജോലികള്‍ ചെയ്യുമ്പോഴോ അനുഭവപ്പെടുന്നതാണ് സ്റ്റേബിൾ ആൻജൈന. ചിലരില്‍ ഈയവസ്ഥ കൂടിക്കൂടി വരി കയും ചെയ്യും. വെറുതേയിരിക്കുമ്പോൾ പോലും വേദന (ആൻജൈന) അനുഭവപ്പെടാൻ തുടങ്ങുകയാണെങ്കിൽ അത്  അൺസ്റ്റേബിൾ ആൻജൈനയാണ്. എന്നാൽ ചിലര്‍ക്ക് മുന്നറിയിപ്പൊന്നുമില്ലാതെ നെഞ്ചില്‍ തുടർച്ചയായും ശക്തമായുള്ള അസ്വസ്ഥത വരാം. ഇതു ഹൃദയാഘാതം സംഭവിച്ചതിന്റെ സൂചനയാണ്. ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ അവഗണിച്ചു കളയാതെ വൈദ്യസഹായം തേടേണ്ടതാണ്. തുടക്കത്തിൽ തന്നെ പരിശോധനകൾ നടത്താൻ കഴിഞ്ഞാൽ രോഗത്തിന്റെ തീവ്രത വ്യക്തമായി മനസ്സിലാക്കാൻ കഴിയും. പഠനങ്ങള്‍ അനുസരിച്ച് 10 വയസ്സ് കഴിയുമ്പോള്‍ തന്നെ  ഹൃദയ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് തുടങ്ങുന്നു. പ്രായമാകും തോറും കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടി വരികയും ഇത് രക്തക്കുഴലിന്റെ വ്യാസത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ ആകുമ്പോള്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് അഥവാ ഹൃദ്രോഗം എന്ന അസുഖത്തിലേക്കെത്തുകയും ചെയ്യുന്നു.

തൈറോയ്ഡ് രോഗമുള്ളവരില്‍ ഹൃദയാഘാത സാധ്യത കൂടുമോ?

തൈറോയിഡ് രോഗമുള്ളവര്‍ക്കും പ്രത്യേകിച്ച് ഹൈപ്പോതൈറോയിഡ് രോഗമുള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. അമിതഭാരം, രക്തസമ്മർദം, രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അ ളവ് വർധിക്കല്‍ എന്നിവയൊക്കെയാണ് ഹൈപ്പോതൈ റോയിഡിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നത്. ഇവയൊക്കെ നിയന്ത്രിക്കുകയും കൃത്യമായി തൈറോയി ഡിനുള്ള മരുന്നു കഴിക്കുകയും ചെയ്യുക. വ്യായാമം ഇവർക്ക് അത്യാവശ്യവുമാണ്.

ഹൃദയാരോഗ്യത്തിന് ഒരാൾ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

എല്ലാത്തരം പഴങ്ങളും, പ്രത്യേകിച്ച് മൈക്രോ ന്യൂട്രിയന്റ്സ് അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് ഫ്രൂട്സ്, വൈറ്റമിൻ ഇ ധാരാളമായുള്ള കടുംപച്ചനിറത്തിലുള്ള പച്ചക്കറികളും  ഇലക്കറികളും ഭക്ഷണത്തി ല്‍ ഉള്‍പ്പെടുത്തണം. ഇവയില്‍ രക്തക്കുഴലുകളെ സം രക്ഷിക്കുന്ന ആന്റിഓക്സൈഡുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്്. ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തവ, ബേക്കറി പലഹാരങ്ങൾ, ചായ, കാപ്പി എന്നിവ ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനാല്‍ പ രമാവധി ഒഴിവാക്കുക. ഭക്ഷണം പാകം ചെയ്യുമ്പോൾ എണ്ണയും കൊഴുപ്പും കുറയ്ക്കുക. കൊളസ്ട്രോള്‍ കൂടുതലുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ കഴിയുന്നതും ഒഴിവാക്കുക. അതേസമയം അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായി അടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് രക്തക്കുഴലുകള്‍ക്ക് സംരക്ഷണം നല്‍കുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്ന് ഹൃദ്രോഗം തടയുമോ?

കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്ന് ഹൃദ്രോഗവും ഹൃദയാഘാതവും തടയുന്നു. ഹൃദയധമനികളെ ശക്തിപ്പെടുത്തി ഹൃദയാഘാതത്തിൽനിന്ന്് സംരക്ഷി ക്കുന്നു. ഹാർട്ടിനുള്ളില്‍ ബ്ലോക്കുണ്ടാക്കുന്ന മറ്റു കാ രണങ്ങളെ  തടയുന്നതോടൊപ്പം ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റുകളായും ഈ മരുന്നുകൾ പ്രവർത്തിക്കുന്നുണ്ട്.

ഒരാളുടെ വ്യക്തിത്വവും ഹൃദയാഘാതവുമായി ബന്ധമുണ്ടോ?

മനശാസ്ത്രജ്ഞർ ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളനുസരിച്ച് പല ടൈപ്പുകളായി തിരിച്ചിട്ടുണ്ട്. കുറച്ച് കാലം മുൻപ് വരെ അമിതദേഷ്യം, എല്ലാക്കാര്യങ്ങളിലുമുള്ള മത്സരബുദ്ധി, ക്ഷമയില്ലായ്മ, അധികാ രമോഹം എന്നീ സ്വഭാവങ്ങളടങ്ങുന്ന ടൈപ്പ് എ പഴ്സനാലിറ്റിക്കാർക്ക് ഹൃദയാഘാത സാധ്യതയുണ്ടെന്നാണ് പൊതുധാരണ. എന്നാല്‍ പുതിയ പഠനങ്ങള്‍ അനുസരിച്ച് ഡിസ്ട്രെസ്ഡ് പഴ്സനാലിറ്റി  അല്ലെങ്കിൽ വിഷാദ വ്യക്തിത്വങ്ങളായ ടൈപ്പ് ഡി വ്യക്തിത്വക്കാർക്കാണ് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലെന്ന് പ റയുന്നു. 

വിഷാദരോഗം, അമിത ഉത്കണ്ഠ, പെട്ടെന്ന് പൊട്ടിത്തെറിക്കുക ഇവയൊക്കെ ഇവരുടെ ലക്ഷണങ്ങളാണ്. ശരിയായ കൗൺസലിങ്ങും കൃത്യമായ ചികിത്സയും കൊണ്ട് ഇത് മറികടക്കാം. അതിലൂടെ ഹൃദയാഘാതസാധ്യതയും കുറയും. 

Tags:
  • Health Tips
  • Glam Up