Tuesday 26 October 2021 12:03 PM IST : By സ്വന്തം ലേഖകൻ

‘ഹൃദ്രോഗം അറിയാതെ പോകുന്നത് അജ്ഞത കൊണ്ട്; നെഞ്ചെരിച്ചിലോ വേദനയോ വന്നാല്‍ ഗ്യാസാണെന്ന് കരുതും’: ആരോഗ്യമുള്ള ഹൃദയം, അറിയേണ്ടതെല്ലാം

660x326

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരവയവമാണ് ഹൃദയം. ശ്വാസകോശത്തിലേക്കും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വിശ്രമമില്ലാതെ രക്തം പമ്പ് ചെയ്യുക എന്നാ ശ്രമകരമായ ജോലിയാണ് ഹൃദയത്തിന്റേത്. ഹൃദയം ഒരു ദിവസം 800 ലിറ്റര്‍ രക്തം പമ്പ് ചെയ്യുന്നു. ഒരു ലക്ഷം തവണ സ്പന്ദിക്കുന്നു. ശിശു അമ്മയുടെ ഉദരത്തില്‍ രൂപം കൊള്ളുന്നത്‌ മുതല്‍ മരണംവരെ ഇത് പ്രവര്‍ത്തിക്കുന്നു. ഈ പമ്പിങ്ങിനു തടസമുണ്ടാകുമ്പോഴാണ് ഹൃദ്രോഗമുണ്ടാകുന്നത്.

സമ്പന്നരുടെ രോഗം എന്നറിയപ്പെട്ടിരുന്ന ഹൃദ്രോഗം സാധാരണക്കാരുടെ രോഗമായി മാറിയത് വളരെ പെട്ടന്നാണ്. കണക്കുകള് സൂചിപ്പിക്കുന്നതനുസരിച്ചു ആഗോളതലത്തില്‍ ഹൃദ്രോഗത്തിന്റെ തലസ്ഥാനം എന്ന ഖ്യാതിയിലേക്ക് ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികള്‍ ഉള്ള സംസ്ഥാനം കേരളമാണെന്നുള്ളതും വസ്തുതയാണ്. 

കേരളത്തില്‍ ഹൃദ്രോഗവുമായി വരുന്നവരില്‍ 25 ശതമാനവും ചെറുപ്പക്കാരാണ്. ഇതിനു പ്രധാന കാരണം നമ്മില്‍ പെട്ടന്ന് വേര് പിടിച്ച ഫാസ്റ്റ് ഫൂഡ്‌ സംസ്കാരവും അനാരോഗ്യകരമായ ജീവിതരീതികളുമാണ്. പുകയിലയുടെ ഉപയോഗം നിയന്ത്രണമില്ലാത്ത ഭക്ഷണം, വ്യായാമമില്ലാത്ത ജീവിതചര്യ, അമിത മാനസിക സമ്മര്‍ദ്ദം, രക്തത്തിലെ കോളസ്ട്രോളിന്റെ ആധിക്യം, അമിതവണ്ണം എന്നിവയെല്ലാം ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു വിഘാതമായ ഘടകങ്ങളാണ്. 

ഹൃദ്രോഗത്തെക്കുറിച്ചുള്ള കണക്കുകള്‍ സൂചിപ്പിക്കുന്ന വര്‍ധന ആശങ്കാജനകമാണങ്കിലും ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന വസ്തുത പലരും ഗൗരവമായി എടുക്കുന്നില്ല. പലപ്പോഴും രോഗം വന്നതിനു ശേഷമാണു പലരും പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കുന്നത്. 90 ശതമാനം ഹൃദ്രോഗത്തെയും അതിന്‍റെ അപായ ഘടകങ്ങളെ ഒഴിവാക്കുന്നതിലൂടെ പ്രതിരോധിക്കാം.

ഹൃദ്രോഗം പലപ്പോഴും അറിയാതെ പോകുന്നത് അജ്ഞത കൊണ്ടാണ് നെഞ്ചെരിച്ചിലോ വേദനയോ വന്നാല്‍ അത് വെറും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞു കഴിക്കുകയാണ് പലരും. ഹൃദ്രോഗത്തെ പ്രതിരോധിക്കണമെങ്കില്‍ അതുണ്ടാകാനുള്ള സാഹചര്യത്തെയും കാരണങ്ങളെയും കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്. രോഗം ബാധിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. പുകയിലയുടെ ഉപയോഗം, രക്തത്തിലെ കോളസ്ട്രോളിന്റെ ആധിക്യം, അമിതവണ്ണം എന്നിവ കൂടാതെ സി റിയാക്ടീവ് പ്രോട്ടീന്‍, ഹോമോസിസ്റ്റയിന്‍, ഫൈബ്രിനോജന്‍, ലിപ്പോ പ്രോട്ടീന്‍ എന്നിവയും ഹൃദ്രോഗത്തിന് കാരണമകുന്നുവെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

രക്താതിസമ്മര്‍ദ്ദം

അമിത രക്തസമ്മര്‍ദ്ദമുള്ളവരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മര്‍ദ്ദം കൂടുന്നതനുസരിച്ച് ഹൃദയത്തിലേക്കുള്ള രക്തചംക്രമണ കുഴലുകളില്‍ സമ്മര്‍ദ്ദം വരികയും ഹൃദയത്തിലേക്കെത്തുന്ന രക്തത്തിന്റെ അളവ് കുറയുകയും ചെയ്യും. തന്മൂലം ശരീരത്തിലേക്കുള്ള ഓക്സിജന്‍റെ അളവു കുറയുകയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യും. രക്താതിസമ്മര്‍ദ്ദം പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയില്ലെങ്കിലും മരുന്നുകളിലൂടെ അത് തടയാനും നിയന്ത്രിക്കാനും സാധിക്കും.

പുകയിലയുടെ ഉപയോഗം

ഹൃദ്രോഗം മൂലം മരിക്കുന്നവരില്‍ ഭൂരിഭാഗവും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഹൃദയ ധമനികളില്‍ കേടുവരുത്തുകയും രക്തത്തിലെ പൂരിത കൊഴുപ്പിനെ കുറക്കുകയും ചെയ്യും. തന്മൂലം രക്തകുഴലുകളില്‍ തടസ്സങ്ങള്‍ രൂപപ്പെടുകയും ഹൃദയാഘാതത്തിനു കാരണമാവുകയും ചെയ്യുന്നു.

കോളസ്ട്രോളിന്റെ ആധിക്യം

ശരീരത്തിന് വളരെ പ്രയോജനമുള്ള കൊഴുപ്പാണ്‌ കോളസ്ട്രോള്‍. എന്നാല്‍ ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോളിനോപ്പം ക്രമീക്രതമല്ലാത്ത ഭക്ഷണ രീതിയിലൂടെ ആവശ്യത്തിലധികം കൊഴുപ്പ് ശരീരത്തില്‍ എത്തിച്ചേരും. ഇതോടെ കൊളസ്ട്രോള്‍ പ്രശ്നക്കാരനായി മാറും. രക്തത്തിലെ കൊളസ്ട്രോളിന്റെ ആധിക്യമാണ് ഏറ്റവുമധികമായി ഹൃദയസ്തംഭനങ്ങള്‍ക്കും ഹൃദയധമനികളിലെ കേടുപാടുകള്‍ക്കും കാരണമാകുന്നത്. ചിട്ടയായ ജീവിതരീതിയിലൂടെയും വ്യായാമത്തിലൂടെയും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും കൃത്യമായി പിന്തുടരുന്നതിലൂടെയും ഈ അപകടാവസ്ഥ തരണം ചെയ്യാന്‍ സാധിക്കും.

മാനസിക സമ്മര്‍ദ്ദം 

സ്ഥിരമായി അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. മാനസിക സമ്മര്‍ദ്ദം ഹൃദയ പേശികളിലേക്കുള്ള രക്തപ്രവാഹം കുറക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായ വ്യതിയാനം വരുത്തുകയും ചെയ്യും. 

പ്രമേഹം 

പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയാണ്.പക്ഷെ പ്രമേഹത്തെ നന്നായി നിയന്ത്രിക്കാനായാല്‍ അത് അപകടകാരിയെ അല്ല. പ്രമേഹ രോഗികളിലെത്തുന്ന ഗ്ലൂക്കോസ് വിഘടിക്കപ്പെടാതെ പോകുന്നു. ഈ ഗ്ലുക്കോസ് കൊഴുപ്പായി രൂപാന്തരപ്പെടുകയും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രമേഹ രോഗികള്‍ക്ക് ഹൃദ്രോഗം പലപ്പോഴും നിശബ്ദനായ കൊലയാളിയാണ് കാരണം പ്രമേഹ രോഗികള്‍ക്ക് ഹൃദ്രോഗമുണ്ടാകുമ്പോള്‍ വേദന അനുഭവപ്പെടുന്നില്ല.അതിനാല്‍ ചിട്ടയായ ജീവിതക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കേണ്ടത് അത്യാവശ്യമാണ്.

ഹൃദ്രോഗം മനുഷ്യന് ഭീക്ഷണിയായ കാലം മുതല്‍ അനവധി പഠനങ്ങളും പഠന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ടങ്കിലും രോഗാതുരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കും മുന്‍കരുതലുകള്‍ക്കും നാം വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയും ഹൃദ്രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും.

-ഡോ. പി.പി. മുഹമ്മദ്‌ മുസ്തഫ MD,DM, F Card, കേരളത്തിലെ ഏറ്റവും വലുതും, ആദ്യത്തെ സമ്പൂര്‍ണ ഹൃദ്രോഗ ചികിത്സാ കേന്ദ്രവുമായ കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ചീഫ് കാര്‍ഡിയോളജിസ്റ്റും മാനേജിംഗ് ഡയറക്ടറുമാണ് ലേഖകന്‍.

logo-micc_page-0001
Tags:
  • Health Tips
  • Glam Up