35 കഴിഞ്ഞോ? ഉടനെ കുഞ്ഞുവാവ വേണം
സ്ത്രീകൾ പഠനം കഴിഞ്ഞ് ജോലിയും സ്ഥിരമായ ശേഷം വിവാഹിതരാകുന്ന കാഴ്ചയാണ് ഇക്കാലത്ത് പൊതുവെ കാണുന്നത്. വിദേശജോലിയും സ്ഥിരമാക്കി വിവാഹത്തിനൊരുങ്ങുമ്പോൾ പ്രായം 35ലെത്തിയിട്ടുണ്ടാകും. 35 വയസ്സുള്ള യുവതി വിവാഹശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കണം. ഉടനെ കുഞ്ഞുവാവ വരട്ടെ. അതാണു ബുദ്ധി.
‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു പലരും കരുതാം. ആ ധാരണ തെറ്റാണ്. പ്രായം മുമ്പോട്ടാകുമ്പോൾ അണ്ഡാശയങ്ങളുെട പ്രവർത്തനം കുറയും. ഒവേറിയൻ റിസർവ് (അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ ആകെ എണ്ണം) കുറയും. നല്ല അണ്ഡങ്ങളുടെ എണ്ണമാകട്ടെ അതിലുമേറെ കുറയുന്നു എന്നതാണു സത്യം.
അങ്ങനെയാകുമ്പോൾ ആരോഗ്യകരമായ ഗർഭധാരണം, ആരോഗ്യമു ള്ള കുഞ്ഞ് എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. വൈകി വിവാഹിതരാകുന്നവർ ഒവേറിയൻ സീറം എ എം എച്ച് , അൾട്രാസൗണ്ട് സ്കാൻ എന്നിവ ചെയ്യുന്നത് ഗർഭധാരണക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. ആറുമാസത്തിനുള്ളിൽ ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ ആരംഭിക്കണം.
പുരുഷനെ ചികിത്സയ്ക്കു കൂട്ടാം
പുരുഷൻമാർ പൊതുവെ ആദ്യകാലങ്ങളിൽ വന്ധ്യതാചികിത്സയ്ക്കു താത്പര്യം കാണിക്കാറില്ല. പ്രശ്നം അവരുടേതാകാമെങ്കിലും ചികിത്സ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമെന്ന മട്ടിലാകും നിലപാട്. അങ്ങനെ കാലം മുൻപോട്ട് പോകുമ്പോൾ സ്ത്രീയുടെ പ്രായവും കൂടി വരും. പിന്നീടു പുരുഷൻ ചികിത്സയ്ക്കു സന്നദ്ധനായി വരുമ്പോഴേയ്ക്കും സ്ത്രീയുടെ പ്രായം 30 കടന്നിരിക്കും. 25–ാം വയസ്സിൽ പുരുഷന്റെ വന്ധ്യത കണ്ടെത്തിയാലും ചികിത്സയ്ക്കെത്തുന്നത് 35–ാം വയസ്സിലാകും. അത്തരം അവസരങ്ങളിൽ ഗർഭധാരണസാധ്യത വളരെയേറെ കുറയാനിടയുണ്ട്. അതുകൊണ്ട് ശ്രമിച്ചിട്ടും ഗർഭധാരണം വൈകുന്ന ആദ്യകാലത്തു തന്നെ തന്റെ പ്രായം മുമ്പോട്ടു പോകാതെ പുരുഷനെ ചികിത്സയ്ക്കു തയാറാക്കാൻ സ്ത്രീ പ്രത്യേകം ശ്രദ്ധിക്കണം.