ഇരുപതിൽ താഴെ പ്രായമുള്ള കുട്ടികളിൽ കാണുന്നതും പലപ്പോഴും തിരിച്ചറിയാതെ പോകുന്നതുമായ രോഗമാണു ഹൈപ്പോ തൈറോയിഡിസം അല്ലെങ്കിൽ ശരീരം തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നത് കുറയുന്ന അവസ്ഥ.
പ്രായക്കൂടുതൽ ഉള്ളവർക്ക് ആണ് ഹൈപ്പോ തൈറോയിഡിസം വരിക എന്ന ധാരണയാണ് ചെറുപ്രായക്കാരിൽ ഇതു ശ്രദ്ധിക്കാതെ പോകുന്നതിനു കാരണം. തൈറോയ്ഡ് ഗ്രന്ഥി പുറത്തു വിടുന്ന തൈറോയ്ഡ് ഹോർമോണാണു ശരീരത്തിന്റെ ഊർജ വിനിയോഗത്തെ നിയന്ത്രിക്കുന്നത്. ഹൈപ്പോ തൈറോയിഡിസം ഉള്ളവരിൽ ശരീര പ്രവർത്തനങ്ങൾ മന്ദഗതിയിലാകും.
ആർത്തവ ക്രമക്കേട്, ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം, അമിതമായ മുഖക്കുരു, അമിതവണ്ണം, തണുപ്പ് സഹിക്കാൻ കഴിയാതെ വരിക, ക്രമാതീതമായ മുടികൊഴിച്ചിൽ, കട്ടി തീരെ കുറഞ്ഞു വരണ്ട മുടി, പുരികങ്ങളുടെ വശങ്ങളിൽ രോമം കുറഞ്ഞു കനം കുറഞ്ഞു പോകുക അമിത ക്ഷീണം, ഉറക്കം തൂങ്ങുക, തുടങ്ങിയ കാരണങ്ങൾ തൈറോയിഡ് ഹോർമോൺ കുറവു മൂലം സംഭവിക്കും. അനാരോഗ്യകരമായ ജീവിത ശൈലിയാണു ഹൈപ്പോ തൈറോയിഡിസത്തിനു പ്രധാന കാരണം. പാരമ്പര്യവും ചില വൈറൽ ഇൻഫെക്‌ഷനുകളും തൈറോയിഡിന് കാരണമാകാം. ചിലരിൽ ജന്മനാൽ തന്നെ തൈറോയ്ഡ് പ്രശ്നം കാണാറുണ്ട്.
പരിഹാരം
ഹൈപ്പോ തൈറോയിഡിസം ലക്ഷണങ്ങൾ കണ്ടാൽ കുട്ടിയെ എത്രയും പെട്ടെന്ന് ഫിസിഷ്യനെ കാണിക്കണം. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റിലൂടെ തൈറോയ്ഡ് ഉണ്ടോ എന്നു ഉറപ്പു വരുത്താം. ആവശ്യമെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ സ്കാൻ എടുക്കുന്ന ഇമേജിങ് പരിശോധനകൾ നടത്താം. ശരിയായ മെഡിക്കൽ മാനേജ്മെന്റിലൂടെ തൈറോയ്ഡ് പ്രശ്നങ്ങൾ നിയന്ത്രിച്ച് സാധാരണ ജീവിതം നയിക്കാനാകും. ജീവിതകാലം മുഴുവൻ ചിലപ്പോൾ സ്ഥിരമായി ചികിത്സ ഹൈപ്പോ തൈറോയിഡിസത്തിന് ആവശ്യമായി വരാം.
പ്രതിരോധം
പ്രതിരോധം ഫലപ്രദമായ വിധം സാധ്യമല്ലെങ്കിലും അയഡിൻ അടങ്ങിയ ഭക്ഷണ ക്രമം തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ സഹായിക്കും. ഹൈപ്പോ തൈറോയ്ഡിസം മൂലമുള്ള അമിത വണ്ണം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സമീകൃത ഭക്ഷണം കൃത്യസമയത്തു കഴിക്കുക, മധുര പലഹാരങ്ങളും കാലറി മൂല്യം കൂടിയ ഭക്ഷണങ്ങളും ഒഴിവാക്കുക. പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കുക പതിവായി അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.
സ്ട്രെസ് ഒഴിവാക്കണം
പെൺകുട്ടികളിൽ പ്രായപൂർത്തിയാകുന്ന ഘട്ടത്തി ൽ സ്ട്രെസും വിഷാദ രോഗവും കാണാറുണ്ട്. ശാരീ രിക മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ അതിനോടൊപ്പം പഠനസംബന്ധമായ പിരിമുറുക്കവും കൂ ടി ചേരുമ്പോൾ അവ വിഷാദ രോഗത്തിലേക്കു നയിക്കാം. വിഷാദ മാനസികാവസ്ഥ പെൺകുട്ടികളിൽ അമിത വണ്ണത്തിനു കാരണമായേക്കാം.
അമിത വണ്ണം പിന്നീട് ആർത്തവ ക്രമക്കേട്, പിസിഒഡി പോലുള്ള പ്രശ്നങ്ങളിലേക്കു നയിക്കാം. അതിനാൽ സ്ട്രസ് കുട്ടികൾക്കുണ്ടോ എന്നതു മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്ട്രസ് പിടിപെടാതിരിക്കാൻ ചെറുപ്രായത്തിൽ തന്നെ വ്യായാമം ചെയ്യാനും അ ൽപ നേരം മെഡിറ്റേറ്റ് ചെയ്യാനും ശീലിപ്പിക്കാം.