Saturday 09 April 2022 02:49 PM IST : By ശ്യാമ

‘ജോലിസമയം കഴിഞ്ഞ് ജോലിക്കാര്യത്തിനായി മറ്റുള്ളവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്ന ശീലം ഒഴിവാക്കണം’; ഓഫിസിലെ സമ്മർദം കുറയ്ക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

jobbff4456ghjjjj

ജോലി ചെയ്യുന്നവർ പലരും കുടുംബത്തിനൊപ്പം ഉള്ളത്രയോ അതിലേറെയോ സമയം ജോലിസ്ഥലത്ത് ചെലവിടുന്നവരാണ്. അതുകൊണ്ട് തൊഴിലിടത്തിലെ ബന്ധങ്ങൾ വ്യക്തിയുടെ സ്വകാര്യജീവിതത്തെയും സ്വാധീനിക്കാം. ജോലി സ്ഥലങ്ങളിലെ സമ്മർദം കുറയ്ക്കാന്‍ ജോലി ചെയ്യുന്ന ഇടങ്ങളെ പോസിറ്റീവായി വയ്ക്കേണ്ടതുണ്ട്.  

∙ ഒരു ജോലി ചെയ്യാൻ മറ്റൊരാൾ നിങ്ങളെ ചെറിയ രീതിയിലെങ്കിലും സഹായിച്ചാൽ ‘നന്ദി’ പറയുന്നത് ശീലമാക്കുക. നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ നിങ്ങളുടെ ടീമിലേക്കും പകർന്നു കൊടുക്കുക. ഏത് സ്ഥാപനത്തിലും ടീം വർക്ക് അഭികാമ്യമാണ്. പരസ്പരം അഭിനന്ദിക്കാനുള്ള മനസ്സും അന്തരീക്ഷവും സൃഷ്ടിച്ചെടുക്കുക. 

∙ വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളും വരുമ്പോൾ അത് ചർച്ച ചെയ്ത് പൊതു അഭിപ്രായത്തിലെത്താനുള്ള ആരോഗ്യകരമായ സാഹചര്യമുണ്ടാക്കിയെടുക്കണം. അഭിപ്രായവ്യത്യാസങ്ങൾ പറയാൻ ഭയപ്പെടുന്ന അന്തരീക്ഷമല്ല പകരം എല്ലാവരുടേയും ഗുണത്തിനായി അഭിപ്രായങ്ങൾ മടിക്കാതെ തുറന്ന് ചർച്ച ചെയ്യാവുന്ന ഇടങ്ങളായി ജോലിസ്ഥലം മാറണം. 

∙ പരസ്യമായ പ്രോത്സാഹനവും രഹസ്യമായ വിമർശനവും വേണം. മറിച്ചുള്ള സാഹചര്യം നിലനിൽക്കുന്നിടങ്ങളിലെ ജോലിയുടെ ക്വാളിറ്റി തന്നെ കുറയും.

∙  തമ്മിൽ തമ്മിൽ അഭിനന്ദിക്കാൻ മടി വേണ്ട. 

∙ തൊഴിലിടങ്ങളിൽ എല്ലാവരും തമ്മിൽ സൗഹൃദം വേണമെന്ന് യാതൊരു നിർബന്ധവുമില്ല, എന്നിരുന്നാലും ആശയവിനിമയം നടത്തേണ്ടി വരുമ്പോൾ പരസ്പര ബഹുമാനം നിലനിർത്തി വേണം സംസാരിക്കാൻ. വാക്കുകളും ശാരീരഭാഷയും സഭ്യമായിരിക്കണം. 

വഴിയിലേ തടയാം, ‘വഴിമുടക്കി’കളെ പ്രശ്നങ്ങളൊന്നുമില്ലാത്തിടത്തും പ്രശ്നങ്ങളുണ്ടാക്കുന്ന ചിലരുണ്ട്, എന്ത് പറഞ്ഞാലും അതിനൊക്കെ തടസ്സം പറയുന്നവർ... അത്തരക്കാരെ മനസ്സിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതെങ്ങനെ മനസ്സിലാക്കും? 

അവരുമായി സഹകരിക്കുമ്പോഴൊക്കെ മാനസിക പിരിമുറുക്കമനുഭവപ്പെടുന്നു, നമ്മൾ നമ്മളല്ലാതാകുന്നു... എന്നൊക്കെ തോന്നിയാൽ ടോക്സിസിറ്റി ഉണ്ടെന്ന് കരുതാം. അത്തരം ഇടങ്ങളിൽ നിന്ന് കഴിവതും അകലം പാലിക്കുക. ആവശ്യം വന്നാൽ മാത്രം ആശയവിനിമയം നടത്തുക. 

∙ ജോലിസമയം കഴിഞ്ഞ് ജോലിക്കാര്യത്തിനായി മറ്റുള്ളവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്ന ശീലം ഒഴിവാക്കുക.  

∙ അറിയാത്ത കാര്യം അറിയാമെന്ന് നടച്ച് അബദ്ധം ചെയ്യരുത്. അത് മറ്റുള്ളവരോട് ചോദിച്ചോ അല്ലെങ്കിൽ സ്വയം പഠിച്ച ശേഷമോ മാത്രം ചെയ്യുക. 

ഹാപ്പിനസ് ഫാക്റ്റർ

ആഗ്രഹിച്ച ജോലി തന്നെ ചെയ്യുന്നവരല്ല എല്ലാവരും. എന്നിരുന്നാലും ചെയ്യുന്ന ജോലിയിൽ എന്തെങ്കിലും സന്തോഷം കണ്ടെത്താൻ പറ്റുന്നുണ്ടോ എന്ന് നോക്കുക. നിങ്ങൾ നേടുന്ന ചെറിയ ചെറിയ വിജയങ്ങൾക്ക് മറ്റുള്ളവർ അഭിനന്ദിച്ചില്ലെങ്കിൽ കൂടിയും സ്വയം അഭിനന്ദിക്കുക. എന്തുവന്നാലും ചെയ്യുന്ന ജോലിയിൽ വിട്ടുവീഴ്ച്ച വരുത്തരുത്. 

ദേഷ്യം വരുന്നത് സ്വാഭാവികമാണ്. ദേഷ്യത്തിന്റെ മൂർധന്യാവസ്ഥയിൽ കഴിവതും പ്രതികരിക്കാതിരിക്കുക. സമയമെടുത്ത് കാര്യഗൗരവം വിടാതെ കാര്യങ്ങൾ പറയാം. ‘ചെയ്യുന്ന ജോലിയിൽ ഞാൻ ഹാപ്പിയാണോ?’ എന്ന് സ്വയം ചോദിച്ച് അതിന്റെ ഉത്തരം ശ്രദ്ധിച്ച് അവലോകനം ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സൗമ്യരാജ് ടി.ജെ, സൈക്യാട്രിസ്റ്റ്, നോഡൽ ഓഫിസർ, ജില്ലാ മാനസികാരോഗ്യ പദ്ധതി, ജനറൽ ആശുപത്രി, എറണാകുളം.  

Tags:
  • Health Tips
  • Glam Up