Saturday 14 August 2021 11:56 AM IST : By സ്വന്തം ലേഖകൻ

‘‌ഈ വാക്സീൻ ഒറ്റ ഡോസ് മതി; പാർശ്വഫലങ്ങൾ താരതമ്യേന കുറവ്, പണലാഭവും’: ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ, അറിയേണ്ടതെല്ലാം

featured-image-2

"ഒറ്റ ഡോസ് മതി എന്നതാണ് ഈ വാക്സീനിന്റെ ഏറ്റവും വലിയ ആകർഷണീയതയും പ്രത്യേകതയും. വാക്സിനേഷൻ യജ്‌ഞങ്ങളിൽ ഇത് ഏറെ ഗുണകരമാകും. മനുഷ്യവിഭവശേഷിയും മറ്റും കുറവു മതി എന്നതിനാൽ സമയവും ധനവ്യയവും ഗണ്യമായി ലാഭിയ്ക്കാനാവും. ചുരുങ്ങിയ കാലയളവ് കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കി സാമൂഹിക പ്രതിരോധം നേടാനുമാകും. രണ്ടാം ഡോസിനായുള്ള കാത്തിരിപ്പും വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കുമെല്ലാം ഒരു പരിധി വരെ ഒഴിവാകും എന്നത് പൊതുജനങ്ങൾക്കും ആശ്വാസമേകും."- ജോൺസൺ ആൻഡ് ജോൺസന്റെ കോവിഡിനെതിരായ വാക്സീനുമായി ബന്ധപ്പെട്ട് ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് വായിക്കാം; 

കോവിഡിന് ഒരു ഒറ്റ ഡോസ് വാക്സീൻ 

വാക്സീൻ ദൗർലഭ്യത്തെ പറ്റി ആശങ്കാകുലരായിരിക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസദായകമായ വാർത്തയാണ് ഓഗസ്റ്റ് ഏഴിന് ജോൺസൺ & ജോൺസൺ കമ്പനിയുടെ കോവിഡ് വാക്സീന് 18 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഇന്ത്യയിൽ ലഭ്യമായി എന്നത്.

. കോവിഷീൽഡ് , കോവാക്സീൻ , സ്പുട്നിക് V, മോഡേണ എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ ലഭ്യമാകുന്ന അഞ്ചാമത്തെ കോവിഡ് വാക്സീനാണ് ഇത്. ഇന്ത്യയിൽ ബയോളജിക്കൽ ഇ എന്ന ഫാർമ കമ്പനിയുടെ സഹകരണത്തോടെയാണ് ജോൺസൺ & ജോൺസൺ വാക്സീൻ ഉൽപ്പാദിപ്പിക്കുക.

. ജോൺസൺ & ജോൺസന്റെ കോവിഡിനെതിരായ വാക്സീൻ സുരക്ഷിതവും ഫലപ്രദവും ആണെന്ന് വിവിധ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ യു.എസ്. റഗുലേറ്റേഴ്സും സിഡിസി യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടേയും ഉപയോഗാനുമതി ലിസ്റ്റിൽ ഈ വാക്സീൻ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ വാക്സീന്റെ ഒരു ഡോസ് സ്വീകരിച്ച സർട്ടിഫിക്കറ്റ് ഉപകാരപ്പെടും.

. ആസ്ട്ര സെനേക്ക (കോവിഷീൽഡ് ) വാക്സീന്റേതു പോലെത്തന്നെ ഒരു വെക്ടർ വാക്സീൻ ആണ് ഇതും. ജലദോഷത്തിന് കാരണമാകുന്ന ഒരു തരം അഡിനോ വൈറസിനെ വാഹകരാക്കിയാണ് ഈ വാക്സീൻ പ്രവർത്തിക്കുന്നത്.

. കോവിഷീൽഡ് , കോവാക്സീൻ എന്നീ വാക്സിനുകൾ നൽകുന്നതുപോലെ ഉരത്തിലെ (Upper arm) പേശിയിലാണ് ഈ വാക്സീനും നൽകുക.

. ഒറ്റ ഡോസ് മതി എന്നതാണ് ഈ വാക്സീനിന്റെ ഏറ്റവും വലിയ ആകർഷണീയതയും പ്രത്യേകതയും. വാക്സിനേഷൻ യജ്‌ഞങ്ങളിൽ ഇത് ഏറെ ഗുണകരമാകും. മനുഷ്യവിഭവശേഷിയും മറ്റും കുറവു മതി എന്നതിനാൽ സമയവും ധനവ്യയവും ഗണ്യമായി ലാഭിയ്ക്കാനാവും. ചുരുങ്ങിയ കാലയളവ് കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കി സാമൂഹിക പ്രതിരോധം നേടാനുമാകും.

രണ്ടാം ഡോസിനായുള്ള കാത്തിരിപ്പും വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കുമെല്ലാം ഒരു പരിധി വരെ ഒഴിവാകും എന്നത് പൊതുജനങ്ങൾക്കും ആശ്വാസമേകും.

. 2 മുതൽ 8 വരെ ഡിഗ്രി സെൽഷ്യസിൽ റെഫ്രിജറേറ്ററുകളിൽ സൂക്ഷിക്കാനാകും ഈ വാക്സീൻ എന്നത് ഫൈസർ, മോഡേണ വാക്സീനുകളെ അപേക്ഷിച്ച് എടുത്തു പറയേണ്ട മേന്മയാണ്. മാത്രവുമല്ല ദേശീയതലത്തിലുള്ള ജനറൽ മെഡിക്കൽ സ്റ്റോർ ഡിപ്പോ (GMSD) മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെ നീളുന്ന ശീതീകരണ - സംഭരണ ശൃംശലയിൽ കൂടുതൽ ഡോസ് വാക്സീൻ ശേഖരിക്കാനുമാകും.

. അമേരിക്കൻ ഐക്യ നാടുകൾ, ബ്രസീൽ,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നടന്ന ക്ലിനിക്കൽ ട്രയലുകളിൽ വാക്സീനിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി 66.3 ശതമാനത്തോളമാണ്. എന്നാൽ ഗുരുതരമായ കോവിഡ് രോഗബാധ തടയുന്നതിൽ ഇത് 85% ഫലപ്രാപ്തി കാണിക്കുന്നുണ്ട്.

. നിലവിലുള്ള ഡെൽറ്റാ(B.1.617.2) വകഭേദത്തിനെതിരേയും ജോൺസൺ & ജോൺസൺ വാക്സീൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ.

. വിപണി വില സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും നിലവിൽ ഈ വാക്സീന്റെ ഇന്ത്യൻ വിപണിയിലെ വില ഏതാണ്ട് 1855 രൂപ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എങ്കിലും ഇന്ത്യൻ ഗവണ്മെന്റിന് കുറഞ്ഞ വിലയിൽ കൂടുതൽ വാക്സീനുകൾ ലഭ്യമാകും എന്ന് നമുക്ക് പ്രത്യാശിക്കാം.

. പാർശ്വ ഫലങ്ങൾ താരതമ്യേന ലഘുവാണ്.

. കുത്തിവെപ്പെടുത്ത ഇടത്ത് വേദന, ചുവപ്പ്, നേരിയ വീർപ്പ് എന്നിവ ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഉണ്ടാകാം. ക്ഷീണം, തലവേദന , പേശിവേദന, പനി, ഓക്കാനം എന്നിവയും കുത്തിവെപ്പെടുത്തതിന് ശേഷമുള്ള ആദ്യ ആഴ്ചയിൽ അനുഭവപ്പെടാം.

. അമേരിക്കൻ ഐക്യനാടുകളിൽ 8 ദശലക്ഷത്തോളം ജോൺസൺ & ജോൺസൺ വാക്സീൻ നൽകപ്പെട്ടതിൽ 653 പേർക്ക് തലകറക്കം (fainting episodes) ഉണ്ടായതായി Vaccine adverse event reporting system( VAERS) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം കേസുകളിൽ 8 പേർക്ക് എന്ന നിരക്കിൽ വരും ഇത്. വാക്സീൻ എടുത്ത് കാത്തിരിക്കുന്ന  അര മണിക്കൂർ നിരീക്ഷണ സമയത്താണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയപ്പെട്ടിട്ടുണ്ട്. ഇഞ്ചക്ഷൻ എടുക്കുന്നതിനോടുള്ള അമിതമായ ഉത്കണ്ഠ മൂലമാകാം ഇതെന്നാണ് അനുമാനിക്കുന്നത്. (2019 - 20 കാലയളവിൽ ഫ്ലൂ വാക്സീനെ സംബന്ധിച്ച് ഇത്തരം ഫെയിന്റിംഗ് എപ്പിസോഡുകൾ ഒരു ലക്ഷം കുത്തിവെപ്പുകളിൽ 0.05 മാത്രം ആയിരുന്നു.)

. ജോൺസൺ & ജോൺസൺ വാക്സീൻ സ്വീകരിച്ച 18 വയസ്സിനും 49 വയസ്സിനും ഇടയിലുള്ള സ്ത്രീകളിൽ ഒരു ദശലക്ഷം പേരിൽ 7 കേസുകൾ എന്ന കണക്കിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റലെറ്റ് കുറയുകയും ചെയ്യുന്ന കേസുകൾ (Thrombosis with Thrombocytopenia) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് അമേരിക്കൻ ഐക്യനാടുകളിൽ ഇടക്കാലത്ത് ഈ വാക്സീൻ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ വാക്സീന്റെ ഏറിയ ഗുണഫലങ്ങൾ കണക്കിലെടുത്ത് വാക്സീൻ നൽകുന്നത് പിന്നീട് പുനരാരംഭിക്കുകയായിരുന്നു.

എന്നാൽ 50 വയസ്സിന് മേലെ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം ഗുരുതര പാർശ്വഫലങ്ങൾ വളരെ അപൂർവ്വമായേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

. ഗുരുതരമായ കോവിഡ് ബാധയും തുടർന്നുള്ള മരണങ്ങളും തടയുന്നതിൽ ഫലപ്രാപ്തി തെളിയിച്ച ഒരു വാക്സീൻ കൂടി ഇന്ത്യയിൽ ലഭ്യമാകുന്നു എന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കുതിപ്പേകും എന്നതിൽ സംശയമില്ല.

നിലവിലുളളവയേക്കാൾ കൂടുതൽ മികച്ചതും സുരക്ഷിതവുമായ വാക്സീനുകൾ സമീപഭാവിയിൽ നമുക്ക് ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

എഴുതിയത് : ഡോ. സുനിൽ പി കെ, ഇൻഫോ ക്ലിനിക്

Tags:
  • Spotlight
  • Social Media Viral