Monday 20 July 2020 02:23 PM IST

പുളിയുള്ള ആഹാരം വേണ്ട, സൂപ്പുകൾ ധാരാളമായി കഴിക്കാം; കർക്കടകത്തിൽ രോഗങ്ങളെ അകറ്റാൻ ഇവ ശീലമാക്കൂ...

Roopa Thayabji

Sub Editor

karkkadakam7566rfygugh

ഭൂമി മഴയിൽ കുളിച്ചു തണുത്തു നിൽക്കുമ്പോൾ മനുഷ്യരും ആ തണുപ്പിനെയും വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തെയും നേരിടാൻ ഒരുങ്ങണം. ഇതിനു ഏറ്റവും പറ്റിയ സമയമാണ് കർക്കടകം. ഓരോ ഋതുവിലും മനുഷ്യശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആയുർവേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിൽ നിരീക്ഷിച്ച് അപഗ്രഥിച്ചിട്ടുണ്ട്. 

ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ ഋതുക്കളിൽ ശരീരബലം അഥവാ രോഗപ്രതിരോധ ശേഷി തീരെ ദുർബലമാകും. ഈ കാലത്തിൽ വരുന്ന മഴക്കാലവും അതിനൊപ്പം വരുന്ന കർക്കടകവും ദേഹബലം കാത്തു സൂക്ഷിക്കേണ്ട കാലം കൂടിയാണ്. മഴക്കാലത്ത് ദഹനപ്രക്രിയ മന്ദഗതിയിൽ ആകുന്നതുകൊണ്ടു വാതകോപം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ കർക്കടത്തെ കൂട്ടുപിടിച്ച് രോഗങ്ങളെ അകറ്റാം.

∙ ഉണങ്ങിയ ധാന്യങ്ങൾ, ഇറച്ചിയോ പയറുവർഗങ്ങളോ ചേർത്ത സൂപ്പുകൾ, തേൻ, നെയ്യ് എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തണം. തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ. പകലുറക്കം പാടില്ല. 

∙ പുളിയുമുള്ള ആഹാരം ഒഴിവാക്കാം. ചുവന്നമുളകിനു പകരം കുരുമുളകോ ചെറിയ അളവിൽ പച്ചമുളകോ മതി. ഉലുവ കാപ്പി, ചുക്കുകാപ്പി എന്നിവയും ദഹനം നടക്കാൻ നല്ലതാണ്.

∙ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാം. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിലോ കൂവളത്തില ഇട്ടു തിളപ്പിച്ച വെള്ളത്തിലോ കുളിക്കുന്നതും രോഗപ്രതിരോധ ഫലം നൽകും.

∙ ദിവസവും ഒരു നെല്ലിക്ക കഴിക്കാം. നെല്ലിക്ക പൊടിച്ചതു ഒരു സ്പൂൺ വീതം ദിവസവും കഴിക്കുന്നതും നെല്ലിക്കാ രസായനം കഴിക്കുന്നതും ഫലം നൽകും. 

∙ ആന്റി മൈക്രോബിയൽ ശക്തിയുള്ള ത്രിഫല ചൂർണം (കടുക്ക, നെല്ലിക്ക, താന്നിക്ക) ഒരു സ്പൂൺ ഒരു കപ്പ് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് കുടിക്കാം. കുളിക്കാനുള്ള വെള്ളത്തിലും ത്രിഫല ചൂർണം തിളപ്പിച്ചു ചേർക്കാം. 

∙ ഉണക്കിയ പച്ചമഞ്ഞൾ പൊടിച്ചത് ഒരു ടീസ്പൂൺ ഇളംചൂടുവെള്ളത്തിൽ ചേർത്ത് ദിവസവും കഴിച്ചാൽ പ്രതിരോധ ശക്തി കൂടും. വീട്ടിൽ വളർത്തുന്ന കറ്റാർവാഴയുടെ ജെൽ ഒരു സ്പൂൺ വീതം (അഞ്ച് മില്ലി) ദിവസവും കഴിക്കുന്നതും നല്ലതാണ്. 

∙ ശരീരത്തിൽ നിന്ന് വിഷാംശം പുറന്തളളി രക്തം ശുദ്ധിയാക്കാനും രോഗപ്രതിരോധശക്തി കൂട്ടാനും ചിറ്റമൃത് നല്ലതാണ്. ചിട്ടപ്രകാരം ചിറ്റമൃത് സേവിച്ചാൽ ഭേദപ്പെടുത്താനാകാത്ത രോഗങ്ങൾ കുറവാണെന്നാണ് ആയുർവേദം പറയുന്നത്. 

വിവരങ്ങൾക്കു കടപ്പാട്: ഡോ. അഞ്ജു രാജ്, പ്രസൂതി സ്ത്രീരോഗ വിഭാഗം, ശിവപ്രിയ ഹോസ്പിറ്റൽ, ചാത്തന്നൂർ, കൊല്ലം.

Tags:
  • Health Tips
  • Glam Up