Wednesday 05 May 2021 04:54 PM IST : By സ്വന്തം ലേഖകൻ

വാക്സീൻ എടുത്താലും പതിവു മരുന്നുകൾ മുടക്കരുത്; വൃക്ക രോഗികളിലെ കോവിഡ്, അറിയേണ്ടതെല്ലാം

keggdd455gfhhhhb

വൃക്ക രോഗികൾക്കു കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനുള്ള സാധ്യതയേറെയാണെന്ന് റിനൈ മെഡിസിറ്റി റീനൽ ട്രാൻസ്പ്ലാന്റേഷൻ, ടോക്സിക്കോളജി, നെഫ്രോളജി വിഭാഗം കൺസൽറ്റന്റ് ഡോ. വൈ.എസ്. സൂരജ്. വൃക്ക രോഗികൾ കോവിഡ് ബാധിക്കാതിരിക്കാൻ പ്രത്യേകം മുൻകരുതലെടുക്കണമെന്നും മലയാള മനോരമ സാന്ത്വനം പരിപാടിയിൽ ‍വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഡോ. സൂരജ് പറഞ്ഞു.

കോവിഡ് വന്ന ചിലരിൽ രോഗപ്രതിരോധ വ്യവസ്ഥയിൽ ചില മാറ്റങ്ങൾ കണ്ടേക്കാം. പനി, ശ്വാസം മുട്ടൽ തുടങ്ങിയവ ഇത്തരം കോവിഡ് അനന്തര രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ കോവിഡ് വന്നു മാറിയ ശേഷവും വൃക്ക രോഗികൾ ജാഗ്രത പുലർത്തണമെന്നു ഡോക്ടർ പറഞ്ഞു. 

ഡയാലിസിസ് മുടക്കരുത് 

തുടർച്ചയായി ഡയാലിസിസ് നടത്തുന്ന വൃക്കരോഗികൾ ഒരു കാരണവശാലും ഡയാലിസിസ് മുടക്കരുത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെന്നു കരുതി ഡയാലിസിസ് വേണ്ടെന്നു വയ്ക്കരുത്. കോവിഡ് ബാധിതനാണെങ്കിലും ആശുപത്രിയിലെത്തി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. അതു പ്രയോജനപ്പെടുത്തണം. ഡയാലിസിസ് ചെയ്യുന്നവർ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചു രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ‍ഡോക്ടറെ കാണണം. ഡയാലിസിസ് ചെയ്യുന്നവർ പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ അതു പ്രത്യേകം അറിയിക്കണമെന്നും ഡോക്ടർ നിർദേശിച്ചു.

വാക്സീൻ: മടി വേണ്ട

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവർ ശസ്ത്രക്രിയ കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം മാത്രമേ കോവിഡ് വാക്സീൻ സ്വീകരിക്കാവൂ. ശസ്ത്രക്രിയയ്ക്കു തയാറെടുക്കുന്നവരാണെങ്കിൽ രണ്ടാഴ്ചയ്ക്കു മുൻപു കോവിഡ് വാക്സീന്റെ രണ്ടു ഡോസും സ്വീകരിച്ചിരിക്കണം. വാക്സീൻ എടുത്താലും പതിവു മരുന്നുകൾ മുടക്കരുത്. വ‍ൃക്ക മാറ്റിവയ്ക്കലിനു വിധേയരായവർ കോവിഡ് ബാധിതരായാലും മരുന്നുകൾ പതിവായി കഴിക്കണം. ഡയാലിസിസ് ചെയ്യുന്നവരെയും വൃക്ക മാറ്റിവയ്ക്കലിനു വിധേയരായവരെയും കോവിഡ് ബാധിച്ചാൽ അതു മറ്റുള്ളവരെക്കാൾ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ കോവിഡ് വാക്സീൻ എടുത്തു സുരക്ഷിതരാകാൻ വൃക്കരോഗികൾ ശ്രദ്ധിക്കണമെന്നും ഡോ. വൈ.എസ്. സൂരജ് പറഞ്ഞു.

more...

Tags:
  • Health Tips
  • Glam Up