Monday 29 August 2022 11:51 AM IST : By സ്വന്തം ലേഖകൻ

സഹോദരന് വൃക്ക പകുത്തു നൽകാനൊരുങ്ങി ബെന്നി; പിന്തുണയുമായി ഭാര്യയും മക്കളും, സഹോദര സ്നേഹത്തിന്റെ നേർക്കാഴ്ച

kidney.jpg.image.845.440

സഹോദര സ്നേഹത്തിന്റെ നേർക്കാഴ്ചയായി മാറുകയാണ് കുമളി അമരാവതി വരിക്കമാക്കൽ ബെന്നി വർഗീസ് (54). വൃക്കരോഗിയായ ഇളയ സഹോദരന് തന്റെ വൃക്ക ബെന്നി ഇന്നു പകുത്തു നൽകും. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കുമ്പോൾ പ്രാർഥനകളുമായി വീട്ടുകാർ മാത്രമല്ല ഒരു നാട് മുഴുവൻ ഒപ്പമുണ്ട്. 10 മാസം മുൻപാണ് ബെന്നിയുടെ സഹോദരൻ സിബിക്ക് (48) വൃക്കരോഗം സ്ഥിരീകരിച്ചത്.

രണ്ടു വൃക്കകളും തകരാറിലായതോടെ ജീവിതം തന്നെ ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് മറ്റാരുടെയും അനുവാദത്തിനു കാത്തുനിൽക്കാതെ ബെന്നി തന്റെ വൃക്ക നൽകി സഹോദരനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ തീരുമാനിച്ചത്. ഒരിക്കൽ ഡയാലിസിസിന് കൊണ്ടുപോയി മടങ്ങുംവഴി സിബിയുടെ നിറമിഴികളോടെയുള്ള ചില ചോദ്യങ്ങളാണ് ബെന്നിയെ ഈ ഉറച്ച തീരുമാനത്തിലേക്ക് നയിച്ചത്.

ഭാര്യയും മക്കളും മറ്റു സഹോദരന്മാരും എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. ഇതിനിടെ സിബിയുടെ ഹൃദയ വാൽവിൽ ബ്ലോക്ക് കണ്ടതോടെ ആൻജിയോപ്ലാസ്റ്റി വേണ്ടി വന്നു. അതിനാൽ മുൻപു നിശ്ചയിച്ചിരുന്ന തീയതിയിൽ വൃക്ക മാറ്റിവയ്ക്കൽ നടന്നില്ല. ആഴ്ചയിൽ‍ 4 തവണ ഡയാലിസിസ് നടത്തിയാണ് സിബിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഇന്നു രാവിലെയാണ് ശസ്ത്രക്രിയ നടക്കുക.

Tags:
  • Spotlight