Wednesday 06 July 2022 11:46 AM IST : By റൂബിൻ ജോസഫ്

ശ്വാസകോശത്തിലേക്കു പടർന്ന് സ്തനാർബുദം; അധിക നാളില്ലെന്ന് വിധിയെഴുത്ത്, എന്നാല്‍ അദ്ഭുതം പോലെ കാന്‍സര്‍ 100% മാറി!

jasmine-with-family.jpg.image.845.440

‘ജാസ്മിൻ’ ഒരു പൂവു മാത്രമല്ല; ഇനിയില്ലെന്നുറപ്പിച്ച ജീവിതത്തിലേക്ക് അദ്ഭുതം പോലെ തിരിച്ചെത്തിയ കോട്ടയംകാരിയുടെ പേരു കൂടിയാണ്– അഞ്ചാനിക്കലിലെ അന്നമ്മ ജോസിന്റെ മകൾ ജാസ്മിൻ ഡേവിഡ് (51). 

യുകെയിലെ മാഞ്ചസ്റ്ററിൽ കുടുംബത്തിനൊപ്പം കഴിയുന്ന ജാസ്മിന് ആദ്യം സ്തനാർബുദവും പിന്നീടതു ശ്വാസകോശത്തിലേക്കുൾപ്പെടെ പടർന്ന് സെക്കൻഡറി കാൻസറുമായപ്പോൾ ഇനി അധിക നാളില്ലെന്നായിരുന്നു വിധിയെഴുത്ത്. എന്നാൽ, യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ നാഷനൽ ഹെൽത്ത് സർവീസസിനു കീഴിലെ മരുന്നു പരീക്ഷണത്തിൽ (ക്ലിനിക്കൽ ട്രയൽ) പങ്കാളിയായ ജാസ്മിൻ ജീവിതം തിരികെപിടിച്ചത് ഇപ്പോൾ വലിയ വാർത്തയാകുന്നു. കാൻസർ 100% ഇല്ലാതായെന്നാണ് ഡോക്ടർമാർ പറയുന്നത്. 

മാഞ്ചസ്റ്ററിലെ ഒരു കെയർഹോമിൽ ക്ലിനിക്കൽ ലീഡായി ജോലി ചെയ്തിരുന്ന കാലത്ത്, 2017 ലാണ് ജാസ്മിനു സ്തനാർബുദം സ്ഥിരീകരിച്ചത്. കീമോയും റേഡിയേഷനും കഴിഞ്ഞ് ശസ്ത്രക്രിയ നടത്തി. 2018 ൽ ജീവിതത്തിലേക്കു തിരിച്ചെത്തിയെന്നു തോന്നിച്ചതാണ്. 17 മാസങ്ങൾക്കു ശേഷം കടുത്ത ചുമയും നെഞ്ചുവേദനയും വന്നു പരിശോധിച്ചപ്പോൾ, ശ്വാസകോശത്തിലേക്കും ലസികനാളിയിലേക്കും കാൻസർ പടർന്നിരുന്നു. 

10 മാസം കൂടി ജീവിച്ചിരിക്കുമെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. വിട്ടുകൊടുക്കില്ലെന്നു പറഞ്ഞു ചേർത്തുപിടിച്ചത് ഭർത്താവ് ഡേവിഡ് ലാസറും മക്കളായ റിയാനും റിയോണയും. ധൈര്യം പോരാതിരുന്ന ജാസ്മിൻ നാട്ടിലെത്തി അമ്മ അന്നമ്മയെ (95) കണ്ടു. കലങ്ങിയ കണ്ണുമായി ചേർത്തുപിടിക്കുമ്പോൾ ഇത് അവസാനത്തേതാകുമെന്നു മനസ്സുപറഞ്ഞതായി ജാസ്മിൻ. നീ മാത്രമല്ല, ഞാനും ജീവിച്ചിരിക്കുമെന്നും നമ്മളിനിയും കാണുമെന്നുമായിരുന്നു അമ്മയുടെ മറുപടി. 

മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ആശുപത്രിയിൽ ട്രയലിൽ പങ്കെടുക്കാൻ തീരുമാനിക്കുമ്പോൾ ജീവിതം തിരികെ കിട്ടുമെന്നല്ല, അവസാനമായി കുറച്ചുപേരെ സഹായിക്കാൻ കഴിയുമല്ലോ എന്നായിരുന്നു ചിന്ത. എന്നാൽ, ചികിത്സയുടെ ഓരോ ഘട്ടത്തിലും കാൻസർ ബാധ കുറയുന്നുവെന്ന ശുഭവാർത്തയായിരുന്നു പിന്നീടു കേട്ടത്. മാഞ്ചസ്റ്ററിലെ ഫാലോഫീൽഡിലാണ് ജാസ്മിനും കുടുംബവും താമസിക്കുന്നത്. ഡീകണ്ടാമിനേഷൻ ടെക്നീഷ്യനാണ് ഭർത്താവ് ഡേവിഡ്. മക്കളായ റയാനും റിയോണയും വിദ്യാർഥികളാണ്. 

സെപ്റ്റംബറിൽ ജാസ്മിന് 25–ാം വിവാഹവാർഷികം ആഘോഷിക്കണം. പിന്നെ, കേരളത്തിലേക്കു വരണം. ഇനിയൊരിക്കലും കാണില്ലെന്നു കരുതിയവരെ വീണ്ടും കാണണം. എൻഎഫ്എസിലെ ശാസ്ത്രജ്ഞർക്കും ഡോക്ടർക്കും ദൈവത്തിനും വീണ്ടും വീണ്ടും നന്ദി പറയണം. 

എന്തായിരുന്നു ചികിത്സ?

വളരെ പെട്ടന്നു വ്യാപിക്കുന്ന ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദമായിരുന്നു ജാസ്മിന് ബാധിച്ചത്. ഇതു പിന്നീടു മറ്റുഭാഗങ്ങളിലേക്കു വ്യാപിച്ചു. ആന്റിബോഡി ചികിത്സയ്ക്കുള്ള (ഇമ്യൂണോതെറപ്പി) എറ്റിസോലിസുമാബ് മരുന്നിനൊപ്പമാണ് പരീക്ഷണ മരുന്ന് നൽകിയത്. ഈ മരുന്നിന്റെ വിശദാംശങ്ങൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ റിസർച്ചും മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച് ഫെസിലിറ്റി (സിആർഎഫ്) നൽകിയിട്ടില്ല. മൂന്നാഴ്ച കൂടുമ്പോഴുമായിരുന്നു കുത്തിവയ്പെടുക്കേണ്ടിയിരുന്നത്. 2 വർഷത്തെ ചികിത്സ പിന്നിടുമ്പോഴേക്കും ജാസ്മിൻ പൂർണമായി കാൻസർ മുക്തയായെന്നാണു ക്ലിനിക്കൽ ട്രയൽ ഫലം വ്യക്തമാക്കുന്നത്. എങ്കിലും ചികിത്സ 2023 വരെ തുടരും.

more news..

Tags:
  • Health Tips
  • Glam Up