Saturday 04 December 2021 10:35 AM IST : By ഷിന്റോ ജോസഫ്

‘സ്റ്റിറോയ്ഡുകൾ ആർക്കും സജസ്റ്റ് ചെയ്യില്ല’; ദാരിദ്ര്യത്തോടു പടവെട്ടി സൂപ്പർ ബോഡി ബിൽഡറായ ലാറി വീൽസ് പറയുന്നു

larry-wheels5544thhjjnb

ലാറി വീൽസ്- ലോകത്തിലെ ഏറ്റവും പ്രശസ്തനായ ബോഡി ബിൽഡർമാരിലൊരാൾ. ഇൻസ്റ്റഗ്രാമും യൂട്യൂബും അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിന് ആരാധകരാണ് ഈ അമേരിക്കൻ പൗരനുള്ളത്. ഇൻസ്റ്റയിൽ മാത്രം 2.7 മില്യൻ ഫോളോവേഴ്സ്. ആറടി ഒരിഞ്ച് ഉയരമുണ്ട് ഇദ്ദേഹത്തിന്. 115 കിലോ ഭാരം. അക്ഷരാർഥത്തിൽ 'വലിയൊരു' മനുഷ്യൻ! 2020ൽ 2275 പൗണ്ട് ഉയർത്തി ഭാരോദ്വഹനത്തിൽ ലോക റെക്കോർഡും നേടി.

പ്രമുഖ വ്യവസായിയും യാത്രികനുമായ ആഷിഖ് താഹിറിന്റെ അതിഥിയായി ലാറി വീൽസ് കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയിരുന്നു. ആഷിഖ് താഹിറിന്റെ വൈത്തിരിയിലെ ആൾറ്റിറ്റ്യൂഡ് പ്ലാന്റേഷൻ ഹോമിലായിരുന്നു താമസം. 650 ഏക്കർ തോട്ടത്തിനു നടുവിലെ മനോഹരമായ ബംഗ്ലാവിലിരുന്നു ലാറി വീൽസ് സംസാരിച്ചു; ബാല്യം, കരിയർ, കേരളം, മലയാളികൾ.. ലാറി വീൽസുമായുള്ള സംഭാഷണത്തിൽനിന്ന്...

കഷ്ടപ്പാടറിഞ്ഞ കുട്ടിക്കാലം 

ദാരിദ്ര്യത്തോടു പടവെട്ടിയാണു ലോകത്തിലെ ഏറ്റവും ശക്തിയുള്ള മനുഷ്യരിലൊരാൾ എന്ന സ്ഥാനത്തേക്ക് ലാറി ഉയർന്നത്. ന്യൂയോർക്കിലാണു ജനനം. അമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ ലാറി വീൽസിനെ പരിപാലിക്കാൻ. അവരുടെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി പല നഗരങ്ങളിലായാണു കുട്ടിക്കാലം ചെലവഴിച്ചത്.

ഒടുവിൽ ന്യൂയോർക്കിൽനിന്നു കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിലേക്കു താമസം മാറേണ്ടി വന്നതോടെ സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിലായി. വിദ്യാഭ്യാസ ചെലവ് താങ്ങാൻ ലാറിയുടെ അമ്മയ്ക്കാവുമായിരുന്നില്ല. പഠിച്ചു ജോലി സമ്പാദിക്കുകയെന്ന ലക്ഷ്യം ഉണ്ടായിരുന്നില്ലെന്നു ലാറി പറയുന്നു. നല്ല ‘ഹെൽത്തി’യായിരിക്കണമെന്ന് എപ്പോഴും അമ്മ ഓർമിപ്പിച്ചിരുന്നു. 

എളിയ തുടക്കം, വലിയ നേട്ടം 

കുഞ്ഞുന്നാളിൽ നന്നേ മെലിഞ്ഞിട്ടായിരുന്നു. ഇങ്ങനെയായാൽ പറ്റില്ലെന്നും ശക്തിമാനായി തീരണമെന്നും തോന്നിയപ്പോൾ ചെറിയതോതിൽ കസർത്തു തുടങ്ങി. ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങിത്തരാനുള്ള പൈസ അമ്മയുടെ കയ്യിലുണ്ടായിരുന്നില്ല. 15 ാം വയസ്സിൽ ഇരുമ്പു പൈപ്പിൽ തടിയൻ സിലിണ്ടറുകൾ തൂക്കിയിട്ട് പരിശീലനം തുടങ്ങി. 26 വയസ്സിനുള്ളിൽ പവർ ലിഫ്റ്റിങ്, ബോഡി ബിൽഡിങ് രംഗത്ത് ഒട്ടേറെ നേട്ടങ്ങളുടെ ഉടമയായതിന്റെ തുടക്കം അവിടെനിന്നായിരുന്നു.

പിന്നീട് ലാറിയുമായി അമ്മ ന്യൂയോർക്കിൽ തിരിച്ചെത്തി. ലാറി വീൽസ് പരിശീലനം ചെറുകിട ജിമ്മുകളിലേക്കു മാറ്റി. അപ്പോഴേക്കും ജിമ്മിലെ ഏറ്റവും വലിയ കുട്ടി താനായിരുന്നുവെന്നു ലാറി ഓർക്കുന്നു. ചെറിയ ജോലികൾ ചെയ്തു പരിശീലനത്തിനുള്ള ചെലവു കണ്ടെത്തി. ജിമ്മിലെ ആശാന്മാരുടെ ഉപദേശം കേട്ട് പവർലിഫ്റ്റിങ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. 21 ാം വയസ്സിൽ ആദ്യ ലോക റെക്കോർഡ് നേടി. വർഷങ്ങൾക്കുള്ളിൽ രണ്ടാം ലോക റെക്കോർഡും കഴിഞ്ഞ വർഷം മൂന്നാമത്തെ റെക്കോർഡും നേടാനായി.

സ്റ്റിറോയ്ഡുകൾ വേണ്ടേ വേണ്ട  

ആഴ്ചയിൽ കുറഞ്ഞതു 4 ദിവസം ജിമ്മിലെത്തി ട്രെയിനിങ് നടത്തുന്നുണ്ട്. കാലറി കൂടിയ ഭക്ഷണമാണ് മെനുവിൽ. ബീഫ്, വിവിധതരം റൈസുകൾ, അവക്കാഡോ , സാൽമൺ ഫിഷ് ഒക്കെയാണു മെയിൻ. ബോഡി ബിൽഡർമാർക്കിടയിലെ സ്റ്റിറോയ്ഡ് ഉപയോഗത്തിനെതിരെ സ്വന്തം അനുഭവത്തിൽനിന്നു മുന്നറിയിപ്പ് നൽകുന്നുണ്ട് ലാറി വീൽസ്. സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നതിൽ അപകട സാധ്യതകളേറെയാണ്. അതൊരിക്കലും ആർക്കും ‘സജസ്റ്റ്’ ചെയ്യില്ല- അദ്ദേഹം പറ‍ഞ്ഞു. 

മലയാളി പൊളിയല്ലേ 

കേരളത്തിലേക്കുള്ള ആദ്യത്തെ വരവാണിത്. മലയാളികളുടെ ശരീരപ്രകൃതിയെ ലാറി പുകഴ്ത്തുകയാണു ചെയ്തത്. "നിങ്ങൾ കഴിക്കുന്ന ഭക്ഷണം വച്ചു നോക്കുമ്പോൾ ഇവിടെ അമിതവണ്ണമുള്ളവർ ഏറെ കാണേണ്ടതാണ്. എന്നാൽ, അമേരിക്കയിലെപ്പോലെ അമിതവണ്ണക്കാരെ ഞാനിവിടെ കണ്ടില്ല. കുന്നും മലയുമെല്ലാമുള്ള കേരളത്തിന്റെ ഭൂപ്രകൃതിയാകാം കാരണം. കാർബോ ഹൈഡ്രേറ്റ് എത്രയധികം ഉള്ളിലെത്തിയാലും ഈ പ്രദേശത്തൂ കൂടെ കുറെ നടക്കുകയും ഓടുകയും ചെയ്താൽ തന്നെ നമ്മൾ ഹെൽത്തിയായിത്തന്നെയിരിക്കുമല്ലോ-’’ ലാറി പറഞ്ഞു.

for more stories

Tags:
  • Health Tips
  • Glam Up