Monday 16 August 2021 04:59 PM IST : By സ്വന്തം ലേഖകൻ

ആഴ്ചയിൽ രണ്ടുതവണ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനു ഉത്തമം; കൊളസ്ട്രോൾ കുറയ്ക്കുന്ന ആഹാരങ്ങൾ ഇതാ

shutterstock_534357862

ഹൃദ്രോഗത്തിന്റെ പ്രധാന കാരണം അമിതമായ കൊളസ്ട്രോൾ ആണ്. കൊളസ്‌ട്രോൾ രണ്ടു തരത്തിലുണ്ട് എൽ ഡി എൽ കൊളസ്‌ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളും എച്ച് ഡി എൽ അഥവാ നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് ധമനികളുടെ ആന്തരിക ഭിത്തികളിൽ അടിഞ്ഞു കൂടും. പിന്നീട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമെല്ലാം ഇത് കാരണമാകുകയും ചെയ്യും.ഭക്ഷണം, വ്യായാമം, ജീവിതരീതി ഇവ മൂന്നുമാണ് പ്രതിരോധത്തിന്റെ അടിസ്ഥാനഘടകങ്ങൾ. കൊളസ്ട്രോൾ കുറയ്ക്കുന്ന ആഹാരങ്ങൾ പരിചയപ്പെടാം. 

മീൻ കഴിക്കാം 

മത്സ്യങ്ങളിലെ ഒമേഗ–3 ഫാറ്റി ആസിഡ് കൊഴുപ്പ് ധമനികളിൽ അടിയുന്നത് കുറയ്ക്കുന്നു. കടൽമത്സ്യങ്ങളായ അയില, മത്തി, ചൂര എന്നിവയിൽ ഇതു ധാരാളമുണ്ട്. ഗ്രൈഗ്ലിസ റൈഡുകൾ എന്ന കൊഴുപ്പിനെ കുറയ്ക്കാനും മീൻ വിഭവങ്ങൾ സഹായിക്കുന്നതായി പഠനങ്ങളുണ്ട്. ചീത്ത കൊളസ്ട്രോളിനെ പോലെതന്നെ അപകടകാരിയും ഹൃദയനാശം വരുത്തുന്നതുമാണ് ട്രൈഗ്ലിസറൈഡ് കൊഴുപ്പ് എന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരും കൊഴുപ്പു കുറച്ചു നിർത്താൻ ആഗ്രഹിക്കുന്നവരും ചെമ്മീൻ, സ്രാവ്, ഞണ്ട്, കൊഞ്ച്, നെയ്മീൻ എന്നിവയുടെ ഉപയോഗം കുറയ്ക്കണം.

ഈന്തപ്പഴം

ഈന്തപ്പഴവും കൊളസ്ട്രോൾ ക‍ുറയ്ക്കാൻ സഹായിക്കും. കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിങ്ങനെ നിരവധി ധാതുക്കളുടെ കലവറയാണ് ഇത്. ആഴ്ചയിൽ രണ്ടുതവണ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനു ഗുണകരമാണ്.

ബദാംപരിപ്പ് 

ബദാം പരിപ്പിൽ കൊഴുപ്പുണ്ടെങ്കിലും അത് മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ചീത്ത കൊളസ്ട്രോൾ ഓക്സീകരണത്തിനു വിധേയമാകാതിരിക്കാനും സഹായിക്കുന്നു. കൊളസ്ട്രോളിന് ഓക്സീകരണം നടക്കുന്നതുമൂലമാണ് ദോഷകാരികളായ പദാർഥങ്ങൾ (toxic things) ഉണ്ടായി ധമനികൾക്കു നാശമുണ്ടാകുന്നത്. എങ്കിലും ഇത് അമിതമായി കഴ‍ിക്കുന്നതു നല്ലതല്ല. 100 ഗ്രാം അണ്ടിപ്പരിപ്പിൽ നിന്ന് ഏതാണ്ട് 500–600 കാലറി ഊർജം ലഭിക്കും. ഏതെങ്കിലും കൊഴുപ്പു ഭക്ഷണത്തിനു പകരമായോ ഇടനേരങ്ങളിലെ ഭക്ഷണമായോ (സ്നാക്ക്) 6–8 ബദാംപരിപ്പ് കഴിക്കുന്നതിൽ തെറ്റില്ല.

വെളുത്തുള്ളിയും വെണ്ണപ്പഴവും

അവക്കാഡോ അഥവാ വെണ്ണപ്പഴം– ഒലിവ് എണ്ണയിൽ ഉള്ളതിനു സമാനമായ കൊളസ്ട്രോൾ കുറയ്ക്കന്ന നല്ല കൊഴുപ്പ് വെണ്ണപ്പഴത്തിലുമ‍ുണ്ട്. ഓസ്ട്രേലിയയിലെ ഹൃദ്രേഗവിദഗ്ധർ നടത്തിയ പഠനത്തിൽ ദിവസവും ഒരു വെണ്ണപ്പഴം കഴിക്കുന്നവരിലെ കൊളസ്ട്രേ‍ാൾ, കൊഴുപ്പുകുറഞ്ഞ ഡയറ്റ് ശീലിക്കുന്നവരുടേതിനേക്കാൾ കുറഞ്ഞിരിക്കുന്നതായി കണ്ടിരുന്നു. കൊഴുപ്പിന്റെ ഓക്സീകരണം മൂലമുള്ള അപകടങ്ങളിൽ നിന്നും അവക്കാഡോ ധമനികളെ സംരക്ഷിക്കുന്നതായും കണ്ടു.

കാരറ്റ്– കനേഡിയൻ പഠനത്തിൽ രണ്ടര എണ്ണം കാരറ്റ് പച്ചയ്ക്ക് ദിവസവും കഴിച്ചവരിൽ കൊളസ്ട്രോളിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടു. കാരറ്റിലുള്ള ബീറ്റാകരോട്ടിൻ എന്ന ആന്റി ഒക്സിഡന്റ് നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവു കൂട്ടുന്നതായും പഠനങ്ങളുണ്ട്. കാരറ്റിലുള്ള ലയിക്കുന്ന തരം നാരുകളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

വെളുത്തുള്ളിയും സവാളയും- ദിവസവും ഓരോ സവാള വീതം പച്ചയായി കഴിക്കുന്നതു നല്ല കൊളസ്ട്രോൾ അളവു കൂട്ടുമെന്നു പറയുന്നു. വെളുത്തുള്ളി പാചകം ചെയ്തോ പച്ചയായോ കഴിക്കുന്നത് ഒരേപോലെ ഗുണകരമാണ്. ദിവസവും മൂന്നു വെളുത്തുള്ളി വീതം കഴിക്കുന്നതു ഹ‍ൃദയത്തെ സംരക്ഷിക്കുന്നുവെന്നു പറയപ്പെടുന്നു.

Tags:
  • Health Tips
  • Glam Up