Wednesday 03 August 2022 03:59 PM IST : By സ്വന്തം ലേഖകൻ

ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞാൽ ശ്വാസംമുട്ടല്‍ മുതല്‍ നീര് വരെ; പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണ വിഭവങ്ങള്‍ അറിയാം

hemoglobbbb

ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണപ്പെടുന്ന അയണ്‍ സമ്പന്നമായ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. രക്തത്തിലൂടെ ഓക്സിജന്‍ പല അവയവങ്ങളിലേക്കും എത്തിക്കുന്നതില്‍ ഹീമോഗ്ലോബിന്‍ പ്രധാന പങ്ക് വഹിക്കുന്നു. ഹീമോഗ്ലോബിന്റെ തോത് ശരീരത്തില്‍ കുറയുന്നത് ക്ഷീണം, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. 

ഹീമോഗ്ലോബിന്റെ അളവു ഗണ്യമായി കുറഞ്ഞു പോയാൽ കോശങ്ങൾക്കു വേണ്ടത്ര പ്രാണവായു എത്തിക്കുവാൻ ഹൃദയം സഹായത്തിനെത്തും. ഉള്ള ഹീമോഗ്ലോബിനെക്കൊണ്ടു കൂടുതൽ പണി എടുപ്പിക്കാൻ ഹൃദയചംക്രമണവേഗം ത്വരിതപ്പെടുത്തും. ചിലരിൽ ഇതു നെഞ്ചിടിപ്പായി അനുഭവപ്പെടും. ഇതു മതിയാകുന്നില്ലെങ്കിൽ ശ്വാസകോശത്തിലെ പ്രാണവായു ഹീമോഗ്ലോബിനിലേക്കെത്തുന്ന വേഗവും കൂട്ടും. ശ്വസനവേഗവും കൂടും. ഇതു വളരെ കൂടിപ്പോയാൽ ശ്വാസംമുട്ടലും വരുന്നതോടെ ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, മന്ദത, കാലിൽ നീര് മുതലായവയും വന്നു കൂടും. 

വിളർച്ചയുടെ ഇനം വേർതിരിച്ചറിയുവാൻ വൈറ്റമിൻ കുറവുണ്ടോ എന്നു പ്രത്യേകം നോക്കണം. രക്തപരിശോധനയിൽ കൂടി ഇതു കുറെയൊക്കെ മനസ്സിലാക്കാം. സൗകര്യാർഥം പലരും അയൺ (ഇരുമ്പുസത്ത്) ഗുളികയാണ് കഴിക്കാറുള്ളത്. ഭക്ഷണത്തിൽ പോഷകാഹാരങ്ങൾ ചേർക്കണം. 

ഹീമോഗ്ലോബിന്‍ മെച്ചപ്പെടുത്തുന്ന അഞ്ച് ഭക്ഷണങ്ങള്‍

1. ചീര

അയണിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് ചീര. ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും തോത് വര്‍ധിപ്പിക്കാന്‍ ചീര സഹായിക്കും. 

2. ഈന്തപ്പഴം

ഈന്തപ്പഴത്തിലെ അയണിന്റെ സാന്നിധ്യം എറിത്രോസൈറ്റുകളുടെ എണ്ണം ഉയര്‍ത്തും. ഇതും ഹീമോഗ്ലോബിന്‍ തോത് മെച്ചപ്പെടുത്താന്‍ സഹായിക്കും. അയണിന് പുറമേ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്സ്, ഫോളിക് ആസിഡ് എന്നിവയും ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ വിളര്‍ച്ചയും തടയും. 

3. ഉണക്കമുന്തിരി

ചുവന്ന രക്തകോശങ്ങളുടെ നിര്‍മാണത്തിന് ആവശ്യം വേണ്ട രണ്ടു ഘടകങ്ങളാണ് അയണും കോപ്പറും. ഇവ രണ്ടും അടങ്ങിയിട്ടുള്ള ഉണക്കമുന്തിരിയും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തും.

4. തിന വിഭവങ്ങള്‍

കൂവരക്, പഞ്ഞപ്പുല്ല്, മണിച്ചോളം, ചാമ, കുതിരവാലി എന്നിങ്ങനെ പല വിധത്തിലുള്ള  തിന വിഭവങ്ങള്‍ പതിവായി കഴിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്‍, സെറം ഫെറിട്ടിന്‍ തോത് വര്‍ധിപ്പിക്കും. അയണ്‍ അപര്യാപ്തത കുറയ്ക്കാനും ഇവ കാരണമാകും. 

5. എള്ള്

അയണ്‍, ഫോളേറ്റ്, ഫ്ളാവനോയ്ഡുകള്‍, കോപ്പര്‍ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് എള്ള്. ഇതും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തി വിളര്‍ച്ചയെ തടയുന്നു. ഞാവല്‍, ഉണക്കിയ ആപ്രിക്കോട്ട്, മുരിങ്ങയില, പുളി, നിലക്കടല, തുവരപരിപ്പ് തുടങ്ങിയ ഭക്ഷണവിഭവങ്ങളും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായകമാണ്. 

Tags:
  • Health Tips
  • Glam Up