Thursday 09 July 2020 04:08 PM IST : By ശ്യാമ

നാരങ്ങ വെള്ളം കുടിച്ചാൽ ജലദോഷം വരുമോ? പാലിൽ മഞ്ഞളിട്ടാൽ നല്ലതാണോ? പനിയും ചുമയും കഫക്കെട്ടും ഒക്കെ വരാതെ നോക്കാൻ ഡയറ്റിൽ ശ്രദ്ധിക്കാം

milk lime

മഴക്കാലമാണ്... പനിയും ചുമയും തൊണ്ടവേദനയും ഒക്കെ ഇങ്ങോട്ട് വന്ന് ചാടിക്കയറുന്ന സമയം... കോവിഡ് ഭീതി ചുറ്റും നിറയുമ്പോൾ ചെറിയയൊരു തുമ്മലോ മൂക്കൊലിപ്പോ ഒക്കെ ഉണ്ടാകുന്നത് പോലും നമ്മെ ആകെ അസ്വസ്ഥരാക്കും. ചുറ്റുമുള്ള അവസ്ഥകളൊക്കെ ദിനംപ്രതി ‘ഗംഭീരമാകുന്നതു’ കൊണ്ടു തന്നെ പൊതുവായ സുരക്ഷാ മാർഗങ്ങൾ പാലിക്കുന്നതിനൊപ്പം നമ്മുടെ ഭക്ഷണകാര്യത്തിലും അൽപം ശ്രദ്ധിച്ചാൽ എക്സ്ട്രാ വയ്യാവേലികൾ ഒഴിവാക്കാം.

∙ തൈര്, മോരും വെള്ളം, പാല് കൊണ്ടുള്ള ഭക്ഷണ പദാർഥങ്ങൾ കഴിവതും കുറയ്ക്കുക. പാല്‍ മിക്കയാളുകളിലും കഫക്കെട്ടുണ്ടാക്കാറുണ്ട്. അതു പൊലെ ശ്വാസതടസമുണ്ടാക്കാനും ഇടയുണ്ട്. അതുകൊണ്ട് പാലിന്റെ ഉപയോഗം ഈ സമയത്ത് പരമാവധി കുറയ്ക്കുക.

പാല് കുടിക്കണമെന്ന് നിർബന്ധമുള്ളവർ അതിൽ മഞ്ഞളിട്ട് തിളപ്പിച്ച് ഉപയോഗിക്കുക. അത് കഫക്കെട്ടും മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കില്ല. കുട്ടികള്‍ക്കും മുതിർന്നവർക്കും മഞ്ഞളിട്ട പാൽ ഉപയോഗിക്കാവുന്നതാണ്.

∙ ഐസ്ക്രീം, തണുത്ത കൂൾ ഡ്രിങ്കുകൾ, വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ജ്യൂസ് തുടങ്ങി വെള്ളം പോലും തണുപ്പിച്ച് ഉപയോഗിക്കുന്നത് ഈ മഴക്കാലത്തേക്ക് ഒഴിവാക്കാം. ചെറുചൂടുള്ള ഭക്ഷണവും തിളപ്പിച്ചാറ്റിയ വെള്ളവുമാണ് ഏറ്റവും ഉത്തമം.

∙ ശരീരത്തെ എളുപ്പം തണുപ്പിക്കുന്ന മുന്തിരി, തണ്ണിമത്തന്‍, സബർജെല്ലി, പിയർ എന്നീ പഴങ്ങളും മഴക്കാലത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.

ആപ്പിൾ, സീത പഴം, ചിക്കു ഒക്കെ ശരീരത്തിന് ചൂടു പകരുന്ന ഫലങ്ങളാണ്. ഇവയൊക്കെ മഴക്കാലത്ത് കഴിക്കാം.

∙ ഓറഞ്ച്, ചെറുനാരങ്ങ, വടുകപ്പുളി നാരങ്ങ, മുസംബി പോലുള്ള സിട്രിക് പഴങ്ങൾ ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്തുക. അത് നമ്മുടെ പ്രതിരോധശക്തി കൂട്ടും. കുട്ടികളും മുതിർന്നവരും ദിവസവും സിട്രസ് ഫലങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്.

നാരങ്ങ വെള്ളം കുടിച്ചാൽ ജലദോഷം വരും എന്നൊരു മിത്ത് നമുക്കിടയിലുണ്ട്. ഐസ് ഇടാതെ നാരങ്ങ വെള്ളം കുടിക്കുന്നതും ഓറഞ്ച് കഴിക്കുന്നതുമൊക്കെ ജലദോഷം മാറ്റുകയാണ് ചെയ്യുക.

∙ എള്ളുണ്ട, ഈന്തപ്പഴം, കശുവണ്ടിപ്പരിപ്പ് എന്നിവ തണുപ്പുകാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കശുവണ്ടി, ഈ ന്തപ്പഴം ഇവയിലേതെങ്കിലും ഒന്ന് ഒരു ദിവസം അഞ്ചെണ്ണം വീതം കഴിച്ചാൽ മതി. ശരീരത്തിന് ചൂടു കിട്ടും.

∙ ഈ സമയത്ത് കഴിക്കാവുന്ന വളരെ പോഷകപ്രദമായ ഒന്നാണ് അവൽ. അവലിലെ ഇരുമ്പിന്റെ അംശം ഒക്കെ ശരീരത്തിലെത്തുന്നത് വളരെ നല്ലതാണ്. ശർക്കരയും അവലും കൂടി വിളയിച്ച് കഴിച്ചാൽ കുട്ടികൾക്കും ഇത് വളരെ ഇഷ്ടമാകും. അവൽ കൊണ്ട് ഉപ്പുമാവ്, അവൽ ലഡ്ഡു, അവൽ കട്‌ലറ്റ് ഒക്കെ ഉണ്ടാക്കാവുന്നതാണ്.

∙ പച്ചക്കറികളിൽ വഴുതനങ്ങ, പടവലങ്ങ, പാവക്ക ഇവയൊക്കെ നന്നായി കഴിക്കാം. കോളിഫ്ലവർ, ലെറ്റ്യൂസ്, കാബേജ് പോലുള്ളവ ചീയാൻ സാധ്യത കൂടുതലായത് കൊണ്ട് ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പച്ചക്കറിയും പഴങ്ങളും ചീഞ്ഞാൽ ആ ഭാഗം മുറിച്ച് കളഞ്ഞ് ബാക്കി എടുക്കുന്ന ശീലം നമുക്ക് പലർക്കുമുണ്ട്. മഴക്കാലത്ത് അത്തരത്തിലുള്ള സാഹസങ്ങൾക്ക് നിൽക്കരുത്. ഭക്ഷ്യവിഷബാധ ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.

പഴവും പച്ചക്കറികളും ഉപ്പും മഞ്ഞളും ഇട്ട വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കുക. സാമ്പാറിനും അവിയലിനും മറ്റും അരിഞ്ഞു വയ്ക്കുന്ന പച്ചക്കറി ഇളം ചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞളും ഇട്ട് 2Ð5 മിനിറ്റ് നേരം മുക്കി വച്ചിട്ട് പാകം ചെയ്യാം.

∙ ഫ്രഷ് ആണെന്ന് ഉറപ്പില്ലാത്ത മത്സ്യത്തിന്റെ ഉപയോഗം തീർത്തും ഒഴിവാക്കുക. മീനിലൊക്കെ പലതരം മായം ചേർത്ത് വരുന്നുണ്ട്. ഇത് ദഹനപ്രശ്നങ്ങളും മറ്റ് പല അസുഖങ്ങളും ഉണ്ടാക്കും.

മുട്ട ഈ സമയത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ആഴ്ച്ചയിലൊരിക്കൽ ചിക്കന്‍ ഡയറ്റിൽ ഉൾപ്പെടുത്താം. ഇത് ശരീരത്തിന് ചൂടു പകരും. മഴക്കാലത്ത് ദഹനപ്രശ്നങ്ങൾ കൂടുന്നതും പതിവാണ്. അതിനായി ചിക്കനൊക്കെ കഴിച്ച് കഴിഞ്ഞാൽ പപ്പായ, പൈനാപ്പിൾ പോലുള്ള നാരുകൾ കൂടുതലുള്ള ഫലങ്ങൾ കൂടി കഴിക്കുന്നത് ഗുണം ചെയ്യും.

∙ കഴിയുന്നതും ഇളം ചൂടുവെള്ളം കുടിക്കുക. ചുക്ക് കാപ്പി, ഇഞ്ചി വെള്ളം, നാരങ്ങ വെള്ളത്തിൽ തേൻ ഒഴിച്ച് കുടിക്കുന്നതൊക്കെ നല്ലതാണ്.

∙ മഴക്കാലത്ത് പുറത്തു പോയി കഴിക്കുന്നതും പുറത്തു നിന്ന് വാങ്ങി കഴിക്കുന്നതും കഴിയുന്നത്ര ഒഴിവാക്കുക.

കടപ്പാട്: അൽഫോൺസ പ്രഭ സോളമൻ,

ഡയറ്റീഷ്യൻ,

ഇന്ദിരഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ,

കടവന്ത്ര.

Tags:
  • Health Tips
  • Glam Up