Friday 26 August 2022 12:59 PM IST : By സ്വന്തം ലേഖകൻ

അമിത അളവിൽ വൈറ്റമിൻ ബി6 സപ്ലിമെന്റുകൾ കഴിച്ചു; നടക്കാനുള്ള ശേഷി നഷ്ടപ്പെട്ട് 86 വയസ്സുകാരന്‍, ശ്രദ്ധിക്കുക

old-vbnn5677

അനാവശ്യമായി വൈറ്റമിൻ സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്ന ശീലമുള്ളവര്‍ ഇനിതൊട്ട് ശ്രദ്ധിക്കുക. എട്ടിന്റെ പണിയായിരിക്കും നിങ്ങളെ തേടിയെത്തുക. അമിത അളവിൽ വൈറ്റമിൻ ബി6 സപ്ലിമെന്റുകൾ കഴിച്ച 86 വയസ്സുകാരന് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. നിശ്ചിത പ്രതിദിന ഡോസിനും എഴുപത് മടങ്ങ് അധികം വൈറ്റമിൻ ബി6 സപ്ലിമെന്റുകൾ കഴിച്ചതിനെ തുടര്‍ന്നാണ് 86 വയസ്സുകാരന് നടക്കാനുള്ള ശേഷി നഷ്ടമായതായത്. കാലിന്റെ സംവേദനശേഷി നഷ്ടമാകുന്നതായി തോന്നിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടക്കാനുള്ള ശേഷിയെയും അമിത അളവിലുള്ള വൈറ്റമിൻ ബി6 ഉപയോഗം ബാധിച്ചതായി രക്തപരിശോധനയിൽ തെളിഞ്ഞു. 

വൈറ്റമിൻ ബി6 തോത് കുറവായി കണ്ടതിനെ തുടർന്ന് 50 മില്ലിഗ്രാം പ്രതിദിന ഡോസ് ഡോക്ടർ നിർദേശിക്കുകയായിരുന്നു. 50 വയസ്സിന് താഴെയുള്ളവർക്ക് ശുപാർശ ചെയ്യപ്പെടുന്ന വൈറ്റമിൻ ബി6 തോത് 1.3 മില്ലിഗ്രാമാണ്. 50 ന് ശേഷം സ്ത്രീകൾക്ക് പ്രതിദിനം 1.5 മില്ലിഗ്രാമും പുരുഷന്മാർക്ക് 1.7 മില്ലിഗ്രാമും ശുപാർശ ചെയ്യപ്പെടുന്നു. എന്നാല്‍ 86 വയസ്സുകാരന് നിർദേശിക്കപ്പെട്ട 50 മില്ലിഗ്രാം പ്രതിദിന ഡോസ് ഓസ്ട്രേലിയയിലെയും അമേരിക്കയിലെയും മാനദണ്ഡങ്ങൾ പ്രകാരം വളരെ ഉയർന്നതാണ്. 

പ്രതിദിന ഡോസിന് പുറമേ ഇയാള്‍ മഗ്നീഷ്യം സപ്ലിമെന്റുകളും ബി6 ഫോർട്ടിഫൈഡ് ധാന്യങ്ങളും പ്രഭാതഭക്ഷണമായി കഴിച്ചത് കാര്യങ്ങൾ കൂടുതല്‍ വഷളാക്കി. വൈറ്റമിൻ ബി6 അമിതമായി കഴിക്കുന്നത് സാധാരണ ഗതിയിൽ പ്രശ്നമാകാറില്ല. അമിത വൈറ്റമിൻ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുക. എന്നാൽ ദീർഘനാളത്തെ അമിതഡോസ് ശരീരത്തെ വിഷലിപ്തമാക്കും. 

200 മില്ലിഗ്രാമിനും മേലെയുള്ള വൈറ്റമിൻ ബി6 ‍ഡോസ് നാഡീവ്യൂഹപരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം. കാലുകളുടെ സംവേദനത്വം നഷ്ടമാകുന്നതെല്ലാം ഇതിന്റെ ലക്ഷണമാണ്. അമിത ഡോസ് നിർത്തിയാൽ ആറു മാസത്തിനുള്ളിൽ കാര്യങ്ങൾ പഴയപടിയാകും. 

ശരീരത്തിൽ വൈറ്റമിൻ ബി6 ഉൽപാദിപ്പിക്കപ്പെടാത്തതിനാൽ ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ഇത് ഉള്ളിലെത്തിക്കേണ്ടതുണ്ട്. പന്നിയിറച്ചി, കോഴിയിറച്ചി, മീൻ, കടല, സോയാബീൻ, ഓട്സ്, പഴം, പാൽ, ഉരുളക്കിഴങ്ങ് തുടങ്ങിയവയിലെല്ലാം വൈറ്റമിൻ ബി6 കാണപ്പെടാറുണ്ട്. 

Tags:
  • Health Tips
  • Glam Up