Monday 12 September 2022 04:55 PM IST : By സ്വന്തം ലേഖകൻ

‘വിട്ടുമാറാത്ത ചുമ, നിരന്തരം നെഞ്ചുവേദന’; ചില രോഗലക്ഷണങ്ങളിലൂടെ ശ്വാസകോശം അപകടത്തിലാണോ എന്നറിയാം

lungs

മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ജീവിതശൈലിയും ഭക്ഷണക്രമവും ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നു. പുകവലി, ഹാനികരമായ കെമിക്കലുകളുമായുള്ള ഇടപെടല്‍, വായു മലിനീകരണമുള്ള പ്രദേശങ്ങളിലെ ജീവിതം എന്നിവയെല്ലാം ശ്വാസകോശത്തെ അപകടപ്പെടുത്തുന്നു. നടക്കാനും വ്യായാമം ചെയ്യാനുമുള്ള ശേഷിക്കുറവ്, നെഞ്ചിന് ഭാരം എന്നിവയും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നു. പുകവലി നിര്‍ത്തിയും ആരോഗ്യകരമായ ഭക്ഷണം കഴിച്ചും നിത്യവും വ്യായാമം ചെയ്തും ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തിയും ശ്വാസകോശത്തിന്‍റെ ആരോഗ്യം ഉറപ്പാക്കാവുന്നതാണ്. ശ്വാസകോശം അപകടത്തിലാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില രോഗലക്ഷണങ്ങള്‍ ഇതാ..

1. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

ഹൃദ്രോഗം ഉള്‍പ്പെടെ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായും ശ്വാസംമുട്ടല്‍ വരാമെങ്കിലും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച നിര്‍ണായക സൂചനയാണ് ഇത്. പുറത്തിറങ്ങി നിന്നാല്‍ പോലും ആവശ്യത്തിന് വായു ശ്വസിക്കാന്‍ ലഭിക്കുന്നില്ലെന്ന തോന്നലും ഇതിന്‍റെ ഭാഗമാണ്.  ഇതിനാല്‍ ഈ ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ അടുത്ത് പോയി ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. 

2. ശ്വാസം വിടുമ്പോൾ  വേദനയും ബുദ്ധിമുട്ടും

ശ്വാസം പുറത്തേക്ക് വിടാന്‍ ബുദ്ധിമുട്ട് തോന്നുക, വേദന അനുഭവപ്പെടുക എന്നതെല്ലാം മോശം ശ്വാസകോശ ആരോഗ്യത്തിന്റെ കൃത്യമായ സൂചനകളാണ്. 

3. നിരന്തരമായ ചുമ

വിട്ടുമാറാത്ത ചുമ ശ്വാസകോശം പതിയെ അപകടാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതിന്‍റെ ലക്ഷണമാണ്. 

4. ചുമയ്ക്കുമ്പോൾ  രക്തം

ചുമയ്ക്കുമ്പോൾ രക്തം പുറത്ത് വരുന്നത് വളരെ അപകടകരമായ അവസ്ഥയിലാണ് ശ്വാസകോശം എന്നതിന്‍റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുത്. 

5. നിരന്തരം നെഞ്ചുവേദന

ശ്വാസകോശം അപകടത്തിലാകുന്നതോടെ പല സുപ്രധാന അവയവങ്ങള്‍ക്കും ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഇത് നിരന്തരമായ നെഞ്ചുവേദന ഉള്‍പ്പെടെ പലതരം സങ്കീര്‍ണതകളിലേക്ക് നയിക്കാം. 

6. കഫം കെട്ടല്‍

ചുമയ്ക്കുമ്പോൾ നെഞ്ചിന് അസ്വസ്ഥത, നെഞ്ചില്‍ കഫം കെട്ടിക്കിടക്കല്‍ എന്നിവയെല്ലാം ശ്വാസകോശ പ്രശ്നത്തിന്‍റെ സൂചനയാണ്. ഇത് ഒരാഴ്ചയില്‍ കൂടുതല്‍ തുടര്‍ന്നാല്‍ ഉടനടി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ചികിത്സ തേടാന്‍ വൈകിയാല്‍ ശ്വാസകോശം കൂടുതല്‍ ദുര്‍ബലമായി ആരോഗ്യനില വഷളാകാന്‍ സാധ്യതയുണ്ട്. 

Tags:
  • Health Tips
  • Glam Up