Saturday 15 January 2022 02:18 PM IST : By സ്വന്തം ലേഖകൻ

കവിളിൽ പൂമ്പാറ്റ ചുവപ്പായി തുടക്കം; തീവ്രമായാൽ വൃക്കകളെ തകർക്കും: ലൂപ്പസ് (എസ്എൽഇ) രോഗത്തെക്കുറിച്ച് കൂടുതൽ അറിയാം

lupuy7657

ലൂപ്പസ് എന്ന വാക്കിനർഥം ചെന്നായ എന്നാണ്. ചെന്നായ മാന്തിയതുപോലുള്ള ചുവന്ന കുത്തുകളുമായി വരുന്ന രോഗത്തെ അതുകൊണ്ട് ലൂപ്പസ് എന്നു വിളിച്ചു. ലൂപ്പസ് എന്ന പേര് പരിചിതമില്ലാത്തവർക്ക് എസ്എൽഇ എന്നു കേട്ടിട്ടുണ്ടാകും. സിസ്റ്റമിക് ലൂപ്പസ് എരിത്തമാറ്റോസിസ് അഥവാ എസ്എൽഇ ഒരു ഒാട്ടോ ഇമ്യൂൺ രോഗമാണ്. ഒാട്ടോ ഇമ്യൂൺ രോഗം എന്നു പറയുമ്പോൾ നമ്മുടെ പ്രതിരോധശക്തി തന്നെ നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന അവസ്ഥ. എന്തുകൊണ്ടാണ് ചിലരിലെ പ്രതിരോധശക്തി മാത്രം ഇങ്ങനെ വിചിത്രമായി പെരുമാറുന്നു എന്നതിന് വ്യക്തമായ ഒരു കാരണം കണ്ടെത്താനായിട്ടില്ല വൈദ്യശാസ്ത്രത്തിന്.

പണ്ട് മലയാളികൾ ലൂപ്പസ് എന്ന രോഗത്തെക്കുറിച്ചേ കേട്ടിട്ടേ ഇല്ലായിരുന്നു. പക്ഷേ, രോഗനിർണയത്തിനുള്ള പുതിയ പരിശോധനകൾ പലതും വന്നതോടെ എസ്എൽഇ റിപ്പോർട്ട് ചെയ്യപ്പെടുന്നതു വർധിച്ചു. സ്ത്രീ പുരുഷ വ്യത്യാസമൊന്നുമില്ല ഈ രോഗത്തിനെങ്കിലും സാധാരണ 15 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ കൂടുതൽ ബാധിക്കുന്നതായി കാണുന്നു.

ലക്ഷണങ്ങൾ അറിയാം

വിട്ടുമാറാത്ത പനി, ക്ഷീണം, സന്ധിവേദന, ശരീരവേദന തുടങ്ങിയവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. നിലതെറ്റിയ പ്രതിരോധശക്തി ഏത് അവയവത്തെയാണോ കൂടുതൽ ആക്രമിക്കുന്നത് അതനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടാം. എസ്എൽഇയുടെ തനത് ലക്ഷണമാണ് മുഖത്തു കാണുന്ന ചുവന്ന കുത്തുകൾ. ഒരു പൂമ്പാറ്റയുടെ ആകൃതിയിൽ കാണപ്പെടുന്നതുകൊണ്ട് ഈ കുത്തുകളെ ബട്ടർഫ്ളൈ റാഷ് എന്നും പറയാറുണ്ട്. ഇതു കൂടാതെ അസാധാരണമായ മുടികൊഴിച്ചിൽ, ശരീരത്തിൽ ചുവന്ന കുത്തുകൾ, പെട്ടെന്ന് വായ്പുണ്ണ് വരിക എന്നിവയും കാണുന്നു.

രോഗം ആദ്യഘട്ടത്തിലെ കണ്ടുപിടിച്ചില്ലെങ്കിൽ മെല്ലെ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകാം. വൃക്കയെ ബാധിച്ച് പ്രവർത്തനം തകരാറിലാക്കാം, വൃക്ക പരാജയത്തിൽ വരെയെത്തിക്കാം. തലച്ചോറിനെ ബാധിച്ച് പക്ഷാഘാതം പോലുള്ള സങ്കീർമതകൾക്കിടയാക്കാം.

എഎൻഎ അഥവാ ആന്റി ന്യൂക്ലിയർ ആന്റിബോഡി എന്ന പരിശോധനയാണ് എസ്എൽഇ കണ്ടുപിടിക്കാൻ സഹായിക്കുന്നത്. എഎൻഎ പൊസിറ്റീവ് ആകുന്നതാണ് രോഗമുണ്ടെന്നുള്ളതിന്റെ സൂചനയെങ്കിലും എഎൻഎ പൊസിറ്റീവ് ആയ എല്ലാവർക്കും രോഗം ഉണ്ടാകണമെന്നില്ല.

ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിടിച്ചാൽ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കേണ്ടിവരില്ല. പുതിയ ഒട്ടേറെ മരുന്നുകൾ വന്നതോടെ സ്റ്റിറോയ്ഡുകളുടെ ഉപയോഗം വളരെ കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനം ഇമ്യൂണോ മോഡുലേറ്റിങ് മരുന്നുകളുടെ കണ്ടെത്തലാണ്. ഇവ പ്രതിരോധശക്തിയുടെ പ്രവർത്തനത്തിനു വ്യതിയാനം വരുത്തി ലക്ഷണങ്ങളും രോഗതീവ്രതയും കുറയ്ക്കുന്നു. ഇവയ്ക്ക് ഫലപ്രാപ്തി കൂടുതലാണെന്നു മാത്രമല്ല സ്റ്റിറോയ്ഡുകളെ അപേക്ഷിച്ചു പാർശ്വഫലങ്ങൾ കുറവാണ്.

ശ്രദ്ധിക്കാൻ

∙ അൾട്രാവയലറ്റ് രശ്മികൾ രോഗം വർധിപ്പിക്കുന്നതിനാൽ കഴിയുന്നതും വെയിൽ ഏൽക്കരുത്.

∙ ്ണുബാധയ്ക്കുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.

∙ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു നിർത്തുകയോ ഡോസ് കുറയ്ക്കുകയോ ചെയ്യരുത്.

∙ എസ്എൽഇ രോഗികൾക്ക് ഹൃദ്രോഗസാധ്യത ഉള്ളതിനാൽ വ്യായാമം ജീവിതശീലമാക്കുക. ബിപി, കൊളസ്ട്രോൾ തുടങ്ങിയവയും നിയന്ത്രിച്ചുനിർ്തതുക.

ഒാർക്കുക ആരംഭത്തിലേ കണ്ടുപിടിക്കാനായാൽ പലപ്രദമായ മരുന്നുകളഴുണ്ട് ലൂപ്പസിന്. ജീവിതം ദുരിതപൂർണമാകാതെ മരുന്നുകളുടെ സഹായത്തോടെ മുൻപോട്ടുപോകാനാകും.

ഡോ. പത്മനാഭ ഷേണായി

മെഡിക്കൽ ഡയറക്ടർ

സെന്റർ ഫോർ ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം (കെയർ)

കൊച്ചി

Tags:
  • Manorama Arogyam
  • Health Tips