കടുത്ത ക്ഷീണവും സന്ധിവേദനയും ജോലി ചെയ്യാനുള്ള താൽപര്യക്കുറവും മൂലം മാനസികവും ശാരീരികവുമായി തളർന്നുപോകുന്ന യുവതികൾ ഓർക്കുക– ഒരുപക്ഷെ, നിങ്ങൾക്ക് ലൂപസ് രോഗമായിരിക്കാം. അന്തരീക്ഷ മലിനീകരണവും സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ കൂടുതലായി ഏൽക്കുന്നതും രോഗത്തിന് കാരണമാകും.
എന്താണ് ലൂപസ്?
ലൂപസ് അഥവാ സിസ്റ്റമിക് ലൂപസ് എരിതേമറ്റോസിസ് (എസ്എൽഇ) എന്നത് ഓട്ടോ ഇമ്യൂൺ വിഭാഗത്തിൽ വരുന്ന മാരകമായ രോഗങ്ങളിൽ ഒന്നാണ്. നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷി നൽകുന്ന ഘടകങ്ങൾ ശരീരത്തിന്റെ കോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണിറ്റി.
പ്രതിരോധ ശക്തിയിലെ വ്യതിയാനം എന്നും ഇതിനെ വ്യാഖ്യാനിക്കാം. ചുരുക്കിപ്പറഞ്ഞാൽ യജമാനനെ കടിക്കുന്ന വളർത്തു നായയോട് ഇതിനെ ഉപമിക്കാം. ലൂപസ് എന്ന വാക്കിന്റെ അർഥം ചെന്നായ എന്നാണ്. മുഖത്തു ചെന്നായ കടിച്ചതുപോലെയുള്ള ചുവന്ന പാടുകൾ കാണപ്പെടുന്നതിനാലാണ് ഈ അസുഖത്തിനു ലൂപസ് എന്ന പേരു വന്നത്.
കാരണങ്ങൾ എന്തെല്ലാം?
ഈ രോഗത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. എങ്കിലും ലൂപസ് ബാധിക്കാൻ സാധ്യതയുള്ള ഇരുപതിലധികം ജീനുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഈ ജീനുകൾ ഉള്ള വ്യക്തികൾ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ അധികമായി ഏൽക്കുന്നതു മൂലവും, മാനസിക സമ്മർദം മൂലവും ചില മരുന്നുകളുടെ അമിത ഉപയോഗം മൂലവും ഈ രോഗത്തിന് അടിപ്പെടുന്നു. ഏതു പ്രായക്കാരെയും രോഗം ബാധിക്കാമെങ്കിലും 15നും 35നും മധ്യേയുള്ള സ്ത്രീകളിലാണ് ഇതു കൂടുതലും കണ്ടുവരുന്നത്.
ലക്ഷണങ്ങൾ
ശരീരത്തിന്റെ പ്രതിരോധശേഷി അവയവങ്ങളെ ആക്രമിക്കുന്നതു മൂലം ഇതിന്റെ ലക്ഷണങ്ങൾ പല അവയവങ്ങളിലും പ്രകടമാകാം. രോഗലക്ഷണങ്ങൾ പല രോഗികളിലും വ്യത്യാസമായിരിക്കും. പലപ്പോഴും തള്ളിക്കളയുന്ന ലക്ഷണങ്ങളാണ് ഇതിൽ ഏറെയും.
∙ മുഖത്തുണ്ടാകുന്ന ചുവന്ന തടിപ്പുകൾ-പലപ്പോഴും ഇതു മറ്റേതെങ്കിലും രോഗമാകാം എന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മൂക്കിലും കവിളിലുമായി പൂമ്പാറ്റയുടെ ആകൃതിയിലുള്ള തിണർപ്പുകൾ, മുഖത്തുള്ള കുത്തുകൾ എന്നിവ ആയി ഇവ കാണപ്പെടാം.
∙ വിട്ടുമാറാത്ത പനി
∙ വായിലുണ്ടാകുന്ന വേദനയില്ലാത്ത വൃണങ്ങൾ
∙ സൂര്യപ്രകാശം ഏറ്റാൽ ശരീരം ചുവന്നു തടിക്കുന്ന അവസ്ഥ
∙ തലയോട് കാണുന്ന വിധത്തിലുള്ള അമിതമായ മുടികൊഴിച്ചിൽ
∙ അമിത ക്ഷീണവും വിളർച്ചയും
∙ പേശിവേദനയും സന്ധിവേദനയും
∙ കഠിനമായ തലവേദന
∙ വിട്ടുമാറാത്ത ചുമ, പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടൽ.
∙ കണ്ണിന്റെ കാഴ്ച മങ്ങൽ
∙ തണുപ്പുള്ള അന്തരീക്ഷത്തിൽ വിരൽ തുമ്പത്തുണ്ടാകുന്ന നിറവ്യത്യാസം
അപൂർവ ലക്ഷണങ്ങൾ
വിഷാദ രോഗം, ഓർമക്കുറവ്, അപസ്മാരം, പെരുമാറ്റത്തിൽ ഉണ്ടാകുന്ന വ്യത്യാസം, തുടർച്ചയായ ഗർഭഛിദ്രം.
ലൂപസ് എങ്ങനെ കണ്ടുപിടിക്കാം?
ഒരേ ഒരു പരിശോധന കൊണ്ടു രോഗം നിർണയിക്കാൻ പര്യാപ്തമായ ഒരു സംവിധാനവും നിലവിലില്ല. രോഗിയെ നേരിൽ കണ്ടു പരിശോധിക്കുന്നതിനോടൊപ്പം രക്ത- മൂത്ര പരിശോധനയിലൂടെയും രോഗലക്ഷണങ്ങൾ വിശദമായി വിശകലനം ചെയ്തും രോഗനിർണയം സാധ്യമാക്കാം. ഈ രോഗികളിൽ ഇഎസ്ആർ കൂടുതലായിരിക്കും. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ എത്രമാത്രം വ്യാപിച്ചു എന്നു കണ്ടെത്താൻ സ്കിൻ ബയോപ്സി, കിഡ്നി ബയോപ്സി മുതലായ പരിശോധനകൾ ആവശ്യമാണ്. തെറ്റായ രോഗനിർണയവും തെറ്റായ ചികിത്സയും ഒരുപോലെ അപകടകരമാണ്. ഒരു വിദഗ്ധനു മാത്രമേ വ്യക്തമായി രോഗം നിർണയിക്കാനും അനുയോജ്യമായ ചികിത്സ നിശ്ചയിക്കുവാനും കഴിയൂ.
എസ്എൽഇ: ചികിൽസിച്ച് ഭേദമാക്കാം
എസ്എൽഇയ്ക്കു ഫലപ്രദമായ ചികിൽസാ രീതികളുണ്ട്. ചികിത്സയുടെ പ്രധാന ലക്ഷ്യം രോഗത്തെ നിയന്ത്രിക്കുക, മറ്റ് ആന്തരിക അവയവങ്ങളെ ബാധിക്കുന്നതു തടയുക എന്നതാണ്. ആദ്യഘട്ടത്തിൽ കണ്ടുപിടിച്ചാൽ മരുന്നുകൊണ്ടു തന്നെ രോഗം നിയന്ത്രിക്കാം. രോഗം കൂടുതൽ വ്യാപിച്ചു ജീവനു ഭീക്ഷണി ഉണ്ടാക്കുന്ന ഘട്ടങ്ങളിൽ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കേണ്ടി വന്നേക്കാം.
രോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നു പരമാവധി സംരക്ഷിക്കുക. പുറത്തുള്ള ജോലികൾ രാവിലെ ഒൻപതിനു മുന്‍പും വൈകിട്ടു നാലിനു ശേഷവും ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ ഗർഭിണി ആണെങ്കിലും ഗർഭധാരണം ഉദ്ദേശിക്കുന്നുണ്ടെങ്കിലും ആ വിവരം ഡോക്ടറോടു മുൻകൂട്ടി പറയണം. ആദ്യത്തെ 3-4 മാസകാലയളവിൽ മാസത്തിലൊരിക്കലും തുടർന്ന് 2-3 മാസത്തിൽ ഒരിക്കലും രക്തപരിശോധന നടത്തേണ്ടതാണ്. ഇതിലൂടെ ആന്തരിക അവയവങ്ങളുടെ ക്ഷമതയും മരുന്നുകളുടെ പ്രവർത്തന ശേഷിയും വിലയിരുത്താൻ സാധിക്കും.
മരുന്നു കഴിക്കുമ്പോൾ രക്തസമ്മർദവും പ്രമേഹത്തിന്റെയും കൊളസ്‌ട്രോളിന്റെയും അളവ് തിട്ടപ്പെടുത്താൻ രക്തപരിശോധന നടത്തുകയും ചെയ്യണം. ആവശ്യത്തിന് വിശ്രമിക്കുകയും വ്യായാമം ചെയ്യുകയും വേണം. ഡോക്ടർ നിർദേശിക്കുന്ന പോലെ മരുന്നു കഴിക്കുക. ഒരു മരുന്നു ഫലവത്തായി കാണുന്നില്ലെങ്കിൽ ഡോക്ടറോട് അതേപ്പറ്റി പറയുക. മാനസിക സമ്മർദം ഒഴിവാക്കാൻ വ്യായമത്തിനു പുറമെ യോഗ, മെഡിറ്റേഷൻ എന്നിവ സഹായകമാണ്.