Wednesday 15 June 2022 03:31 PM IST : By സ്വന്തം ലേഖകൻ

രോഗനിർണ്ണയത്തിലെ വൈദഗ്ധ്യവും മികച്ച പെരുമാറ്റവും; കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി ഡോക്ടര്‍

torontoo99865

കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിന്റെ അക്കാദമി ഓഫ് മാസ്റ്റർ ക്ലിനീഷ്യൻസിലേയ്ക്ക് നാമനിർദ്ദേശം കിട്ടി തിരഞ്ഞെടുക്കപ്പെട്ട് മലയാളി ഡോക്ടര്‍. തിരുവനന്തപുരം സ്വദേശിയായ ഡോ. കൃഷ്ണകുമാർ നായർക്കാണ് മികച്ച അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്തുത്യർഹമായ നേട്ടം കൈവരിച്ച് മലയാളികളുടെ യശസ്സുയർത്തിയിരിക്കുകയാണ് ഡോ. കൃഷ്ണകുമാര്‍ നായര്‍. ഭാര്യ ഡോ. രാധിക നായർ, മക്കൾ ഗോവിന്ദ് നായർ, മാധവ് നായർ. കാനഡയിലെ ടൊറന്റോയിലാണ് താമസം.

സഹപ്രവർത്തകരുടെയും മെഡിക്കൽ കമ്മ്യൂണിറ്റിയുടെയും വിലയിരുത്തലിൽ രോഗികളെ പരിപാലിക്കുന്നതിലുള്ള മികവ്, രോഗനിർണ്ണയ വൈദഗ്ധ്യം, നിർണ്ണായകമായ രോഗങ്ങളെ അതീവസൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയോടൊപ്പം രോഗികളോടും സഹപ്രവർത്തകരോടും വിനയപൂർവമായ പെരുമാറ്റവും ബഹുമാനവും മര്യാദയും സ്വായത്തമായവരെയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിന്റെ അക്കാദമി ഓഫ് മാസ്റ്റർ ക്ലിനീഷ്യൻസ് പ്രതിനിധീകരിയ്ക്കുന്നത്. ഇവയെല്ലാം ഒത്തിണങ്ങിയ വിശിഷ്ട വ്യക്തിത്വമാണ് ഡോ. കൃഷ്ണകുമാറിനെ പ്രശംസനീയമായ ഈ സ്ഥാനത്തിന് അർഹനാക്കിയത്. 

ഡോ. കൃഷ്ണകുമാര്‍ ടൊറന്റോ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനിൽ അസ്സോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിയ്ക്കുന്നു. അതിനോടൊപ്പം തന്നെ അക്രഡിറ്റേഷനുള്ള മൂന്ന് ഇലക്ട്രോഫിസിയോളജി ഫെലോഷിപ്പ് പ്രോഗ്രാമുകളുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. 

“Ablations and devices in adult congenital heart disease” ആണ് ഇദ്ദേഹത്തിന്റെ ചികിൽസാമേഖലയും ഗവേഷണമേഖലയും. ലോകോത്തരമായ “Toronto Congenital Cardiac Centre” ൽ ഇലക്ട്രോഫിസിയോളജിസ്റ്റ് കൂടിയായ ഇദ്ദേഹത്തിന്റെ കീഴിൽ പരിശീലനത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഹൃദ്രോഗ വിദഗ്ധരെത്താറുണ്ട്. 

അനേകം ഗവേഷണ പ്രബന്ധങ്ങളും Robert J Chisholm അവാർഡ്, Vera Rose Adult Congenital Heart Disease Teaching അവാർഡ് മുതലായവയും കൈമുതലായുള്ള ഡോ. നായർ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൂർവവിദ്യാർത്ഥിയും നോർത്ത് അമേരിക്കയിലെ Association of Keralite Medical Graduates (AKMG) ന്റെ കാനഡ ചാപ്റ്ററിന്റെ പ്രസിഡന്റുമാണ്. 

Tags:
  • Health Tips
  • Glam Up