Friday 22 January 2021 02:11 PM IST : By സോളി ജയിംസ്

ഹൃദയത്തെ കാക്കും, ഹാര്‍ട്ട്‌ അറ്റാക്ക് തടയും മെഡിറ്ററേനിയൻ ഡയറ്റ്; സിമ്പിളായി ശരീരഭാരവും കുറയ്ക്കാം...

medd432dfggg

ഹൃദയത്തെ കുറിച്ച് പറയുമ്പോൾ ആരും ഹൃദയത്തോടു ചേർക്കുന്ന ഡയറ്റാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഹൃദയാരോഗ്യകരമെന്നു പുകൾപെറ്റ ഈ ഡയറ്റ് ശരീരഭാരവും കൊളസ്ട്രോളും കുറയ്ക്കാനും ഹാര്‍ട്ട്‌ അറ്റാക്ക്, അർബുദം തടയാനും അനുയോജ്യമാണ്. 

മെഡിറ്ററേനിയൻ കടലിന്റെ അതിർത്തിയിലെ രാജ്യങ്ങളായ ഫ്രാൻസ് , ഗ്രീസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ആളുകളുടെ പരമ്പരാഗത ആരോഗ്യ ഭക്ഷണ–ജീവിത ശൈലികളിൽ നിന്നും രൂപപ്പെടുത്തിയ ഡയറ്റാണ് മെഡിറ്ററേനിയൻ ഡയറ്റ്. മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ വ്യത്യസ്ത ആഹാര–ജീവിത രീതികളിൽ നിന്നും പൊതുവായി ചില ഘടകങ്ങളെടുത്താണ് ഈ ഡയറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. പച്ചക്കറികളും പഴങ്ങളും നട്സും മത്സ്യവും ഒലിവെണ്ണയും വൈനും ചേർന്ന ആരോഗ്യക്കൂട്ടാണ് ഈ ഡയറ്റിന്റെ അടിസ്ഥാനം. ഈ ഡയറ്റ് പക്ഷേ, കേരളീയ സാഹചര്യത്തിൽ പ്രായോഗികമാണോ എന്നു തോന്നാം. മലയാളികളുടെ ഭക്ഷണരീതികളിലേക്ക് പരിവർത്തനം ചെയ്തെടുത്ത മെഡിറ്ററേനിയൻ സാംപിൾ ഡയറ്റാണ് ചുവടെ. ശരീരഭാരം നിയന്ത്രിക്കാൻ ഏറെ സഹായകമാണ് ഈ ഡയറ്റ്.

സാംപിൾ മെനു–1200 കാലറി

പ്രാതൽ:

∙ 2 ചപ്പാത്തി/2 ദോശ/ 3 ഇഡ്‌ലി/പുട്ട്–1 ചെറിയ കപ്പ്/ഒാട്സ് കുറുക്കിയത്– ഒരു ബൗൾ (3 സ്പൂൺ ഒാട്സ് കുറുക്കിയത്)/ വെജിറ്റബിൾ സാൻവിച്ച്– 2 കഷണം, ഇടിയപ്പം–മൂന്ന് ചെറുത്

∙ കിഴങ്ങു ചേർക്കാത്ത സാമ്പാർ/കടലക്കറി/വെജിറ്റബിൾ കറി

∙ പുഴുങ്ങിയ മുട്ട–1 എണ്ണം, പാടനീക്കിയ പാൽ–1 കപ്പ് (ആഴ്ചയിൽ രണ്ടു മൂന്നു തവണ മാത്രം)

∙ പഴവർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്ന്

ഉച്ചഭക്ഷണം:

∙ തവിടുനീക്കാത്ത കുത്തരി (ബ്രൗൺ റൈസ്) –1 കപ്പ്/2 ചപ്പാത്തി/ നുറുക്കു ഗോതമ്പ് ചോറ്–1 കപ്പ്

∙ പയർ–മുക്കാൽ കപ്പ്/പരിപ്പ് കറി–അര കപ്പ്/ കടലക്കറി–മുക്കാൽ കപ്പ്/ മീൻ–2 ചേറിയ കഷണം/തൈര് –1 കപ്പ്

∙ പച്ചക്കറികൾ/ഇലക്കറികൾ-2 കപ്പ്

∙ പഴവർഗങ്ങളിൽ ഏതെങ്കിലും ഒന്ന്

സ്നാക്ക്:

∙ പയർ–കടല മുളപ്പിച്ചത് –1 കപ്പ്/ നട്സ്–10–15 എണ്ണം

∙ ചായ/കാപ്പി–1 കപ്പ്

രാത്രിഭക്ഷണം:

∙ 2 ചപ്പാത്തി/ തവിടുനീക്കാത്ത കുത്തരി (ബ്രൗൺ റൈസ്) –1 കപ്പ്

∙ മീൻകറി– 1–2 ചെറിയ കഷണം/ തൈര് 1 കപ്പ്/ കോഴിയിറച്ചി–1 കഷണം / കടല/പയർ കറി–1 കപ്പ്

∙ പച്ചക്കറി–ഇലക്കറികൾ, സാലഡ്– 2 കപ്പ്

∙ പഴവർഗങ്ങളിൽ ഏതെങ്കിലും ഒന്ന്

∙ പാചകത്തിനുള്ള എണ്ണ-എക്സ്ട്രാ വിർജിൻ/വിർജിൻ ഒലീവ് ഒായിൽ മാത്രം ആവശ്യാനുസരണം എടുക്കാം.

വൈൻ –1 ഗ്ലാസ്സ് (വേണമെങ്കിൽ മാത്രം)

കഴിക്കാവുന്നത്

∙ മുഴുധാന്യങ്ങൾ

∙ ഫ്രെഷ് & നാച്ചുറൽ ഫൂഡ്സ്

∙ പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗങ്ങൾ, ഡ്രൈ ഫ്രൂട്സ്

മിതമായി കഴിക്കാവുന്നത്

∙ മുട്ട, വൈറ്റ് മീറ്റ്, മീൻ

∙ പാലും പാലുൽപന്നങ്ങളും

∙ ചുവന്ന വൈൻ

∙ നട്സ്, സീഡ്സ്, ഒലീവെണ്ണ

∙ ഭൂമിക്കടിയിൽ വളരുന്നതും കിഴങ്ങുവർഗങ്ങളും

∙ ക്ലിയർ സൂപ്പ്, മധുരപാനീയങ്ങൾ, ഫ്രൂട്ട് ജ്യൂസ്

∙ ബേക്കറി ഭക്ഷണം, പഞ്ചസാര ചേർത്തുണ്ടാക്കുന്ന ഭക്ഷണം

ഒഴിവാക്കേണ്ടത്

∙ മൈദ പോലുള്ള സംസ്കരിച്ച ധാന്യങ്ങൾ കൊണ്ടുള്ള ആഹാരം

∙ സംസ്കരിച്ചതും പായ്ക്കറ്റിലാക്കിയതുമായ ഭക്ഷണം

∙ ഹോട്ട് ഡോഗ്, സോസേജ് പോലുള്ള സംസ്കരിച്ച മാംസം

∙ ബീഫ് പോലുള്ള ചുവന്ന മാംസം, മീൻ വറുത്തത്, എണ്ണയിൽ മുക്കിപൊരിച്ചത്

∙ ഫ്രൈഡ് പനീർ, ചീസ്

-സോളി ജയിംസ്,  പോഷകാഹാര വിദഗ്ധ, കൊച്ചി

Tags:
  • Health Tips
  • Glam Up