ഇരുപതു വയസ്സിൽ താഴെയുള്ള കുട്ടികൾ അനുഭവിക്കുന്ന ക്രമമല്ലാത്ത ആർത്തവം എന്ന പ്രശ്നം സ്ത്രീകൾ വീണ്ടും അനുഭവിക്കുന്ന ഘട്ടമാണ് 40–50 പ്രായം. അതിനുള്ള കാരണമാകട്ടേ തീർത്തും വിഭിന്നമാണ്.
യുട്രെയ്ൻ ഫൈബ്രോയ്ഡുകൾ
ഗർഭപാത്രത്തിലെ ഫൈബ്രോയ്ഡുകൾ ഏതു പ്രായത്തിലും വരാമെങ്കിലും ഏറ്റവും കൂടുതലായി കാണുന്നത് 40–50 വയസ്സിലാണ്. അപകടകാരി അല്ലാത്തതും കാൻസറാകാൻ സാധ്യതയില്ലാത്തതുമാണെങ്കിലും യഥാസമയം ചികിത്സിക്കാതെയിരുന്നാൽ മറ്റു പല ബുദ്ധിമുട്ടുകളിലേക്കും ഫൈബ്രോയ്ഡ് നയിക്കും.
കട്ടി കൂടിയ കലകളാണ് (ടിഷ്യൂ) ഫൈബ്രോയ്ഡുകൾ. ഈസ്ട്രജൻ, പ്രോജസ്ട്രോൺ ഹോർമോൺ നിലയിലുള്ള വ്യതിയാനങ്ങൾ ഗർഭപാത്രത്തിനുള്ളിലെ തടിപ്പുകളെ വളരാൻ സഹായിക്കുന്നതാണു കാരണം. അമിത ഭാരമുള്ള സ്ത്രീകളിൽ ഫൈബ്രോയിഡ് സാധ്യത ഏറും.
ആർത്തവം ക്രമം തെറ്റുക, കടുത്ത രക്തസ്രാവം, മാസമുറ രക്തം കട്ടിയായി കാണപ്പെടുക, മലബന്ധം, അരക്കെട്ടിന്റെ വണ്ണം കൂടുക, വയറുവേദന തുടങ്ങി പല ലക്ഷണങ്ങളും കണ്ടെന്നു വരാം.
പരിഹാരം
അൾട്രാസൗണ്ട് സ്കാൻ വഴി മുഴകളുടെ സ്ഥാനം സ്വഭാവം, വലുപ്പം എന്നിവ നിർണയിച്ച ശേഷമാണു ചികിത്സ തുടങ്ങുക. വിശദ പരിശോധനയ്ക്ക് സ്കാൻ വേണ്ടി വ രാം. ചെറിയ ഫൈബ്രോയ്ഡുകൾക്കു പ്രത്യേക ചികിത്സ ആവശ്യമില്ല. ആറു മാസം കൂടുമ്പോൾ പരിശോധിച്ചു വലുതാകുന്നില്ല എന്നുറപ്പാക്കിയാൽ മതിയാകും. വലുതാകുന്നുണ്ടെങ്കിൽ അവയുടെ വളർച്ചാ വേഗത ചികിത്സയിൽ പ്രധാനമാണ്.
മരുന്നുകൾ ഉപയോഗിച്ചും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്ന വിധം ഫൈബ്രോയ്ഡിന് വലുപ്പമുണ്ടെങ്കിൽ ശസ്ത്രക്രിയ വഴി നീക്കം ചെയ്തും പരിഹരിക്കാറുണ്ട്.
ഗർഭം, പ്രസവം എന്നിവ കഴിഞ്ഞിട്ടില്ലാത്തവരിലും, വ ന്ധ്യതാ ചികിത്സയോ ഗർഭപാത്രം നിലനിർത്തേണ്ട സാഹചര്യമോ ഉള്ളവരിലും വലുപ്പമുണ്ടെങ്കിലും പരമാവധി ഫൈബ്രോയ്ഡ് മാത്രമായി നീക്കം ചെയ്യാനായിരിക്കും ശ്രമിക്കുക. ഗർഭപാത്രം നിലനിർത്തേണ്ടതില്ലാത്ത സ്ത്രീകൾക്കു ഗർഭപാത്രം മുഴുവനായി നീക്കം ചെയ്യാറുണ്ട്.
പ്രതിരോധം
അമിതഭാരം വരാതെ നോക്കുകയാണു ഫൈബ്രോയ്ഡ് തടയാനുള്ള പ്രധാന മാർഗം. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം നിലനിർത്തുക.
ശരീരത്തിനും അരക്കെട്ടിനും വണ്ണം കൂടുകയെന്നാൽ ശരീരത്തിൽ ഈസ്ട്രജൻ ഉത്പാദനം കൂടുകയാണ് എ ന്നു മനസ്സിലാക്കണം. ഈസ്ട്രജൻ രണ്ടു തരത്തിലുണ്ട്. ഈസ്ട്രോൺ, ഈസ്ട്രോഡിയോൾ എന്നിവയിൽ മെനോപോസൽ കാലഘട്ടത്തിൽ ഈസ്ട്രോഡിയോൾ കുറയുകയും ഈസ്ട്രോൺ കൂടുകയും ചെയ്യും. അതാണ് ഫൈബ്രോയ്ഡുകൾക്ക് കാരണമാകുന്നത്.
സന്തുലിതമായ ജീവിത ശൈലി നിലനിർത്തുക, നടത്തം, യോഗ, അരക്കെട്ടിന്റെ വണ്ണം കുറയ്ക്കാനുള്ള വ്യായാമങ്ങൾ ശീലിക്കുക എന്നിവയാണ് പ്രതിരോധമാർഗങ്ങൾ
ക്രമീകരിക്കാം ശരീരഭാരം
മെനോപോസിന്റെ പല ലക്ഷണങ്ങളിൽ ഒന്നാണ് അമിതവണ്ണം. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം അഥവാ ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് ചിലർക്ക് അമിത വണ്ണത്തിന് കാരണമാകാം. എന്നാൽ എല്ലാവർക്കും അതുണ്ടാകണമെന്നില്ല.
ശരീരഭാരം കിലോയിലും ഉയരം മീറ്ററിലും കണക്കാക്കുക. ശരീരഭാരത്തെ ഉയരം കൊണ്ട് ഹരിക്കുക. ലഭിക്കുന്ന അളവ് 18.5 – 24.9 വരെ ആണെങ്കിൽ നിങ്ങളുടെ ശരീരഭാരം ആരോഗ്യകരമാണ്. ഇരുപത്തഞ്ചിൽ കൂടുതലാണെങ്കിൽ ഒബീസിറ്റിയിലേക്ക് പോകുകയാണ്. മുപ്പതിൽ കൂടുതലാണെങ്കിൽ ഗുരുതരമായ ഒബീസിറ്റിയുള്ളതായി കണക്കാക്കാം.
മധുരം ഗണ്യമായി കുറയ്ക്കുക, ഏതെങ്കിലും ഡ യറ്റീഷ്യനെ കണ്ട് നിശ്ചയിച്ച ആരോഗ്യകരമായ ഡ യറ്റ് പിന്തുടരുക, ഭക്ഷണം അളവ് കുറച്ച് ഇടയ്ക്കിടയ്ക്ക് അൽപം എന്ന മട്ടിൽ കഴിക്കുക. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും മുക്കാൽ മണിക്കൂർ വ്യായാമം ചെയ്യുക എന്ന ശീലത്തിലൂടെ അമിതവണ്ണത്തെ നിയന്ത്രിച്ചു നിർത്തണം. ഭക്ഷണം വല്ലാതെ കുറയ്ക്കുന്നത് ആരോഗ്യകരമല്ല. ഇതു രക്തക്കുറവ്, ഓസ്റ്റിയോപൊറോസിസ് എന്നീ പ്രശ്നങ്ങളിലേക്കു വഴി തുറക്കും.