Saturday 06 August 2022 04:40 PM IST

ആർത്തവ വിരാമം മുപ്പതുകളിൽ സംഭവിക്കുമോ? ആർത്തവവും ഗർഭാശയ സംബന്ധവുമായ സംശയങ്ങൾക്കുള്ള മറുപടി

Roopa Thayabji

Sub Editor

ആർത്തവവും ഗർഭാശയ സംബന്ധവുമായ അസ്വസ്ഥതകൾ ഒരിക്കലെങ്കിലും അലട്ടിയിട്ടില്ലാത്ത സ്ത്രീകൾ ഉണ്ടാകില്ല. ഗർഭാശയ രോഗങ്ങളെക്കുറിച്ച് സംശയങ്ങൾ ഇനി വേണ്ട...

ആർത്തവം രോഗമോ അശുദ്ധിയോ ആണോ?

പ്രത്യുൽപാദനത്തിന്റെ ഭാഗമായ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. അതൊരു രോഗമോ അശുദ്ധിയോ അല്ല.  

എല്ലാ മാസവും ഓരോ അണ്ഡം വീതം വളർച്ച പ്രാപിച്ച്, ഗർഭധാരണം നടക്കുമെന്ന പ്രതീക്ഷയിൽ അണ്ഡാശയത്തിൽ നിന്നു ഗർഭാശയത്തിലെത്തും. ഗർഭധാരണം നടന്നാൽ ഭ്രൂണത്തിനു വളരാൻ പര്യാപ്തമായ സാഹചര്യങ്ങൾ ഗർഭപാത്രത്തിനുള്ളിലും ഒരുങ്ങും. ഗർഭധാരണം നടന്നില്ലയെങ്കിൽ ഗർഭപാത്രത്തിന്റെ അകംപാളിയായ എൻഡോമെട്രിയവും അണ്ഡവുമടക്കമുള്ളവ പുറത്തേക്കു പോകും. ഇതാണ് ആർത്തവത്തിനു പിന്നിലെ ശരീരപ്രക്രിയ. 

ഈ പ്രക്രിയ എല്ലാ മാസവും കൃത്യമായി നടക്കുന്നുണ്ടെങ്കിൽ ഗർഭാശയ രോഗങ്ങളൊന്നും അലട്ടുന്നില്ല എന്നു കരുതാം. സ്ത്രീക്ക് അമ്മയാകാനുള്ള കഴിവു നൽകുന്നതും ആർത്തവമാണ്.  

ആർത്തവ വിരാമം മുപ്പതുകളിൽ സംഭവിക്കുമോ?

ആർത്തവം പെട്ടെന്ന് അപ്രത്യക്ഷമായാൽ ശ്രദ്ധിക്കണം. തൈറോയ്ഡ് രോഗങ്ങ ൾ മുതൽ മാനസികസമ്മർദം വരെ ഇതിനു കാരണമാകാം. മുലയൂട്ടുന്ന കാലത്ത് ആർത്തവം വരാതിരിക്കുന്നത് സ്വാഭാവികമാണ്. ശരീരത്തിൽ ഈസ്ട്രജൻ കുറയുന്ന, അണ്ഡാശയത്തിന്റെ പ്രവർത്തനം കുറയുന്ന പ്രിമച്വർ ഓവേ റിയൻ ഫെയിലർ കൊണ്ടും നേരത്തേ ആർത്തവം നിലയ്ക്കാം. ആർത്തവവിരാമം നേരത്തേ വന്നുവെന്ന സംശയം തോന്നിയാൽ ഡോക്ടറെ കാണണം. ഇവർക്ക് ഹോർമോൺ റീപ്ലേസ്മെന്റ് തെറപി പോലുള്ള ചികിത്സകൾ വേണ്ടിവരും.

ഫൈബ്രോയ്ഡുകൾ ഏതു പ്രായക്കാരിലാണ് വരുന്നത്? 

സ്ത്രീകളിൽ മാത്രം കാണുന്ന ഈസ്ട്രജൻ ഹോർമോണാണ് ഫൈബ്രോയ്ഡിന് കാരണം. അതിനാൽ തന്നെ ആർത്തവവിരാമത്തിനു ശേഷവും ആർത്തവത്തിനു മുൻപും ഈ മുഴകൾ കാണാറില്ല. സാധാരണയായി 20 മുതൽ 50 വയസ്സുവരെ പ്രായമുള്ളവരിലാണ് ഫൈബ്രോയ്ഡ് കണ്ടുവരുന്നത്. ഇപ്പോൾ 20 വയസ്സിനു മുൻപും ഇവ കാണുന്നുണ്ട്. ആർത്തവ വിരാമത്തിനു ശേഷം മുൻപേയുള്ള ഫൈബ്രോയ്ഡ് ചുരുങ്ങി പോകുകയാണ് പതിവ്. അതിനു ശേഷവും ഫൈബ്രോയ്ഡ് വളരുന്നുണ്ടെങ്കിൽ അർബുദ സാധ്യത പരിശോധിച്ച് ഉറപ്പിക്കണം.

എല്ലാ വയറുവേദനയും ഗർഭാശയ രോഗലക്ഷണമാണോ?

ഒരിക്കലുമല്ല. വയറുവേദനയും നടുവേദനയുമൊക്കെ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാം. അടിവയറ്റിലെ കടുത്ത വേദന മൂത്രമൊഴിച്ച ശേഷവും തുടരുന്നത് യൂറിനറി ഇൻഫെക്‌ഷൻ കൊണ്ടാകാം. വയറിന്റെ വലതുഭാഗത്ത് വാരിയെല്ലിന്റെ താഴെയുള്ള ശക്തമായ വേദന പിത്താശയക്കല്ലിന്റെ ലക്ഷണമാണ്. 

പൊക്കിളിനു ചുറ്റുമോ അതിനു മുകളിലോ ആയി ആരംഭിച്ച് അടിവയറിന്റെ വലതു ഭാഗത്തു മാത്രമായി വലതു ഭാഗത്തു മാത്രമായി ചുരുങ്ങുന്ന വേദന അ പ്പെൻഡിസൈറ്റിസിന്റെ ലക്ഷണമാണ്.

അടിവയറിലേക്കും തുടയിടുക്കിലേക്കും പടരുന്ന അസഹ്യവേദനയാണു വൃക്കയിലെ കല്ലിന്റെ ലക്ഷണം. ദഹന പ്രശ്നങ്ങളുടെ ഭാഗമായും അസഹ്യമായ വയറുവേദന വരാം.

ഗർഭാശയ കാൻസറും ഗർഭാശയഗള കാൻസറും ഒന്നാണോ?

അല്ല. മുഴകളായി പ്രത്യക്ഷപ്പെടുകയും പിന്നീട് കാൻസർ സ്വഭാവമുള്ളതായി മാറുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഗർഭാശയ കാൻസർ. 50 വയസ്സിനു മുകളിലുള്ളവരിലാണ് ഇതിനുള്ള സാധ്യത കൂടുതൽ. ഈസ്ട്രജന്റെ അതിപ്രസരമാണ് ഗർഭാശയ കാൻസറിനു കാരണം. നേരത്തേയുള്ള ആർത്തവാരംഭം, വൈകിയുള്ള ആർത്തവ വിരാമം, ഗർഭധാരണം നീണ്ടുപോകൽ, മുലയൂട്ടാതിരിക്കൽ, ഗർഭം ധരിക്കാതിരിക്കൽ എന്നീ അവസ്ഥകളിലെല്ലാം ദീർഘകാലം ശരീരത്തിൽ ഈസ്ട്രജന്റെ പ്രവർത്തനം നടക്കും. 

ഗർഭാശയത്തിലേക്കു പ്രവേശിക്കുന്ന ഗളത്തിൽ ഉണ്ടാകുന്നതാണ് ഗർഭാശയഗള കാൻസർ (സെർവിക്കൽ കാൻസർ). അണുബാധയാണ് ഇതിനു കാരണം. 

കടപ്പാട്: ഡോ. എസ്. റാണി ലക്ഷ്മി, അസിസ്റ്റന്റ് പ്രഫസർ, ഗൈനക്കോളജി വിഭാഗം, ഗവ. മെഡിക്കൽ കോളജ്, കോട്ടയം. ഡോ. എസ്. ഷൈല, റിട്ട. പ്രഫസർ & ഹെഡ് ഗൈനക്കോളജി വിഭാഗം, ഗവ. എസ്എടി ആശുപത്രി, തിരുവനന്തപുരം

Tags:
  • Health Tips
  • Glam Up