Saturday 02 April 2022 03:10 PM IST : By ശ്യാമ

‘തെറ്റ് തിരിച്ചറിഞ്ഞാൽ അത് ന്യായീകരിച്ച് ശരിയാക്കാൻ നിൽക്കാതെ മാപ്പ് പറയാം’; മാനസികാരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

well6644vghyy

മലയാളികള്‍ പൊതുവേ അക്ഷമരായ കൂട്ടമാണ്. പൊതുഇടങ്ങളിൽ അത് കൂടുതലുമാണ്. ട്രാഫിക് സിഗ്‌നലിൽ കിടക്കുമ്പോൾ ഹോൺ മുഴക്കുക, ക്യൂവിൽ ഇടയ്ക്ക് കയറുക, തിക്കിത്തിരക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷണമാണ്. ഇതൊക്കെ ചെയ്തു കിട്ടുന്ന രണ്ടു മിനിറ്റിനു വേണ്ടി നമ്മൾ കൊല്ലുന്നത് മാനസിക സ്വസ്ഥതയെ തന്നെ ആണെന്നു കൂടി ഓർക്കുക. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ... 

1. തെറ്റ് ന്യായീകരിക്കാതെ മാപ്പ് പറയൂ

ഏതെങ്കിലും തരത്തിൽ നിങ്ങൾ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നവർ പറഞ്ഞാൽ അതിനർഥം അവർക്ക് പ്രയാസമുണ്ടായി എന്നാണല്ലോ. ഇനി ആരും പറഞ്ഞില്ലെങ്കിലും തെറ്റ് തിരിച്ചറിഞ്ഞാൽ അത് ന്യായീകരിച്ച് ശരിയാക്കാൻ നിൽക്കാതെ മാപ്പ് പറയുക. അതിനുള്ള മാനസിക വലുപ്പത്തിലേക്ക് എത്താൻ മാപ്പ് പറഞ്ഞ് തന്നെ ശീലിക്കണം. 

മലയാളികള്‍ പൊതുവേ അക്ഷമരായ കൂട്ടമാണ്. പൊ തുഇടങ്ങളിൽ അത് കൂടുതലുമാണ്. ട്രാഫിക് സിഗ്‌നലിൽ കിടക്കുമ്പോൾ ഹോൺ മുഴക്കുക, ക്യൂവിൽ ഇടയ്ക്ക് കയറുക, തിക്കിത്തിരക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷണമാണ്. ഇതൊക്കെ ചെയ്തു കിട്ടുന്ന രണ്ടു മിനിറ്റിനു വേണ്ടി നമ്മൾ കൊല്ലുന്നത് മാനസിക സ്വസ്ഥതയെ തന്നെ ആണെന്നു കൂടി ഓർക്കുക.

2. നന്ദി ഉണ്ടാകണം നന്ദി

അതൃപ്തിയുടെ സംസ്കാരം നമ്മിൽ കൂടുതലാകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുക. നമുക്കുണ്ടാകുന്ന ചെറുതും വലുതുമായ കാര്യങ്ങൾക്ക് നന്ദി ഉള്ളിലുണ്ടാകണം. കാണുന്ന കാഴ്ചകൾക്കും കേൾക്കുന്ന സ്വരത്തിനും സാന്ത്വനമാകുന്ന സാമീപ്യങ്ങള്‍ക്കും അനുഭവിക്കുന്ന അനുഗ്രഹങ്ങള്‍ക്കും ഒക്കെ നന്ദി പറയാം. സോഷ്യൽമീഡിയ വന്നതോടു കൂടി മറ്റുള്ളവർക്കുള്ളതൊന്നും എനിക്കില്ലല്ലോ എന്ന തരത്തിലുള്ള താരതമ്യങ്ങൾ കൂടുതലാണ്. ഈ താരതമ്യം, ഉള്ള സംത്യപ്തിയേയും സന്തോഷത്തേയും കൂടി ചോർത്തി കളയുകയേയുള്ളൂ. ദിവസവും എഴുന്നേൽക്കുമ്പോഴും കിടക്കാൻ പോകുമ്പോഴും അന്നത്തെ നന്മകളെയെല്ലാം നന്ദിയോടെ ഓർക്കാം. 

3. വരവിലൊതുങ്ങി ചെലവാക്കാം

മൂന്നും നാലും ദിവസങ്ങൾ നീളുന്ന ആഘോഷം, കണ്ണു തള്ളിപ്പിക്കുന്ന ആർഭാടങ്ങൾ... ഇതൊക്കെ സാധ്യമാകുന്ന ഒരു കൂട്ടം ഉണ്ടാകും. അതല്ലാത്തവരും നാലാളെ കാണിക്കാൻ വേണ്ടി മാത്രം കടം വാങ്ങിയും ഉള്ളതു വിറ്റും ആർഭാടം കാണിക്കുന്ന സാഹചര്യം കൂടുതലാണ്. ചെറിയ ഇടങ്ങളിലും സന്തോഷമുണ്ട്. നൂറിന് പകരം അത്രയ്ക്കടുപ്പമുള്ള നാലാള് കൂടിയാലും ആനന്ദമുണ്ട്. മിനിമലിസം പാലിക്കാം. കൃത്യമായ ബജറ്റ് തയാറാക്കാം. അനാവശ്യമായി കടം വാങ്ങില്ല എന്നൊരു ദൃഢനിശ്ചയമെടുക്കാം. 

4. ആശയവിനിമയം ആരോഗ്യത്തിന് ഗുണകരം

പല വീടുകളിലും സ്ഥാപനങ്ങളിലും അവിടുള്ളവർ തമ്മിൽ ആരോഗ്യകരമായ സംഭാഷണങ്ങൾ തീർത്തും ഇല്ലാതെ പോകുന്ന സാഹചര്യമുണ്ട്. രണ്ടുപേർ അടുത്തിരുന്നാലും രണ്ടു വിദൂര ലോകങ്ങളിലെന്ന പോലെയുള്ള അവസ്ഥ. ഇത്തരം സാഹചര്യങ്ങൾ മാറണം. വീട്ടിൽ ആണെങ്കിൽ അത്താഴത്തിനോ അതിനു ശേഷമോ ഒരുമിച്ചിരുന്ന്  സംസാരിക്കുന്ന സാഹചര്യം വേണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉൾക്കൊണ്ടും ആശയങ്ങൾ സമാധാനപരമായി പങ്കുവയ്ക്കാം. 

ജോലി സ്ഥലങ്ങളിലും മാസത്തിലൊരിക്കലോ മറ്റോ എല്ലാ ജോലിക്കാരും ചേർന്ന് സംവദിക്കുന്ന സാഹചര്യങ്ങൾ വേണം. സ്നേഹവും പരസ്പരബഹുമാനവും പുതിയ ആശയങ്ങൾ വളരാനും ഒക്കെ ഇത് സഹായിക്കും. 

wellbeihhg66788mm

5.  ഇഷ്ടങ്ങളെ സൂം ചെയ്യാം 

എത്ര വിരസമായ കാര്യം ചെയ്യേണ്ടി വന്നാലും അതിനിടയിലൊക്കെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നൊരു കാര്യമുണ്ടാകും. അത് തിരഞ്ഞുപിടിച്ച് അതിൽ മനസ്സർപ്പിക്കാൻ ശ്രമിക്കുക. ‘മൈൻഡ്ഫുൾനെസ്’ എന്നൊക്കെ പറയുന്നത് അതാണ്. ചെയ്യുന്നതിൽ മുഴുവനായി മുഴുകി ആസ്വദിച്ച് ചെയ്യുക. നമ്മുടെ മനസ്സിന് അത് സന്തോഷത്തിന്റെ അടിത്തറ പാകും. 

6. വളരട്ടേ, ആരോഗ്യകരമായ ആത്മബന്ധങ്ങൾ

വിവാഹം കഴിഞ്ഞാൽ സൗഹൃദങ്ങൾ ഇല്ലാതാകുക, ജോലിത്തിരക്ക് കാരണം സൗഹൃദങ്ങൾ നഷ്ടപ്പെടുക... എന്നൊതൊക്കെ  സാമൂഹികജീവിയായ മനുഷ്യനെ ദോഷ കരമായി ബാധിക്കുന്ന കാര്യമാണ്. സംസാരിക്കാനും, വിഷമങ്ങൾ പങ്കുവയ്ക്കാനും, നമ്മുടെ ആത്മവിശ്വാസം വളർത്താൻ സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ള കുറച്ചാളുകൾ ഒപ്പം വേണം. നമ്മളെ തളർത്താതെ വളർത്തുന്ന കൂട്ടുകെട്ടിൽ സമയം നിക്ഷേപിക്കുന്നതും സ്വാസ്ഥ്യത്തിലേക്കുള്ള വഴിയാണ്. 

ഇതോടൊപ്പം മോശം പെരുമാറ്റത്തോടും വ്യക്തികളോടും ഉറച്ച ‘നോ’ പറയാനും തീരുമാനിക്കുക. അതുകൊണ്ട് ഒരു നഷ്ടവും വരാനില്ല.  വൈകാരികത വന്ന് കണ്ണ് മൂടി... ‘നോ’ എന്നത് ‘യെസ്’ ആക്കി മാറ്റരുത്. 

7. മനസ്സു തുറന്നാകട്ടേ അഭിനന്ദനം 

ഒരാളൊരു ജോലി നന്നായി ചെയ്താൽ, നന്നായി വസ്ത്രം ധരിച്ചാൽ, എന്തെങ്കിലും കാര്യം നല്ലത് കണ്ടാൽ നല്ലതെന്ന് പറയാൻ പൊതുവേ പലർക്കും മടിയുണ്ട്. എന്നാലോ ചെറിയൊരു മോശം സംഭവിച്ചാൽ പോലും അതുറക്കെ പറഞ്ഞു നടക്കുകയും ചെയ്യും. അതൊക്കെ മാറ്റി നല്ലത് കണ്ടാൽ മനസ്സു നിറഞ്ഞ് നന്നായി എന്ന് പറഞ്ഞു പഠിക്കാം. അതേപോലെ തന്നെ വേണ്ടതാണ് നന്ദി പറച്ചിൽ. ആരെങ്കിലും നിങ്ങളെ സഹായിച്ചാൽ, നിങ്ങളെ അഭിനന്ദിച്ചാൽ ഒക്കെ നന്ദി പ്രകടിപ്പിക്കുക. ഇതൊക്കെ മനസ്സിൽ മാത്രം ഒതുക്കി വയ്ക്കാതെ ആത്മാർഥമായി പ്രകടിപ്പിക്കാൻ ശ്രമിക്കുക.  

8. സ്വയം പുതുക്കാം

ഏത് പ്രായത്തിലും പുതിയ കാര്യങ്ങൾ വായിക്കാനും പഠിക്കാനുമുള്ള മനസ്സൊരുക്കുക. ചിലപ്പോഴത് കൃഷിയാകാം, പുതിയ കോഴ്സ് ആകാം, മറ്റെന്തെങ്കിലും കലാരൂപങ്ങൾ പഠിക്കുക തുടങ്ങി പല കാര്യങ്ങളും പരീക്ഷിക്കാം. ജോലിയിലെ വിരസത, ജീവിതസാഹചര്യത്തിലെ മടുപ്പ് ഒക്കെ കുറയ്ക്കാൻ ഇത്തരം പുതിയ കാര്യങ്ങൾ തീർച്ചയായും സഹായിക്കും. മാത്രമല്ല മെച്ചപ്പെട്ടൊരു നിങ്ങളെ തന്നെ നിങ്ങൾക്ക് കിട്ടുകയും ചെയ്യും. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സി.ജെ. ജോൺ, ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി

Tags:
  • Health Tips
  • Glam Up