Friday 05 August 2022 03:26 PM IST : By സ്വന്തം ലേഖകൻ

ഉറക്കത്തില്‍ വിയര്‍ത്തു കുളിച്ച് ഞെട്ടി എഴുന്നേറ്റു, മുഖത്തും കൈകളിലുമൊക്കെ പഴുപ്പ് നിറഞ്ഞ വലിയ കുരുക്കള്‍; മങ്കിപോക്സ് ദുരനുഭവം പങ്കുവച്ച് യുവാവ്

monkee54rdtftfy

മങ്കിപോക്സ് രോഗത്തിന്റെ തീവ്രതയും ദുരനുഭവവും പങ്കുവച്ച് യുവാവ്. അമേരിക്കക്കാരനായ ലേക് ജവാന്‍ എന്ന രോഗിയാണ് മങ്കിപോക്സിനെ നിസ്സാരമായി കാണരുതെന്ന ഓര്‍മപ്പെടുത്തലോടെ രോഗകാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് മുഖത്തും താടിയിലുമുണ്ടായ കുരുക്കളുടെയും നീരു വന്ന് ചുവന്നിരിക്കുന്ന കൈയുടെയും ചിത്രങ്ങള്‍ ലേക് പോസ്റ്റ് ചെയ്തു. വായ്ക്കുള്ളിലെ കുരുക്കളും കൈയിലെ ചെറുകുരുക്കളും ചിത്രങ്ങളില്‍ കാണാന്‍ കഴിയില്ലെന്നും ലേക് കുറിച്ചു. 

കുളിരും പനിയുമായിരുന്നു മങ്കിപോക്സിന്റെ ആദ്യത്തെ ലക്ഷണങ്ങള്‍. തുടര്‍ന്ന് ക്ഷീണവും മൈഗ്രേൻ തലവേദനയും ശരീരവേദനയും ഉണ്ടായി. രാത്രി ഉറക്കത്തില്‍ വിയര്‍ത്തു കുളിച്ച് ഞെട്ടി എഴുന്നേറ്റതായും മുഖത്തും കൈകളിലുമൊക്കെ പഴുപ്പ് നിറഞ്ഞ വലിയ കുരുക്കള്‍ ഉണ്ടായതായും ലേക്ക് കൂട്ടിച്ചേര്‍ക്കുന്നു. കുരുക്കള്‍ പൊങ്ങിയതിനൊപ്പം കഠിനമായ വേദനയും ഉണ്ടായി.

പലപ്പോഴും മുഖത്തും കൈകളിലുമാണ് മങ്കിപോക്സ് കുരുക്കള്‍ ഉണ്ടാകുക. ഇതിനു പുറമേ കാലുകളിലും ഉപ്പൂറ്റിയിലും മൂക്കിലും ലൈംഗിക ഭാഗങ്ങളിലുമൊക്കെ കുരുക്കള്‍ ഉണ്ടാകാം. ഈ കുരുക്കള്‍ പഴുത്ത് പൊട്ടി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പൊഴിഞ്ഞു പോകും.  പേശിവേദന, പുറംവേദന, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും മങ്കിപോക്സില്‍ ഉണ്ടാകാം. രണ്ട് ആഴ്ച മുതല്‍ നാലാഴ്ച വരെയാണ് രോഗമുക്തിക്ക് വേണ്ടി വരുന്ന സമയം. 

ചിലരില്‍ ന്യുമോണിയ, ചര്‍മത്തില്‍ അണുബാധ, കാഴ്ച നഷ്ടം പോലുള്ള സങ്കീര്‍ണതകളിലേക്കും വൈറസ് ബാധ നയിക്കാം. മങ്കിപോക്സ് തടയാന്‍ എല്ലാവരും വാക്സീന്‍ എടുക്കണമെന്നും ലേക്ക് ജവാന്‍ ട്വീറ്റില്‍ അഭ്യര്‍ഥിക്കുന്നു. വസൂരിക്ക് എതിരായ വാക്സിനേഷന്‍ മങ്കിപോക്സിനെതിരെ 85 ശതമാനം ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. 

Tags:
  • Health Tips
  • Glam Up