Wednesday 22 June 2022 04:00 PM IST : By സ്വന്തം ലേഖകൻ

‘മാസ്ക് ധരിക്കണമെന്നു പറഞ്ഞതിന് തര്‍ക്കം; കയ്യിൽ കമ്പിപ്പാരയുമായി നഴ്സിന്റെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം! ഡോക്ടർക്കും പരുക്ക്’: ആക്രമണത്തിൽ പ്രതിഷേധം

attacc0098544fuhuh

കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ക്രൂരമായ ആക്രമണം. ആയുധങ്ങളുമായി എത്തിയ ഒരു സംഘം യുവാക്കളാണ് ചികില്‍സ ലഭിച്ചില്ലെന്നാരോപിച്ച് ഡ്യൂട്ടി നഴ്സിനെയും ഡോക്ടറെയും ആക്രമിച്ചത്. ഡോക്ടർ ഉണ്ണികൃഷ്ണൻ, നഴ്സ് ശ്യാമിലി എന്നിവർക്കാണ് പരുക്കേറ്റത്.  

ഞായറാഴ്ച പ്രതികളില്‍ ഒരാളായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തി. മാസ്ക് ധരിക്കണമെന്ന് പറഞ്ഞതിന് വിഷ്ണുവും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന്റെ പ്രതികാരമാണ് ഇന്നലെ രാത്രിയുണ്ടായ ആക്രമണമെന്നാണ് നിഗമനം. പരുക്കേറ്റ ഡ്യൂട്ടി ഡോക്ടർ ഉണ്ണികൃഷ്ണൻ ജില്ലാ ആശുപത്രിയിലും നഴ്സ് ശ്യാമിലി സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 

ഞായറാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിനുശേഷം ലഭിച്ച പരാതിയില്‍ പ്രതികളെ അന്വേഷിച്ച് പൊലീസ് ഇവരുടെ വീടുകളില്‍ പോയിരുന്നുവെന്ന് കരുനാഗപ്പള്ളി എസിപി വി.എസ്. പ്രദീപ് കുമാര്‍ പറഞ്ഞു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് ആക്രമണത്തിന് പിന്നില്‍.  

പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ആശുപത്രി ജീവനക്കാർ പറയുമ്പോൾ വീഴ്ച ഇല്ലെന്നാണ് പൊലീസ് വിശദീകരണം. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്കരിക്കാൻ കെ.ജി.എം.ഒ.എ തീരുമാനിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.  

സംഭവത്തില്‍ പ്രതികരിച്ച് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നു. "വീണ്ടും ആശുപത്രി ആക്രമണം. കയ്യിൽ കമ്പിപ്പാരയുമായി നഴ്സിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം. ആക്രമണത്തിൽ പരുക്കേറ്റ ഡോക്ടറും നഴ്സും ആശുപത്രിയിൽ. കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിലെ സംഭവം."- എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് ഡോക്ടർ കുറിച്ചത്.  

Tags:
  • Health Tips
  • Glam Up