Friday 16 September 2022 03:28 PM IST : By സ്വന്തം ലേഖകൻ

‘പേരക്കുട്ടികളുമായി നല്ല സൗഹൃദം നിലനിർത്താം, അവരുടെ സഹായത്തോടെ പുതിയ സാങ്കേതികവിദ്യ പഠിക്കാം’; ആസ്വാദ്യമാക്കാം വാർധക്യത്തെ..

_REE1075

ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടു പോകുന്നവർ നമ്മുടെ ഉറക്കം കെടുത്തേണ്ടതാണ്. പക്ഷേ, ഒന്നും സംഭവിക്കുന്നില്ല. കാരുണ്യരഹിതമെന്നു കരുതുന്ന ഈ സമൂഹത്തിൽ വൃദ്ധജനപരിപാലനത്തിന് ധാരാളം പദ്ധതികളുണ്ട്. വൃദ്ധജനങ്ങൾക്കും അവരെ ആശ്രയിക്കുന്നവർക്കും വൃദ്ധജനങ്ങളെ സഹായിക്കണമെന്നുള്ളവർക്കും ഈ പറയുന്ന വഴികൾ നോക്കാനുമാകും.

വയോജനങ്ങൾക്കു കരുതലാകാം

വയോജനങ്ങൾ ഒറ്റയ്ക്കു താമസിക്കുമ്പോഴും മുതിർന്ന ദമ്പതികൾ മാത്രം താമസിക്കുമ്പോഴും വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.

അപരിചിതർ വന്നാൽ സൂക്ഷിച്ചു വേണം അവരോട് പെരുമാറാൻ. വീട്ടിലെ താമസക്കാരുടെ വിവരങ്ങളും മറ്റു സ്വകാര്യങ്ങളും അപരിചിതരുമായി ഒരു കാരണവശാലും പങ്കുവയ്ക്കരുത്.

അത്രയ്ക്കും വിശ്വാസമുള്ളവരെ മാത്രമേ ബാങ്ക് ഇടപാടുകൾക്ക് ആശ്രയിക്കാവൂ. പ്രത്യേകിച്ച് എടിഎം കാർഡ് ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നതിന്.

അടുത്ത വീടുകളുമായി നിരന്തര സമ്പർക്കം ഉണ്ടാക്കുകയും അസ്വാഭാവികമായി എന്തെങ്കിലും തോന്നിയാലും അപരിചിതരുടെ സാന്നിധ്യം കണ്ടാലും അയൽവാസികളെയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലുംവിവരം അറിയിക്കുകയും വേണം.

മക്കളോ ഉറ്റബന്ധുക്കളോ ചൂഷണം ചെയ്യുകയോ ഒറ്റപ്പെടുത്തുകയോ സംരക്ഷിക്കാതിരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ നിയമനടപടികൾ സ്വീകരിക്കാ ൻ കഴിയും. അതത് ഇടങ്ങളിലെ ആർഡിഒയുടെ ചുമതലയിലാണ് പരാതി നൽകേണ്ട ട്രൈബ്യൂണൽ. മുതിർന്ന പൗരന്മാർ എവിടെയാണോ ആ സ്ഥലത്ത് പരാതി നൽകാം. ക്രിമിനൽ നടപടി നിയമം 125(ഡി) വകുപ്പു പ്രകാരം മക്കളിൽ നിന്നു ജീവനാംശം ലഭിക്കാൻ മജിസ്ട്രേറ്റിന് അപേക്ഷ സമർപ്പിക്കണം.

ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്താൻ മറക്കരുത്.

ആസ്വാദ്യമാക്കാം വാർധക്യത്തെ

വാർധക്യത്തിലാണെന്നു കരുതി വെറുതെയിരിക്കരുത്. എപ്പോഴും എന്തെങ്കിലും പ്രവൃത്തികളിൽ മുഴുകിയിരിക്കുക. പഴയ ഡയറികൾ വീണ്ടും വായിക്കാം. പാട്ടു കേൾക്കാം. പുസ്തകങ്ങൾ വായിക്കാം.

കടന്നുവന്ന ജീവിതവഴികളെ വീണ്ടും വിശകലനം ചെയ്യാം. പേരക്കുട്ടികളുമായി നല്ല സൗഹൃദം നിലനിർത്താം. അവരുടെ സഹായത്തോടെ പുതിയ സാങ്കേതികവിദ്യ പഠിക്കാം. കൃഷി, കന്നുകാലി വളർത്തൽ, പൂന്തോട്ടനിർമാണം തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്നത് മാനസികമായും ശാരീരികമായും ഉത്തേജനമുണ്ടാക്കും.

ബന്ധുക്കളുമായുള്ള നല്ല ബന്ധം, മക്കളുമായി ദിവസവുമുള്ള ആശയവിനിമയം, അയൽക്കാരുമായും സമൂഹവുമായുള്ള നല്ല ബന്ധം, സാംസ്കാരിക സംഘടനകളുമായുള്ള സഹകരണം, റസി‍ഡൻസ് അസോസിയേഷൻ പ്രവർത്തനം തുടങ്ങി വാർധക്യത്തെ സജീവമായി നിലനിർത്താനുള്ള മാർഗങ്ങൾ നിരവധിയുണ്ട്.

ഏകാന്തത വാർധക്യത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടാനുള്ള പ്രവണതയാണ് ഏകാന്തതയ്ക്ക് ഒരു പരിധിവരെ പ്രധാന കാരണം.

ഇച്ഛാശക്തി കൊണ്ട് ഏകാന്തതയെ തുരത്താം. തലമുറ വ്യത്യാസമില്ലാത്ത സംവാദം പ്രധാന പരിഹാരമാണ്. ഏതു തലമുറയിൽപ്പെട്ടവരെയും സുഹൃത്തുക്കളാക്കുക. ആശയങ്ങൾ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുക.

പുതിയ സാങ്കേതികവിദ്യകൾ വശമാക്കിയാൽ ഒരുപരിധി വരെ ഏകാന്തതയിൽ നിന്നു രക്ഷ നേ ടാം. ഇഷ്ടമുള്ള വിനോദപരിപാടികൾ ആസ്വദിക്കാം. സാങ്കേതികവിദ്യ കൊണ്ട് മറികടക്കാൻ ക ഴിയാത്ത പ്രശ്നങ്ങൾ ചുരുക്കമാണിന്ന്.

ഓൺലൈൻ ഇടപാടുകൾ മനസ്സിലാക്കിയാൽ സാധനങ്ങൾ വാങ്ങലും പണമിടപാടുകളും എളുപ്പമാവും.

വിജ്ഞാനം പകർന്നു കിട്ടാൻ ആധുനിക സാങ്കേതികത ഉപയോഗിക്കാം. ആരോഗ്യമുള്ള സമയത്ത് ചെയ്യുന്ന പ്രവൃത്തികൾ വരാനിരിക്കുന്ന വാർധക്യകാലത്തെക്കൂടി ഓർത്തുകൊണ്ടാകണം.

വാർധക്യം ജീവിതത്തിന്റെ അവസാനമല്ല

വാർധക്യം ചിലർക്ക് ഒരു മാനസികാവസ്ഥയാണ്. ചിലർ 50 വയസ്സാകുമ്പോഴേക്കും വാർധക്യത്തിലെത്തിയിരിക്കും. ചിലരാകട്ടെ തൊണ്ണൂറാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്ക് നിലനിർത്തുന്നു.

ലോകം മാറുന്നു. അതിന് അനുസരിച്ച് വാർധക്യവും മാറണം. എന്നാൽ പരമ്പരാഗതമായ ചില വിശ്വാസങ്ങൾ വാർധക്യത്തെ ഇപ്പോഴും ചില ചട്ടക്കൂടുകളിൽ ഒതുക്കുകയാണു ചെയ്യുന്നത്. ‘ഈ വയസ്സുകാലത്ത് ഇനി എന്തു ചെയ്യാനാണ്?’ എന്ന ചിന്തയാണ് മിക്കപ്പോഴും  വൃദ്ധജനങ്ങളെ നിഷ്ക്രിയരാക്കുന്നത്.

ഇനി എന്തെങ്കിലുമൊക്കെ െചയ്യണം എന്നു വിചാരിക്കുന്നത് പോസിറ്റീവ് ചിന്തയാണ്. സ്വന്തം വീടിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നിസ്വാർഥതയോടെ എന്തെങ്കിലും ചെയ്യാൻ വാർധക്യം ഉപയോഗിക്കാം. ഇത് മാനസികമായും ശാരീരികമായും ഊർജം നൽകും.

വീട്ടിൽ ജോലിക്കായി ഒരാളെ നിർത്തുന്നതിനു പകരം വാർധക്യത്തിലെത്തിയ അച്ഛനെയും അമ്മയെയും കൂടെ കൂട്ടാം എന്നു കരുതുന്നവരുമുണ്ട്. വാർധക്യം പുതിയൊരു തുടക്കമാകണം.

അത്രയും കാലത്തെ ജീവിതാനുഭവങ്ങളുെട വെളിച്ചത്തിൽ എന്തൊക്കെ കാര്യങ്ങളാണു ചെയ്യാനാകുക, പ്രത്യേകിച്ചും മറ്റുള്ളവർക്കു കൂടി ഉപകാരം ഉണ്ടാക്കുന്ന രീതിയിൽ എന്നു ചിന്തിക്കണം.

വാർധക്യത്തിൽ ഞാനിനി എന്തു പഠിക്കാനാണ് എ ന്നു ചിന്തിക്കുന്നവരുണ്ട്. വാർധക്യത്തിൽ എന്തും പഠിക്കാം എന്നതാണു സത്യം. അറിവ് നൽകുന്ന ആനന്ദവും ആത്മവിശ്വാസവും വളരെ വലുതാണ്. ഇതിന് ഓർമശക്തിയൊന്നും ഘടകമല്ല. പഠിക്കാനൊരു മനസ്സും പഠനത്തിന് ലക്ഷ്യവും വേണമെന്നു മാത്രം.  

പുതിയ കാര്യങ്ങൾ സ്വീകരിക്കാനുള്ള മനസ്സ് വാർധക്യത്തിന് വളരെ അത്യാവശ്യമാണ്. ‘ഇതൊന്നും എന്നെക്കൊണ്ട് പറ്റുന്നതല്ല...’ എന്നല്ല പറയേണ്ടത് ഞാൻ ശ്രമിക്കും എന്നു തന്നെയാണ്.

കോവിഡ്കാലത്ത് ലോകക്രമത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. ഒരു ഉദാഹരണം നോക്കുക; സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാനും മൊൈബൽ ഫോൺ  ഉപയോഗിക്കേണ്ട വിധം പഠിക്കാത്ത വൃദ്ധജനങ്ങൾ കുറവാണ്. ഇതുപോലെതന്നെ നൂറുകണക്കിന് പുതിയ കാര്യങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ കഴിയും.

കൊള്ളാവുന്ന മേഖലകൾ അന്വേഷിച്ച് അങ്ങോട്ടു പോകണം. അത് വിരസതയിൽ നിന്നുള്ള മോചനവുമാകും. എന്തെങ്കിലും ഒരു നല്ല കാര്യത്തിനോടുള്ള അഭിനിവേശം നല്ലതാണ്. അതും വാർധക്യജീവിതം കൂടുതൽ ഊർജസ്വലമാക്കും.

സ്റ്റാഫ് പ്രതിനിധി

വിവരങ്ങൾക്കു കടപ്പാട്:

ഡോ. അരുൺ ബി. നായർ, സൈക്യാട്രിസ്റ്റ്,

മെഡിക്കൽ കോളജ്, തിരുവനന്തപുരം

വയോമിത്രം പ്രോജക്റ്റ്, സാമൂഹ്യനീതി വകുപ്പ്, 

പൂജപ്പുര, തിരുവനന്തപുരം

Tags:
  • Health Tips
  • Glam Up