Friday 31 December 2021 12:50 PM IST : By സ്വന്തം ലേഖകൻ

ഒമിക്രോൺ ടെസ്റ്റിന്റെ പേരിൽ തട്ടിപ്പ്; ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനു മുൻപ് സൂക്ഷ്മമായി പരിശോധിക്കുക, മുന്നറിയിപ്പുമായി കേരളാ പൊലീസ്

omicron7655testtt

"കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരിൽ സൈബർ കുറ്റവാളികൾ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ തട്ടിപ്പിനെതിരെ ജനങ്ങൾ ജാഗരൂകരായി ഇരിക്കേണ്ടതാണ്."- മുന്നറിയിപ്പുമായി കേരളാ പൊലീസ്.  

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരിൽ സൈബർ കുറ്റവാളികൾ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ തട്ടിപ്പിനെതിരെ ജനങ്ങൾ ജാഗരൂകരായി ഇരിക്കേണ്ടതാണ്. എങ്ങനെയാണ് സൈബർ കുറ്റവാളികൾ ഇത്തരം തട്ടിപ്പ് നടത്തുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

. ഒമിക്രോണിനായുള്ള  പി സി ആർ ടെസ്റ്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകാർ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പേരിൽ വ്യാജ ഇ-മെയിൽ, ലിങ്കുകൾ എന്നിവ അയച്ചു നൽകുന്നു. 

. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ ഒറിജിനൽ വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന കോവിഡ് 19  ഒമിക്രോൺ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ  വ്യാജ വെബ്സൈറ്റിൽ പ്രവേശിക്കുന്നു.

. അതിനുശേഷം ഗവൺമെൻറ് ചുമത്തുന്ന കോവിഡ് 19  ഒമിക്രോൺ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ ജനങ്ങളെ  അനുവദിക്കുന്ന സൗജന്യ ഒമിക്രോൺ ടെസ്റ്റ് എന്ന വാഗ്ദാനം ഇത്തരക്കാർ അവതരിപ്പിക്കുന്നു.

. ഇതിനായി  പേര്, ജനന തീയതി, വീട്ടു വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവയും  രജിസ്ട്രേഷൻ ചെയ്യുന്നതിനായി ചെറിയ ഒരു തുകയും ആവശ്യപ്പെടുന്നു. മാത്രമല്ല, തുക നൽകുവാൻ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നൽകുവാൻ തട്ടിപ്പുകൾ ഇത്തരം സൈറ്റിലൂടെ ആവശ്യപ്പെടുന്നു. 

. ഇങ്ങനെ നൽകുന്ന വ്യക്തികളുടെ ബാങ്ക് ഡീറ്റെയിൽസ് കൈവശപ്പെടുത്തുന്ന  തട്ടിപ്പുകാർ ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു. 

നിർദേശങ്ങൾ 

. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് അയച്ച ആളുടെ വിശദാംശങ്ങളും ഇമെയിൽ വിലാസവും സൂക്ഷ്മമായി പരിശോധിക്കുക അജ്ഞാതരിൽ നിന്നും ഉള്ള ഇമെയിലുകൾ ഒഴിവാക്കുക.

. ആരോഗ്യ സേവനങ്ങളുടെയും സർക്കാർ സേവനങ്ങളുടെയും ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക.

. വെബ്സൈറ്റുകളുടെ ഡൊമൈൻ യു ആർ എൽ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക

. https:// എന്നതിൽ തുടങ്ങാത്ത വിലാസം ഉള്ള വെബ്പേജുകൾ ഒഴിവാക്കുക.

. ലഭിച്ച സന്ദേശമോ ഈമെയിലോ  യാഥാർത്ഥ്യമാണെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി സൂചിപ്പിച്ച സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ സേവനവുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തുക. 

. ഇത്തരം സംഭവങ്ങൾ നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കോ  നേരിടേണ്ടി വന്നാൽ cybercrime.gov.in എന്ന പോർട്ടലിൽ  ഉടൻതന്നെ റിപ്പോർട്ട് ചെയ്യുക

Tags:
  • Health Tips
  • Glam Up