Saturday 05 February 2022 02:53 PM IST

രോഗലക്ഷണം നോക്കി ടെസ്റ്റ് നടത്തി ഡോക്ടറെ കണ്ടു മരുന്നു വാങ്ങുന്നതിനു പകരമാകുമോ ഓൺലൈൻ ഫാർമസികൾ?

Roopa Thayabji

Sub Editor

medicine-online45

രോഗലക്ഷണം പറഞ്ഞു മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്നു വാങ്ങി കഴിക്കുകയാണ് പലരുടെയും ശീലം.  ഡോക്ടറെ കാണുന്നതിനു ഫീസും പരിശോധനകൾക്കും ടെസ്റ്റുകൾക്കുമുള്ള ചെലവുമൊന്നും  വേണ്ടല്ലോ. ചിലരാകട്ടെ, ഒരു രോഗത്തിനു മുൻപ് എപ്പോഴെങ്കിലും കിട്ടിയ കുറിപ്പടി നോക്കി അതേ മരുന്നു വാങ്ങി കഴിക്കാറുമുണ്ട്. ഈ ‘ദുശ്ശീലങ്ങളുള്ള’ നമ്മുടെ മുന്നിലേക്കാണ് ഓൺലൈനായി മരുന്നു വാങ്ങാനുള്ള സൗകര്യം പൊട്ടിവീണത്. ഇങ്ങനെ മരുന്നു വാങ്ങും മുൻപ് ഈ കാര്യങ്ങൾ ഓർക്കണം.

മരുന്ന് എന്തിന് ?

രോഗത്തിനാണ്, മറിച്ച് രോഗലക്ഷണത്തിനല്ല ഡോക്ടർ മരുന്നു കുറിക്കുന്നതെന്ന് എത്ര പേർക്കറിയാം. മൂക്കൊലിപ്പോ ജലദോഷമോ വന്നു ഡോക്ടറെ കാണാൻ ചെന്നാൽ പലതരം പരിശോധനകൾ നടത്താൻ നിർദേശിക്കാറുണ്ട്. സാധാരണ വൈറൽ ഫീവർ മുതൽ കോവിഡ് 19 വരെയുള്ള അനവധി രോഗങ്ങളുടെ ലക്ഷണങ്ങളാണ് ഈ പറഞ്ഞ ജലദോഷവും മൂക്കൊലിപ്പും.

ഏതു രോഗമാണ് ബാധിച്ചിരിക്കുന്നതെന്നു കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ ആ രോഗത്തിനുള്ള മരുന്നുകൾ നിർദേശിക്കാനാകൂ. പൊതുലക്ഷണം  മാത്രം കണക്കിലെടുത്ത് മരുന്നു തിരഞ്ഞെടുത്താൽ താൽക്കാലികമായ ആശ്വാസം ലഭിച്ചേക്കാം. പക്ഷേ, രോഗം മാറില്ല. മാത്രമല്ല, ചിലപ്പോൾ രോഗിയുടെ നില ഗുരുതരമാകാനും ഇടയുണ്ട്. അതിനാൽ ഓൺലൈനിൽ മരുന്നു വാങ്ങും മുൻപും  ഡോക്ടർ കൺസൽറ്റേഷൻ അനിവാര്യമാണ്.

മരുന്നിലെ കരുതൽ

ഓരോ തരം മരുന്നുകളും കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും നിർദേശിച്ച തരത്തിലുള്ള ചിട്ടകൾ പാലിക്കണം. ചൂടും ഈർപ്പവും മരുന്നുകളുടെ ഗുണനിലവാരത്തെ  ബാധിക്കാം.

∙ എല്ലാ മരുന്നുകൾക്കും അതിന്റേതായ സ്റ്റോറേജ് ടെംപ റേച്ചറുണ്ട്. (Room Temperature എന്നാൽ 15-30 ഡിഗ്രി സെൽഷസ്, Cool Temperature 8-15 ഡിഗ്രി സെൽഷസ്, Refrigeration  2-8 ഡിഗ്രി സെൽഷസ്, Freezing 10 – മൈനസ് 25 ഡിഗ്രി സെ ൽഷസ്). മരുന്നുകളുടെ കവറിൽ അത് സൂക്ഷിക്കേണ്ട താപനില എഴുതിയിട്ടുണ്ടാകും. ആ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ മരുന്നുകളുടെ ഗുണനിലവാരം  കുറയാനും പാർശ്വഫലങ്ങൾ ഉണ്ടാകാനും ഇടയാക്കാം.

∙ മഴക്കാലത്തും വേനൽക്കാലത്തും മരുന്നുകൾ സൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇൻസുലിൻ ഫ്രിജിൽ വയ്ക്കാം, പക്ഷേ, ഒരിക്കലും ഫ്രീസറിൽ വയ്ക്കരുത്. പായ്ക്കറ്റ് പൊട്ടിച്ച ശേഷം ഒരു മാസം വരെ മുറിയിലെ താപനിലയിൽ ഇൻസുലിൻ വയ്ക്കാവുന്നതാണ്.  

വിശ്വസ്തത ഉറപ്പാക്കാം

ഒാൺലൈൻ ഫാർമസിയിൽ നിന്നു മരുന്നു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതു റജിസ്റ്റേഡ് ഫാർമസി ആണോ എന്നതാണ്. റജിസ്റ്റേഡ് ഫാർമസി അല്ല എങ്കിൽ വാങ്ങുന്ന മരുന്നുകൾ ചിലപ്പോൾ കാലാവധി കഴിഞ്ഞതോ, വ്യാജമോ ആകാൻ സാധ്യതയുണ്ട്. ഇന്റർനെറ്റിൽ നിന്നു ലഭിക്കുന്നതോ, പ്രസ്തുത ഓൺലൈൻ ഫാർമസിയുടെ ഒൗദ്യോഗിക പേജിൽ നിന്നു കിട്ടുന്നതോ ആയ വിവരങ്ങൾ വച്ച് വിശ്വസ്തത ഉറപ്പിക്കാനാകില്ല.

ഓൺലൈൻ മരുന്നുവ്യാപാരം സംബന്ധിച്ച ഇ–ഫാർമസി ആക്ട് 2018 ബിൽ ഇതുവരെ ഇന്ത്യയിൽ പാസായിട്ടില്ല. അതിനാൽ കമ്യൂണിറ്റി ഫാർമസികൾ പാലിക്കേണ്ട നിയമങ്ങൾ  തന്നെയാണ് ഓൺലൈൻ മരുന്നു കമ്പനികളും മരുന്നു നിർമാണം, ഇറക്കുമതി, വിൽപന, വിതരണം തുടങ്ങിയവയിൽ  പാലിക്കേണ്ടത്. ഇതിനു പുറമേ ഐടി ആക്ട്, മരുന്നുകളുടെ വില നിയന്ത്രണം സംബന്ധിച്ച നിയമം തുടങ്ങിയവയും പാലിക്കണം. ഇനി പറയുന്ന നിയമങ്ങൾ പാലിച്ചാണ് ഇന്ത്യയിൽ ഓൺലൈൻ ഫാർമസികൾ പ്രവർത്തിക്കുന്നത്.

∙ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ കൂടാതെ മരുന്നുകൾ വിൽക്കാൻ പാടില്ല.

∙ ഷെഡ്യൂൾ X ഗണത്തിൽ പെടുന്ന മരുന്നുകൾ വിൽക്കാൻ പാടില്ല.

∙ ഓരോ വിൽപനയ്ക്കും നിയമാനുസൃത ബില്ല് ലഭ്യമാക്കണം.

∙ സർക്കാർ നിർദേശിക്കുന്ന പക്ഷം മരുന്നുകൾ വിപണിയിൽ നിന്നു പിൻവലിക്കാൻ ബാധ്യസ്ഥരായിരിക്കും.

∙ റജിസ്റ്റേഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിൽ ഉപയോക്താവിന്റെ കയ്യിലേക്ക് കേടുപാടില്ലാതെ എത്തിച്ചേരുന്ന തരത്തിലാകണം മരുന്നു പായ്ക് ചെയ്യേണ്ടത്.

ആധികാരികത അറിയാം

∙ നിയമപ്രകാരം റജിസ്റ്റർ ചെയ്യാതെ ഓൺലൈൻ ഫാർമസികൾക്ക് പ്രവർത്തിക്കാനാകില്ല. അതതു ഫാർമസിയുടെ റജിസ്ട്രേഷൻ നമ്പർ സർക്കാർ വെബ്സൈറ്റിൽ ക്രോസ് ചെക്ക് ചെയ്യാനാകും. ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ട ഫാർമസികളുടെ വിവരങ്ങളും ഇതിൽ ലഭ്യമാകും (www.pci.nic.in).

∙ മരുന്നു ബുക് ചെയ്യുമ്പോൾ പ്രിസ്ക്രിപ്ഷൻ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഫാർമസികൾ വിശ്വസ്തത കൂടുതലുള്ളവ ആണെന്ന് ഉറപ്പിക്കാം. യാതൊരു പ്രിസ്ക്രിപ്ഷനും വേണ്ടാതെ മരുന്നു വാങ്ങാവുന്ന സൈറ്റുകൾ  വ്യാജമോ നിയമവിധേയം അല്ലാത്തതോ ആകും.

∙ നിങ്ങൾ മരുന്നു വാങ്ങാൻ ഉദ്ദേശിക്കുന്ന ഫാർമസിക്കെതിരേ പരാതികളോ മുന്നറിയിപ്പുകളോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാം. പരാതി കൂടുതലുള്ള, റേറ്റിങ് കുറവുള്ള ഫാർമസികളെ ഒഴിവാക്കുന്നതാണ് നല്ലത്.

∙ മരുന്നുകമ്പനികൾ നൽകുന്ന ചോദ്യാവലി പൂരിപ്പിച്ചു നൽകിയ ശേഷം രോഗനിർണയം നടത്തി മരുന്നുകൾ നിർദേശിക്കുന്ന രീതി ഒട്ടും സുരക്ഷിതമല്ല. രോഗം വരുമ്പോൾ ഡോക്ടറെ കണ്ട ശേഷം പ്രിസ്ക്രിപ്ഷൻ പ്രകാരമുള്ള മരുന്നുകൾ ആവശ്യമെങ്കിൽ ഓൺലൈനായി  വാങ്ങാം.

∙ ഡോക്ടറുടെ കൂടി മേൽനോട്ടത്തിൽ ഓൺലൈൻ ഫാർമസിയിൽ നിന്നു മരുന്നു തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം. അല്ലാത്തപക്ഷം മരുന്നുകളുടെ ഡോസ് തെറ്റാനും, പാർശ്വഫലം ഉണ്ടാകാനും സാധ്യതയുണ്ട്.

∙ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളോ, കൃത്യമല്ലാത്ത തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ രേഖപ്പെടുത്തിയ ശേഷം മരുന്നു വാങ്ങുന്നതും ശരിയായ രീതിയല്ല.

∙ ക്രെഡിറ്റ് കാർഡ് നമ്പറും വിലാസവും പോലുള്ള വിവരങ്ങൾ ഫാർമസി സൈറ്റുകളിൽ സേവ് ചെയ്യരുത്.

ലാഭം ഇങ്ങനെ

∙ മെഡിക്കൽ ഷോപ്പുകളിൽ നിന്നു നേരിട്ടു വാങ്ങുന്ന ബ്രാൻഡ് മരുന്നുകൾ തന്നെ ഓൺലൈൻ ഫാർമസിയിൽ പത്തും ഇരുപതും ശതമാനം വിലക്കുറവിൽ ലഭ്യമാകാറുണ്ട്. വലിയ അളവിൽ മരുന്നുകൾ വാങ്ങുന്നവർക്ക് ഇതു ലാഭം നൽകും. കടയിൽ പോയി മരുന്നു വാങ്ങുന്നതിന്റെ യാത്രാക്കൂലിയും ബുദ്ധിമുട്ടും ഒഴിവാകുമെന്ന മെച്ചവുമുണ്ട്. എല്ലാ ഷോപ്പുകളിലും ലഭ്യമാകാത്ത മരുന്നുകളും ഓ ൺലൈനിലൂടെ വാങ്ങാം. പല മെഡിക്കൽ ഷോപ്പുകളിൽ അലഞ്ഞു നടക്കുന്നതിന്റെ ബുദ്ധിമുട്ടും ഒഴിവാകും. ഇന്ന് പല മെഡിക്കൽ ഷോപ്പുകളും രോഗികളുടെ സൗകര്യാർഥം വീട്ടിൽ മരുന്ന് എത്തിച്ചു കൊടുക്കുന്നുമുണ്ട്.

∙ വിവിധ സൈറ്റുകളിൽ താരതമ്യം ചെയ്ത് ലാഭത്തിൽ മരുന്നുകളും ഉപകരണങ്ങളും വാങ്ങാനുള്ള സൗകര്യവും ഓൺലൈൻ ഫാർമസികൾക്കുണ്ട്.

∙ മരുന്നുകളും ഗുളികകളും, കുട്ടികൾക്കു വേണ്ടിയുള്ള പോഷക ഭക്ഷണങ്ങൾ, മുതിർന്നവർക്കു രോഗപ്രതിരോധ ശക്തിക്കും മറ്റും വേണ്ട ഉത്പന്നങ്ങൾ, വൈറ്റമിൻ സപ്ലിമെന്റുകൾ, ഹെൽത് കെയർ ഉത്പന്നങ്ങൾ, പഴ്സനൽ കെയർ ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ഓൺലൈൻ ഫാർമസികളിൽ വിലക്കുറവിൽ ലഭ്യമാണ്.

∙ കണ്ണട, വീട്ടിൽ ഉപയോഗിക്കാവുന്ന ബിപി മോണിറ്റർ, ഗ്ലൂക്കോമീറ്റർ, തെർമോമീറ്റർ, വെയിങ് മെഷീൻ എന്നിവ ഓൺലൈനിൽ വാങ്ങുമ്പോൾ കൂടുതൽ ലാഭം കിട്ടും.

∙ ഒരേ മരുന്നുകൾ പല ബ്രാൻഡുകളിൽ വിൽക്കുമ്പോൾ പല വിലയാകും കമ്പനികൾ ഈടാക്കുക. ബ്രാൻഡ് പേരുകൾക്കു പകരം ജനറിക് പേരുകളും അടങ്ങിയിരിക്കുന്ന മരുന്നിന്റെ അളവുമൊക്കെ വച്ച് ഓൺലൈനിൽ മരുന്നു വാങ്ങാനാകും. ഇങ്ങനെ സെർച് ചെയ്യുമ്പോൾ താരതമ്യേന വില കുറഞ്ഞ മരുന്നുകൾ തിരഞ്ഞെടുക്കാനുമാകും.

ഡോക്ടറെ വിളിക്കാൻ മടി വേണ്ട

∙ പ്രിസ്ക്രിപ്ഷനിലെ മരുന്നിനു പകരം മരുന്നോ ബ്രാൻഡോ മാറ്റി ഓപ്ഷൻ നൽകുന്നുവെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുക. തിരക്കിനിടയിൽ ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതുന്നത് ബുദ്ധിയല്ല. ഓരോ മരുന്നിന്റെ കാര്യത്തിലും ഗുണനിലവാരത്തിലെ ഏറ്റക്കുറച്ചിൽ വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതലാണ്. മരുന്നിനെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ വഴിയോ ഡോക്ടറോട് സംശയ നിവാരണം നടത്തിയ ശേഷം മാത്രം മരുന്ന് ഓൺലൈനിൽ ബുക്ക് ചെയ്യുക.

∙ മരുന്നു കടകളിൽ പോയി രോഗവിവരം പറഞ്ഞു മരുന്നു വാങ്ങുമ്പോൾ ഫാർമസിസ്റ്റുകളുടെ സേവനം തന്നെ തേടണം. മരുന്ന് എടുത്തു തരുന്നവർക്ക് രോഗം നിർണയിക്കാനുള്ള പരിശീലനമോ അനുവാദമോ അറിവോ ഉണ്ടാകില്ല.

വിവരങ്ങൾക്കു കടപ്പാട്: ഡോ. രാജീവ് ജയദേവൻ, വൈസ് ചെയർമാൻ, റിസർച് സെൽ, കേരള സ്റ്റേറ്റ് ഐഎംഎ, ഡോ. ബേസിൽ സണ്ണി, ക്ലിനിക്കൽ ഫാർമക്കോളജിസ്റ്റ്, കൊച്ചി.

Tags:
  • Health Tips
  • Glam Up