ആർത്തവ വിരാമം ജീവിതാനന്ദങ്ങളുടെ അന്ത്യമല്ല എന്നറിയുന്നവരാണ് ഇന്നത്തെ സ്ത്രീകൾ. എന്നാൽ അതു സാധ്യമാകണമെങ്കിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ശരിയായ കരുതൽ ആണ് ഊർജസ്വലമായ അൻപതുകളും അറുപതുകളും പിന്നീടുള്ള കാലവും സമ്മാനിക്കുന്നത്. 50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം.
ഓസ്റ്റിയോപൊറോസിസ്
ആർത്തവ വിരാമ ശേഷം സ്ത്രീകൾ കരുതിയിരിക്കേണ്ട അസുഖമാണ് ഓസ്റ്റിയോപൊറോസിസ്. പാരമ്പര്യം, പ്രായക്കൂടുതൽ തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാമെങ്കിലും സ്ത്രീകളിൽ ആർത്തവ വിരാമത്തോടെ ഉണ്ടാകുന്ന ഹോർമോൺ കുറവുകൾ രോഗ സാധ്യത കൂട്ടുന്നു. വിറ്റാമിൻ ഡിയുടെ കുറവും ഓസ്റ്റിയോപൊറോസിസിനു കാരണമാണ്.
അസ്ഥികളുടെ നിർമാണം കുറയുകയും എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടു ദുർബലമാകുകയും എളുപ്പത്തിൽ ഒടിയുന്നതിനു കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. നിസാരമായ വീട്ടു ജോലികൾ ചെയ്യുന്നതു പോലും ഒടിവുകൾക്കു കാരണമാകാം എന്നതാണു രോഗത്തെ നേരിടേണ്ടതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.
എല്ലാ എല്ലുകളെയും ബാധിക്കാമെങ്കിലും ഇടുപ്പ്, നട്ടെല്ല്, കൈത്തണ്ട എന്നിവിടങ്ങളിലാണ് ഒടിവുകൾ കൂടുതലും ഉണ്ടാകുന്നത്. ഇടുപ്പിനുണ്ടാകുന്ന ഒടിവ് സങ്കീർണമാകാനും ജീവിതം ദുരിതമയമാകാനും കാരണമാകാം. ഒടിവുകൾ വിട്ടുമാറാത്ത വേദനയ്ക്കും വൈകല്യങ്ങൾക്കും ഇടയാക്കുകയും ചെയ്യാം.
ലക്ഷണങ്ങളോ അസ്വസ്ഥതകളോ രോഗം വളരുന്ന ഘട്ടങ്ങളിൽ ഇല്ല എന്നതിനാൽ പലപ്പോഴും ഓസ്റ്റിയോ പൊറോസിസ് ബാധിച്ച എല്ലുകൾ പൊട്ടുമ്പോഴോ ഒടിയുമ്പോഴോ ആയിരിക്കും രോഗം തിരിച്ചറിയുക.
ആധുനിക രോഗ നിർണയ രീതികൾ ഇവ നേരത്തേ കണ്ടെത്താൻ സഹായിക്കുന്നുണ്ട്. ശാരീരിക പരിശോധന, അസ്ഥികളുടെ എക്സ് റേ, ബോൺ ഡെൻസിയോമെട്രി തുടങ്ങിയ പരിശോധനകളിലൂടെ അറിയാം.
പരിഹാരം
ഓസ്റ്റിയോപൊറോസിസ് പൂർണമായി സുഖപ്പെടുത്താനാകില്ലെങ്കിലും രോഗം അധികരിക്കുന്നതിന്റെ വ്യാപ്തി കുറയ്ക്കാൻ കഴിയും. ഫിസിഷ്യൻ, ഓർത്തോപീഡിഷ്യൻ, ഗൈനക്കോളജിസ്റ്റ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചകിത്സയാണ് ആവശ്യം. കാത്സ്യം, വിറ്റാമിൻ സപ്ലിമെന്റുകൾ, ഹോർമോൺ റീപ്ലേസ്മെന്റ് തെറപി തുടങ്ങിയ ചികിത്സാ രീതികൾ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കണം.
പ്രതിരോധം
പ്രതിരോധമാണ് ഓസ്റ്റിയോപൊറോസിസിൽ നിന്നും രക്ഷപെടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. കാത്സ്യം, വൈറ്റമിൻ ഡി, മാംസ്യം എന്നിവ എല്ലുകളുടെയും പേശികളുടെയും വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇവ ധാരാളമായി അടങ്ങിയ പോഷകപ്രദമായ ആഹാരം വ്യായാമം, ആരോഗ്യകരമായ ജീവിത ശൈലി എന്നിവ ശീലമാക്കുന്നത് ഓസ്റ്റിയോപൊറോസിസ് അകറ്റി നിർത്തും.
പാൽ, പനീർ, ഇലക്കറികൾ, വാൾനട്ട്, പരിപ്പുകൾ, റാഗി, ഈന്തപ്പഴം, ഏത്തപ്പഴം, ആത്തച്ചക്ക തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക. ചെറിയ പ്രായം മുതൽ ശരീര ഭാരം നിയന്ത്രിച്ചു നിർത്തണം. ആയാസരഹിതമായ ജീവിതം എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകും.
സ്ഥിരമായി വ്യായാമം ചെയ്യുന്നത് എല്ലുകൾക്ക് സാന്ദ്രത ലഭിക്കുന്നതിനു സഹായിക്കും. ഡയറ്റ്, വ്യായാമം എന്നിവ അൻപതു വയസ്സിനു ശേഷം വിദഗ്ധ സഹായത്തോടെ വേണം സ്വീകരിക്കാൻ.