Tuesday 12 October 2021 04:16 PM IST

‘അധികനേരം ഇരുന്നോ നിന്നോ ജോലി ചെയ്യുന്നവർ മണിക്കൂറിൽ ഒരിക്കൽ അൽപം നടക്കണം’; കൈകാലുകളെ വേദനിപ്പിക്കും രോഗങ്ങൾ, വ്യായാമം അറിയാം

Roopa Thayabji

Sub Editor

tharippustory

അൽപനേരം ഇരിക്കുമ്പോൾ കാലുകൾ മരവിക്കുന്നതും, ഉറക്കമെഴുന്നേൽക്കുമ്പോൾ കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടുന്നതുമൊക്കെ മിക്കവരും നിസ്സാരമായി തള്ളും. പല രോഗങ്ങളുടെ പ്രാരംഭലക്ഷണത്തിലാണ് ഇവ പെടുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 

കൈകാലുകളെ വേദനിപ്പിക്കും രോഗങ്ങൾ

∙ പ്രമേഹം നന്നായി നിയന്ത്രിച്ചില്ലെങ്കിൽ കൈകാലുകളെ ബാധിക്കുന്ന തരത്തിൽ അതു മാറാം. മരവിപ്പോ തരിപ്പോ ആയി ആരംഭിച്ച് ബലക്ഷയമായി മാറാനുള്ള സാധ്യത കൂടുതലാണ്. പെട്ടെന്നു ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നതും ഒഴിവാക്കണം.

∙ കയ്യിലും കാലുകളിലും കഠിനമായ പുകച്ചിൽ, പെരുപ്പ്, ഷോക്ക്, കാലിൽ മരവിപ്പ് എന്നിവ ഉണ്ടാക്കുന്ന അവസ്ഥയാണ് ‘പെരിഫറൽ ന്യൂറോപതി.’ പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഈ അവസ്ഥയിൽ കഴുത്തുവേദനയോ നടുവേദനയോ ഉണ്ടാകാറുമില്ല. 

∙ കീമോതെറപ്പിയും കൈകാലുകൾക്ക് തരിപ്പും മരവിപ്പും ബലക്ഷയവും ഉണ്ടാക്കാം. തെറപി ചെയ്ത ദിവസമോ പിറ്റേന്നോ ഒക്കെയായി ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങും. ഇവ അസഹനീയമാണെങ്കിൽ കുറയ്ക്കാനുള്ള മരുന്നുകളുണ്ട്. റേഡിയേഷന്റെ അനന്തര ഫലമായി ഞരമ്പുകൾ രക്തയോട്ടം നിലച്ചു പ്രവർത്തനശൂന്യമാകാം. റേഡിയേഷൻ കഴിഞ്ഞു വർഷങ്ങൾക്കു ശേഷമാകും ഈ അവസ്ഥ വരിക.  

∙ തുടയുടെ പുറംഭാഗത്തു മരവിപ്പും പുകച്ചിലും അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് മെറാൾജിയ പാരാസ്തെറ്റിക. ആ ഭാഗത്തെ ഞരമ്പിനു കേടു സംഭവിക്കുമ്പോഴാണ് വേദന അനുഭവപ്പെടുക.  അമിതവണ്ണം, വ്യായാമക്കുറവ് തുടങ്ങിയവയാണ് ഇതിനു കാരണം. ശരീരഭാരത്തിന് പെട്ടെന്നു വ്യതിയാനം ഉണ്ടാകുന്ന വരിലാണ് ഇതു പ്രകടമാകുക. 

∙ മദ്യപാനികളിൽ ഞരമ്പുകൾക്കു നാശം സംഭവിക്കുമ്പോൾ കൈകാലുകളിൽ മരവിപ്പും വേദനയും അനുഭവപ്പെടാം. ആൽക്കഹോൾ ഇൻഡ്യൂസ്ഡ് ന്യൂറോപ്പതി എന്ന ഈ അവസ്ഥയിൽ രോഗി ശരിയായി ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതു രോഗം വഷളാക്കാം.

വ്യായാമം പതിവാക്കാം

∙ കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്കും ദീർഘനേരം എഴുതുന്നവർക്കും വിരലിലും മണിബന്ധത്തിലുമൊക്കെ വേദന അനുഭവപ്പെടാം. കൈകൾ കൊണ്ടു തുടര്‍ച്ചയായി ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ കൈകൾ സ്ട്രെച്ച് ചെയ്യുക. കൈപ്പത്തി നിവര്‍ത്തിയും മടക്കിയും വ്യായാമം ചെയ്യണം.

∙ രണ്ടു കൈയും മുന്നിലേക്ക് നീട്ടി കൈപ്പത്തി മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. ഈ സമയത്ത് കൈപ്പത്തി തറയ്ക്ക് അഭിമുഖമായിരിക്കണം. കൈപ്പത്തികൾ ചേർത്തുവച്ച ശേഷം മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. അടുത്തതായി ‘ടാറ്റാ’ പറയും പോലെ ഇരുകൈപ്പത്തികളും ചലിപ്പിക്കുക. ഇതു നീർവീക്കം വരുന്നതു തടയും. 

∙ കൈപ്പത്തിക്കോ വിരലുകൾക്കോ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ അനക്കാതെ വയ്ക്കരുത്. മെല്ലെ ഇളക്കുന്നതും കൈകൾ കുടയുന്നതും നല്ലതാണ്.

∙ അധികനേരം നിന്നോ ഇരുന്നോ ജോലി ചെയ്യേണ്ടി വരുന്നവർ നടുവിന്റെയും വയറിന്റെയും മസിലുകൾക്ക് ബലം കിട്ടുന്ന എക്സർസൈസുകൾ ചെ യ്യണം. സിറ്റ് അപ്, പുഷ് അപ്, യോഗ എന്നിവ നല്ലതാണ്. അധികനേരം ഇരുന്നോ നിന്നോ ജോലി ചെയ്യുന്നവർ മണിക്കൂറിൽ ഒരിക്കൽ എന്ന ക്രമത്തിൽ അൽപം നടക്കുന്നതും നല്ലതാണ്.

∙ പെട്ടെന്ന് ചടുല ചലനങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് കോച്ചിപ്പിടുത്തവും തരിപ്പും പരിഹരിക്കാനുള്ള വഴി. കട്ടിലിൽ നിന്ന് എഴുന്നേറ്റാലുടൻ നടക്കാൻ ശ്രമിക്കാതെ അൽപനേരം ഇരുന്ന് കാലുകൾ റിലാക്സ് ചെയ്ത ശേഷം നടന്നു തുടങ്ങാം. രാത്രി തണുപ്പു കൂടുതലുണ്ടെങ്കിൽ കാലുകളിലും കാലുകളിലും സോക്സ് ധരിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ബീന വിജയൻ, അസോഷ്യേറ്റ് പ്രഫസർ ഇൻ ന്യൂറോളജി, ഗവ. മെഡിക്കൽ കോളജ്, കോട്ടയം.

Tags:
  • Health Tips
  • Glam Up