Thursday 25 February 2021 04:03 PM IST : By സ്വന്തം ലേഖകൻ

കൈകാലുകള്‍ക്ക് ഉണ്ടാകുന്ന മരവിപ്പ്, വേദന, തൊലിപ്പുറത്തുണ്ടാകുന്ന തിണര്‍പ്പുകള്‍, നിറംമാറ്റം; നിസ്സാരമായി കാണരുത്, കോവിഡ് രക്തയോട്ടത്തെ ബാധിക്കുമെന്ന് പഠനങ്ങൾ!

blood-clottssd33444

ശ്വാസകോശത്തെയും ഹൃദയത്തെയും തലച്ചോറിനെയും മാത്രമല്ല, രക്തയോട്ടത്തെ വരെ കോവിഡ് ബാധിക്കുമെന്ന് പഠനങ്ങൾ. കോവിഡ് രോഗമുക്തി നേടി വളരെ കാലത്തിനു ശേഷവും ഈ അവസ്ഥ ഉണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കോവിഡിന് ശേഷം ശരീരം നല്‍കുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കാത്ത പക്ഷം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കാം. അതുകൊണ്ട് കോവിഡ് ബാധിതര്‍ രോഗം മാറിയാലും ഇടയ്ക്കിടെ മെഡിക്കൽ ചെക്കപ്പുകൾ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ധമനികളിലൂടെയും ഞരമ്പുകളിലൂടെയുമുള്ള രക്തയോട്ടം തടസ്സപ്പെടുന്ന അസാധാരണ ക്ലോട്ടിങ്ങാണ് കോവിഡിനോട് അനുബന്ധിച്ച് പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈറസ് ശരീരത്തില്‍ ഉയര്‍ത്തുന്ന സൈറ്റോകീന്‍ തരംഗവും അണുബാധയ്‌ക്കെതിരെയുള്ള പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണവുമെല്ലാം ക്ലോട്ടിങ്ങിന് കാരണമാകാം. കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരില്‍ രക്ത ക്ലോട്ടിങ്ങ് പ്രശ്‌നങ്ങള്‍ വളരെ ഉയര്‍ന്ന തോതിലായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

ഡീപ് വെയ്ന്‍ ത്രോംബോസിസ് ആണ് കോവിഡ് അണുബാധ ശരീരത്തിനേല്‍പ്പിക്കുന്ന മറ്റൊരു പാര്‍ശ്വഫലം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന നീര്‍ക്കെട്ടും വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നത് മൂലമുണ്ടാകുന്നതാണ്. കൈകാലുകള്‍ക്ക് ഉണ്ടാകുന്ന മരവിപ്പ്, വേദന, തൊലിപ്പുറത്തുണ്ടാകുന്ന തിണര്‍പ്പുകള്‍, നിറംമാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്ഥയുള്ളവരില്‍ രക്തം കട്ടപിടിക്കുന്നത് അപകടകരമായ അവസ്ഥയുണ്ടാക്കാം. 

ഹൃദ്രോഗ ചരിത്രമില്ലാത്തവരില്‍ പോലും പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒന്നിലധികം ബ്ലഡ് ക്ലോട്ടുകള്‍ ഹൃദയഭിത്തികളെ ദുര്‍ബലമാക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ക്ലോട്ട് ശ്വാസകോശത്തെയും മറ്റു അവയവങ്ങളെയും മാത്രമല്ല, കിഡ്‌നിക്കും ദോഷകരമാണെന്ന് പഠനങ്ങൾ പറയുന്നു.

Tags:
  • Health Tips
  • Glam Up