Monday 16 May 2022 12:50 PM IST : By സ്വന്തം ലേഖകൻ

ഭക്ഷണം, വ്യായാമം എന്നിവയില്‍ കരുതൽ, കാപ്പിയുടെ ഉപയോഗവും അമിതമാകരുത്; അമ്മയുടെ അമിത ശരീരഭാരം പ്രസവം കൂടുതൽ സങ്കീർണമാക്കും! അറിയേണ്ടതെല്ലാം

KMC 4 Vanitha 660 x 326 മാതൃദിനത്തോടനുബന്ധിച്ചു മലയാള മനോരമയും ചെങ്ങന്നൂർ ഡോ. കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ചേർന്നു നടത്തിയ ആരോഗ്യസെമിനാർ ആശുപത്രി മാനേജിങ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ ഉദ്ഘാടനം ചെയ്യുന്നു. മനോരമ മാർക്കറ്റിങ് ഡിജിഎം ഷൈൻ കോശി, ഡോ. സജീദ് ഹാഷിം, ആശുപത്രി ഡപ്യൂട്ടി ചെയർമാൻ ഡോ. ഷീല ഫിലിപ്പോസ്, ഡോ. ആനി സക്കറിയ, ഡോ. രേഖ ഡി, ഡോ. ഡോണ മേരി ഫിലിപ്പ് എന്നിവർ സമീപം.

ലോകമാതൃദിനത്തോടനുബന്ധിച്ചു മലയാള മനോരമയും ചെങ്ങന്നൂർ ഡോ. കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ചേർന്നു നടത്തിയ ആരോഗ്യസെമിനാർ അമ്മമാർക്കും അമ്മയാകാൻ പോകുന്നവർക്കും പുതിയ അറിവുകൾ പകരുന്നതായിരുന്നു. 

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റുകളായ ഡോ. ആനി സക്കറിയ, ഡോ. ഡോണ മേരി ഫിലിപ്പ്, ഡോ. രേഖ ഡി, കൺസൽറ്റന്റ് പീഡിയാട്രീഷ്യൻ & നിയോനേറ്റോളജിസ്റ്റ് ഡോ. സജീദ് ഹാഷിം എന്നിവരാണ് വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. ആശുപത്രി മാനേജിങ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ, ഡപ്യൂട്ടി ചെയർമാൻ ഡോ. ഷീല ഫിലിപ്പോസ്, മലയാള മനോരമ മാർക്കറ്റിങ് ഡിജിഎം ഷൈൻ കോശി എന്നിവരും പങ്കെടുത്തു. 

അമ്മയാകാൻ തയാറെടുക്കാം 

അമ്മയാകുന്നതിനു മുൻപ് സ്ത്രീ മാനസികമായും ശാരീരികമായും തയാറെടുക്കണം.  പ്രീ–പ്രെഗ്നൻസി കൗൺസലിങ്ങും പ്ലാനിങ്ങും സഹായകമാകും. കുഞ്ഞിന് വൈകല്യങ്ങൾ ഒഴിവാക്കാൻ ഫോളിക് ആസിഡ് നേരത്തെ കഴിക്കണം. അമ്മയുടെ അമിത ശരീരഭാരം പ്രസവം കൂടുതൽ സങ്കീർണമാക്കും. അപസ്മാരം, മാനസിക രോഗം തുടങ്ങിയവയ്ക്കു മരുന്നുകൾ കഴിക്കുന്ന സ്ത്രീകൾ പ്രത്യേകം ഡോക്ടറെ കാണണം. ഇവർ കഴിക്കുന്ന ചില മരുന്നുകൾ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാം.  

ക്രമം തെറ്റിയ ആർത്തവമുള്ളവർ പിരീഡ്സ് മിസ് ചെയ്യുന്നത് തിരിച്ചറിയാതെ പോകരുത്. ട്യബൽ പ്രെഗ്നൻസിയല്ലെന്ന് സ്കാൻ വഴി ഉറപ്പാക്കുകയും വേണം.  രക്തത്തിലെ ഹീമോഗ്ലോബിൻ, ഗ്ലൂക്കോസ് ലെവൽ, യൂറിൻ റുട്ടീൻ, തുടങ്ങിയ പരിശോധനകൾ നടത്തണം. നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള അമ്മമാർ അതനുസരിച്ചുള്ള ടെസ്റ്റുകൾ നടത്താൻ മറക്കരുത്. 

ഗർഭകാലവും പ്രസവവും 

ആറു മുതൽ എട്ട് ആഴ്ചയിലും അഞ്ചാം മാസത്തിലും എട്ടാം മാസത്തിലുമുള്ള സ്കാൻ നിർബന്ധമായും ചെയ്യണം. കുഞ്ഞിന്റെ വളർച്ച അറിയുന്നതിനും അവയവങ്ങൾക്കു വൈകല്യങ്ങളില്ലെന്ന് ഉറപ്പാക്കുന്നതിനും ഇത് അത്യാവശ്യമാണ്. അഞ്ചാംമാസത്തിനുശേഷം കുഞ്ഞിന്റെ അനക്കം പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം, വ്യായാമം എന്നിവയിലും കരുതൽ വേണം. കാപ്പിയുടെ ഉപയോഗവും അമിതമാകരുത്. 

പ്രമേഹം, രക്തസമ്മർദം, തൈറോയിഡ് തുടങ്ങിയ രോഗങ്ങളുള്ളവരും പാരമ്പര്യമായി ഈ രോഗങ്ങൾക്കു സാധ്യതയുള്ളവരും ഗർഭകാലത്ത് കൂടുതൽ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ ഭാരക്കൂടുതലിനു കാരണമാകുകയും സാധാരണ പ്രസവം സാധ്യമല്ലാതെ വരികയും ചെയ്യും. അമ്മയുടെ തൈറോയിഡിന്റെ അളവിലുണ്ടാകുന്ന കുറവ് കുഞ്ഞിന്റെ ബുദ്ധിവളർച്ചയെ പ്രതികൂലമായി ബാധിക്കും. 

‘ഫാൾസ് ലേബർ പെയിൻ’ വരുമ്പോൾ ആശങ്ക വേണ്ട. എന്നാൽ വിട്ടുവിട്ടുള്ള വേദന ഓരോ ഇടവേള കഴിയുമ്പോഴും കൂടുതൽ തീവ്രമായി മാറുകയും അതോടൊപ്പം കാലിൽ കഴപ്പ്, നടുവേദന, അടിവയറിൽ മുറുക്കം തുടങ്ങിയവയും ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ എത്തണം.  ചില പ്രത്യേക സാഹചര്യങ്ങളിൽ സിസേറിയൻ അത്യാവശ്യമായി വന്നേക്കാം. 

പ്രസവശേഷം കരുതൽ തുടരാം 

പ്രസവശേഷം അമ്മ പൂർണ ആരോഗ്യം വീണ്ടെടുക്കുന്നത് ഉറപ്പാക്കണം. ഉയർന്ന തോതിലുള്ള പനി, മൂത്രാശയ സംബന്ധമായ രോഗങ്ങൾ, മാറിടത്തിലെ അണുബാധ, കാലിൽ നീർവീക്കം, പേശീവേദന, സിസേറിയൻ കഴിഞ്ഞ അമ്മമാർക്ക് മുറിവിൽനിന്നുണ്ടാകുന്ന അണുബാധ, മുറിവുണങ്ങാനുള്ള കാലതാമസം തുടങ്ങിയവ ഗൗരവമായി കാണണം.  

വിശപ്പില്ലായ്മ, കുഞ്ഞിനോടുള്ള അകാരണമായ അകൽച്ച, ദേഷ്യം, കരച്ചിൽ, ഉറക്കമില്ലായ്മ, ഡിപ്രഷൻ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന അമ്മമാരെ നിർബന്ധമായും കൗൺസലിങ്ങിനു കൊണ്ടുപോകണം. ഇതു മിക്കവരിലും ഒരു താൽക്കാലിക അവസ്ഥ മാത്രമാണ്. 

പാലൂട്ടുന്ന അമ്മമാർ പ്രോട്ടീൻ, അയൺ, വിറ്റമിൻ, ഫൈബർ എന്നിവയാൽ സമ്പന്നമായ, പോഷകമൂല്യമുള്ള ആഹാരക്രമം ഉറപ്പാക്കണം.  അമ്മമാർക്ക് ക്രമേണ വ്യായാമങ്ങളും ചെയ്തു തുടങ്ങാവുന്നതാണ്. 

നവജാതശിശു പരിചരണം 

40 ആഴ്ചയാണ് സാധാരണ ഒരു പൂർണ ഗർഭകാലം. അതിനു 3 ആഴ്ച മുൻപ് നടക്കുന്ന പ്രസവത്തെയാണ് പ്രീ–ടേം ബെർത്ത് എന്നു പറയുന്നത്. 23 ആഴ്ചവരെയെത്തിയ ഗർഭസ്ഥ ശിശു അതിജീവിക്കാറുണ്ട്. ആദ്യ കുഞ്ഞ് പ്രീടേം ബേബിയാണെങ്കിൽ രണ്ടാമത്തെ കുഞ്ഞും അങ്ങനെയാകാൻ  സാധ്യത കൂടുതലാണ്. ഐവിഎഫ് പോലുള്ള ചികിത്സകളിലൂടെ നടന്ന ഗർഭധാരണമായാലും ആദ്യത്തെ കുഞ്ഞുമായുള്ള ഇടവേള കുറവാണെങ്കിലും പ്രീടേം ബെർത്ത് സംഭവിച്ചേക്കാം. അമ്മയുടെ അമിത ശരീരഭാരം, മാനസിക സമ്മർദം, തുടങ്ങി പരിസ്ഥിതി മലിനീകരണം വരെ പ്രീടേം ഡെലിവറിക്കു സാധ്യത കൂട്ടുന്നു. പ്രീടേം കുഞ്ഞുങ്ങൾക്കു ആസ്മ, അനീമിയ, അണുബാധ തുടങ്ങിയയ്ക്കുള്ള സാധ്യത കൂടുതലാണെങ്കിലും ആരോഗ്യകരമായ തുടർജീവിതം നയിക്കുന്നതിനു പ്രയാസമുണ്ടാകാറില്ല.  

DrKMCIMS-Logonew334
Tags:
  • Health Tips
  • Glam Up