Friday 08 July 2022 05:11 PM IST

തിരികെ ദേഷ്യപ്പെടും മുമ്പ് ഒരു നിമിഷം; പുരുഷന്മാരേ നിങ്ങൾക്ക് അറിയുമോ പിഎംഎസ് എന്താണെന്ന്?

Tency Jacob

Sub Editor

pms-premenstrual-syndrome

‘‘നിസാരകാര്യത്തിനാണ് ഇത്രയും ബഹളമുണ്ടാക്കിയത്. എന്തിനാണ് അവർ ദേഷ്യപ്പെടുന്നതെന്നു കൂടി എനിക്കു മനസ്സിലായില്ല.ദേഷ്യപ്പെടേണ്ട ഒരു സാഹചര്യവും അവിടെ ഇല്ലായിരുന്നു.എന്നിട്ടും...’’

നിങ്ങളുടെ ഭാര്യ, കാമുകി, അമ്മ, അല്ലെങ്കിൽ നിങ്ങളിടപെടുന്ന ഏതെങ്കിലും സ്ത്രീയുടെ ദേഷ്യത്തിനു മുന്നിൽ ഇതുപോലെ നിസഹായനായി നിൽക്കേണ്ടി വന്നിട്ടുണ്ടോ.ഉണ്ടെങ്കിൽ, ‘അവരുടെ വാശി’, ‘അവരുടെ ദേഷ്യം’, ‘അവരുടെ കുറുമ്പ്’ എന്നെല്ലാം പറഞ്ഞു നിങ്ങൾ അതിനെ അടിച്ചമർത്തുകയോ, തിരിച്ചു ബഹളം വയ്ക്കുകയോ അവഗണിക്കുകയോ അല്ലെങ്കിൽ ആ സാഹചര്യത്തിൽ നിന്നു ഇറങ്ങിപോകുകയോ ആണ് മിക്കവാറും ചെയ്തിരിക്കുക. ഹോർമോൺ മാറ്റങ്ങളുടെ നടുക്കടലിൽ നിൽക്കുന്ന അവരോട് അതായിരുന്നോ ചെയ്യേണ്ടിയിരുന്നത്? അവരുടെ അവസ്ഥ മനസ്സിലാക്കി ഒപ്പം നിന്നിരുന്നുവെങ്കിൽ അവരെത്തന്നെ വീണ്ടെടുക്കാൻ കൂട്ടു നിൽക്കാമായിരുന്നു എന്നതാണ് യാഥാർഥ്യം.

സ്ത്രീകൾ ഏറ്റവും കൂടുതൽ വഴക്കിടുകയോ അസഹനീയമായ രീതിയിൽ പെരുമാറുകയും ചെയ്യുന്നത് ആർത്തവം തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള PMS ദിനങ്ങളിലായിരിക്കും. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനഫലമായി എല്ലാ മാസവും ആർത്തവത്തിനോടടുപ്പിച്ചു സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വിഷമങ്ങളേയും സംഘർഷങ്ങളേയുമാണ് Premenstrual Syndrome അഥവാ PMS എന്ന്വിളിക്കുന്നത്. പീരിയഡ്സസും PMS ഉം ഒന്നല്ല. പീരിയഡ്‌സ് 7 ദിവസത്തെ ബ്ലീഡിങ് ആണെങ്കിൽ ആ ദിവസത്തിനു മുൻപുള്ള ശാരീരികവും മാനസികവുമായ വിഷമതകളാണ് PMS. ആർത്തവത്തിനു നാലു ദിവസം മുൻപാണ് PMS സാധാരണയായി കണ്ടുവരുന്നത്.

pms-premenstrual-syndrome-cover

PMS ലക്ഷണങ്ങൾ
തൊട്ടതിനും പിടിച്ചതിനും ദേഷ്യം, പൊട്ടിത്തെറി, സങ്കടം, കരച്ചിൽ, ഉറക്കമില്ലായ്മ, ഡിപ്രഷൻ, ആത്മഹത്യ പ്രവണത മുതലായവയാണ് PMSന്റെ ചില ലക്ഷണങ്ങൾ. 30 വയസ്സിനുമേലുള്ള സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്.പഠനങ്ങൾ പറയുന്നത് 90 ശതമാനം സ്ത്രീകളും ഈ വിഷമതകളിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ്.ആർത്തവവിരാമത്തോടനുബന്ധിച്ചു ഈ അവസ്ഥ രൂക്ഷമാകാം. അവരുടെ ജീവിതത്തെ തന്നെ അതു താറുമാറാക്കാം.സ്ത്രീകളുടെ ഈയൊരു അവസ്ഥ മൂലം വീടുകളിലെ പുരുഷന്മാരും കുട്ടികളും കൂടി അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നതാണ് സത്യം. കാലങ്ങളായി ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമായി കണ്ടു ഈ വിഷയത്തെ അവഗണിക്കുകയോ ലളിതവത്കരിക്കുകയോ ചെയ്യുന്നതുകൊണ്ടാണ് സ്ത്രീകളടക്കമുള്ള ഭൂരിഭാഗം മനുഷ്യർക്കും PMSനെ കുറിച്ചു അറിവില്ലാത്തത്. PMS പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. വിദഗ്ധനായ ഒരു ഡോക്ടർക്ക് രോഗിയോടു സംസാരിക്കുമ്പോൾ തന്നെ PMS തിരിച്ചറിയാനാകുകയും അതിന്റെ തീവ്രത മനസ്സിലാക്കാനും സാധിക്കും.

ഇതിനൊരു മാറ്റമുണ്ടാകണം എന്ന ബോധ്യത്തോടെ ചിനാർ ഗ്ലോബൽ അക്കാദമിയുടെ നേതൃത്വത്തിൽ പുരുഷൻമാരെ മുൻനിർത്തി #LivingWithPMS എന്ന ക്യാംപയിൻ ആരംഭിക്കുന്നുണ്ട്. PMS നെക്കുറിച്ചും ആ ദിവസങ്ങളിൽ സ്ത്രീകൾ അങ്ങനെ പെരുമാറുന്നത് ഒരിക്കലും അവരുടെ തെറ്റുകൊണ്ടല്ല, മറിച്ച് അവരുടെ ശാരീരികാവസ്ഥമൂലമാണെന്നും സമൂഹത്തിൽ അവബോധമുണ്ടാകണം. പീരിയഡ്സിന് 7 ദിവസത്തെ ബ്ലീഡിങ്ങിനപ്പുറവുമുള്ള ബുദ്ധിമുട്ടുകളുണ്ടെന്നും, PMS പുരുഷൻമാരേയും അതുവഴി സമുഹത്തേയും ബാധിക്കുന്ന വിഷയമാണെന്നും പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്. പെട്ടെന്നുള്ള പൊട്ടിത്തെറിക്കലുകൾ സൃഷ്ടിക്കുന്ന കുറ്റബോധം ഇല്ലാതെ സ്ത്രീകൾ ആ ദിവസങ്ങൾ മറികടക്കണം. അതുപോലെ PMS ഗൗരവമായെടുത്ത് ആവശ്യമായ ചികിത്സ ലഭ്യമാക്കേണ്ടതും ആവശ്യമാണ്. PMS Campaign by Chinar എന്ന FB ഗ്രൂപ്പിൽ ജോയിൻ ചെയ്ത് PMS ആർമിയുടെ ഭാഗമാവാം.