Saturday 19 March 2022 02:35 PM IST : By ശ്യാമ

‘മറ്റേതൊരിടത്ത് സംസാരിക്കുമ്പോഴും പാലിക്കുന്ന ബഹുമാനം പങ്കാളിയോടും വേണം’; വേരുറപ്പുള്ള ബന്ധങ്ങൾ നിലനിർത്താൻ മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ

shutterstock_1953246955

മനുഷ്യൻ സാമൂഹികജീവിയാണ്. വിദ്യാഭ്യാ സകാലത്തിന്റെ ആദ്യനാളുകളിൽ തന്നെ ന മ്മുടെ മനസ്സിലുറപ്പിച്ചൊരു വാചകമാണിത്. ഒറ്റയ്ക്കുള്ള നിലനിൽപ് ഒരാൾക്ക് സാധ്യമാണോ എന്നു തന്നെ സംശയമാണ്. എന്നു കരുതി ബന്ധങ്ങൾ നിലനിർത്താൻ വേണ്ടി എന്തും സഹിക്കണമെന്നുണ്ടോ? മാനസിക സംഘർഷവും നിന്ദാപൂർവമുള്ള പെരുമാറ്റവും നിറഞ്ഞ ടോക്സിക് ഇടങ്ങളിൽ നിന്നു വിട്ടുനിൽക്കുക തന്നെ വേണം. പോസിറ്റീവായ ബന്ധങ്ങളെ നിലനിർത്തിക്കൊണ്ടു പോകാനുള്ള ചില രസക്കൂട്ടുകളുണ്ട്. അവ നോക്കാം...

അടിസ്ഥാനം, ആശയവിനിമയം

വായുവും വെള്ളവും പോലെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ആശയവിനിമയം. ബന്ധം ഏതായാലും അതിന്റെ ആധാരശില ആശയവിനിമയം തന്നെയാണ്. മനസ്സിലാകുക, മനസ്സിലാക്കുക എ ന്നത് ഏതു ബന്ധത്തിലും പ്രധാനമാണ്. വ്യക്തിയുടെ മാനസികാരോഗ്യത്തിൽ ഇതിന് വലിയ പങ്കുണ്ട്. സൗഹൃദം, പ്രണയം, ദാമ്പത്യം, മാതാപിതാക്കളും സഹോദരങ്ങളുമായുള്ള ബന്ധം അങ്ങനെ ഏതിലും പരസ്പരം മനസ്സിലാക്കൽ പ്രധാനമാണ്.  

നേരിൽ സംസാരിക്കാൻ പോലും സമയമില്ല എന്നു പ റയുന്നൊരു സ്ഥിതിയിലൂടെയാണ് ഇപ്പോൾ ഭൂരിഭാഗം ആളുകളുടെയും ജീവിതം മുന്നോട്ടുപോകുന്നത്.  

ജോലിയിലും ഓൺലൈൻ ഇടങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നവർ പോലും ഇഷ്ടക്കാർക്ക് മുന്നിൽ മാനസികമായി ‘അപ്രത്യക്ഷമായി’രിക്കുന്ന അവസ്ഥ. വേരിൽ വെള്ളമൊഴിച്ചു വളമിടാതെ പൂക്കളോ കായ്കനികളോ പ്രതീക്ഷിക്കരുത്. എന്തിന് ആരോഗ്യമുള്ള ഇലകൾ പോലും മുളയ്ക്കുമെന്ന് കരുതരുത്. അതുപോലെ തന്നെയാണ് ബന്ധങ്ങളും. ഒരാൾക്ക് മറ്റൊരാളെക്കുറിച്ചുള്ള ശ്രദ്ധയും കരുതലുമാണ് നല്ല ബന്ധങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന വെള്ളവും വളവും.  അതുകൊണ്ട് കരുത്തുള്ള ബന്ധങ്ങൾക്കായി നമുക്ക് വേരിൽ നിന്നേ തുടങ്ങാം...  

ജീവിതപങ്കാളികളുടെ ലോകം

രണ്ടുപേർ തമ്മിൽ ഇഷ്ടപ്പെടുമ്പോൾ പതിയെ ഉണ്ടായി വരുന്നതാണ് വിശ്വാസം. പരസ്പരം തുറന്നുള്ള സംസാരത്തിലൂടെയാണ് സ്നേഹം വിശ്വാസം കൂടിയായി മാറുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം.

ഇത് തുറന്നു സംസാരിക്കാനുള്ള സ്പേസ് രണ്ടുപേർക്കുമിടയിൽ ഉണ്ടാകുകയാണ് പ്രധാനം. ആജ്ഞാപിക്കുക, അനുസരിക്കുക ഫോർമാറ്റിൽ നല്ല ബന്ധങ്ങൾ രൂപപ്പെടുകയില്ല. എതിരഭിപ്രായങ്ങളുള്ള കാര്യങ്ങൾ തമ്മിൽ സംസാരിച്ച് അതിൽ യോജിക്കാവുന്ന ‘കോമൺഗ്രൗണ്ട്’  കണ്ടുപിടിക്കാൻ സാധിക്കുമോ എന്നാണ് നോക്കേണ്ടത്.   

∙ പ്രണയത്തിലോ ദാമ്പത്യത്തിലോ ആകുമ്പോൾ മറ്റ് സൗഹൃദങ്ങളൊക്കെ മുറിച്ചു മാറ്റുന്നത് പലരിലും കണ്ടുവരുന്ന ശീലമാണ്. കാലക്രമേണ നിങ്ങളുടെ ലോകം ചുരുങ്ങി പോകാനേ അതുപകരിക്കൂ. പങ്കാളിയിൽ തന്നെ കൂടുതൽ  സമ്മർദം ചെലുത്താതിരിക്കാനും പല കാര്യങ്ങളും തുറന്ന് പറയാനും പുതിയ അഭിപ്രായങ്ങൾ ഉണ്ടായി വരാനും ഒക്കെ സൗഹൃദങ്ങൾ  സഹായിക്കും. അതുകൊണ്ട് നല്ല സൗഹൃദങ്ങൾ ഒപ്പം നിർത്തുക.

∙ പ്രണയത്തിലായി/ ലിവിൻ റിലേഷൻഷിപ്പിലായി/ വിവാഹത്തിലായി എന്നതിനർഥം ഒരാൾ നിങ്ങളുടെ സ്വന്തമായി എന്നല്ല. മറ്റൊരാളുടെ ഇഷ്ടങ്ങൾക്ക് മേലെ നമുക്ക് നമ്മുടെ ഇഷ്ടങ്ങളെ അടിച്ചേൽപ്പിക്കാനുള്ള അധികാരം ഒരിക്കലും വന്നുചേരുന്നില്ലെന്ന് ഓർക്കാം. എത്ര അടുപ്പമുണ്ടെങ്കിലും രണ്ടു വ്യക്തികൾ തമ്മിൽ മറികടക്കാൻ പാടില്ലാത്ത അതിർവരമ്പുകളുണ്ട്. അവ പരസ്പരം പാലിക്കുക. ഖലീൽ ജിബ്രാന്റെ വരികൾ പോലെ ‘നിങ്ങളുടെ അടുപ്പങ്ങളിലും അകലങ്ങൾ ഉണ്ടാകട്ടേ’.

shutterstock_185552438

സ്വകാര്യങ്ങൾ തുറന്നിടരുത്

∙ പങ്കാളി നിങ്ങളെ വിശ്വസിച്ച് സ്വകാര്യമായി പങ്കുവയ്ക്കുന്ന കാര്യങ്ങൾ സ്വകാര്യമായി തന്നെ വയ്ക്കുക. അത് അച്ഛനോടോ അമ്മയോടൊ സുഹൃത്തുളോടോ പങ്കുവയ്ക്കരുത്.

∙എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പങ്കാളിയോട് പറയണമെന്ന് നിർബന്ധമില്ല. നിങ്ങൾ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതോ കോഫീഷോപ്പിൽ പോയി നിങ്ങൾക്കുള്ള മീ ടൈം കണ്ടെത്തുന്നതോ ഒക്കെ ലിസ്റ്റ് ചെയ്യണമെന്നില്ല. എന്നിരുന്നാലും തമ്മിലുള്ള വിശ്വാസത്തിന് വിള്ളലേൽക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക എന്നത് സ്വന്തം ഉത്തരവാദിത്തമാണ് താനും.

∙ തമ്മിൽ ആശയവിനിമയം നടത്തുമ്പോൾ പങ്കാളിയോട് എന്തു മോശം വാക്കും ഉപയോഗിക്കാം എന്ന ധാരണ വച്ചു പുലർത്തുന്നത് തെറ്റാണ്. മറ്റേതൊരിടത്ത് സംസാരിക്കുമ്പോഴും പാലിക്കുന്ന ബഹുമാനം പങ്കാളിയോട് സംസാരിക്കുമ്പോഴും വേണം. ആത്മാഭിമാനമുള്ള ഒരാളും ബഹുമാനമില്ലാത്ത ഇടങ്ങളെ സഹിക്കാൻ താൽപര്യപ്പെടില്ലെന്നോർക്കാം.  

shutterstock_1839791752

സൗഹൃദത്തിന്റെ ലോകം...

സുഹൃത്തായിരിക്കുക എന്നതിനർഥം ഒരാളുടെ എല്ലാ നെഗറ്റിവിറ്റിയും മറ്റേയാൾ സ്വീകരിക്കണമെന്നോ അതിന് വ ളം വച്ച് കൊടുക്കണമെന്നോ അല്ല. മറ്റേതൊരു ബന്ധത്തെക്കാളും സുഹൃത്തുക്കൾ നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ നല്ലത് നല്ലതെന്നും ചീത്ത കണ്ടാൽ നമ്മളെ തകർക്കാതെ  മോശം വശങ്ങളെ കുറിച്ച് ബോധ്യപ്പെടു‌ത്തുകയും ചെയ്യുന്നയാളാകണം സുഹൃത്ത്. സുഹൃത്തുക്കളുടെ പോസിറ്റീവായ വിമർശനങ്ങള്‍ മടി കൂടാതെ സ്വീകരിക്കണം. അത്തരം സൗഹൃദവലയങ്ങൾ മെച്ചപ്പെട്ട വ്യക്തിയായി മാറാൻ ഒരാളെ സഹായിക്കുമെന്നത് തീർച്ച.  

∙ കേൾക്കാനുള്ള നിലയങ്ങളാകുക. കൂടുതലാളുകളും സംസാരിക്കുന്ന കാലത്ത് കേൾക്കാനുള്ള ഇടങ്ങളായി മാറുക എന്നത് ഇന്നത്തെ കാലത്തിന്റെ ആവശ്യകതയാണ്. ഒരാളെ കേൾക്കുമ്പോൾ കഴിവതും പൂർണമായും ‘പ്രസന്റ്’ ആകുക. ഫോൺ, ലാപ്ടോപ് ഒക്കെ മാറ്റി വച്ച് സംസാരിക്കുന്ന സമയത്ത് ‘താൻ മുഴുവനായി കേൾക്കപ്പെടുന്നു’ എന്ന ബോധ്യം മറ്റേയാൾക്ക് വരുത്താൻ ശ്രമിക്കുക.

∙ വഴക്കുകൾ കാടുകയറരുത്. തർക്കങ്ങളുണ്ടാകുക സ്വാഭാവികം. എന്നാൽ അത് ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതൊരു മിടുക്കാണ്. ഏത് കാര്യവും പറയുമ്പോള്‍ അത് എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നത് പ്രധാനമാണ്. തമ്മിൽ തമ്മിൽ മുറിവേൽപ്പിക്കാതെ വേണം അഭിപ്രായവ്യത്യാസങ്ങൾ പറയാൻ.

 ഈഗോ മാറ്റി വച്ച് ‘മതി വഴക്കിട്ടത് ഇനി മിണ്ടാം’ എ     ന്നു പറയാനുള്ള പക്വതയാർജിക്കാം. എന്നാൽ എത്ര നാളെത്തെ സൗഹൃദമാണെങ്കിലും എത്ര ആഴത്തിലുള്ളതാണെങ്കിലും അത് ടോക്സിക് ആണെന്ന് തോന്നിയാൽ അ തിൽ കടിച്ചുതൂങ്ങാതെ അകലം പാലിക്കുന്നതാണ് ഇരുകൂട്ടർക്കും നല്ലത്.

∙ സുഹൃത്തിൽ നിന്ന് ബുദ്ധിമുട്ടുണ്ടായ കാര്യം, മനസ്സിൽ വച്ചുകൊണ്ടിരിക്കാതെ അതു തുറന്ന് പറയുക. ‘നീ അവരുടെ മുന്നിൽ വച്ച് അത് പറഞ്ഞത് മോശമായിപ്പോയി’ ‘അ ന്ന് നീ അവസാന നിമിഷം വരില്ലെന്ന് പറഞ്ഞത് എനിക്ക് വിഷമമായി’ എന്നൊക്കെ തുറന്ന് സംസാരിക്കാം. കാര്യങ്ങൾ തുറന്ന് പറയുന്നത് ബന്ധങ്ങൾ കൂടുതൽ തെളിമയോടെ വളരാൻ സഹായിക്കും.

∙ സമൂഹമാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഇ ന്നത്തെ സാഹചര്യത്തിൽ ഓൺലൈൻ സൗഹൃദങ്ങളും കൂടുന്നു. കഴിവതും സ്വന്തം പ്രൈവസി (വീട്, മേൽവിലാസം, തൊഴിലിടങ്ങൾ തുടങ്ങിയ വിവരങ്ങൾ) അടുത്ത് പരിചയമില്ലാത്തവർക്ക് മുന്നിൽ വെളിപ്പെടുത്താതിരിക്കുക.  

സുഹൃത്തേ, ഇത് ചെയ്യരുത്

∙ സുഹൃത്തുക്കളുടെ സ്വകാര്യങ്ങൾ അവർ ഇരിക്കുമ്പോ        ഴോ അവരുടേ അഭാവത്തിലോ സമ്മതമില്ലാതെ മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നത് തെറ്റായ പ്രവണതയാണ്.

∙ എത്ര അടുപ്പമുണ്ടെന്ന് പറഞ്ഞാലും എല്ലാവർക്കും പ ഴ്സനൽ സ്പേസിലേക്ക് മറ്റൊരാള്‍ വരുന്നത് ഇഷ്ടമാകണമെന്നില്ല. സുഹൃത്തിന് താൽപര്യമില്ലെങ്കിലും ഒരു ഹ ഗ് ചോദിക്കുക, അവർ പറയാൻ ഇഷ്ടപ്പെടാത്തെ കാര്യങ്ങളെ കുറിച്ച് കുത്തിക്കുത്തി ചോദിക്കുക ഒക്കെ സൗഹൃദം കെടുത്തി കളയുന്ന പ്രവണതകളാണെന്ന് ഓർക്കുക.

∙ ബോഡി ഷെയ്മിങ് തമാശകളും വംശീയഅധിക്ഷേ പം തമാശകലർത്തി പറയുന്നതുമൊക്കെ പ്രോത്സാഹിപ്പിക്കാത്തൊരു തലമുറയാണ് വളർന്ന് വരുന്നത്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങൾ പറഞ്ഞ് സൗഹൃദം നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

∙നിങ്ങളുടെ സ്വപ്നങ്ങളേയും ആഗ്രഹങ്ങളേയും വില    കുറച്ച് കാണാൻ അനുവദിക്കരുത്. എത്ര വലിയ സൗഹൃദമായാലും നിങ്ങളെ തളർത്തുന്നവർ നിങ്ങളുടെ സൗഹൃദവലയത്തിൽ നിൽക്കാൻ യോഗ്യരല്ലെന്നോർക്കാം.

നിങ്ങൾക്കൊപ്പം നിൽക്കുമ്പോൾ നിങ്ങളെ പുകഴ്ത്തി പറഞ്ഞിട്ട് മറ്റുള്ളവരോട് നിങ്ങളെ തരം താഴ്ത്തി സംസാരിക്കുന്നവരേയും അടുപ്പപ്പട്ടികയിൽ ചേർക്കരുത്.

Indian family celebrating a birthday party

പാരന്റിങ്ങിന്റെ ലോകം

എന്തുവന്നാലും ആദ്യം വന്ന് പറയാവുന്ന തരത്തിലുള്ള സ്വാതന്ത്ര്യം നൽകി മക്കളെ വളർത്തുക. പല കുട്ടികളും എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ‘അയ്യോ, അച്ഛനും അമ്മയും അറിയല്ലേ’ എന്നാണ് ആദ്യം വിചാരിക്കുക.

കുട്ടികൾക്ക് തങ്ങളോടുള്ള ഭയം ബഹുമാനമായിട്ടാണ് പല മാതാപിതാക്കളും കണക്കിലെടുക്കുക. തെറ്റായ രീതിയാണിത്. എന്തു പ്രശ്നം വന്നാലും വീട്ടുകാരോടു തുറന്ന് പറയാനുള്ള ഇഴയടുപ്പം തീരെ ചെറുപ്രായം തൊട്ടേ കുട്ടികളിൽ വളർത്തിയെടുക്കണം. തെറ്റ് പറ്റിയാലും അത് തിരുത്തി മുന്നോട്ടു പോകാൻ മാതാപിതാക്കൾ ഒപ്പം നിൽക്കുമെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കണം.

∙ പല കുട്ടികൾക്കും ചെറുപ്രായം മുതലേ പല തരം മാനസികപിരിമുറുക്കങ്ങളുണ്ടാകുന്നുണ്ട്. കുട്ടിക്ക്  വിഷാദമോ ഉത്കണ്ഠയോ അമിതമാണെന്ന് കണ്ടാൽ  ‘നിന്റെ തോന്നലാണ്’ ‘വെറുതേ മടി പിടിച്ചിരിക്കാനുള്ള ന്യായങ്ങളാണ്’ എന്നൊക്കെ പറയാതെ അവർക്കൊപ്പം നിൽക്കുക.

ഇപ്പോഴത്തെ പോലെ രോഗാവസ്ഥകളുടെ പേരൊന്നും അറിയില്ലായിരുന്നെങ്കിൽ കൂടിയും പണ്ട് നിങ്ങളും ഒരുപക്ഷേ, ഇതിലൊക്കെ കൂടെ കടന്നു പോയിരിക്കാം... അന്ന് നിങ്ങളും നിങ്ങളുടെ മാതാപിതാക്കൾ ഒപ്പമുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുമുണ്ടാകാം. അങ്ങനെ നിങ്ങളുടെ കുട്ടി ഒറ്റപ്പെടാതിരിക്കാനുള്ള എല്ലാ പിന്തുണയും ആവശ്യമെങ്കിൽ ഡോക്ടറുടെയോ കൗൺസലറുടെയോ സഹാ യവും ലഭ്യമാക്കാം.

∙ ഓട്ടപ്പാച്ചിലുകള്‍ക്കിടയ്ക്കും കുട്ടികള്‍ക്കൊപ്പം ക്വാളിറ്റി ടൈം  ചെലവഴിക്കാനുള്ള സമയം കണ്ടെത്തണം. ജോലിത്തിരക്കും മറ്റും കാരണം മാതാപിതാക്കൾ തിരക്കിലാകുമ്പോൾ പല വീടുകളിലും കുട്ടികൾ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയുണ്ട്. കൂടുതൽ കുട്ടികൾ ഫോണിലേക്കും മറ്റുമായി ഒതുങ്ങി പോകുന്നു. അവർക്ക് സ്വന്തം വീട്ടുകാരോടും മറ്റുള്ളവരോടും ഒന്നും മിണ്ടാൻ പറ്റാതെ അടുപ്പമുണ്ടാക്കാന്‍ പറ്റാതെ ഒറ്റത്തുരുത്തുകളായി മാറുന്നു.

∙ കുട്ടികളുടെ വളർച്ചാഘട്ടങ്ങൾ ആരോഗ്യപരമാക്കാൻ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാമീപ്യം വലിയ സ്വധീനം ചെലുത്തുന്നുണ്ടെന്ന് ഓർമിക്കാം. അതത് പ്രായത്തിനനുസരിച്ച് കുട്ടികളുടെ കൂടെ കളിക്കാനോ സംസാരിക്കാനോ ഒക്കെ സമയം നൽകണം.

അടിമകളല്ല കുട്ടികൾ

കുട്ടികളോട് എന്തും പറയാം എന്ന ഭാവം വേണ്ട. അവരെ വ്യക്തികളായി തന്നെ കണ്ട് വേണം പെരുമാറാൻ. എതിരഭിപ്രായങ്ങളുണ്ടാകുമ്പോൾ വിഷയത്തിൽ നിന്ന് മാറാതെ വേണം സംസാരിക്കാൻ. തല്ലിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ ഇമോഷനൽ ബ്ലാക്‌മെയിലിങ് നടത്തിയിട്ടോ അല്ല തർക്കം പരിഹരിക്കേണ്ടത്. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും നിങ്ങളോടുള്ള ബഹുമാനത്തിന് കോട്ടം വരുത്തുകയുമേ ചെയ്യൂ.

∙ നിരന്തരമായി കുട്ടിയ കുറ്റപ്പെടുത്തുക, മറ്റുള്ളവരുമായി താരതമ്യം ചെയ്യുക, അവരുടെ സ്വകാര്യതയിൽ എപ്പോഴും കടന്നു കയറുക എന്നതൊക്കെ കുട്ടികളും നിങ്ങളുമായുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കും.

∙വിദേശത്ത് താമസിക്കുന്ന മാതാപിതാക്കളും കുട്ടിക്കൊപ്പം ദിവസവും നിശ്ചിത സമയം ചെലവഴിക്കുക തന്നെ വേണം. വിഡിയോ കോളിങ് പോലുള്ള സൗകര്യങ്ങൾ ഇതിനായി ഉപയോഗിക്കാം. കൂടുതൽ ക്ഷമയോടും സ്നേഹത്തോടെയുമാകണം സംഭാഷണം.

∙ വേര്‍പിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കളുടെ കുട്ടികളോട് നിരന്തരമായി പങ്കാളിയുടെ കുറ്റം പറഞ്ഞ് സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കുന്നതും വിപരീത ഫലം ചെയ്യും.  

shutterstock_559950097

സഹപ്രവർത്തകരുടെ ലോകം

ജോലി ചെയ്യുന്നവർ പലരും കുടുംബത്തിനൊപ്പം ഉള്ളത്രയോ അതിലേറെയോ സമയം ജോലിസ്ഥലത്ത് ചെലവിടുന്നവരാണ്. അതുകൊണ്ട് തൊഴിലിടത്തിലെ ബന്ധങ്ങൾ വ്യക്തിയുടെ സ്വകാര്യജീവിതത്തെയും സ്വാധീനിക്കാം. ജോലി സ്ഥലങ്ങളിലെ സമ്മർദം കുറയ്ക്കാന്‍ ജോലി ചെയ്യുന്ന ഇടങ്ങളെ പോസിറ്റീവായി വയ്ക്കേണ്ടതുണ്ട്.  

∙ ഒരു ജോലി ചെയ്യാൻ മറ്റൊരാൾ നിങ്ങളെ ചെറിയ രീതിയിലെങ്കിലും സഹായിച്ചാൽ ‘നന്ദി’ പറയുന്നത് ശീലമാക്കുക. നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ നിങ്ങളുടെ ടീമിലേക്കും പകർന്നു കൊടുക്കുക. ഏത് സ്ഥാപനത്തിലും ടീം വർക്ക് അഭികാമ്യമാണ്. പരസ്പരം അഭിനന്ദിക്കാനുള്ള മനസ്സും അന്തരീക്ഷവും സൃഷ്ടിച്ചെടുക്കുക.

∙ വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളും വരുമ്പോൾ അത് ചർച്ച ചെയ്ത് പൊതു അഭിപ്രായത്തിലെത്താനുള്ള ആരോഗ്യകരമായ സാഹചര്യമുണ്ടാക്കിയെടുക്കണം.  അഭിപ്രായവ്യത്യാസങ്ങൾ പറയാൻ ഭയപ്പെടുന്ന അന്തരീക്ഷമല്ല പകരം എല്ലാവരുടേയും ഗുണത്തിനായി അഭിപ്രായങ്ങൾ മടിക്കാതെ തുറന്ന് ചർച്ച ചെയ്യാവുന്ന ഇടങ്ങളായി ജോലിസ്ഥലം മാറണം.

∙ പരസ്യമായ പ്രോത്സാഹനവും രഹസ്യമായ വിമർശനവും വേണം. മറിച്ചുള്ള സാഹചര്യം നിലനിൽക്കുന്നിടങ്ങളിലെ ജോലിയുടെ ക്വാളിറ്റി തന്നെ കുറയും.

∙  തമ്മിൽ തമ്മിൽ അഭിനന്ദിക്കാൻ മടി വേണ്ട.

∙ തൊഴിലിടങ്ങളിൽ എല്ലാവരും തമ്മിൽ സൗഹൃദം വേ ണമെന്ന് യാതൊരു നിർബന്ധവുമില്ല, എന്നിരുന്നാലും ആശയവിനിമയം നടത്തേണ്ടി വരുമ്പോൾ പരസ്പര ബഹുമാനം നിലനിർത്തി വേണം സംസാരിക്കാൻ. വാക്കുകളും ശാരീരഭാഷയും സഭ്യമായിരിക്കണം.

വഴിയിലേ തടയാം, ‘വഴിമുടക്കി’കളെ

പ്രശ്നങ്ങളൊന്നുമില്ലാത്തിടത്തും പ്രശ്നങ്ങളുണ്ടാക്കുന്ന ചിലരുണ്ട്, എന്ത് പറഞ്ഞാലും അതിനൊക്കെ തടസ്സം പറയുന്നവർ... അത്തരക്കാരെ മനസ്സിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതെങ്ങനെ മനസ്സിലാക്കും?

അവരുമായി സഹകരിക്കുമ്പോഴൊക്കെ മാനസിക പിരിമുറുക്കമനുഭവപ്പെടുന്നു, നമ്മൾ നമ്മളല്ലാതാകുന്നു... എ ന്നൊക്കെ തോന്നിയാൽ ടോക്സിസിറ്റി ഉണ്ടെന്ന് കരുതാം. അത്തരം ഇടങ്ങളിൽ നിന്ന് കഴിവതും അകലം പാലിക്കുക. ആവശ്യം വന്നാൽ മാത്രം ആശയവിനിമയം നടത്തുക.

∙ ജോലി സമയം കഴിഞ്ഞ് ജോലിക്കാര്യത്തിനായി മറ്റുള്ളവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്ന ശീലം ഒഴിവാക്കുക.  

∙ അറിയാത്ത കാര്യം അറിയാമെന്ന് നടച്ച് അബദ്ധം ചെയ്യരുത്. അത് മറ്റുള്ളവരോട് ചോദിച്ചോ അല്ലെങ്കിൽ സ്വയം പഠിച്ച ശേഷമോ മാത്രം ചെയ്യുക.

അകലങ്ങളിലും അടുപ്പം

ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ (പങ്കാളികൾ രണ്ടിടത്തായി കഴിയുന്ന ബന്ധം)  ഏറ്റവും പ്രധാനം ഒറ്റപ്പെടലിന്റെ ആഴം കുറയ്ക്കുക എന്നത് തന്നെയാണ്. ദിവസവും പങ്കാളിയുമായി സംസാരിക്കാൻ അൽപനേരമെങ്കിലും മാറ്റിവയ്ക്കുക. വിഡിയോ കോളിലൂടെയും മറ്റും കണ്ട് സംസാരിക്കാനുള്ള സാധ്യതകളും ഉപയോഗപ്പെടുത്തുക. പങ്കാളിയുണ്ടായിട്ടും ഒറ്റപ്പെട്ട് പോകുന്ന അവസ്ഥ വരാതിരിക്കാൻ കഴിവതും ശ്രമിക്കണം.

ആരോഗ്യകരമായ ദാമ്പത്യത്തിൽ ലൈംഗികതയ്ക്കും നിർണായകമായ സ്ഥാനമുണ്ട്. പങ്കാളികൾ തമ്മിലുള്ള ലൈംഗികമായ അടുപ്പം കുറയാതിരിക്കാൻ പറ്റുമ്പോൾ തമ്മിൽ കാണുക. പ്രധാനപ്പെട്ട കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യു കയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക. ഫോട്ടോസ് പരസ്പരം അയയ്ക്കാനും അഭിനന്ദിക്കാനും മറക്കേണ്ട. തമ്മിൽ ഷെയർ ചെയ്യുന്ന മീമുകളും വീഡിയോസും ഫോർവേഡ് മെസേജുകൾ പോലും ബന്ധം ഊഷ്മളമാക്കി  നിലനിർത്താൻ സഹായിക്കും.

shutterstock_1443633224

ജോലിക്കാര്യം പുറത്ത് പറയണോ?

ജോലിക്കാര്യം ജോലി സ്ഥലത്തുപേക്ഷിച്ച് പോരുക, വീട്ടിലേക്ക് കൊണ്ടുവരരുത് എന്നാണ് മിക്കവരും പറയുക. ഇത് തെറ്റായ ആശയമാണ്. നമ്മൾ ദിവസവും ചെയ്യുന്ന ജോലിക്കാര്യങ്ങൾ നമ്മളെ ബാധിക്കും. തൊഴിലിടങ്ങളിലെ മികവും സമ്മർദവും ഒക്കെ പങ്കുവയ്ക്കാൻ തോന്നുക സ്വാഭാവികമാണ്.

അതുകൊണ്ട് പങ്കാളിയോടോ വിശ്വസിക്കാവുന്ന ഉറ്റ സുഹൃത്തിനോടോ അതീവ സ്വകാര്യത വേണ്ടാത്ത ജോലിക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ മടി വിചാരിക്കേണ്ട. എന്തു കൊണ്ടാണ് മുഖം വാടുന്നതെന്നും ദേഷ്യം വരുന്നതെന്നും ഒക്കെ ചുറ്റുമുള്ളവർക്ക് എളുപ്പം മനസിലാകാനും ആശ്വസിപ്പിക്കാനും ഇത് ഇടനൽകും.

പങ്കിടാം, വീട്ടുജോലി

രണ്ടുപേർ ഉൾപ്പെടുന്ന വീട്ടിലെ ജോലികളും രണ്ടുപേർ ചേർന്നു ചെയ്യാം. അതിൽ ലിംഗപരമായ വിവേചനത്തിന് ഇടമില്ല.

സ്വന്തം വീട്ടിലെ ജോലികള്‍ പങ്കാളികൾ ക്യത്യമായി പങ്കിടണം. ഒരാൾ മാത്രം പണിയെടുക്കുന്ന അടുക്കളകൾ ഉണ്ടായാൽ വളരെ പെട്ടന്ന് രണ്ടുപേർ തമ്മിലുള്ള ബന്ധത്തിനും കരിയും പുകയും പിടിച്ച് ശ്വാസംമുട്ടിപ്പോകാനുള്ള സാധ്യതയുണ്ട്.

തുല്യതയില്ലാത്ത ഇടത്തിലെ കുട്ടികൾ തെറ്റായ ധാരണകളിൽ വേരൂന്നിയാണ് വളരുന്നതെന്നും ഓർക്കാം. വായിച്ചും കേൾപ്പിച്ചും പഠിപ്പിക്കുന്ന തത്വങ്ങളേക്കാൾ കുട്ടികൾ അവരുടെ കൺമുന്നിൽ കാണുന്നതാണ് വിശ്വസിക്കുക. നല്ല മാതൃകകൾ ആ കാൻ മാതാപിതാക്കൾ മുൻകൈയെടുക്കണം.

ഹാപ്പിനസ് ഫാക്റ്റർ

ആഗ്രഹിച്ച ജോലി തന്നെ ചെയ്യുന്നവരല്ല എല്ലാവരും. എന്നിരുന്നാലും ചെയ്യുന്ന ജോലിയിൽ എന്തെങ്കിലും സന്തോഷം കണ്ടെത്താൻ പറ്റുന്നുണ്ടോ എന്ന് നോക്കുക. നിങ്ങൾ നേടുന്ന ചെറിയ ചെറിയ വിജയങ്ങൾക്ക് മറ്റുള്ളവർ അഭിനന്ദിച്ചില്ലെങ്കിൽ കൂടിയും സ്വയം അഭിനന്ദിക്കുക. എന്തുവന്നാലും ചെയ്യുന്ന ജോലിയിൽ വിട്ടുവീഴ്ച്ച വരുത്തരുത്.

ദേഷ്യം വരുന്നത് സ്വാഭാവികമാണ്. ദേഷ്യത്തിന്റെ മൂർധന്യാവസ്ഥയിൽ കഴിവതും പ്രതികരിക്കാതിരിക്കുക. സമയമെടുത്ത് കാര്യഗൗരവം വിടാതെ കാര്യങ്ങൾ പറയാം. ‘ചെയ്യുന്ന ജോലിയിൽ ഞാൻ ഹാപ്പിയാണോ?’ എന്ന് സ്വയം ചോദിച്ച് അതിന്റെ ഉത്തരം ശ്രദ്ധിച്ച് അവലോകനം ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സൗമ്യരാജ് ടി.ജെ, സൈക്യാട്രിസ്റ്റ്, നോഡൽ ഓഫിസർ, ജില്ലാ മാനസികാരോഗ്യ പദ്ധതി, ജനറൽ ആശുപത്രി, എറണാകുളം.

Tags:
  • Health Tips
  • Glam Up