Thursday 25 June 2020 02:52 PM IST : By Muralee Thummarukudy

ഈ സാഹചര്യങ്ങളിൽ ലൈംഗികതയെ പറ്റി ആദ്യമുണ്ടാകുന്ന ചിന്ത അറപ്പായിരിക്കും; വിവാഹത്തിലെ ലൈംഗികത: നിരീക്ഷണം

sex

പ്രായപൂര്‍ത്തിയെത്തിയ ഒരാണും െപണ്ണും നിയമപരമായി/ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പങ്കാളികളാകുന്നതാണ് വിവാഹം. കേരളത്തിലെ/ ഇന്ത്യയിലെ സാഹചര്യത്തിൽ സമൂഹത്തിന്റെ സാധ്യത വിവാഹബന്ധത്തിന് അകത്താണ്. ലൈംഗിക പ്രായപൂർത്തിയാവുന്ന സ്ത്രീക്കും പുരുഷനും സ്വന്തം താല്‍പര്യത്തില്‍, സമൂഹ സദാചാരക്രമങ്ങള്‍ തെറ്റാെത സെക്സ് ആസ്വദിക്കണമെങ്കില്‍ വിവാഹം വരെ കാത്തിരിക്കണം. ആൺകുട്ടികളും പെൺകുട്ടികളും ലൈംഗികമായ പ്രായപൂർത്തി വന്ന് ഏറെ കഴിഞ്ഞാണ് വിവാഹബന്ധത്തിലേക്ക് കടക്കുന്നത്. പലപ്പോഴും വിവാഹത്തിന്റെ അടിസ്ഥാനം തന്നെ, ലൈംഗികതയും അതുവഴി കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും നിലനിൽപുമാണ്. അങ്ങനെയല്ലെങ്കിൽ കൂടി വിവാഹബന്ധത്തിൽ ലൈംഗികതയ്ക്ക് വലിയ പ്രാധാന്യം ഉണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ്. എന്നാല്‍, ജാതകപ്പൊരുത്തവും വിദ്യാഭ്യാസവും കുടുംബമഹിമയും േജാലിയും ഒക്കെ വിശദമായി ആലോചിച്ചു വിലയിരുത്തുമെങ്കിലും ലൈംഗികമായ ഒരു തരത്തിലുള്ള ചർച്ചകളോ സംഭാഷണങ്ങളോ ഒന്നും നമ്മുടെ അറേഞ്ച്ഡ് മാരേജിനുള്ളിൽ നടക്കുന്നില്ല. ഇതിന്റെ ഫലമായി ലൈംഗികതയെ പറ്റി വ്യത്യസ്ത വീക്ഷണങ്ങളും താൽപര്യങ്ങളും ഉള്ളവർ വിവാഹബന്ധത്തിൽ പങ്കാളികളായി എത്തിപ്പെടുന്നു.

നമ്മുടെ നാട്ടിൽ പുരുഷന്മാരെ അപേക്ഷിച്ചു ശരാശരി കുറഞ്ഞ പ്രായത്തിലാണ് സ്ത്രീകൾ വിവാഹിതരാകുന്നതും അവരുടെ െെലംഗിക ജീവിതം തുടങ്ങുന്നതും. നാഷനൽ ഫാമിലി ഹെൽത്ത് സർവേയിലെ (NFHS, 2015-16) കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഈ പ്രായം പത്തൊൻപതും കേരളത്തിൽ ഇരുപത്തിരണ്ടുമാണ്. ലൈംഗിക ബന്ധം നേരത്തെയാകുന്നത് നല്ലതോ ചീത്തയോ എന്നുള്ളത് അവിടെ നിൽക്കട്ടെ. അത് പിന്നീടൊരിക്കൽ പറയാം. ഇന്നിവിടെ വിവാഹത്തിനകത്തുള്ള ലൈംഗികതയെക്കുറിച്ച് പറയാം.

വിവാഹത്തിനകത്തോ പുറത്തോ ഉള്ള ലൈംഗികതയെക്കുറിച്ച് കേരളത്തിൽ അധികം അക്കാദമിക് പഠനങ്ങളൊന്നും നടന്നിട്ടില്ല. എന്നാലും സ്വന്തം വിവാഹ ജീവിതത്തിൽ ‘ആവശ്യത്തിന്’ ലൈംഗികത ഇല്ല എന്നോ, ഉള്ള ലൈംഗിക ബന്ധങ്ങൾക്ക് വേണ്ടത്ര ഊഷ്മളത ഇല്ല എന്നോ കരുതുന്നവർ ഏറെയുണ്ട്. ഇതിനു വിരുദ്ധമായ അനുഭവങ്ങളും അഭിപ്രായങ്ങളും ഉള്ളവരുണ്ടാകാം. എന്തുകൊണ്ടാണ് സമൂഹത്തിന്റെ അംഗീകാരം ഉണ്ടായിട്ടും അതിനായി ഏറെ നാൾ വച്ച് താമസിപ്പിച്ചിട്ടും നമ്മുടെ വിവാഹബന്ധത്തിലെ ലൈംഗികത വരണ്ടുപോകുന്നത് ?

ചിന്തകള്‍ ഏറെ വ്യത്യസ്തം

കേരളത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവാഹത്തിന് മുൻപുള്ള ലൈംഗിക അനുഭവങ്ങളും ചിന്തകളും ഏറെ വ്യത്യസ്തമാണെന്നത് തന്നെയാണ് ഇതിന്റെ കാരണം. വളരെ സാധാരണമായുള്ള ആണ്‍ –െപൺ അറേഞ്ച്ഡ് വിവാഹജീവിതത്തിലേക്ക് എത്തുന്ന മലയാളി പെൺകുട്ടികളുടെ വഴിത്താര നോക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്ത്യയിൽ പെൺകുട്ടികൾ താരതമ്യേന കുറഞ്ഞ പ്രായത്തിൽ വിവാഹിതരാകുന്നു. നമ്മുടെ നാട്ടിലെ സെക്സ് ആൻഡ് റിലേഷന്‍ഷിപ് എജ്യൂക്കേഷൻ പരിതാപകരമായ അവസ്ഥയിലുമാണ്. മാതാപിതാക്കളിൽ നിന്നോ സ്കൂളിൽ നിന്നോ യാതൊരറിവും ലഭിക്കാതെ (അല്ലെങ്കില്‍ തെറ്റായ ചില അറിവുകളോെട) വളരെ ചെറിയ പ്രായത്തിൽ യാതൊരു മുൻധാരണയുമില്ലാതെ വിവാഹജീവിതത്തിലേക്കും ലൈംഗികജീവിതത്തിലേക്കും എത്തിപ്പെടുന്ന നല്ലൊരു ശതമാനം സ്ത്രീകളുണ്ട്. വിവാഹത്തിനു മുൻപ് സെക്സിനുള്ള അവസരങ്ങളൊന്നും ഇവർക്ക് കിട്ടുന്നുമില്ല. (കണക്കുകളനുസരിച്ചു ഇന്ത്യയിൽ 15 നും 24 നും ഇടയിലുള്ള വെറും 3 ശതമാനത്തോളം സ്ത്രീകൾ മാത്രമാണ് വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുള്ളത്).

അതേ സമയം ഏറെ പെൺകുട്ടികൾ പ്രായപൂര്‍ത്തിയാകുന്നതിനു മുൻപു തന്നെ ബന്ധുക്കളിൽ നിന്നുൾപ്പെടെ ലൈംഗികമായ കടന്നുകയറ്റത്തിന് വിധേയരായിട്ടും ഉണ്ടാകാം. ഇതു ചെറുപ്പത്തിൽ അവരെ മോശമായി സ്പർശിക്കുന്നതോ പൊതുസ്ഥലങ്ങളിൽ വച്ച് ശരീരത്തിൽ മുട്ടിയുരുമ്മാൻ ശ്രമിക്കുന്നതോ കയറിപ്പിടിക്കുന്നതോ ഒക്കെയാകാം. അല്ലെങ്കില്‍ തിരക്കു കുറഞ്ഞ സ്ഥലങ്ങളിൽ വച്ച് മറ്റുള്ളവർ നഗ്നതാ പ്രകടനം നടത്തുന്നതാകാം. എന്താണെങ്കിലും ജീവിതത്തിൽ ലൈംഗികതയെപ്പറ്റി പൊസിറ്റീവ് ആയി ഒരു അറിവോ അനുഭവമോ ഇല്ലെങ്കിലും ഇത്തരം മോശപ്പെട്ട അനുഭവങ്ങളിലൂെട കടന്നു പോകാതെ കേരളത്തിൽ വളർന്നു വരിക ഏതാണ്ട് അസാധ്യമാണ്.

ഇത്തരം സാഹചര്യങ്ങളിൽ മനസ്സ് എത്തിപ്പെടുമ്പോള്‍ ലൈംഗികതയെപ്പറ്റിയുള്ള ആദ്യ ചിന്ത അറപ്പിേന്‍റതായിരിക്കും. അത് ആസ്വാദനത്തിന്റെ തലത്തിലേക്ക് എത്തിക്കാൻ കുറച്ചു സമയവും സാവകാശവും വേണം. അറേഞ്ച്ഡ് മാര്യേജിൽ അതിനുള്ള സമയവും സ്പേസും ഇല്ല. വളരെ കുറച്ചു തവണ മാത്രം കണ്ടിട്ടുള്ളൊരു വ്യക്തിയുമായി ആദ്യ ദിവസം മുതൽ ലൈംഗികവേഴ്ച ആസ്വദിക്കാൻ സാധിക്കുമെന്ന് കരുതുന്നത് മൂഢത്വമാണ്.

ഇനി പുരുഷന്മാരുടെ കാര്യം

ശരിയായ ലൈംഗിക അറിവുകളുടെ അഭാവം പുരുഷന്മാർക്കുമുണ്ട്. അത് മാത്രമല്ല, പ്രശ്നം. വളരുന്ന പ്രായത്തിൽ സെക്സിനെക്കുറിച്ച് കൂടുതൽ വായിക്കാനും വിഡിയോകൾ കാണാനും കൂട്ടുകാരുമായി സംസാരിക്കാനും അവർക്ക് അവസരം ലഭിക്കുന്നുണ്ടെങ്കിലും, കിട്ടുന്ന അറിവുകൾ ശരിയാണോ എന്ന് അറിവുള്ളവരോട് ചോദിക്കാനുള്ള അവസരമില്ല. അതുപോലെ ലൈംഗികമായി, പ്രത്യേകിച്ചും എതിർ ലിംഗത്തിലുള്ളവരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടലിനുള്ള അവസരവും തീരെ കുറവ്. അവസരമുണ്ടായാല്‍ തന്നെ, പാത്തും പതുങ്ങിയും പേടിച്ചും െപട്ടെന്നും എന്തെങ്കിലുമൊക്കെ എന്ന മട്ടിലായിരിക്കും കാര്യങ്ങള്‍. അങ്ങനെ കുട്ടികൾക്ക് കിട്ടുന്നതു മുഴുവൻ പെരുപ്പിച്ചുവച്ച പാതി അറിവുകളോ തെറ്റായ അറിവുകളോ ആണ്.

സ്നിപ്പന്‍റെ നീളം, ലൈംഗികബന്ധത്തിന് എടുക്കുന്ന സമയം, സ്ത്രീകളുടെ ശരീരവടിവുകൾ തുടങ്ങി പല കാര്യങ്ങളെക്കുറിച്ചും അറിവുകൾ ലഭിക്കുന്നത് പോണോഗ്രാഫിക് വിഡിയോയിൽ നിന്നാകുമ്പോൾ പ്രതീക്ഷയുടെ അമിതഭാരവുമായാണ് പലരും വിവാഹത്തെ സമീപിക്കുന്നത്. സ്നിപ്പന് വലിപ്പം കുറവാണെന്നുമുള്ള അപകർഷതാബോധം പല മലയാളികൾക്കുമുണ്ട്. ഇതിനൊക്കെ പുറമെ സ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ആദ്യരാത്രിയിൽ തന്നെ എങ്ങനെ കണ്ടു പിടിക്കാം എന്ന് ചിന്തിക്കുന്ന വങ്കന്മാരും ഉണ്ട്. അങ്ങനെ സംഭ്രമവും അമിതപ്രതീക്ഷയും അപകർഷതാ ബോധവുമായി ഇവർ ആദ്യരാത്രിയിൽ കണ്ടുമുട്ടുകയാണ് !

വിവാഹജീവിതത്തിലെ രതി സംഘർഷം വിവാഹ രാത്രിയിൽ തന്നെ തുടങ്ങുന്നത് അതുകൊണ്ടാണ്. പക്ഷേ, ‘അഡ്ജസ്റ്റ്‌മെന്റ്’ ആണ് വിവാഹം എന്ന മന്ത്രം കേട്ടു വളർന്നതിനാൽ പങ്കാളികൾ പൊതുവെ ഈ ഘട്ടം ഒരു തരത്തിൽ തരണം ചെയ്യുന്നു. പക്ഷേ, വിവാഹ ജീവിതത്തിന്റെ ആദ്യനാളുകൾ കഴിഞ്ഞാൽ വിവാഹജീവിതത്തിനകത്തെ സെക്സ് ക്രമേണ കുറഞ്ഞു വരുന്നതായിട്ടാണ് കേരളത്തിലെ പഠനങ്ങൾ പറയുന്നത്. ഇതിനു പല കാരണങ്ങളുണ്ട്. സ്ത്രീയും പുരുഷനും വിവാഹജീവിതത്തിലേക്ക് എത്തിച്ചേരുന്ന ലൈംഗിക അനുഭവങ്ങളുടെയും ചിന്തകളുടെയും പാതകൾ തികച്ചും വ്യത്യസ്തമായതിനാൽ ലൈംഗികതയെപ്പറ്റി ഏറെ വ്യത്യസ്തമായ ചിന്താഗതികളാണ് അവരിൽ ഉണ്ടാക്കുന്നത്. ഇവ തമ്മിൽ സമരസപ്പെടുത്താൻ വേണ്ട തുറന്ന കമ്യൂണിക്കേഷൻ പങ്കാളികൾ തമ്മിൽ നടക്കു ന്നില്ല. അതിനാൽ രണ്ടുപേരിലും ലൈംഗിക ആഗ്രഹങ്ങൾ ഉണ്ടെങ്കിലും അവ പരസ്പര പൂരകമായ പരിസമാപ്തിയിലെത്തുന്നില്ല. ചിലതെല്ലാം വിവാഹബന്ധത്തിനു പുറത്തേക്ക് മതിലുചാടി പോകുകയും ചെയ്യുന്നു.

പുതുമ നഷ്ടപ്പെടുമ്പോൾ

ദാമ്പത്യത്തിലെ ലൈംഗികബന്ധത്തിലുണ്ടാകുന്ന ചില ഇടിവുകൾക്കു കാരണം പങ്കാളികൾക്ക് സെക്സിലുള്ള പുതുമ നഷ്ടപ്പെടുന്നതോ, പതിവായി സെക്സിലേർപ്പെടുന്നതിലെ വിരസതയോ ആകാം. ഇതു പങ്കാളിയോട് തോന്നുന്ന ഇഷ്ടക്കുറവോ വിരസതയോ ആകണമെന്നില്ല. ഒരുപക്ഷേ, പതിവായി ലൈംഗികബന്ധത്തിലേർപ്പെടണമെന്നത് ഒരു ആവശ്യമായി ദമ്പതികൾക്ക് തോന്നാത്തതു കൊണ്ടാകാം. മാനസിക പിരിമുറുക്കങ്ങളും ചിന്തകളും അസുഖങ്ങളും ഇഷ്ടക്കേടുകളും സാഹചര്യങ്ങളും കാലാവസ്ഥയും എന്തിന്, സുഖമല്ലാത്ത ഒരു ഗന്ധം പോലും െസക്സിനെ പ്രതികൂലമായി ബാധിക്കാം.

ഒാര്‍ക്കുക, എല്ലാ ബന്ധങ്ങളും ലൈംഗികതയിലടിസ്ഥാനപ്പെടുത്തി മാത്രമല്ല നിലനിൽക്കുന്നത്. പക്ഷേ, പലപ്പോഴും ദാമ്പത്യബന്ധത്തിനുള്ളിൽ സെക്സ് ഉണ്ടാകാതെയിരിക്കുന്നത് ആ ബന്ധത്തിൽ വിള്ളലുണ്ടാക്കിയേക്കാം.

(അഭിപ്രായങ്ങള്‍ വ്യക്തിപരം)