Saturday 29 February 2020 06:30 PM IST : By Muralee Thummarukudy, Neeraja Janaki

ഒറ്റയ്ക്കാവുമ്പോൾ ‘സുരക്ഷ ആന്റിന’ ഏറ്റവും അലേർട്ട് ആയിരിക്കണം; ‘നോ’ പറയേണ്ടിടത്ത് ശക്തമായി പ്രതികരിക്കണം!

muralee-thummaruugh97t5

അപരിചിതരാണ് അക്രമികൾ എങ്കിൽ ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെ ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ക്കാവണം ആദ്യ മുൻഗണന. ഈ ഘട്ടം ജീവനോടെ തരണം ചെയ്യുകയും സുരക്ഷിതമായ സാഹചര്യത്തിൽ എത്തുകയും ചെയ്താൽ പിന്നെ ചെയ്യാനുള്ളത് മൂന്നു കാര്യങ്ങളാണ്.

1. െപാലീസിൽ റിപ്പോർട്ട് ചെയ്യൽ

ബലാത്സംഗം സംഭവിച്ചാല്‍ എത്രയും െപട്ടെന്ന് െപാലീസിൽ റിപ്പോർട്ടു ചെയ്യുക. സാഹചര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം അതിജീവിച്ച വ്യക്തിയെ െപട്ടെന്ന് വൈദ്യ പരിശോധനക്കു വിധേയമാക്കുകയും േവണം. കുറ്റവാളിയെ ശിക്ഷിക്കാനുള്ള നിർണായകമായ തെളിവുകൾ- ഡി എൻഎ ഉൾപ്പെടെ- ഈ പരിശോധനയുടെ സമയത്താണ് ലഭിക്കാൻ സാധ്യതയുള്ളത്. അതുകൊണ്ടു തന്നെ മെഡിക്കൽ പരിശോധനയ്ക്കു മുൻപ് കുളിക്കുകയോ ശരീരം തുടക്കുകയോ കഴുകിക്കളയുകയോ ചെയ്യരുത്.

2 . ശാരീരികമായ ആരോഗ്യം

ബലാത്സംഗ ശ്രമത്തിൽ ഇരയ്ക്ക് പരുക്കു  പറ്റാനുള്ള സാധ്യത ഏറെ ഉണ്ട്. മാത്രമല്ല, ലൈംഗിക രോഗങ്ങൾ അക്രമിയിൽ നിന്നു പകരാനും സാധ്യതയുണ്ട്. അതുകൊണ്ടു  നിയമപരമായ പരിശോധനകൾ കഴിഞ്ഞാലുടൻ എയ്ഡ്സ് ഉൾപ്പടെയുള്ള ലൈംഗിക രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കണം. മറ്റു പരുക്കുകൾക്കു വേണ്ടത്ര ചികിത്സ തേടണം.

3. മാനസിക പിന്തുണ

വികസിത രാജ്യങ്ങളിൽ ബലാത്സംഗം ചെയ്യപ്പെട്ടവർക്ക് ‘ഇമോഷനൽ ഫസ്റ്റ് എയ്ഡ്’ കൊടുക്കാനുള്ള സംവിധാനമുണ്ട്. ബലാത്സംഗം ഉണ്ടാക്കുന്ന മാനസിക മുറിവുകൾ ഏറെ വലുതാണ്, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതും. അതുകൊണ്ടു തന്നെ ഏറെ നീണ്ടുനിൽക്കുന്ന മാനസികമായ പരിചരണത്തിലൂടെയും വേണ്ടിവന്നാൽ ചികിത്സയിലൂടെയും മാത്രമേ ഇരയെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ സാധിക്കൂ. ഇക്കാര്യത്തിൽ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്.

വ്യക്തിപരമായി ചെയ്യാവുന്ന കാര്യങ്ങൾ

1. ബലാത്സംഗ വാർത്തകൾ മാധ്യമങ്ങളിൽ അമിത പ്രാധാന്യം നേടാറുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ചുറ്റും ഒരു ‘ബലാത്സംഗ സംസ്കാരം’ ഉണ്ടെന്നൊക്കെ ആളുകൾക്ക് തോന്നാം. കണക്കുകൾ വച്ച് നോക്കിയാൽ ഇക്കാര്യം ശരിയല്ല. കേരളത്തിൽ ഒരാൾ ബലാത്സംഗത്തിന് ഇരയാകാനുള്ള സാധ്യത ഏതാണ്ട് ഒരു ലക്ഷത്തിൽ ആറാണ്. അതിൽ തന്നെ അപരിചിതരാൽ ബലാത്സംഗം ചെയ്യപ്പെടാനുള്ള സാധ്യത പത്തുലക്ഷത്തിൽ ഒന്നിലും താഴെ. ഒരു റോഡപകടത്തിൽ മരിക്കാനുള്ള സാധ്യത പതിനായിരത്തിൽ ഒന്നും റോഡപകടത്തിൽ ഉൾപ്പെടാനുള്ള സാധ്യത ആയിരത്തിൽ ഒന്നും ആണെന്ന് ഓർക്കണം. അപ്പോൾ ലൈംഗിക അതിക്രമത്തെ പറ്റി നാം ബോധവാന്മാരായിരിക്കേണ്ടതു പോലെ തന്നെ മറ്റുള്ള സുരക്ഷാ വിഷയങ്ങളെ അപേക്ഷിച്ച് ഏറെ പേടിക്കേണ്ടതോ ബലാത്സംഗ സാധ്യതകളോർത്തു വീടിനകത്തും പുറത്തുമുള്ള നമ്മുടെ എല്ലാ പെരുമാറ്റങ്ങളും പരിപാടികളും മാറ്റിവയ്ക്കേണ്ട കാര്യമില്ല.

2. അതേ സമയം തന്നെ ബലാത്സംഗം ആർക്ക് നേരെയും സംഭവിക്കാവുന്നതാണെന്ന് പ്രത്യേകം ഓർക്കണം. ഇതിന് വലുപ്പ ചെറുപ്പമോ ജാതിയോ മതമോ സാമ്പത്തിക നിലയോ ഒന്നും പ്രശ്നമല്ല. െചറിയ കുട്ടികൾ പോലും  ബലാത്സംഗത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ വിഷയത്തിലെ ബോധവൽക്കരണം എല്ലാവരിലും എത്തണം, മുൻകരുതലുകൾ എല്ലാവരും എടുക്കുകയും വേണം.

3. ബലാത്സംഗങ്ങൾ നൂറിൽ തൊണ്ണൂറ്റി എട്ടും സംഭവിക്കുന്നതു പരിചിതരായ ആളുകളിൽ നിന്നായതുകൊണ്ട് ‘കൺസെന്റ് ’ എന്ന സങ്കൽപം – സ്വന്തം സമ്മതമില്ലാതെ നമ്മുടെ ശരീരത്തിൽ സ്പർശിക്കാൻ ആർക്കും അവകാശമില്ല എന്ന ചിന്ത- ഏറ്റവും ചെറുപ്പത്തിലേ കുട്ടികള്‍ക്കു പറഞ്ഞു മനസ്സിലാക്കി െകാടുക്കണം. അനാവശ്യ സ്പര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ ശക്തമായി ‘NO’ പറയാനും എന്നിട്ടും ശ്രമങ്ങൾ തുടരുകയോ ബലാത്സംഗം ഉണ്ടാകുകയോ ചെയ്താൽ വിശ്വസ്തരായ മുതിർന്നവരോടു പറയാനും കുട്ടികളെ പഠിപ്പിക്കണം. മുതിര്‍ന്നവരുെട േനരേ, ഏതൊരു സാഹചര്യത്തിലും ബന്ധുക്കളിൽ നിന്നോ പരിചയക്കാരിൽ നിന്നോ ശരീരത്തിൽ സമ്മതമില്ലാതെ സ്പർശിക്കാൻ ശ്രമം ഉണ്ടായാല്‍, ആ സമയത്തു തന്നെ ശക്തമായി പ്രതികരിക്കണം. ആദ്യത്തെ മുന്നറിയിപ്പിൽ പിന്തിരിഞ്ഞില്ലെങ്കിൽ വിഷയം മറ്റുള്ളവരോടോ അധികാരികളോടോ പറയുകയും വേണം.

4. സ്വന്തം വീടുകളിൽ അച്ഛനോടോ സഹോദരനോടോ ഒപ്പം ഒറ്റയ്ക്കാകുക, അല്ലെങ്കിൽ അവരുടെകൂടെ രാത്രിയിൽ യാത്ര ചെയ്യുക എന്നതൊന്നും ഒഴിവാക്കാനാകില്ല. പൂർണ വിശ്വാസം ഇല്ലാത്ത ബന്ധുക്കൾ, പരിചയക്കാർ, നാട്ടുകാർ എന്നിവരെ വീട്ടിലേക്കു ക്ഷണിക്കുമ്പോഴോ ഓഫിസി ൽ ഒറ്റക്കിരിക്കുമ്പോഴോ അവരുടെ വീടുകളിലേക്കു പോകുമ്പോഴോ യാത്ര പോകുമ്പോഴോ ഹോട്ടലുകളിൽ തങ്ങുമ്പോഴോ ഒക്കെ നമ്മുടെ ‘സുരക്ഷ ആന്റിന’ ഏറ്റവും അലേർട്ട് ആയിരിക്കണം. ഉറങ്ങുമ്പോൾ നമ്മുടെ മുറി ഉള്ളിൽ നിന്നു ലോക്ക് െചയ്യണം.
മദ്യപിച്ചോ മയക്കുമരുന്നുകൾ ഉപയോഗിച്ചോ സ്ഥിരബോധം നഷ്ടപ്പെട്ടു പോകാന്‍ ഇടയാക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാക്കരുത്. നമ്മുടെ ഒാരോ പ്രവര്‍ത്തിയും വിലയിരുത്താനുള്ള െസന്‍സും െസന്‍സിബിലിറ്റിയും എപ്പോഴും ഉണ്ടാകണം.

5. പരിചയമില്ലാത്ത സ്ഥലത്തേക്കു യാത്ര പോകുമ്പോൾ അവിടുത്തെ സുരക്ഷാ പ്രശ്നങ്ങൾ വായിച്ചു മനസ്സിലാക്കണം. ലോകത്തിലെ പല  നഗരങ്ങളും പകൽ പോലും സ്ത്രീകൾക്ക് സുരക്ഷിതമല്ല. പരിചയമില്ലാത്ത ഏതു സ്ഥലമായാലും അവിടെ പകൽ സമയത്ത് എത്താൻ ശ്രമിക്കുക, അവിടെ പരിചയമുള്ളവരോടോ താമസിക്കുന്ന ഹോട്ടലുകാരോടോ നിങ്ങളെ കാത്തുനിൽക്കാൻ പറയുക, അവരുടെ വാഹനത്തിലോ, അവർ അയച്ച വാഹനങ്ങളിലോ, വിശ്വസിക്കാവുന്ന ടാക്സികളിലോ, പൊതുഗതാഗതമാർഗങ്ങളോ  മാത്രമേ ഉപയോഗിക്കാവൂ.

6. എവിെട യാത്ര ചെയ്യുമ്പോഴും നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളോട് എവിടെ പോകുന്നു, എപ്പോൾ അവിടെ എത്തും എന്നൊക്കെ മുൻ‌കൂർ പറഞ്ഞിരിക്കണം. ഇടയ്ക്കിടക്ക് വിളിക്കുകയും വേണം. പരിചയമില്ലാത്ത വാഹനങ്ങളിൽ (ഓഫിസ് ടാക്സികളിലോ ഉബറിലോ) ഒക്കെ കയറിയാൽ ഡ്രൈവറുടെ പേര് ചോദിച്ചു ഉറക്കെ ടാക്സി നമ്പറും പേരും ഈ വിശ്വസ്ത സുഹൃത്തിനോട് വിളിച്ചു പറയണം. ഇപ്പോൾ ലൊക്കേഷൻ ഷെയറിങ് ലഭ്യമായതിനാൽ റയിൽവേ സ്റ്റേഷനിൽ നിന്ന് ഓഫിസിലേക്കോ വീട്ടിലേക്കോ പോകുന്ന സാഹചര്യത്തിൽ നിങ്ങളുടെ ലൈവ് ലൊക്കേഷൻ വിശ്വസ്തരായ ആളുകളുമായി  ഷെയർ ചെയ്തു തുടങ്ങുന്നത് ഒരു നല്ല സുരക്ഷാ ക്രമം ആണ്.

7. കുട്ടികളെ ഒരു കാരണവശാലും ഏറ്റവും വിശ്വസ്തരല്ലാത്തവരുടെ കൂടെ യാത്രകൾക്ക് അയക്കരുത്, വിശ്വാസമില്ലാത്തവരുടെ കൂടെ ഒറ്റയ്ക്കു താമസിക്കാൻ അനുവദിക്കുകയും അരുത്. (സുഹൃത്തുക്കളുടെ വീട്ടിൽ ആണെങ്കിൽ പോലും). അത്തരം സാഹചര്യം ഉണ്ടായാൽ ദിവസത്തിൽ പല തവണ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കണം.

8. ബലാത്സംഗശ്രമമോ ബലാത്സംഗമോ ഉണ്ടായാൽ അതു  റിപ്പോർട്ട് ചെയ്യാൻ മടിക്കരുത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ കുറ്റവാളി രക്ഷപെടും എന്നതു മാത്രമല്ല പ്രശ്നം, നമ്മുടെ മാനസികാരോഗ്യത്തെ അതു  കൂടുതൽ ബാധിക്കും. പോരാത്തതിന് ബന്ധുക്കളോ പരിചയക്കാരോ ആണെങ്കിൽ അവർ ഇതൊരവസരമായെടുത്ത് ഈ കുറ്റകൃത്യം ആവർത്തിക്കുകയും ചെയ്യും.

9. ഒരു തരത്തിലുള്ള പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങി കൊടുക്കരുത്. ഏതെങ്കിലും സാഹചര്യത്തിൽ സംഘടിപ്പിച്ചെടുത്ത നഗ്നചിത്രങ്ങൾ കാണിച്ചൊക്കെ ബലാത്സംഗങ്ങൾ നടത്തുന്നത് നമ്മൾ ഏറെ കേട്ടിട്ടുള്ള വാർത്തകൾ ആണ്. ബ്ലാക്മെയ്‌ലിങ്ങിന് ഒരിക്കൽ വഴങ്ങിക്കൊടുത്താൽ അതിൽ നിന്ന് ഒഴിഞ്ഞുപോകാൻ പിന്നെ ഏറെ ബുദ്ധിമുട്ടാകും. അതുകൊണ്ട് ആദ്യ ശ്രമത്തിൽ തന്നെ റിപ്പോർട്ട് ചെയ്യണം.

10. സമൂഹമാധ്യമങ്ങൾ ആളുകളെ പരിചയപ്പെടാനുള്ള നല്ല മാർഗം ആണ്. നല്ല സുഹൃത്തുക്കളെ പലര്‍ക്കും സമൂഹ മാധ്യമങ്ങൾ വഴി ലഭിച്ചിട്ടുമുണ്ട്. അതേ സമയം സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളേയും മുതിർന്നവരെയും പരിചയപ്പെട്ട് പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുന്ന സംഭവങ്ങളും കൂടി വരുന്നു. സമൂഹ മാധ്യമങ്ങളിൽ നാം കാണുന്ന വ്യക്തി ‘യഥാർഥ വ്യക്തി’യല്ല എന്ന് എപ്പോഴും ഓർക്കുക. കുട്ടികളെ ഈ കാര്യം പറഞ്ഞു മനസ്സിലാക്കുക, അവരുടെ ഓൺലൈൻ സൗഹൃദങ്ങൾ ശ്രദ്ധിക്കുക. ആദ്യമായി ഓൺലൈൻ സുഹൃത്തിനെ കാണുന്നതു പൊതുസ്ഥലത്തു വച്ചാക്കുക.

ബലാത്സംഗ കുറ്റത്തിന് വധശിക്ഷ വേണോ ?

അതിക്രൂരമായ ബലാത്സംഗങ്ങൾ ഉണ്ടാകുമ്പോഴെല്ലാം കുറ്റവാളിക്ക് വധശിക്ഷ നൽകണം എന്ന മുറവിളി ഉയരാറുണ്ട്. ബലാത്സംഗികളെ െപാലീസ് വെടിവച്ചു കൊന്നതു േപാലും ബഹുഭൂരിപക്ഷം ജനങ്ങളും പിന്തുണച്ചു. എന്നാല്‍ ബലാത്സംഗത്തിന് വധശിക്ഷ നൽകുന്നത് ഇരകൾക്ക് നീതി ലഭിക്കുന്നതിനേക്കാൾ കൂടുതൽ കുഴപ്പം ഉണ്ടാകാനേ സഹായിക്കൂ എന്നാണ് ലോകമെമ്പാടും വിദഗ്ധരുെട അഭിപ്രായം. ഒന്നാമത് ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷ ഒന്നു തന്നെ ആക്കിക്കഴിഞ്ഞാൽ കൂടുതൽ ഇരകൾ കൊല്ലപ്പെടാനുള്ള സാധ്യത വർധിക്കുമെന്നാണ് അവര്‍ പറയുന്നത്.

‘ഇര’യെ ഇല്ലാതാക്കിയാല്‍ ബലാത്സംഗത്തിലെ ഒന്നാമത്തെ സാക്ഷിയെ ഇല്ലാതാക്കുമെന്നു മാത്രമല്ല, അക്രമിയെ കണ്ടുപിടിക്കപ്പെടാനും അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടാനുമുള്ള സാധ്യത കുറയുമെന്നും അയാള്‍ കണക്കുകൂട്ടും.

ബലാത്സംഗത്തിനു വധശിക്ഷ എന്നു നിയമം വരികയും അതിക്രമി കുടുംബാംഗമോ പരിചയക്കാരനോ ആകുകയും െചയ്താല്‍ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാതിരിക്കാനും അല്ലെങ്കിൽ വിചാരണ സമയത്തു കൂറുമാറാനും ഇരയുെട േമലുണ്ടാകുന്ന സമ്മർദം വളരെ കൂടും. വേണ്ടപ്പെട്ട ഒരാള്‍ക്കുണ്ടാകുന്ന വധശിക്ഷ ഒഴിവാക്കാന്‍ ആകും പിന്നീടുള്ള ശ്രമമെല്ലാം. ഇപ്പോഴത്തേക്കാൾ കൂടുതൽ പ്രതികൾ അങ്ങനെ രക്ഷപ്പെടും.

(അഭിപ്രായങ്ങള്‍ വ്യക്തിപരം)

Tags:
  • Health Tips
  • Columns
  • Glam Up