Saturday 08 January 2022 02:37 PM IST

‘മറ്റുള്ളവരുടെ ഭാര്യയെ ഞാൻ തുറിച്ചു നോക്കും, എന്റെ ഭാര്യയെ മറ്റുള്ളവർ അങ്ങനെ നോക്കാൻ പാടില്ല’: മലയാളിയുടെ ലൈംഗികമനോഭാവം ഇപ്പോഴും അടഞ്ഞുതന്നെ!

V R Jyothish

Chief Sub Editor

sex-nayarana4455
പ്രമുഖ സെക്സോളജിസ്റ്റ്- ഡോ. ഡി. നാരായണറെഡ്ഡി, ദേഗാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ

സ്വയംഭോഗത്തെക്കുറിച്ച് പുതിയ തലമുറയുടെ സമീപനം എന്താണ്? സ്വയംഭോഗത്തിൽ ഏർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നുണ്ടോ? 

കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഞാൻ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന വിഷയമാണ് സ്വയംഭോഗം. ഇന്നും കൂടുതൽ പേരും എന്നോട് എഴുതി ചോദിക്കുന്നതും സ്വയംഭോഗത്തെക്കുറിച്ചാണ്. പരിമിത സ്വയംഭോഗം അ‌നുവദനീയമാണ് എന്ന അഭിപ്രായം ഞാൻ അന്നും ഇന്നും പ്രകടിപ്പിക്കുന്നു. വിവാഹപ്രായം വർധിക്കുകയും വിവാഹങ്ങൾ വൈകുകയും ചെയ്യുന്നതിനാൽ സ്വയംഭോഗം ചെയ്യാറുണ്ടെന്ന് കൂടുതൽ സ്ത്രീകൾ തുറന്നു സമ്മതിക്കുന്നു. 

സ്വയംഭോഗം ഹാനികരമാണെന്നു പലരും കരുതുന്നുവെന്നതാണ് ഇതേക്കുറിച്ചുള്ള ഏറ്റവും ദുഃഖകരമായ കാര്യം. അതിനാൽ പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോൾ അവർക്ക് കുറ്റബോധം തോന്നുന്നു. അതിന്റെ ആവശ്യമേയില്ല എന്നാണ് എന്‍റെ അഭിപ്രായം. 

ലൈംഗികതയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയം ഇതാണ്. ഒരുപാടു കഥകളും സങ്കല്‍പങ്ങളും ഉണ്ട്. അതിനാല്‍, ‘എല്ലാ മിത്തുകളുടെയും അമ്മ’ എന്നിതിനെ വിശേഷിപ്പിക്കാനാണ് എന്റെ ആഗ്രഹം.

കൗമാരപ്രായത്തിലുള്ള പെൺകുട്ടികളാണ് പലപ്പോഴും ചൂഷണത്തിന് ഇരയാകുന്നത്. വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് ചതിക്കുകയുമാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് കൗമാരക്കാർ ഇത്തരം ചതികളിൽ പെട്ടെന്നു വീണുപോകുന്നത്?

കൗമാരബന്ധങ്ങളിൽ ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള കഴിവില്ലായ്മ കാരണം കുട്ടികൾ ഇരകളാകുന്നു. അവർക്ക് കൂടുതൽ അറിയില്ല. വേട്ടക്കാർ അവരെ ഭീഷണപ്പെടുത്തുകയോ പ്രലോഭനങ്ങളിൽ കൊണ്ടിടുകയോ ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് കുട്ടികളെ മാറ്റിനിർത്തുക. അവർക്ക് കൃത്യമായ ലൈംഗികവിദ്യാഭ്യാസം നൽകുക. 

സ്കൂളുകളില്‍ കിട്ടാത്ത പാഠങ്ങള്‍ വീട്ടില്‍ മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കുക. ആധികാരികമായ മാസികകളെയും പുസ്തകങ്ങളെയും  ഇതിനാശ്രയിക്കുക. നമ്മുടെ സമൂഹത്തിൽ ഇതൊരു വലിയ വിഷയമാണെന്ന് പതിറ്റാണ്ടുകളായി ഞാൻ പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. 

മൂടിവയ്ക്കപ്പെട്ട ലൈംഗികത(Closed Sex) യിൽ നിന്ന് തുറന്ന ലൈംഗികത (Open Sex) എന്ന അവസ്ഥയിലേക്കു പോകുകയാണോ മലയാളി സമൂഹം?

ഞാൻ അങ്ങനെ കരുതുന്നില്ല. എനിക്ക് നിരീക്ഷിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം, മലയാളികൾ മുൻപത്തേക്കാൾ കൂടുതൽ ലൈംഗികമായ ആശങ്കകൾ പങ്കുവയ്ക്കുന്നു എന്നതാണ്. ലൈംഗികതയുടെ കാര്യത്തിൽ ഇപ്പോഴും ഗോപ്യമായ സമീപനം തന്നെയാണ് മലയാളികൾക്കുള്ളത്. മാത്രമല്ല ‘മറ്റുള്ളവരുടെ ഭാര്യയെ ഞാൻ തുറിച്ചു നോക്കും. എന്റെ ഭാര്യയെ മറ്റുള്ളവർ അങ്ങനെ നോക്കാൻ പാടില്ല’ ഈ മനോഭാവമാണ് ഒട്ടുമിക്ക പുരുഷന്മാർക്കും. സ്ത്രീകൾക്കാകട്ടെ സുന്ദരനായ ഒരു ആണിനെ കണ്ടാൽ ഒന്നു നോക്കണമെന്നുണ്ട് എന്നാൽ മറ്റുള്ളവർ എന്തെങ്കിലും വിചാരിച്ചാലോ എന്നു കരുതി നോക്കാറില്ല. മലയാളിയുടെ ലൈംഗികമനോഭാവം ഇപ്പോഴും അടഞ്ഞുതന്നെയാണ്.

മാറിയ സാഹചര്യങ്ങളിൽ ഏതു രീതിയിലുള്ള ലൈംഗിക പ്രശ്നങ്ങളുമായാണ് കൂടുതൽ പേരും താങ്കളെ സമീപിക്കുന്നത്?

സൈബർലോകം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ കൂടുതലാണ്. അതു പലപ്പോഴും മാനസികമാണ്. ചെറുപ്പക്കാരാണ് അതിന്റെ ഇരകൾ. ദാമ്പത്യേതര ബന്ധങ്ങൾ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ രോഗാവസ്ഥയും ഉണ്ട്. 

ചികിത്സ തേടിയെത്തുന്നവരിൽ കൂടുതലും ശാരീരികരോഗങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഉദ്ധാരണക്കുറവ്, പുരുഷന്മാരിൽ അകാലസ്ഖലനം, ആഗ്രഹക്കുറവ്, രതിമൂർച്ഛയുടെ അഭാവം, സ്ത്രീകളിലെ വേദനാജനകമായ ലൈംഗികത തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ട്. 

ലൈംഗികപകർച്ചാവ്യാധികളുമായി എത്തുന്നവർ കുറവാണ്. സ്ത്രീകൾ ചികിത്സയ്ക്ക് എത്തുന്നതും നല്ല പ്രായമുള്ളവർ ചികിത്സയ്ക്കു വരുന്നതും ലൈംഗിക ചികിത്സാരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളാണ്.

ലൈംഗികവിജ്ഞാനം കൂടുന്നത് ലൈംഗികജീവിതം ആരോഗ്യകരമാക്കാൻ സഹായിക്കുമോ?  

ലൈംഗികാഭിലാഷം കൂടുകയും പ്രവർത്തനം കുറയുകയും െചയ്യുന്ന മനോവൈകല്യം ചിലർ പ്രകടിപ്പിക്കാറുണ്ട്. സ്ഥിരമായി മദ്യപിക്കുന്നവരിൽ ഈ വൈകല്യം കാണാറുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവരിലും ഈ മനോവൈകല്യം കണ്ടുവരുന്നുണ്ട്. ഇന്ന് നമ്മുടെ സമൂഹത്തിന്റെ പൊതുവായ അവസ്ഥ ഇത്തരം വൈകല്യമുള്ളവരുടേതിനു തുല്യമാണ്.

സോഷ്യൽമീഡിയയുടെ ഇടപെടൽ കൊണ്ട് ലൈംഗികതാൽപര്യം കൂടുതൽ പ്രകടിപ്പിക്കുകയും പ്രകടനം മോശമാക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരം ലൈംഗികാഭിലാഷം വർധിപ്പിക്കുന്നതിനേക്കാൾ, ആളുകൾ ആരോഗ്യകരമായ ലൈംഗികജീവിതരീതികൾ വളർത്തിയെടുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കിലേ ഈ പറഞ്ഞ വൈകല്യത്തിൽ നിന്നു രക്ഷപ്പെടാൻ കഴിയൂ.

ലൈംഗിക ഉത്തേജക മരുന്നുകളുടെ വലിയ വിപണിയാണു കേരളം. ഇത് ലൈംഗിക അനാരോഗ്യത്തെയാണോ സൂചിപ്പിക്കുന്നത്. 

ഒരു പ്രവൃത്തി െചയ്യാൻ മരുന്നു കഴിക്കണം എ ന്നു പറയുന്നത് അനാരോഗ്യമായ പ്രവണതയാണ്. എ ന്നാൽ ലൈംഗികതയുടെ കാര്യത്തിൽ അത് അനാരോഗ്യം കൊണ്ടല്ല അമിതമായ ആശങ്ക കൊണ്ടാണ് സംഭവിക്കുന്നതെന്നു മാത്രം. ലൈംഗിക ഉത്തേജനം വർധിപ്പിക്കുന്ന മരുന്നുകളുടെ പരസ്യങ്ങൾ കേരളത്തിൽ  പൊതുയിടങ്ങളിൽ പോലും പതിച്ചിരിക്കുന്നതു കാണാം. ഇത് അത്ര ആരോഗ്യകരമെന്നു തോന്നുന്നില്ല. 

ഓൺലൈൻ വ്യാപാരം നടക്കുന്നതുകൊണ്ട് ലൈംഗിക കളിപ്പാട്ടങ്ങളും ഇപ്പോള്‍ വ്യാപകമാണ്. വാങ്ങുന്നത് പുരുഷന്മാര്‍ ആണെങ്കിലും ഉപയോഗിക്കുന്നത് സ്ത്രീകളാണെന്ന് േകസ് സ്റ്റഡികള്‍ സൂചിപ്പിക്കുന്നു.   

ലൈംഗികതയുടെ ആനന്ദം എങ്ങനെ പൂർണമായി ഉൾക്കൊള്ളാനാകും ?

യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളുമായി ലൈംഗികതയെ സമീപിക്കാതിരിക്കുക. അവരവരുടെ ലൈംഗിക ആവശ്യങ്ങൾ പങ്കാളികളോട് തുറന്നുപറയാൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കുക. ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്ന പഞ്ചസാരയ്ക്ക് ഒരുപോലെ മധുരമാണ് എന്ന യാഥാർഥ്യം ഉൾക്കൊള്ളുക. 

തെറ്റായ അവകാശവാദങ്ങളുള്ള സാമൂഹികമാധ്യമങ്ങളെയും ഇലക്ട്രോണിക് മീഡിയയെയും വിശ്വസിക്കുന്നതിനേക്കാൾ പ്രഫഷനൽ മാർഗനിർദേശം തേടാനുള്ള ശ്രമം നടത്തുക. രോഗങ്ങളുണ്ടെങ്കിൽ ചികിത്സിക്കുക.എല്ലാത്തിനും ഉപരിയായി പങ്കാളികളോട് സ്നേഹവും വിശ്വാസവും പുലർത്തുക.

കടപ്പാട്: പ്രമുഖ സെക്സോളജിസ്റ്റ്- ഡോ. ഡി. നാരായണറെഡ്ഡി, ദേഗാ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ

Tags:
  • Health Tips
  • Glam Up