Wednesday 04 May 2022 11:46 AM IST : By സ്വന്തം ലേഖകൻ

നല്ല വൃത്തിയും വെടിപ്പും നിലനിർത്തി സാലഡ് ഉപയോഗിച്ചില്ലെങ്കിൽ? ഷവർമ വില്ലനാകാതിരിക്കാൻ കഴിക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുറിപ്പ്

shawarma-sulphi

ഭക്ഷ്യ വിഷബാധയേറ്റ് പയ്യന്നൂർ സ്വദേശി ദേവനന്ദ മരണപ്പെട്ടതോടെ ഷവർമയെ കുറിച്ച് പലരിലും ഭയം ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ ഡോക്ടർ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. "നല്ല വൃത്തിയും വെടിപ്പും നിലനിർത്തി സാലഡ് ഉപയോഗിച്ചില്ലെങ്കിൽ മറ്റേതാഹാരത്തിനെക്കാളും അപകടസാധ്യതയുള്ള ഒന്നാണ് സാലഡുകൾ. ഇതിനോടൊപ്പം ഉപയോഗിക്കുന്ന മയോണൈസ് അപകടം കൂട്ടാൻ സാധ്യതയുണ്ട്. ഇതൊക്കെയാണ് ഷവർമയുടെ കൊമ്പ്."-  ഡോക്ടർ സുൽഫി നൂഹു പറയുന്നു. 

ഡോക്ടർ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഷവർമ കഴിക്കാമോയെന്നാണ് നാലുപാടും ചോദ്യം? ഷവർമക്കെന്താ കൊമ്പുണ്ടോയെന്നാണ് ചോദ്യത്തിന്റെ അർഥവും? ഷവർമക്ക് ചെറിയൊരു കൊമ്പുണ്ട്! എന്നാൽ ഷവർമ തീർച്ചയായും  കഴിക്കാം. ഷവർമയുടെ കൊമ്പെന്താ? ആ കൊമ്പൊടിക്കാനുള്ള മാർഗങ്ങൾ?

ആദ്യം ഷവർമ കൊമ്പ്. ഷവർമ പാചകം ചെയ്യുന്ന രീതിയും മാംസം സൂക്ഷിക്കുന്ന രീതിയും തന്നെയാകണം ഷവർമയുടെ കൊമ്പ്.

മാംസം വേകാതെ കഴിച്ചാൽ ബാക്ടീരിയയും വൈറസും വളർന്നു പന്തലിച്ച ടോക്സിനുകൾ പുറത്തുവിട്ടു മരണ കാരണമാകും. കെട്ടി തൂക്കിയിട്ട് പാചകം ചെയ്യുമ്പോൾ അതിന്റെ ഒരംശം വേകാതിരിക്കുകയും ആ ഭാഗത്തെ ബാക്ടീരിയകൾ, മറ്റ് രോഗാണുക്കൾ എന്നിവ ഇരട്ടിക്കുകയും തുടർന്ന്പുറത്തുവിടുന്ന ടോക്സിൻസ് മരണകാരണമാകാൻ സാധ്യത കൂടുകയും ചെയ്യും.

ഷവർമയോടൊപ്പം ഉപയോഗിക്കുന്ന സാലഡുകളും വില്ലൻ. നല്ല വൃത്തിയും വെടിപ്പും നിലനിർത്തി സാലഡ് ഉപയോഗിച്ചില്ലെങ്കിൽ മറ്റേതാഹാരത്തിനെക്കാളും അപകട സാധ്യതയുള്ള ഒന്നാണ് സാലഡുകൾ. ഇതിനോടൊപ്പം ഉപയോഗിക്കുന്ന മയോണൈസ്  അപകടം കൂട്ടാൻ സാധ്യതയുണ്ട്. ഇതൊക്കെയാണ് ഷവർമയുടെ കൊമ്പ്.

അപ്പോൾ ആ കൊമ്പ് ഒടിച്ചാലോ! ഷവർമക്ക് വേണ്ടി വെയിറ്റ് ചെയ്യുമ്പോൾ ധൃതി കൂട്ടരുത്. അത് നല്ലവണ്ണം വേകട്ടെ. നമ്മുടെ മുന്നിൽതന്നെ പാചകം നടക്കുന്നതിനാൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ആഹാരം കഴിക്കുന്ന ആളിനും ഉത്തരവാദിത്വമുണ്ട്. നല്ലവണ്ണം വെന്തില്ല എന്ന് കാണുകയാണെങ്കിൽ കഴിക്കരുത്, കഴിക്കാൻ നിൽക്കരുത്.

നല്ല  മാംസം ശേഖരിച്ച് വൃത്തിയായി വെടിപ്പോടെ സൂക്ഷിക്കുന്ന കടകൾ തന്നെയെന്ന് ഒറ്റനോട്ടത്തിൽ പറയാൻ കഴിയില്ലെങ്കിലും അത് പരിശോധിക്കുവാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. മാംസം മാത്രമല്ല സാലഡും  മയണെസും മറ്റെല്ലാം വൃത്തിയായിതന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടാൻ നമുക്ക് കഴിയണം. ഇതൊന്നു മാത്രമല്ല, ഷവർമ ഉണ്ടാക്കുന്ന ജീവനക്കാരൻ വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക.

ഗ്ലൗസുകൾ ധരിച്ചിട്ടുണ്ടെന്നും ഗ്ലൗസ് ധരിച്ചിട്ട് മറ്റ് പ്രതലങ്ങളിൽ തൊടുന്നില്ല എന്നും ഉറപ്പാക്കണം. അപ്പോൾ ഷവർമ കഴിക്കാമോ? ഷവർമ തീർച്ചയായും കഴിക്കാം. ഡെലിവറി ബോയ് വഴി തൽക്കാലം വേണ്ട. ഷവർമയുടെ പാചകം നേരിട്ട് കണ്ടു ഉറപ്പിച്ചാൽ തീർച്ചയായും കഴിക്കാം. നല്ല രീതിയിൽ പാചകം ചെയ്താൽ പ്രോട്ടീൻ കൂടുതലടങ്ങിയ നല്ല ആഹാരം തന്നെയാണ് ഷവർമ. പക്ഷേ, ഷവർമയുടെ കൊമ്പ് വെട്ടുന്നുവെന്ന് ഉറപ്പാക്കണം. അത്രമാത്രം.

Tags:
  • Health Tips
  • Glam Up