Tuesday 03 May 2022 12:01 PM IST : By സ്വന്തം ലേഖകൻ

രോഗതീവ്രത കൂടിയാൽ നാഡീവ്യൂഹത്തിന് തകരാറുകൾ, വിളർച്ച; ഷിഗെല്ല രോഗബാധ, കുടിവെള്ളത്തിൽ വേണം അതീവ ജാഗ്രത

shigella

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ശുദ്ധജല സ്രോതസ്സുകളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകുമ്പോൾ കിട്ടുന്ന ഏതു വെള്ളവും ഉപയോഗിക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മലിനമാക്കപ്പെട്ട ഭക്ഷണവും വെള്ളവും വഴിയാണ് സാധാരണ ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. ഷിഗെല്ലോസിസ് എന്നറിയപ്പെടുന്ന മാരക വയറിളക്ക രോഗങ്ങൾക്ക് ഇത് കാരണമാകും. ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെട്ട സ്രോതസ്സ് ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണം.  

∙ വയറിളക്കം, ശുചിമുറിയിൽ പോകുമ്പോൾ വേദന, വയറുവേദന, പനി, വൻകുടൽ വീക്കം, മലാശയം പുറത്തേക്ക് തള്ളൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

∙ രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ, വിളർച്ച, പ്ലേറ്റ്‌ലെറ്റുകൾ ഗണ്യമായി കുറയുക, വൃക്കകൾ തകരാറിലാകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം. രോഗാണു ശരീരത്തിൽ കയറി ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ 5–7 ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. വയറിളക്കം പൂർണമായി ഭേദമായാലും രോഗിയുടെ ആരോഗ്യക്രമം ശരിയായി വരാൻ മാസങ്ങൾ എടുത്തേക്കാം.

∙ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകൾ നടത്താൻ ശ്രദ്ധിക്കണം. 

∙ വർഷത്തിൽ രണ്ടു തവണയെങ്കിലും, പ്രത്യേകിച്ച് വേനൽക്കാലത്തും മഴക്കാലത്തും ശുദ്ധജല സ്രോതസ്സുകളുടെ ഗുണനിലവാരം അംഗീകൃത ലബോറട്ടറിയിൽ പരിശോധനയ്ക്കു വിധേയമാക്കണം. ജലസ്രോതസ്സും സമീപ പ്രദേശവും വൃത്തിയായി സൂക്ഷിക്കുക. 

Tags:
  • Health Tips
  • Glam Up