Wednesday 24 August 2022 04:51 PM IST

ബ്ലാക് ഫംഗസ് മരണത്തിന്റെ വക്കിലെത്തിച്ചു; സ്റ്റിറോയ്ഡുകള്‍ കഴിച്ച് ശരീരഭാരം 84 കിലോയില്‍! ഷൈനി വീണ്ടും ജീവിതത്തിലേക്ക് ‘ഓടി’ കയറിയത് ഇങ്ങനെ..

Priyadharsini Priya

Senior Content Editor, Vanitha Online

shiny-raje44456

"ആവശ്യമില്ലാത്ത ഡിപ്രഷന്‍, പെട്ടെന്ന് ദേഷ്യം വരുക, മൂഡ് സ്വിങ്സ്, ചൂട്, തണുപ്പ് എന്നിവ അനുഭവപ്പെടുക ഇത്തരം സിഗ്നലുകള്‍ ശരീരം കാണിച്ചു തുടങ്ങിയതോടെ ആര്‍ത്തവവിരാമം ആണെന്നു മനസ്സിലായി. 39ാം വയസ്സില്‍ എന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തു. അതോടെ ശരീരത്തിനു വണ്ണം വയ്ക്കാന്‍ തുടങ്ങി. പിന്നെ എന്തു ചെയ്തിട്ടും ഭാരം കുറയുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ 48 വയസ്സാണ്. രണ്ടു വര്‍ഷം മുന്‍പ് 84 കിലോ ഉണ്ടായിരുന്നത് ഇന്ന് 69 ല്‍ എത്തിനില്‍ക്കുന്നു. ‍ഡയറ്റിനപ്പുറം ഹെല്‍ത്തി ലൈഫ് സ്റ്റൈലിലൂടെയാണ് ഞാന്‍ ഭാരം കുറച്ചത്."- വെണ്ണല സ്വദേശി ഷൈനി രാജേഷിന്റെ വാക്കുകളില്‍ അഭിമാനവും ആത്മവിശ്വാസവും നിറഞ്ഞുനിന്നു. 

‘അഗാര സ്റ്റൈല്‍’ എന്ന പ്രത്യേകതരം ഇന്ത്യന്‍ വര്‍ക് ഔട്ടിലൂടെയാണ് ഷൈനി ആരോഗ്യപരമായി ശരീരഭാരം കുറച്ചത്. അമീര്‍ഖാന്റെ ഗുസ്തി ചിത്രം ‘ദംഗലി’ലെ പോലെ പ്രത്യേകം നിര്‍മിച്ച ‘ഗദകള്‍’ കൊണ്ടാണ് പ്രാക്റ്റീസ്. ആ കഥ വനിതാ ഓണ്‍ലൈനിലൂടെ പങ്കുവയ്ക്കുകയാണ് ഷൈനി രാജേഷ്.

നിനച്ചിരിക്കാതെ ബ്ലാക് ഫംഗസ്.. 

കോവിഡിന്റെ സമത്താണ് നമ്മള്‍ ബ്ലാക് ഫംഗസ് എന്നൊക്കെ നമ്മള്‍ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ കോവിഡിനൊക്കെ മുന്‍പ് ബ്ലാക് ഫംഗസ് ബാധിച്ച് ഐസിയുവില്‍ ആയിരുന്നു ഞാന്‍. പൊതുവെ അലര്‍ജി ഉള്ള കൂട്ടത്തിലാണ് ഞാന്‍. അലര്‍ജി വന്നാല്‍ പെട്ടെന്ന് റെസ്പിറേറ്ററി അറ്റാക്ക് വരും. അങ്ങനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതാണ് ഞാന്‍. അവിടുന്ന് കിട്ടിയതാണോ, അതോ ഇമ്മ്യൂണിറ്റി കുറഞ്ഞിട്ട് വന്നതാണോ എന്നറിയില്ല... നിനച്ചിരിക്കാതെ ബ്ലാക് ഫംഗസ് എന്നെ തേടിയെത്തി.

shiny-rajesh33454

ഇതോടെ ശ്വാസകോശത്തില്‍ ഗുരുതരമായ അണുബാധയുണ്ടായി. ഫംഗല്‍ ഇന്‍ഫെക്ഷന്‍ സാധാരണ വൈറസ് ബാധ പോലെയല്ല, അത്ര പെട്ടെന്ന് മാറില്ല. ഡോക്ടര്‍മാര്‍ പറഞ്ഞു, ഞാന്‍ ചിലപ്പോഴേ രക്ഷപ്പെടുള്ളൂ എന്ന്. കാന്‍സര്‍ വന്നവര്‍ക്ക് വരുന്ന ഇന്‍ഫെക്ഷന്‍ ആണിത്. വന്നു കഴിഞ്ഞാല്‍ രക്ഷപ്പെടാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. എടുക്കുന്ന മെ‍ഡിസിനുകളൊക്കെ ഡോസ് കൂടിയതാണ്. മറ്റു അവയവങ്ങളെ കൂടി ഇതു ബാധിക്കും. കണ്ണിന്റെ കാഴ്ച കുറയും, ലിവര്‍- കിഡ്നി ഫംഗ്ഷന്‍ ഇവയെയെല്ലാം ഇത് ബാധിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ രക്തം പരിശോധിക്കണമായിരുന്നു. 

അധികം വൈകാതെ ഞാന്‍ ഡയബെറ്റിക് ആയി. ഇന്‍സുലിന്‍ ഇന്‍ജെക്ഷനുകള്‍ ജീവിതത്തിന്റെ ഭാഗമായി മാറി. തനിയെ നടക്കാനൊന്നും പറ്റില്ല. കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഭാരം പിന്നേയും കൂടി. രണ്ടു- മൂന്നു മാസം ഭയങ്കര കഷ്ടപ്പാടായിരുന്നു. കൊച്ചി റെനെ മെഡ്സിറ്റിയില്‍ ഡോ. സുബിന്റെ ട്രീറ്റ്മെന്റില്‍ ആയിരുന്നു. ആറു മാസം എടുത്തു വീണ്ടും ഓഫിസില്‍ പോകാനായിട്ട്. 

അലര്‍ജിയുടെ മരുന്നുകള്‍ ജീവിതകാലം മുഴുവനും കഴിക്കണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടു, മൂന്നു മാസം ഞാന്‍ അവര്‍ പറഞ്ഞതുപോലെ അനുസരിച്ചു. പിന്നെ ഞാന്‍ എല്ലാം വിട്ടു. എന്റെതായ രീതിയില്‍ വ്യായാമം ചെയ്തു തുടങ്ങി. ഭര്‍ത്താവ് മാരത്തണ്‍ ഓട്ടക്കാരനാണ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഉള്ള ആളാണ്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ഓടാനൊക്കെ പോയി തുടങ്ങി. സോള്‍സ് ഓഫ് കൊച്ചി എന്ന പേരില്‍ ഒരു റണ്ണിങ് ഗ്രൂപ്പ് ഉണ്ട്. അവരുടെ ഒപ്പം ഓടി തുടങ്ങി.

shiny-rajesh4422

അവിടെവച്ചാണ് കൊച്ചിന്‍ ഓള്‍ഡ് സ്കൂള്‍ സ്ട്രെങ്ത് ട്രെയ്നിങ് ഗ്രൂപ്പിനെ കുറിച്ച് അറിഞ്ഞത്. അങ്ങനെയാണ് ബിജു ഗോപന്‍ നായര്‍, ഓര്‍ത്തോ സര്‍ജനായ ഡോക്ടര്‍ ലൂയിസ് ജോര്‍ജ്, അനൂപ് നായര്‍ എന്നിവരെ പരിചയപ്പെടുന്നത്. ഇവര്‍ മൂന്നുപേരും ആണ് അഗാര സ്റ്റൈലിലുള്ള വര്‍ക് ഔട്ട് കൊച്ചിയില്‍ ചെയ്യുന്നത്. അങ്ങനെയാണ് ഞാന്‍ അതിലേക്ക് എത്തുന്നത്. ഈ വര്‍ക് ഔട്ട് എനിക്ക് ഇഷ്ടപ്പെട്ടു. ഡോക്ടര്‍ ലൂയിസ് എന്തു അസുഖം വന്നാലും വര്‍ക് ഔട്ടിലൂടെ മാറ്റുന്നയാളാണ്. ഡോക്ടര്‍ കൃത്യമായിട്ട് പോസ്ച്ചേഴ്സ് ഒക്കെ പറഞ്ഞുതരും. ദിവസവും ഒന്നര മണിക്കൂര്‍ വീട്ടിലാണെങ്കിലും ഞാന്‍ മുടങ്ങാതെ വര്‍ക് ഔട്ട് ചെയ്യും. 

ആശ്വാസമായി അഗാര സ്റ്റൈല്‍ വര്‍ക് ഔട്ട്

മെനോപോസ് പ്രശ്നങ്ങളുമായി പോരാടിയിരുന്ന സമയത്താണ് സ്ട്രെങ്ത് വര്‍ക് ഔട്ടുകള്‍ ചെയ്തു തുടങ്ങിയത്. അഗാര സ്റ്റൈല്‍ വര്‍ക് ഔട്ട് ചെയ്തു തുടങ്ങിയപ്പോള്‍ ആരോഗ്യസ്ഥിതിയില്‍ നല്ല വ്യത്യാസം വന്നു തുടങ്ങി. നടുവേദന, ഷോള്‍ടര്‍ പെയിന്‍ ഒക്കെ മാറി. ഇത് തുടങ്ങുന്നതിനു മുന്‍പ് അഞ്ചു കിലോ ഭാരം പോലും എനിക്ക് എടുക്കാന്‍ പറ്റില്ലായിരുന്നു. അത്രയ്ക്കു കഠിനവേദനയായിരുന്നു. ഇപ്പോള്‍ 20 കിലോ വരെ ഭാരം സിമ്പിളായി എനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റും. രണ്ടു വര്‍ഷം കൊണ്ട് എന്റെ ആരോഗ്യം മെച്ചപ്പെട്ടു. 

ലോക് ഡൗണ്‍ സമയത്ത് കൂടുതല്‍ സമയം കിട്ടി. നന്നായി വര്‍ക് ഔട്ട് ചെയ്തതോടെ മികച്ച രീതിയില്‍ വ്യത്യാസം കണ്ടുതുടങ്ങി. 84 കിലോ ശരീരഭാരത്തില്‍ നിന്ന് 65 കിലോയിലേക്ക് എത്തി. ഷുഗര്‍ പ്രഷര്‍, കൊളസ്ട്രോള്‍ എന്നിവയെല്ലാം അപ്രത്യക്ഷമായി. മരുന്നുകള്‍ ഞാന്‍ നിര്‍ത്തി. ഇപ്പോള്‍ എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്; മെനോപോസ്, ഡിപ്രഷന്‍ എന്നൊക്കെ പറഞ്ഞ് സങ്കടപ്പെട്ടിരിക്കാതെ ഈ അഗാര സ്റ്റൈല്‍ ഒന്നു പരീക്ഷിക്കാന്‍.. 

shiny64rajesh

ഇന്ത്യന്‍ ഒറിജിന്‍ ആണ് ഈ വ്യായാമങ്ങള്‍, ഇപ്പോള്‍ വിദേശികളാണ് ഉപയോഗപ്പെടുത്തുന്നത് എന്നുമാത്രം. വാരണാസിയില്‍ ഒക്കെ കണ്ടിട്ടുള്ള അഗാര സ്റ്റൈലിലുള്ള വര്‍ക് ഔട്ട് ആണിത്. ട്രഡീഷനല്‍ ആയി സ്ട്രെങ്ത് വര്‍ധിപ്പിക്കുന്ന തരം വ്യായാമങ്ങള്‍ ആണ്. വെയ്റ്റ് ലിഫ്റ്റിങ് ആണ് പ്രധാനം. ഓരോരുത്തരുടെയും ശരീരഭാരത്തിനും ഉയരത്തിനും അനുസരിച്ച് പ്രത്യേകം നിര്‍മിച്ച ടൂള്‍സ് ഉപയോഗിച്ചു കൊണ്ടാണ് വര്‍ക് ഔട്ട് പ്രാക്റ്റീസ്. ഇന്ത്യൻ ക്ലബ്ബുകൾ, ഗദ, കെറ്റിൽ ബെൽ, ഷീന ബോർഡ് തുടങ്ങിയവയാണ് പ്രധാന ഉപകരണങ്ങള്‍.

മരുന്നുകളോട് ഗുഡ്ബൈ.. 

പണ്ടൊക്കെ എന്നും അസുഖമായിരുന്നു. അടുത്ത വീട്ടില്‍ പ്ലാസ്റ്റിക് കത്തിച്ചാല്‍, ഓഫിസില്‍ ആരെങ്കിലും പെര്‍ഫ്യൂം അടിച്ചെത്തിയാല്‍ ഒക്കെ പ്രശ്നമായിരുന്നു. ബോധമൊക്കെ പോയിട്ട് ഓഫിസില്‍ നിന്ന് എടുത്തു ആശുപത്രിയില്‍ കൊണ്ടുപോകേണ്ട സാഹചര്യങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. മൂന്നു വര്‍ഷത്തോളം സ്ഥിരം ആശുപത്രി വാസം തന്നെയായിരുന്നു. ജോയിന്റ് പെയിനിനുള്ള ഇന്‍ജെക്ഷന്‍ എടുത്തിട്ടാണ് പലപ്പോഴും ഓഫിസില്‍ പോകുക.

ഇതിനിടെ കോവിഡ് കാര്യമായി ബുദ്ധിമുട്ടിക്കാതെ വന്നുപോയിരുന്നു. രണ്ടാഴ്ച ഓക്സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ചാണ് ശ്വസിച്ചത്. ലങ് കപ്പാസിറ്റി റെഡ് സോണില്‍ ആയിരുന്നു. അഗാര സ്റ്റൈല്‍ വര്‍ക് ഔട്ട് തുടങ്ങിയതോടെ വീണ്ടും പഴയ പോലെയായി. ഭക്ഷണകാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ആദ്യം അഞ്ചാറു കിലോ കീറ്റോ ഡയറ്റ് ഉപയോഗിച്ച് കുറച്ചിരുന്നു. ഓട്ടം ആരംഭിച്ചപ്പോള്‍ കീറ്റോ ബുദ്ധിമുട്ടായി തോന്നി. അങ്ങനെ നിര്‍ത്തി. ഹെല്‍ത്തി ഡയറ്റ് ആണ് നല്ലതെന്ന് തോന്നി. 

മൂന്നു വര്‍ഷം ആയിട്ട് സ്ഥിരമായി ശ്വാസംമുട്ടലിനുള്ള ഇന്‍ഹെയ്‌ലറുകള്‍ എടുക്കുമായിരുന്നു. സ്റ്റിറോയ്ഡുകളുടെ ഉപയോഗമാണ് ശരീരഭാരം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ എല്ലാം നിര്‍ത്തി. രോഗം ഇല്ലാത്തപ്പോള്‍ വെറുതെ മരുന്നുകള്‍ കഴിക്കുന്നത് എന്തിനാണ്? ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും ഹെല്‍തിയാണ്. എന്നിട്ടും മരുന്നില്ലാതെ എന്തു ധൈര്യത്തിലാണ് നിങ്ങള്‍ നടക്കുന്നത് എന്നൊക്കെ മെഡിക്കല്‍ രംഗത്തുള്ളവര്‍ തന്നെ ചോദിക്കും. ഞാനതൊന്നും കാര്യമാക്കാറില്ല.

കരുത്തായത് സ്പോട്സ് കുടുംബം

കൊച്ചി വെണ്ണലയിലാണ് വീട്. ജിയോജിത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഭര്‍ത്താവ് രാജേഷ് ടേബിള്‍ ടെന്നീസ് കോച്ചും റണ്ണറുമൊക്കയാണ്. പ്രൈവറ്റ് കോച്ചിങ് ആണ് കൂടുതലും. കോലഞ്ചേരി സ്കൂളിലും ജോലി ചെയ്യുന്നുണ്ട്. മോള്‍ ശിവാംഗി ടേബിള്‍ ടെന്നീസ് പ്ലയര്‍ ആണ്. എംബിഎ കഴിഞ്ഞ് ബെംഗളൂരുവില്‍ സോഷ്യല്‍ മീഡിയ അനലിസ്റ്റ് ആയിട്ട് ജോലി ചെയ്യുന്നു.

Tags:
  • Health Tips
  • Glam Up