Saturday 03 April 2021 04:33 PM IST

ഒരൊറ്റ മാസത്തിനുള്ളിൽ നിറം മങ്ങിയ മുഖം തുടുത്തു തിളങ്ങും; അറിയാം, സ്കിൻ ഗ്ലോയിങ് ഡയറ്റ്!

Roopa Thayabji

Sub Editor

brshhuinihg

വണ്ണം കുറയ്ക്കാനായി ഡയറ്റിങ് ചെയ്യാറുണ്ട്. എന്നാൽ സൗന്ദര്യം കൂട്ടാൻ ഒരു മാസം ഡയറ്റിങ് ചെയ്താൽ മതിയെങ്കിലോ? നെഗറ്റീവ് കമന്റ്സ് ഇടും മുൻപ് മുഴുവൻ വായിച്ചു നോക്കൂ...  ‘YOU ARE MADE OF WHAT YOU EAT’ എന്നാണ് സൗന്ദര്യസങ്കൽപത്തിലെ പുത്തൻ നിർവചനം. ചർമത്തിന്റെ തിളക്കവും യുവത്വവും നിലനിർത്താൻ ബ്യൂട്ടി ഡയറ്റ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

സൗന്ദര്യപ്രശ്നങ്ങളിൽ ഭക്ഷണശീലങ്ങൾക്ക് വലിയ പങ്കൊന്നും ഇല്ല എന്നായിരുന്നു ഇതുവരെ നമ്മുടെ ധാരണ. അതുകൊണ്ടാണ് മുഖത്തിനും  മുടിക്കും പ്രശ്നങ്ങളുണ്ടായാൽ ഉടൻ  ക്രീമുകളെയും ഓയിന്റ്മെന്റുകളെയും കുറിച്ച് നമ്മൾ ചിന്തിച്ചിരുന്നതും. എന്നാൽ സൗന്ദര്യത്തിലും ചർമത്തിന്റെ സ്വഭാവത്തിലും എന്നു വേണ്ട മുടിയുെടയും മുഖത്തിന്റെയും തിളക്കത്തിലും അഴകിലുമെല്ലാം ഭക്ഷണശീലത്തിന് വലിയ പ‌ങ്കുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

വിവിധ സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ ഡയറ്റ് തെറപി സ്വീകരിക്കാം. ഓരോ സൗന്ദര്യപ്രശ്നവും പരിഹരിക്കുന്നതിന് പിന്തുടരാവുന്ന ബ്യൂട്ടി ഡയറ്റ്സ് ഏതൊക്കെയെന്ന് അറിയാം..

ഡയറ്റ് തെറപി എന്തിന് ?

സൗന്ദര്യ പ്രശ്നങ്ങളുടെ യഥാർഥ കാരണം തെറ്റായ ഭക്ഷണശീലങ്ങളാണെങ്കിൽ അതു പരിഹരിക്കാനുള്ള പ്രായോഗികമായ വഴി ശരിയായ ഭക്ഷണശീലത്തിലേക്ക് തിരികെ എത്തുന്നതല്ലേ? ഇതുതന്നെയാണ് ഡയറ്റ് തെറപ്പിയിലൂടെ ചെയ്യുന്നതും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും  പോഷകക്കുറവ് പരിഹരിക്കാനും ഇതിലൂടെ സൗന്ദര്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുമാകും. ഇതു മാത്രമല്ല ഡയറ്റ് തെറപിയുടെ ഗുണം, തുടർ പ്രശ്നങ്ങളെ സ്വയം പരിഹരിക്കാനാകുന്ന ആരോഗ്യകരമായ അവസ്ഥയിലേക്ക് ശരീരത്തെ തിരികെയെത്തിക്കുകയും ചെയ്യും. എന്തെങ്കിലും രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ ഉപദേശം തേടിയ ശേഷമേ ഇവ പരീക്ഷിക്കാവൂ.

സ്കിൻ ഗ്ലോയിങ് ഡയറ്റ്

നിറം മങ്ങിയ മുഖം തുടുത്തു തിളങ്ങണമെന്ന് മോഹമുണ്ടെങ്കിൽ സ്കിൻ ഗ്ലോയിങ് ഡയറ്റാണ് വഴി. മുഖത്തിനു മാത്രമല്ല, ശരീരം മുഴുവനും ഇതിന്റെ പ്രയോജനം കിട്ടും. ഈ ഡയറ്റ് ചെയ്യുമ്പോൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തേണ്ടത് ബീറ്റ്റൂട്ട്, അവക്കാഡോ, ബ്രോക്ക്‌ലി, കാബേജ്, കോളിഫ്ലവർ, ചീര, മുരിങ്ങയില, നെല്ലിക്ക, ഓറഞ്ച്, നാരങ്ങ, അസ്പരാഗസ് എന്നിവയാണ്. ചായ, കാപ്പി, അ ച്ചാർ, ബേക്കറി ഐറ്റംസ് എന്നിവ ഈ ഡയറ്റ് ചെയ്യുമ്പോൾ പൂർണമായും ഒഴിവാക്കണം. 

ഡയറ്റ് ചാർട്

അതിരാവിലെ– ഒരു മുറി നാരങ്ങ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ പിഴിഞ്ഞത്

പ്രാതലിന് – ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്, ഇഞ്ചിയും നാരങ്ങയും ചേർത്ത അലോവേര ജ്യൂസ്

ഇടനേരത്തേക്ക്– നട്സും ഒരു കപ്പ് അധികം പുളിയില്ലാത്ത തൈരും

ഉച്ചയ്ക്ക് – ചോറ്, കാബേജ് തോരൻ, മീൻ

വൈകിട്ട് – പലതരം പഴങ്ങൾ നുറുക്കിയത്– ഒരു ബൗൾ

അത്താഴത്തിന് – മിക്സഡ് വെജിറ്റബിൾ സൂപ്പ് അല്ലെങ്കിൽ പച്ചക്കറികൾ ചേർത്ത ചിക്കൻ സൂപ്പ്

കിടക്കും മുൻപ് – ഒരു പഴം

വെള്ളം – ദിവസം 9– 11 ഗ്ലാസ്

സ്കിൻ ഗ്ലോയിങ് ഡയറ്റിനൊപ്പം ഇരുണ്ട മുഖചർമം തിളങ്ങാൻ സ്കിൻ ബ്രൈറ്റനിങ് മാസ്ക് കൂടി ഇടാം. ഇതിനായി ഒരു തക്കാളി നന്നായി ഉടച്ചെടുത്ത് മൂന്നോ നാലോ തുള്ളി നാരങ്ങാനീരും ഒരു ചെറിയ സ്പൂൺ തേനും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

വിവരങ്ങൾക്ക് കടപ്പാട്: പ്രിൻസി ജിജോ, കൺസൽട്ടന്റ് ഡയറ്റിഷ്യൻ (നോർമൽ ആൻഡ് തെറാപ്യൂട്ടിക് ഡയറ്റ്സ്), Longevity Diet Clinic, സിംഗപ്പൂർ

Tags:
  • Glam Up
  • Beauty Tips