Monday 04 November 2024 03:33 PM IST : By സ്വന്തം ലേഖകൻ

‘മൊബൈൽ കവിളില്‍ ചേര്‍ത്താല്‍ തൊലിപ്പുറത്ത് ചുവന്ന തടിപ്പ്’; പലര്‍ക്കും പല തരത്തില്‍ അലര്‍ജി! കാരണം കണ്ടുപിടിച്ച് ചികിത്സിക്കാം

mobile-phone-allergy

വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണ് അലര്‍ജി. കുഴപ്പക്കാരായ കടന്നുകയറ്റക്കാർക്കെതിരെ ശരീരം പ്രതികരിക്കുന്നതിനാണ് അലർജിയെന്ന് പറയുന്നത്. ചെറുതും വലുതുമായ അലർജികളുണ്ടാവാൻ പല കാരണങ്ങളുമുണ്ട്.

പൊടി, ഭക്ഷ്യവസ്തുക്കൾ, ചില പൂമ്പൊടിയും മറ്റും, ചില രാസവസ്തുക്കൾ ഇവ അലർജിക്ക് കാരണമാകും. പലർക്കും തങ്ങൾക്ക് അലർജിയുണ്ടാകുന്ന വസ്തുക്കൾ കണ്ടെത്താൻ താമസിക്കാറുണ്ട്. എന്നാൽ നാം പ്രതീക്ഷിക്കാത്ത പല വസ്തുക്കളും നമുക്ക് അലർജിക്ക് കാരണമാകും. പലര്‍ക്കും പല തരത്തിലായിരിക്കും അലര്‍ജിയുണ്ടാകുന്നത്. കാരണക്കാരാകുന്നതും വ്യത്യസ്ത സാധനങ്ങളായിരിക്കും.

ആഭരണ അലർജി

സ്വർണ്ണം അധികം അലർജിയുണ്ടാക്കുകയില്ലെങ്കിലും മറ്റ് ചില ലോഹങ്ങളുപയോഗിച്ചുണ്ടാകുന്ന ആഭരണങ്ങൾ അലർജിക്ക് കാരണമാകും. പല ആഭരണങ്ങളിലും നിക്കൽ അടങ്ങിയിട്ടുണ്ട്. 17 ശതമാനം സ്ത്രീകൾക്കും 3 ശതമാനം യുവാക്കൾക്കും നിക്കൽ അലർജിയുണ്ട്. ചർമത്തിലെ ചുവന്ന പാടും തിണർപ്പുമാണ് അലർജിയുടെ പ്രധാന ലക്ഷണം. പലപ്പോഴും ധരിച്ച് കഴിഞ്ഞ് 12 മണിക്കൂറെങ്കിലും കഴിഞ്ഞാണ് അലർജി കാണാറുള്ളത്.

മൊബൈൽ അലർജി

സന്തത സഹചാരിയായ മൊബൈൽ അലർജിയുണ്ടാക്കിയാലോ? അതേ, കവിളിലും ചെവിയിലുമൊക്കെ മൊബൈൽ അലർജിയുണ്ടാക്കുമെന്ന് പറയുകയാണ് ഡോക്ടർമാർ. ചിലരിൽ മാത്രമാണ് ഈ പ്രശ്നം കാണപ്പെടുന്നത്. ചര്‍മം ഇതുമൂലം ചൊറിയുകയും ചുവന്ന തടിപ്പ് ഉണ്ടാവുകയും ചെയ്യുന്നു. മൊബൈലിന്റെ നിക്കല്‍ ഭാഗങ്ങള്‍ ത്വക്കുമായി സമ്പര്‍ക്കത്തില്‍ വരുന്നിടത്താണ് അലര്‍ജി ഉണ്ടാവുക. മൊബൈല്‍ കവറുകൾ ഉപയോഗിക്കുന്നത് അലർജി ഒഴിവാക്കാൻ സഹായിക്കും.

പാന്റിന്റെ ബട്ടൺ

നിക്കലാണ് ഇവിടെയും പ്രശ്നക്കാരൻ. നമ്മുടെ വസ്ത്രത്തിലെ ബട്ടണുകളിൽ വരുന്ന നിക്കല്‍ പലപ്പോഴും വയറിന്റെ ഭാഗങ്ങളിൽ ചൊറിച്ചിലും തടിപ്പുമുണ്ടാകാൻ കാരണമാകും. ഷര്‍ട്ട് ടക്ക് ഇൻ ചെയ്യുന്നതും ബനിയൻ പാന്റിന്റെ അകത്തേക്ക് കയറി നിൽക്കുന്ന രീതിയിൽ ധരിക്കുന്നതും ഇത്തരം അലർജി ഒഴിവാക്കാനിടയാക്കും.

കമ്പിളി

കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്, മാത്രമല്ല ചെമ്മരിയാട് ഉത്പാദിപ്പിക്കുന്ന ലാനോലിൻ എന്ന മെഴുകും പലപ്പോഴും അലർജിക്ക് കാരണമാകാറുണ്ട്. ഇത് മാത്രമല്ല ലാനോലിൻ ലിപ് ബാമിലും ഷാംപൂവിലൊക്കെ ചേർക്കാറുണ്ട്. അതിനാൽ അത്തരം ചില വസ്തുക്കളും അലർജിക്ക് കാരണമാകും.

വളർത്തുമൃഗങ്ങൾ

വളര്‍ത്തുമൃഗങ്ങളില്‍ നിന്നുളള അലര്‍ജി സാധാരണ കണ്ടുവരാറുണ്ട്. പൂച്ചയില്‍ നിന്നും പട്ടിയില്‍നിന്നും പലപ്പോഴും അലര്‍ജി രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവയുടെ രോമവും മറ്റും ശരീരത്ത് വീഴുന്നതുകൊണ്ടോ ശ്വസിക്കുന്നതുകൊണ്ടോ ആണ് ഇത് സംഭവിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്തശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. വളര്‍ത്തുമൃഗങ്ങളെ ആഴ്ചയിലൊരിക്കലെങ്കിലും കുളിപ്പിക്കുക.

Tags:
  • Health Tips
  • Glam Up