Friday 29 April 2022 02:50 PM IST : By സ്വന്തം ലേഖകൻ

ശരീരത്തിലെ സോഡിയം കൂടിയോ കുറഞ്ഞോ? സ്വയം കണ്ടെത്താൻ സെൻസർ പേപ്പർ സ്ട്രിപ്പുകൾ വികസിപ്പിച്ച് ഗവേഷകർ

stripppp

ശരീരത്തിലെ സോഡിയത്തിന്റെ അളവു കണ്ടെത്താൻ  ചെലവു കുറഞ്ഞ മാർഗം വികസിപ്പിച്ച് കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷകർ. ആവശ്യക്കാർക്ക് സ്വയം സോഡിയത്തിന്റെ അളവു കണ്ടെത്താൻ സാധിക്കുന്ന വിധത്തിൽ ചെലവു കുറഞ്ഞ നിറം മാറുന്ന കടലാസ് സ്ട്രിപ്പുകളാണു വികസിപ്പിച്ചത്. കേരള കേന്ദ്ര സർവകലാശാലയിലെ ഫിസിക്സ് വിഭാഗം അധ്യാപിക പ്രഫ. സ്വപ്ന നായർ, ബയോ കെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി വിഭാഗം തലവൻ ഡോ. രാജേന്ദ്ര പിലാങ്കട്ട എന്നിവരുടെ മേൽനോട്ടത്തിൽ ഗവേഷക വിദ്യാർഥികളായ ഡോ. നീലി ചന്ദ്രൻ, ബി. മണികണ്ഠ, ജെ. പ്രജിത് എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ.

10 നാനോ മീറ്ററിൽ താഴെ വലുപ്പമുള്ള കോപ്പർ-കുർക്കുമിൻ നാനോ കണങ്ങളുടെ ക്ലസ്റ്ററുകൾ വികസിപ്പിച്ച് കടലാസ് സ്ട്രിപ്പുകളിൽ അച്ചടിക്കുകയാണ് ചെയ്തത്. പരീക്ഷണങ്ങളിൽ സോഡിയത്തിന്റെ ചെറിയ അളവു പോലും കണ്ടെത്താനായതായി ഗവേഷകർ പറഞ്ഞു. ഇവിടെ വികസിപ്പിച്ച പേപ്പർ അധിഷ്‌ഠിത സെൻസർ സ്ട്രിപ്പുകൾ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാർദപരവുമാണ്. മൂത്രം, വിയർപ്പ് എന്നിവ ഉപയോഗിച്ചാണ് സോഡിയത്തിന്റെ അളവു കണ്ടെത്തുക.

ശരീരശ്രവങ്ങളിൽ മുക്കുമ്പോൾ സ്ട്രിപ്പുകളിൽ വരുന്ന നിറവ്യത്യാസം പരിശോധിച്ചാണ് അളവ് നിർണയിക്കുന്നത്. മുതിർന്നവരുടെ ചികിത്സാ കാര്യങ്ങളിൽ ഈ കണ്ടെത്തൽ സഹായകമാകുമെന്ന് കരുതുന്നു. രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളും സ്ഥാപനങ്ങളും സ്ട്രിപ്പിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിനു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗവേഷണ പ്രബന്ധം നേച്ചർ പബ്ലിഷിങ് ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോർട്ട് മാസികയിൽ പ്രസിദ്ധീകരിച്ചു.

kasaragodsodium-level-detector-sensor-paper-strips1.jpg.image.845.440
Tags:
  • Health Tips
  • Glam Up