Tuesday 16 February 2021 02:37 PM IST

‘ടെൻഷൻ അടിക്കേണ്ടെന്നേ, എല്ലാം ശരിയാകും’ എന്ന് പറയാൻ എന്തെളുപ്പമാണ്, പക്ഷേ, പ്രാവർത്തികമാക്കാൻ? ടെന്‍ഷനെ കുറിച്ച് അറിയാം

Dr. B. Padmakumar

Professor Medicine,medical College, Trivandrum

tension54556fg

‘ടെൻഷൻ അടിക്കേണ്ടെന്നേ, എല്ലാം ശരിയാകും.’ പറയാൻ എന്തെളുപ്പമാണ്. പക്ഷേ, പ്രാവർത്തികമാക്കാൻ ഏറ്റവും വിഷമമുള്ള കാര്യവും ടെൻഷനടിക്കാതിരിക്കുക എന്നതു തന്നെയാകും. എൽകെജിയിൽ പഠിക്കുന്ന കുട്ടി മുതൽ ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്നവർ വരെ ഏതു നിമിഷവും ടെൻഷന്റെ പിടിയിലായിപ്പോകാം. നിരന്തരമായി മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരുമ്പോൾ അത് ശാരീരിക രോഗങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യും. അതുകൊണ്ടായിരിക്കാം ‘ആധിയിൽ നിന്ന് വ്യാധി’ എന്നൊരു പഴഞ്ചൊല്ലു തന്നെ ഉണ്ടായത്.  

എന്താണ് ടെൻഷൻ?

സ്ട്രെസ് ഹോർമോണുകളുടെ അമിത ഉൽപാദനം മൂലം ശാരീരിക പ്രവർത്തനങ്ങളുടെ താളം തെറ്റുന്നതാണ്  ടെൻഷന് കാരണമായി മാറുന്നത്.  ‘ആങ്സൈറ്റി ന്യൂറോസിസ്’ എന്ന അമിത ഉത്കണ്ഠയുടെ സാധാരണ പേരാണ് ടെൻഷൻ. ജീവിതത്തിൽ നാം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സമ്മർദവും ഭയവുമൊക്കെ ടെൻഷനെന്നാണ് പൊതുവെ അറിയപ്പെടുന്നത്.  

പ്രധാന വില്ലൻ: വിഷാദം കഴിഞ്ഞാൽ സമൂഹത്തിൽ ഏറ്റവുമധികം കണ്ടു വരുന്ന മാനസികാരോഗ്യ പ്രശ്നമാണ് ടെൻഷൻ. സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് ഉത്കണ്ഠയുടെ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ശാരീരിക പ്രശ്നങ്ങളുടെ രൂപത്തിലായിരിക്കും  പലപ്പോഴും ടെൻഷൻ പ്രത്യക്ഷപ്പെടുക. പലതരം രോഗലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തുന്നവരിൽ 30 മുതൽ 45 ശതമാനം വരെ ആളുകളുടെ പ്രശ്നം ടെൻഷനാണ്.

ചിലപ്പോൾ നല്ലതാണ്: ടെൻഷൻ ഒരു പരിധിവരെ ജീവിതത്തിൽ നല്ലതാണ്. പരീക്ഷയടുത്തിട്ട് യാതൊരു ടെൻഷനുമില്ലാതെ നടക്കുന്ന കുട്ടിയെ കണ്ടാൽ മാതാപിതാക്കൾക്കല്ലേ െടൻഷൻ?

 കാര്യങ്ങൾ  സമയബന്ധിതമായി ചെയ്തു തീർക്കാനും വേണ്ടത്ര തയാറെടുപ്പുകൾ നടത്താനും ടെൻഷൻ നൽകുന്ന ഉത്തേജനം സഹായകമാണ്.  

∙പരിധി കഴിഞ്ഞാൽ പ്രശ്നം: ഉത്കണ്ഠ അമിതമാകുമ്പോ ൾ ദൈനംദിന ജീവിത പ്രവർത്തനങ്ങൾ പോലും തടസപ്പെടും. മാനസിക സംഘർഷം ഒഴിവാക്കാനായി പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുന്നതും  സൗഹൃദവും സാമൂഹ്യബന്ധങ്ങളും ഒഴിവാക്കുന്നതും ഒറ്റപ്പെടലിനു കാരണമാകാം.

ചിലരുടെ മാനസിക സമ്മർദം കാണുമ്പോൾ വീട്ടിലുള്ള പ്രായമായവർ പറയും. ‘ ഇങ്ങനെ ആധി പിടിച്ച് ഒന്നും  വരുത്തി വയ്ക്കല്ലേ’ എന്ന്. കാരണം മനസ്സിന്റെ പിരിമുറുക്കം പലവിധ അസുഖങ്ങളിലേക്കുമുള്ള വാതിലാണ്. ഇത്തരം ശാരീ രിക പ്രശ്നങ്ങളെ മനോജന്യ ശാരീരിക രോഗങ്ങൾ എന്നാണ് പൊതുവായി പറയുന്നത്.

മാനസിക പിരിമുറുക്കം നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ ഈ രോഗങ്ങൾ ഉണ്ടാക്കുന്ന അലട്ടലുകൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. ഇതിലുടെ ആരോഗ്യപൂർണവും സ ന്തോഷം നിറഞ്ഞതുമായ പുതുജീവിതം സ്വന്തമാക്കാം.

ഹൃദയം ‘ഭേദിക്കുന്ന’ സമ്മർദം

shutterstock_715464304

കടുത്ത സങ്കടം തോന്നുന്ന വാർത്തകൾ ചിലർക്ക് അക്ഷരാർഥത്തിൽ ‘ഹൃദയഭേദക’മാകാം. ഇതാണ് ‘സ്ട്രസ്സ് കാർഡിയോ മയോപ്പതി’ മാനസിക പിരിമുറുക്കം വർധിച്ച് ഹൃദയപേശികളിൽ തളർച്ച ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഹൃദയത്തിൽ വിള്ളൽ വീഴ്ത്തുകയും മരണകാരണമാകുകയും ചെയ്യാം.

മരണം അപൂർവമായേ സംഭവിക്കാറുള്ളുവെങ്കിലും ഈ പ്രശ്നത്തിന് ഹൃദയാഘാതത്തിന്റെ സമാന ലക്ഷണങ്ങളാകും അനുഭവപ്പെടുക.  

ആർത്തവ വിരാമത്തിനു ശേഷം സൂക്ഷിക്കുക:  ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഈ പ്രശ്നം കൂടുതലായി കണ്ടുവരാറുണ്ട്. ആർത്തവ വിരാമത്തോടെ ഈസ്ട്രജൻ ഹോർമോൺ ഹൃദയത്തിനു നൽകുന്ന സംരക്ഷണ വലയം ദുർബലമാകും. ചില സ്ത്രീകളിൽ ഈ ഘട്ടത്തിലുണ്ടാകുന്ന അ മിതമായ മാനസിക പിരിമുറുക്കം  കാർഡിയാക് മയോപ്പതിയിലേക്ക് നയിക്കാം.

നെഞ്ചിടിപ്പ് പെട്ടെന്ന് വർധിക്കുക, ശ്വാസതടസ്സം അനുഭവപ്പെടൽ,  കടുത്ത നെഞ്ച് വേദന എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ.  

 അപകടകരമല്ലാത്ത കാർഡിയാക് മയോപ്പതി ഉണ്ടായാൽ കുറച്ചു ദിവസത്തെ വിശ്രമം കൊണ്ടു തന്നെ ഹൃദയം പൂർവസ്ഥിതിയിൽ എത്തും.

എന്നാൽ അതുണ്ടാക്കുന്ന ശാരീരിക ക്ലേശങ്ങളും  ക്ഷീണവും ചെറുതല്ല. അതുകൊണ്ട്   പിരിമുറുക്കത്തെ മനസ്സിന്റെ പടിക്കു പുറത്ത്  നിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

പിരിമുറുക്കം ആസ്മ കൂട്ടും

ശ്വാസകോശത്തിലെ വായുപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണ് ആസ്മ.  ശ്വാസനാളികൾ ചുരുങ്ങിപ്പോകുകയും നീർക്കെട്ടുണ്ടാകുകയും ചെയ്യും. അവയിൽ കട്ടിയുള്ള സ്രവം നിറഞ്ഞ് ശ്വാസോച്ഛാസം ക്ലേശകരമായി മാറുന്ന അവസ്ഥ ഉണ്ടാകുന്നു.

പരീക്ഷാക്കാലത്ത് ശ്വാസംമുട്ടൽ: പരീക്ഷക്കാലങ്ങളിൽ  കുട്ടികളിൽ ആസ്മ വഷളാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മാനസിക പിരിമുറുക്കമാണ്. ടെൻഷൻ അതിരുകടക്കുന്ന സാഹചര്യങ്ങൾ ആസ്മ വർധിക്കാനുള്ള കാരണമാകും.

സിമ്പതറ്റിക് നാഡീവ്യവസ്ഥയുടെ ഉദ്ദീപനത്തിലൂടെ ഉ ണ്ടാകുന്ന അഡ്രിനാലിൻ ശ്വാസനാളികളെ വികസിപ്പിക്കും. പിരിമുറുക്കമുള്ളവരിൽ പാരസിമ്പതറ്റിക് നാഡീവ്യവസ്ഥ കൂടുതൽ സജീവമാകും. ഇതു മൂലം ഉത്പാദിപ്പിക്കപ്പെടുന്ന അസറ്റൈൽ കോളിൻ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

ഇത് ശ്വാസനാളികളുടെ സങ്കോചത്തിനു കാരണമാകും. ഈ ചുരുങ്ങലിനൊപ്പം ശ്വാസനാളിയിൽ നിറയുന്ന കഫം ശ്വാസതടസ്സത്തിനും അസഹനീയമായ ചുമയ്ക്കും കാരണമാകും. അതുകൊണ്ട് രോഗസൗഖ്യത്തിന് മാനസിക പിരിമുറുക്കം ഒഴിവാക്കേണ്ടത് അത്രമേൽ പ്രധാനമെന്നറിയുക.

shutterstock_1702189633-1

പ്രമേഹം കൂട്ടുന്ന ടെൻഷൻ

മാനസിക പിരിമുറുക്കം നിയന്ത്രിക്കാൻ കഴിയാത്ത നിലയിൽ തുടരുന്നവർക്ക് പ്രമേഹസാധ്യത കൂടുതലാണ്. മാനസിക പിരിമുറുക്കം കൂടുമ്പോൾ തലച്ചോറിനു ഗ്ലൂക്കോസ് എന്ന ഇന്ധനം കൂടുതൽ വേണം. മുൻകരുതൽ എന്ന നിലയിൽ ശരീരം ഗ്ലൂക്കോസ് കണ്ടെത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ രോഗാവസ്ഥയിലേക്ക് നയിക്കാം. മാനസികപിരിമുറുക്കം പതിവായി പരിധി വിടുമ്പോൾ ശരീരം ഇൻസുലിൻ ഉൽപാദനം മെല്ലെയാക്കി ഗ്ലൂക്കോസ് ഉൽപാദനം വർധിപ്പിക്കും.

സ്ട്രസ്സ് ഹൈപ്പർ ഗ്ലൈസീമിയ: ടെൻഷൻ മൂലം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുന്നതാണ് ‘സ്ട്രസ്സ് ഹൈപ്പർ ഗ്ലൈസീമിയ’ എന്ന അവസ്ഥ. പ്രമേഹമുള്ളവർ ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണം. മാനസിക പിരിമുറുക്കം അമിതമായാൽ പ്രമേഹനിയന്ത്രണം വിഷമകരമാകും. മാനസിക പിരിമുറുക്കം കുടൂമ്പോൾ ശരീരം ഉത്പാദിപ്പിക്കുന്ന സ്റ്റിറോയ്ഡുകളാണ് രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തുന്നത്. പേശികൾ, ചർമം, ലിംഫ് കലകൾ, അസ്ഥികലകൾ എന്നിവിടങ്ങളിലേക്കുള്ള ഗ്ലൂക്കോസ് വിതരണത്തിനും സ്റ്റിറോയ്ഡ് സാന്നിധ്യം തടസ്സമായി മാറും.

സാധാരണ ഗതിയിൽ അന്നജ ഘടകങ്ങളിൽ നിന്നാണ് ശ രീരം ഗ്ലൂക്കോസ് ഉൽപാദനം നടത്തുന്നത്. സ്റ്റിറോയ്ഡുകളുടെ സാന്നിധ്യം മാംസ്യത്തിൽ നിന്നും കൊഴുപ്പിൽ നിന്നും ഗ്ലൂക്കോസ് ഉൽപാദനത്തിനു കാരണമാകും. കരളിൽ വച്ചു നടക്കുന്ന ഈ പ്രവർത്തനത്തിന്റെ നിരക്ക് ആറു മുതൽ പത്തു ശതമാനം വരെ വർധിക്കാം.

മാനസിക പിരിമുറുക്കം പതിവായി അമിതമാകുമ്പോൾ ശ രീരം ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജന്റെ വിഘടനത്തിനു കാരണമാകും. ഗ്ലൈക്കോജൻ ഗ്ലൂക്കോസായി വിഘടിക്കുന്നത് വേഗത്തിലാകുന്നതു മാത്രമല്ല ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി സംഭരിക്കുന്ന പ്രവർത്തനവും തടസ്സപ്പെടുകയും ചെയ്യും.

ഉൽപാദനം വർധിക്കുകയും വിതരണം നടക്കാതെ വരികയും ചെയ്യുന്ന സാഹചര്യം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തും. മാനസിക സമ്മർദം നിയന്ത്രിക്കാൻ കഴിയാതെ വരുന്ന സ്ഥിതി സ്ഥിരമായി തുടർന്നാൽ പ്രമേഹ രോഗികൾ അത് നിസ്സാരമായി തള്ളിക്കളയരുത്. 

ടെൻഷനും ബി.പിയും

എല്ലാത്തിനും വേണ്ടതിൽ അധികം തിടുക്കം കാട്ടുന്നവരും എന്തിലും ഒന്നാമത് എത്താൻ പരിശ്രമിക്കുന്നവരും ശ്രദ്ധിക്കുക. ഇത്തരം ടൈപ് എ വ്യക്തിത്വ സവിശേഷതകൾ ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതമാകുന്ന ടെൻഷൻ രക്താതിസമ്മർദമായി മാറാം. ബി.പി ഉയരുന്നതിൽ മാനസിക പിരിമുറുക്കത്തിന് പ്രധാന പങ്കുണ്ട്.

 ‘ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്’ എന്ന മട്ടുകാർക്ക് മാനസിക പിരിമുറുക്കം നിയന്ത്രിക്കാനുള്ള കഴിവു കുറവായിരിക്കും. ഞാൻ പറയുന്നതാണ് ശരി, അതേ നടക്കൂ എന്ന മട്ട് ഇവരെ സദാ പിരിമുറുക്കത്തിലാക്കും. ഇടപെടലുകളിലെ ഈ കടുപ്പം ദുർബലമാക്കുന്നത് സ്വന്തം ഹൃദയത്തെ തന്നെയാണ്.

മാനസിക പിരിമുറുക്കം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ കൊറോണറി ധമനികളിലൂടെയുള്ള രക്തപ്രവാഹത്തിന്റെ താളം തെറ്റിക്കും. ഹൃദയപേശികളിലേക്കുള്ള ഓക്സിജൻ പ്രവാഹത്തിന്റെ വഴിമുടക്കും.

സ്ട്രസ്സ് ഹോർമോണുകളായ അഡ്രിനാലിൻ, നോർ അ ഡ്രിനാലിൻ, സ്റ്റിറോയ്ഡുകൾ ഇവ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.

ഹൃദയസ്പന്ദനത്തിലൂടെയാണ്  ഓക്സിജൻ പ്രവാഹം നടക്കുന്നത്. സ്ട്രസ്സ്  ഹോർമോണായ അഡ്രിനാലിൻ ഹൃദയസ്പന്ദന നിരക്ക് കൂട്ടും. ഇത് ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കൂട്ടും, ഹൃദയപേശികളിലെ ഒാക്സിജൻ ആവശ്യകത വർധിപ്പിക്കും.

ടെൻഷൻ മൂലം ശരീരം ഉൽപാദിപ്പിക്കുന്ന സ്റ്റിറോയ്ഡുകളും രക്തധമനികളെ ദുർബലമാക്കും.  ഇവ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനു അനുകൂല സാഹചര്യമുണ്ടാക്കും. പോളിസൈത്തിമീയ എന്ന ഈ അവസ്ഥ രക്തത്തിന്റെ സാന്ദ്രത വർധിപ്പിക്കും. രക്തത്തിൽ ചെറുതരികൾ രൂപപ്പെടാൻ ഇത് കാരണമാകും.  സ്റ്റിറോയ്ഡ് പോലെ അഡ്രിനാലിനും രക്തം കട്ടപിടിക്കാൻ സഹായിക്കും ഘടകമാണ്.

അപകടമാണ് പുകയില: മാനസികപിരിമുറുക്കം നിയന്ത്രിക്കാനുള്ള പ്രാപ്തി കുറഞ്ഞവർ പുകയില ഉൽപന്നങ്ങൾ അടക്കമുള്ള ലഹരി വസ്തുക്കളുടെ കൂട്ട് തേടാനുള്ള സാധ്യത കൂടുതലാണ്. ഇത് സ്ഥിതി വഷളാക്കും. മരുന്നു കഴിക്കുന്ന കാര്യത്തിലും  ഡോക്ടറുടെ നിർദേശം അനുസരിക്കുന്നതിലും ഇവർക്ക് തുടക്കത്തിലെ ഉത്സാഹമേ കാണൂ.

മാനസിക പിരിമുറുക്കം അമിതമായി തുടരുന്നവർക്ക് കൊ ളസ്ട്രോൾ സാധ്യതയും കൂടുതലാണ്. അമിതമാകുന്ന കൊഴുപ്പ് ഇൻസുലിൻ പ്രതിരോധത്തിലേക്കും പ്രമേഹത്തിലേക്കുമുള്ള വഴി തുറക്കും.

രക്തസമ്മർദവും മാനസികനിലയും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. മനസ്സ് ശാന്തമായിരുന്നാൽ രക്താതിമർദത്തെഒരുപരിധി വരെ ദൂരെ നിർത്താം.

shutterstock_336068534

മനമെരിയുമ്പോൾ വയറും എരിയും

മനസ്സിലെ എരിച്ചിൽ വയറിലും പ്രതിഫലിക്കും. തിരക്കും സ മ്മർദവും കൂടുതൽ ഉള്ള ജോലി ചെയ്യുന്നവരിൽ പെപ്റ്റിക് അൾസർ താരതമ്യേന കൂടുതലാണ്. അമിത ഉത്കണ്ഠ, വൈകാരിക അരക്ഷിതാവസ്ഥ എന്നിവയുള്ളവരെ വയറിലെ എരിച്ചിലും പുകച്ചിലും ശല്യം ചെയ്യാനുള്ള സാധ്യത ഏറെ. മാനസിക പിരിമുറുക്കം കൂടുമ്പോൾ ഉണ്ടാകുന്ന സ്ട്രസ്സ് ഹോർമോണായ  സ്റ്റിറോയ്ഡ്  ആണ് പ്രധാന വില്ലൻ.

അൾസർ നിയന്ത്രിക്കാൻ: ദഹനപ്രവർത്തനങ്ങൾക്കായി ആ മാശയം ഉൽപാദിപ്പിക്കുന്ന ആസിഡ്, പെപ്സിൻ എന്ന  ഏറെ രൂക്ഷതയുള്ള എൻസൈം, ഇവയെല്ലാം ആമാശയ ഭിത്തിക്കുള്ളിലാണുള്ളത്. നമ്മൾ കഴിക്കുന്ന മരുന്നുകൾ ഉണ്ടാക്കുന്ന ആഘാതം പോലുംസംഭവിക്കുന്നത് മൃദുവായ ആമാശയഭിത്തിക്കുള്ളിലാണ്. കട്ടിയുള്ള ശ്ലേഷ്മസ്തരമാണ് (മ്യൂക്കസ്) ആമാശയത്തിനുള്ളത്. ആമാശയത്തിനു സുരക്ഷാസംവിധാനമൊരുക്കുന്ന പ്രവർത്തനം കൃത്യമായി നടത്തുന്ന ഘടകങ്ങളാണ് പ്രോസ്റ്റാഗ്ലാൻഡിനുകൾ.

സ്റ്റിറോയ്ഡുകൾ പ്രോസ്റ്റാഗ്ലാൻഡിനുകളുടെ ഉൽപാ ദനം തടസ്സപ്പെടുത്തും. അതോടെ പടച്ചട്ട നഷ്ടപ്പെട്ട പോരാളിയെപ്പോലെ ദുർബലമാകും ആമാശയം.

ഇത് പെപ്റ്റിക് അൾസറിനും മറ്റ് ഉദരപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ മനസ്സിന്റെ എരിച്ചിൽ നിയന്ത്രിക്കുക, ഉദരരോഗങ്ങൾ പലതും അതോടെ മാറും.                                  

shutterstock_1400980730
Tags:
  • Health Tips
  • Glam Up