Monday 15 March 2021 02:29 PM IST : By സ്വന്തം ലേഖകൻ

രാത്രി ഉറക്കത്തിനിടയില്‍ സംഭവിക്കുന്ന മരണം ഏറെയും സ്ത്രീകളിൽ; സഡൻ കാർഡിയാക് അറസ്റ്റ്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

carddii655676gyuu

രാത്രിയില്‍ ഉറക്കത്തിനിടയില്‍ സംഭവിക്കുന്ന മരണങ്ങളെപ്പറ്റി ധാരാളം കേട്ടിരിക്കും. ഹൃദയാഘാതമാണ് ഇവരുടെയൊക്കെ ജീവിതത്തിൽ മിക്കപ്പോഴും വില്ലനായി എത്തുന്നത്. സഡൻ കാർഡിയാക് അറസ്റ്റ്  രാത്രി മാത്രമല്ല, പകല്‍ സമയത്തും സംഭവിക്കാം. സ്ത്രീകളില്‍ രാത്രിയിലാണ് ഇത് ഏറെ കണ്ടു വരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

എന്നാല്‍ മറ്റൊരു വസ്തുത ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരില്‍ രാത്രിയില്‍ ആണ് സഡന്‍ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുന്നത്‌ എന്നതാണ്. ഏത് പ്രായത്തിലുള്ള ആരെയും ബാധിക്കാവുന്ന മരണകാരണങ്ങളിലൊന്നാണ് സഡൻ കാർഡിയാക് അറസ്റ്റ്.

ഹൃദയത്തിനുള്ളിലെ ഇലക്ട്രിക് സർക്യൂട്ടിൽ നടക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലക്കുന്നത് മൂലമാണ് സഡൻ കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത്. മിനിറ്റുകള്‍ക്കകം ചികിത്സ ലഭിച്ചില്ല എങ്കില്‍ രോഗിക്ക് മരണം വരെ ഇതു മൂലം സംഭവിക്കാം. ശ്വാസതടസ്സം, അമിത വിയര്‍പ്പ്, നെഞ്ചെരിച്ചില്‍, നെഞ്ചിടിപ്പ് കൂടുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 

80 ശതമാനവും പെട്ടെന്നുള്ള ഹൃദയാഘാതങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം കൊറോണറി ആർട്ടറി രോഗങ്ങൾ അഥവാ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ്. പുകവലി, അമിതമായ സ്ടെസ്സ് (മാനസിക സംഘർഷങ്ങൾ), ഡയബറ്റിസ് ഇതെല്ലാം ഹൃദയാഘാതത്തിന് കാരണമാണ്. ഏറ്റവും പ്രാധാനമായ കാരണം വ്യായാമം ഇല്ല എന്നതുതന്നെ.

കാരണങ്ങള്‍

അമിതഭാരം - വ്യായാമം ഇല്ലാതെ ശരീരത്തിന്റെ ഭാരം വർധിക്കുന്നത്, രക്തത്തിനു കട്ടികൂട്ടുകയും ബ്ലോക്കുകൾ വരാനുള്ള സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു.

മദ്യപാനം - അമിതമായ മദ്യപാനം തീർച്ചയായും ശരീരത്തെ ഒരു കാർഡിയാക് അറസ്റ്റിലേക്ക് എത്തിക്കുന്നു. സമീകൃതമായ ആഹാരവും മദ്യപാനം മുഴുവനായി ഒഴിവാക്കുന്നതും നന്നായിരിക്കും.

ജീവിതശൈലി - ജീവിതശൈലിയിലെ അപര്യാപ്തതകള്‍ മിക്കപ്പോഴും ഹൃദ്രോഗത്തിന് കാരണമാകാറുണ്ട്. ചിട്ടയായ ആഹാരശൈലി, വ്യായാമം എന്നിവ ഇതു കൊണ്ടുതന്നെ ആവശ്യമാണ്.

Tags:
  • Health Tips
  • Glam Up