Friday 17 June 2022 02:44 PM IST : By ഡോ. ബി. പത്മകുമാർ, പ്രഫസർ,മെഡിസിൻ, െമഡിക്കൽ കോളജ്, ആലപ്പുഴ

വീട്ടിലിരുന്ന് ആരോഗ്യനില അറിയാം, മുൻകരുതലുകൾ എടുക്കാം; സഹായിക്കുന്ന 10 ഉപകരണങ്ങൾ പരിചയപ്പെടാം

medical_1

വീട്ടിലിരുന്ന് തന്നെ ആരോഗ്യനില അറിയാനും മുൻകരുതലുകൾ എടുക്കാനും സഹായിക്കുന്ന 10 ഉപകരണങ്ങൾ പരിചയപ്പെടാം..

പനിച്ചൂടിന്റെ അളവറിയാനും പ്രമേഹവും രക്തസമ്മർദവുമെല്ലാം പരിശോധിക്കാനും ലാബിലേക്ക് പോയി സമയം കളയേണ്ട കാര്യമുണ്ടോ?

കോവിഡ്കാലം നമ്മുടെ വീട്ടിലേക്കെത്തിച്ച ആരോഗ്യ ഉപകരണമായ പൾസ് ഓക്സിമീറ്റർ പോലെ, ദൈനംദിന ജീവിതത്തിൽ കരുതലാകുന്ന ഒരുപാട് സ്മാർട് ഉപകരണങ്ങളുണ്ട്. വീട്ടിലിരുന്നു തന്നെ ആരോഗ്യനില കൃത്യമായി മനസ്സിലാക്കാനും ഉചിതമായ സമയത്ത് വൈദ്യസഹായം തേടാനും ഇവ നമ്മെ സഹായിക്കും. ഇത്തരം ഉപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കേണ്ടതെങ്ങനെയെന്നു വിശദമായി മനസ്സിലാക്കാം. 

1. ഡിജിറ്റൽ മാനോമീറ്റർ

സാധാരണക്കാർക്കും വളരെ എളുപ്പത്തിൽ സ്വയം ബ്ലഡ് പ്രഷർ പരിശോധിക്കാൻ സഹായിക്കുന്നതാണ് ഡിജിറ്റൽ മാനോമീറ്റർ. ഈ ഉപകരണത്തിൽ സ്െറ്റതസ്കോപ്പ് ഉപയോഗിച്ച് ഹൃദയമിടിപ്പിന്റെ ശബ്ദം രേഖപ്പെടുത്തേണ്ടതില്ല. മാനോമീറ്റർ ഉപയോഗിക്കുന്നതിനു മുൻപ് ഉപകരണം ഡോക്ടറെ കാണിച്ച് അതിന്റെ കൃത്യത ഉറപ്പാക്കണം. ഇലക്ട്രോണിക് ബിപി അപ്പാരറ്റസിന്റെ സ്ക്രീനിൽ ആദ്യം കാണുന്നത് സിസ്േറ്റാളിക് ബിപിയും രണ്ടാമതു കാണുന്നത് ‍ഡയസ്േറ്റാളിക് ബിപിയുമാണ്. ഹൃദയം സങ്കോചിക്കുമ്പോൾ രക്തക്കുഴലുകളിൽ അനുഭവപ്പെടുന്ന മർദമാണ് സിസ്േറ്റാളിക് ബ്ലഡ് പ്രഷർ. ഹൃദയ അറകൾ വികസിക്കുമ്പോൾ രക്തധമനികളിൽ അനുഭവപ്പെടുന്ന മർദമാണ് ഡയസ്േറ്റാളിക് ബ്ലഡ് പ്രഷർ. ‌

സിസ്േറ്റാളിക് ബ്ലഡ്‌പ്രഷർ 120 നു താഴെയും ‍ഡയസ് േറ്റാളിക് ബ്ലഡ്‌പ്രഷർ 80 നു താഴെയും ആകുന്നതാണ് (120/80) സാധാരണ അവസ്ഥ.  ഇത് 140/90 നു മുകളിലെങ്കി ൽ ഹൈപ്പർ ടെൻഷൻ ലക്ഷണമാണ്.

ഒരു ദിവസം പല സമയങ്ങളിൽ മൂന്നുതവണ നോക്കാം. മൂന്നുഘട്ടങ്ങളിലും ഒരേ പോലെ ഉയർന്നു കണ്ടാൽ വൈദ്യസഹായം തേടണം. ഒരു തവണ മാത്രം വന്നാൽ ഡോക്ടറെ കാണേണ്ടതില്ല.

വർഷത്തിലൊരിക്കൽ മാനോമീറ്ററിലെ അളവുകളുടെ കൃത്യത പരിശോധിച്ച് ഉറപ്പു വരുത്തണം. ഉപകരണം  അമിത ചൂട് ഏൽക്കാതെ സൂക്ഷിക്കണം. ഉപയോഗിക്കാതിരിക്കുമ്പോൾ ട്യൂബുകൾ കെട്ടുപിണയാതിരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ ട്യൂബിൽ ലീക്കോ പൊട്ടലോ ഇല്ലെന്നും ഉറപ്പാക്കണം.

ബിപി നോക്കുന്നതിനു മുൻപ് ശ്രദ്ധിക്കുക

∙ പരിശോധനയ്ക്ക് 30 മിനിറ്റ് മുൻപ് പുകവലി, ചായ, കാപ്പി കുടിക്കുക, വ്യായാമം  ഇവ  ഒഴിവാക്കണം. ബിപി നോക്കുമ്പോൾ കാലുകൾ നിലത്തുറപ്പിച്ച് ഇരിക്കുക.

∙ സഞ്ചി പോലുള്ള ഭാഗം (ബിപി കഫ്) കൈമുട്ടിനു മുകളിൽ മുറുക്കി കെട്ടിയശേഷം മാനോമീറ്റർ ഓൺ ചെയ്യുക. ബട്ടൻ അമർത്തി വായു നിറയ്ക്കുക. തുടർന്നു വായു താനേ പുറത്തുപോയിക്കൊള്ളും.

∙സ്ക്രീനിൽ സിസ്േറ്റാളിക് പ്രഷറും ഡയസ്േറ്റാളിക് പ്ര ഷറും തെളിഞ്ഞു വരും. തുടർന്നു എക്സോസ്റ്റ് ബട്ടൻ അമർത്തി സഞ്ചിയിലെ മുഴുവൻ വായുവും കളയണം.

2. ഡിജിറ്റൽ തെർമോമീറ്റർ

പനി ഉള്ളവരുടെ ശരീരതാപനില അളക്കാ ൻ മുൻകാലങ്ങളിൽ മെർക്കുറി തെർമോമീറ്ററുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ     ഡിജിറ്റൽ തെർമോമീറ്ററുകളാണ് ഇപ്പോൾ വ്യാപകം.

തെർമോമീറ്ററിന്റെ അഗ്രം നാക്കിനടിയി ൽ വയ്ക്കാം. ബീപ് ശബ്ദം കേൾക്കുമ്പോ ൾ തിരികെയെടുത്ത് തെളിഞ്ഞു വരുന്ന അളവ് പരിശോധിക്കാം.

തെർമോമീറ്റർ ചർമത്തിൽ വച്ചു ചൂട് അളക്കുമ്പോൾ കിട്ടുന്ന താപനില, വായിൽ വച്ചു എടുക്കുന്നതിനേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് കുറവായിരിക്കും. അതിനാൽ ഈ താപനിലയോട് ഒന്നു കൂട്ടാൻ മറക്കരുത്.

97 മുതൽ 99 ഫാരൻ ഹീറ്റ് (ഡിഗ്രി സെൽഷ്യസിൽ 36.1 മുതൽ  37.2 ഡിഗ്രി സെൽഷ്യസ്)  ആണ് സാധാരണ താപനില.രാവിലെ സമയങ്ങളിൽ ഇത് കുറഞ്ഞിരിക്കും. ഉച്ചയാകുമ്പോഴേക്കും വർധിക്കും. വൈകുന്നേരത്തോടെ ഏറ്റവും കൂടിയ താപനിലയിലേക്കു മാറും.

രാവിലെയും വൈകുന്നേരത്തെയും താപനിലകൾ തമ്മിൽ അ‍ഞ്ചു ഡിഗ്രി ഫാരൻഹീറ്റ് വ്യത്യാസമൊക്കെ വരാം. ശരീരതാപനില 102 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതലെങ്കിൽ ഡോക്ടറെ കാണണം.

തെർമോമീറ്റർ ഉപയോഗിക്കുമ്പോൾ  

∙ അധികം ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ 20 മിനിറ്റെങ്കിലും കഴിഞ്ഞേ വായിൽ വച്ചു പനി അളക്കാവൂ.

∙ ഉപയോഗിക്കും മുൻപ് ചെറുചൂടുവെള്ളം കൊണ്ടു വൃത്തിയാക്കണം. തുടർന്നു തണുത്ത വെള്ളത്തിൽ കഴുകാം.

∙ ഉപയോഗശേഷം തെർമോമീറ്റർ തണുത്തവെള്ളത്തിൽ കഴുകി തുടച്ച് അധികം ചൂടും തണുപ്പുമേൽക്കാതെ അലമാരിയിൽ അടച്ചു സൂക്ഷിക്കണം.

നിപ്പിൾ തെർമോമീറ്റർ–  നിപ്പിളിന്റെ ആകൃതിയോടു കൂടി യ കുട്ടികൾ കടിച്ചാൽ പൊട്ടാത്ത ഫ്ലെക്സിബിൾ സിലിക്കൺ ബൾബാണ് ഇതിലുള്ളത്. താപനിലയ്ക്കനുസരിച്ചു നിറവ്യത്യാസം കാണിക്കും. ചെറിയ കുട്ടികൾക്ക്  ഇത്തരം തെർമോമീറ്ററുകളാണ് നല്ലത്.

തെർമോമീറ്റർ സ്ട്രിപ്പുകൾ– നെറ്റിയിലോ ശരീരഭാഗങ്ങളിലോ ഒട്ടിച്ചു വയ്ക്കുന്നതരം പ്ലാസ്റ്റിക് സ്ട്രിപ്പുകളാണ് ഇവ. ഒരു മിനിറ്റു നേരം വച്ചാൽ മതി. താപനിലയ്ക്കനുസരിച്ചു നിറവ്യത്യാസം കാണിക്കും. ഒറ്റപ്രാവശ്യം ഉപയോഗിക്കാനേ സാധിക്കൂ.

medical-toolstttt

3. ഗ്ലൂക്കോമീറ്റർ

രക്തത്തിലെ ഗ്ലൂക്കോസിന്റെ നില വീട്ടിൽ തന്നെ പരിശോധിക്കുന്നതിനുള്ള ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. ബോട്ടിലിൽ നിന്നു ഒരു സ്ട്രിപ് എടുത്ത് ഗ്ലൂക്കോമീറ്ററിൽ കൃത്യസ്ഥാനത്ത് ഘടിപ്പിക്കുക.

ഗ്ലൂക്കോമീറ്ററിനൊപ്പം ലഭിക്കുന്ന പേന രൂപത്തിലുള്ള നീഡിലുപയോഗിച്ച്  കൈവിരലിൽ നിന്നു രക്തമെടുക്കാം. അതിനു മുൻപ് കൈവിരൽ നന്നായി കഴുകി തുടയ്ക്കണം. കുത്തിക്കഴിഞ്ഞാൽ വിരൽത്തുമ്പ് അമർത്താതെ വേണം രക്തമെടുക്കാൻ. അല്ലെങ്കിൽ പരിശോധനാഫലം തെറ്റാം. ഭക്ഷണത്തിനു മുൻപും രണ്ടുമണിക്കൂറിനു ശേഷവും സാംപിളുകൾ എടുക്കണം.

ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചു പരിശോധിക്കുമ്പോൾ രക്തത്തിലെ പ ഞ്ചസാരയുടെ അളവ് 18–20 mg/dc വരെ ലബോറട്ടറി വാല്യുവിൽ നിന്നു വ്യത്യാസം വരാം. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ലാബ് ടെസ്റ്റും ചെയ്യാം. സ്മാർട് ഫോണിൽ ബന്ധിപ്പിക്കാവുന്ന ഗ്ലൂക്കോമീറ്ററുകളും വിപണിയിൽ ലഭ്യമാണ്.

ഗ്ലൂക്കോമീറ്റർ ഉപയോഗിക്കുമ്പോൾ  

∙ സ്ട്രിപ്പിന്റെ കാലാവധി കഴി‍ഞ്ഞിട്ടില്ല എന്നുറപ്പാക്കണം. സ്ട്രിപ്സ് തീരെ തണുത്തതോ ചൂടുള്ളതോ ആയ സ്ഥലത്ത് സൂക്ഷിക്കരുത്.

∙ ബോട്ടിലിൽ നിന്നു പരിശോധനയ്ക്ക് വേണ്ട സ്ട്രിപ് എടുത്താലുടൻ ബോട്ടിൽ അടയ്ക്കണം. അല്ലെങ്കിൽ വായു ഉള്ളിൽ കയറി സ്ട്രിപ് കേടാകും.

∙ കഴിവതും ഒരേ കമ്പനിയുടെ സ്ട്രിപ് ഉപയോഗിക്കുക.

∙ ഗ്ലൂക്കോമീറ്റർ ബാറ്ററിയുടെ ചാർജ് ഇടയ്ക്ക് പരിശോധിക്കണം. ആറുമാസം അല്ലെങ്കിൽ ഒരു വർഷം കൂടുമ്പോഴെങ്കിലും റീഡിങ് പുനക്രമീകരിക്കണം.

4. പൾസ് ഓക്സിമീറ്റർ

കോവിഡിനുശേഷം ഏറെ പ്രചാരം നേടിയ ഉപകരണമാണ് രക്തത്തിലെ ഓക്സിജൻ നില അളക്കുന്ന പൾസ് ഓക്സിമീറ്റർ. വിരൽത്തുമ്പിൽ ക്ലിപ് പോലെ ഘടിപ്പിക്കാം.

 ചൂണ്ടുവിരൽ ഉപകരണത്തിന്റെ ഉള്ളിലേക്ക് കടത്തി വ യ്ക്കുക. 15–20 സെക്കൻഡ് കഴിയുമ്പോൾ രക്തത്തിലെ ഓക്സിജൻ നില (spo2), പൾസ് തുടങ്ങിയ കാര്യങ്ങൾ  തെളിഞ്ഞു വരും.

സാധാരണ ഓക്സിജൻ നില 95 മുതൽ 100 വരെ ആണ്. 90ൽ കുറ‍ഞ്ഞാൽ അടിയന്തര വൈദ്യസഹായം തേടണം. ശ്വാസകോശ രോഗങ്ങൾ ഉ ള്ളവർക്ക് 91 ആണെങ്കിലും പേടിക്കേണ്ടതില്ല. നഖങ്ങളിൽ നെയിൽ പോളിഷ്, മൈലാഞ്ചി തുടങ്ങിയവ ഉണ്ടെങ്കി ൽ തെറ്റായ റിസൽറ്റ് വ രാം. കൈകൾ തണുത്തിരിക്കുകയാണെങ്കിലും ഇ തേ പ്രശ്നം വരാം.

padmamediccc ഡോ. ബി. പത്മകുമാർ

പൾസ് ഒാക്സിമീറ്റർ ഉപയോഗിക്കുമ്പോൾ

∙ പരിശോധനയ്ക്ക് മുൻപ് രണ്ടു മിനിറ്റു വിശ്രമിക്കണം.

∙ ആദ്യം തെളിഞ്ഞും മറഞ്ഞും വരുന്ന റീഡിങ്ങുകൾ ഒഴിവാക്കി സ്ഥിരമായി നിൽക്കുന്ന റീഡിങ് പരിഗണിക്കുക.

∙ ഗുണനിലവാരമുള്ള ഓക്സിമീറ്റർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ബാറ്ററി ഇടയ്ക്കിടെ മാറണം.

5. ഹാർട് റേറ്റ് മോണിറ്റർ

ഹൃദയമിടിപ്പിന്റെ നിരക്ക് അറിയാനുള്ള ഉപകരണമാണിത്. ഹൃദയമിടിപ്പിലുള്ള വ്യത്യാസം, വ്യായാമം ചെയ്യുമ്പോഴുള്ള വ്യതിയാനം ഇവ അറിയാം.

220ൽ നിന്നു ഉപയോഗിക്കുന്നയാളിന്റെ പ്രായം കുറയ്ക്കുമ്പോൾ കിട്ടുന്ന സംഖ്യയാണ് ഹൃദയമിടിപ്പിന്റെ പരിധി. വിശ്രമ സമയത്ത് 60 മുതൽ 100 വരെയാണ് വേണ്ടത്.

 വ്യായാമം, കഠിനാധ്വാനം തുടങ്ങിയ സാഹചര്യങ്ങളിൽ 190 ൽ കൂടുതലാണ് ഹൃദയമിടിപ്പ് നിരക്ക് എങ്കിൽ അൽപനേരം വിശ്രമിക്കണം.വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് അമിതമായി കൂടുന്നുണ്ടെങ്കിൽ ഫിറ്റ്നെസ് കുറവാണെന്നർഥം. അതിനു കരുതൽ എടുക്കുകയും വേണം.   

6. ഫെർട്ടിലിറ്റി മോണിറ്റർ

ഗർഭധാരണത്തിനു സാധ്യതയുള്ള ദിവസങ്ങള്‍ അറിയാൻ സഹായിക്കുന്ന ഉപകരണമാണ് ഫെർട്ടിലിറ്റി മോണിറ്റർ. കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്ന ദമ്പതികൾക്ക് വളരെ പ്രയോജനകരമായിരിക്കും. മൊബൈലിലെ ആപ്പിലൂടെ കൃത്യം ഓവുലേഷൻ ദിനവും ഗർഭസാധ്യതയുള്ള ദിവസങ്ങളും അറിയാം.

bp-check

7. വെയിങ് മെഷീൻ

ശരീരഭാരം അറിയാനായി  ഡിജിറ്റൽ വെയിങ് മെഷീനും അല്ലാത്തതുമുണ്ട്. ഡിജിറ്റൽ വെയിങ് മെഷീൻ ശരീരഭാരം കൃത്യതയോടെ രേഖപ്പെടുത്തും. ആഴ്ചയിലൊരിക്കൽ ശരീരഭാരം പരിശോധിക്കാം. രാവിലെ പരിശോധിക്കുന്നതാണ് നല്ലത്. കഴിവതും എല്ലാ ആഴ്ചകളിലും ഒരേ സമയം തന്നെ പിന്തുടരുക. അതു  ഡയറിയിൽ എഴുതി സൂക്ഷിക്കാം.

വ്യായാമമോ മറ്റു അസുഖങ്ങളോ ഇല്ലാതെ ഒരു വ്യക്തിയുടെ ശരീരഭാരം ആറുമാസത്തിനുള്ളിൽ അഞ്ചു ശതമാ നത്തിലേറെ കുറഞ്ഞാൽ ഡോക്ടറെ കാണണം.

അതുപോലെ ശരീരഭാരം കൂടുന്നുണ്ടെങ്കിലും ഡോക്ടറെ കണ്ട് ഉചിതമായ നിർദേശങ്ങൾ സ്വീകരിക്കാം. മെഷീ   ൻ കൃത്യമായ ഇടവേളകളിൽ റീഡിങ് പുനക്രമീകരിക്കണം എന്നത് പ്രധാനമാണ്.

8. ഇൻസെന്റീവ് സ്പൈറോമീറ്റർ

ശ്വാസകോശത്തിന്റെ സങ്കോചനവികസനശേഷിയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താനായി ഇൻസെന്റീവ് സ്പൈറോമീറ്റർ ഉപയോഗിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും കോവിഡാനന്തരവും ഡോക്ടറുടെ നിർദേശപ്രകാരം ഇവ ഉപയോഗിക്കാം.

ഇൻസെന്റീവ് സ്പൈറോമീറ്റർ ഉപയോഗിക്കുമ്പോൾ

∙ കസേരയിൽ നിവർന്നിരിക്കുക. സ്പൈറോമീറ്റർ ഉപകരണം കൈകളിൽ നേരെപിടിക്കുക. ശ്വാസം പൂർണമായും പുറത്തേക്ക് നിശ്വസിക്കുക.

∙ സ്പൈറോമീറ്ററിന്റെ മൗത്ത്പീസ് വായിൽ വച്ചശേഷം ശ്വാസം ദീർഘമായി ഉള്ളിലേക്ക് എടുക്കാം. മീറ്ററിലെ ബോളുകൾ പരമാവധി ഉയരത്തിലെത്തണം.

∙ അഞ്ചു സെക്കൻഡുകളോളം ശ്വാസം പിടിച്ചുവയ്ക്കുക. സാവധാനം മൗത്ത്പീസ് വായിൽ നിന്നു  മാറ്റുക. ഏതാനും സെക്കൻഡ് വിശ്രമിച്ച ശേഷം വീണ്ടും ആവർത്തിക്കുക. തുടർച്ചയായി പത്തു തവണ ഇങ്ങനെ ചെയ്യാം.

9. ഇൻസുലിൻ പേനകൾ

ഇൻസുലിൻ കുത്തി വയ്ക്കാൻ സിറിഞ്ചും പേനകളും ഉപയോഗിക്കാറുണ്ട്. ഉപയോഗിക്കാൻ എളുപ്പം പേനകളാണ്. പേനകളിൽ കാട്രിഡ്ജ് രൂപത്തിലാണ് ഇൻസുലിൻ നിറയ്ക്കുന്നത്.

സൂചിയുടെ വലുപ്പം തീരെ കുറവായതിനാൽ വേദന അനുഭവപ്പെടുന്നില്ല എന്നതാണ് പേനയുടെ ഗുണം. രോഗികൾക്കു തന്നെ അനായാസം ഇൻസുലിൻ പേന ഉപയോഗിച്ച്  ഇ‍ഞ്ചക്ഷനെടുക്കാൻ സാധിക്കും.

പേനയ്ക്കുള്ളിൽ ഇൻസുലിൻ നിറച്ച് ഉപയോഗിച്ചു തുടങ്ങിയാൽ ഫ്രിജിൽ വയ്ക്കേണ്ട ആവശ്യമില്ല. ഒന്നിൽ കൂടുതൽ പേനകൾ വാങ്ങുന്നവരും കൂടുതൽ കാട്രി‍ഡ്ജുക  ൾ വാങ്ങുന്നവരും അധികമുള്ളത് ഫ്രിജിൽ വയ്ക്കണം. ഒ രു കാരണവശാലും ഫ്രീസറിൽ സൂക്ഷിക്കരുത്.

ഇൻസുലിൻ പേന വാഹനങ്ങളിൽ സൂക്ഷിക്കരുത്. താ പനില വർധിക്കുന്നത് പ്രവർത്തനക്ഷമത കുറയ്ക്കും.ഒരിക്കൽ പേനയിൽ കാട്രിഡ്ജു നിറച്ചു കഴിഞ്ഞാൽ 30 ദിവസത്തിനകം ഉപയോഗിക്കണം. 30 ദിവസം കഴിയുമ്പോ ൾ ഇ ൻസുലിന്റെ ഗുണമേന്മ കുറയുന്നു.

ഇൻസുലിന്റെ സൂചിക്ക് വലുപ്പം തീരെ കുറവായതിനാ ൽ പെട്ടെന്നു തന്നെ അതിന്റെ മൂർച്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കുത്തിവയ്പ്പെടുക്കുമ്പോൾ വേദന അനുഭവപ്പെട്ടു തുടങ്ങിയാൽ പുതിയ സൂചിയിലേക്കു മാറണം.

10. ഹീറ്റിങ് പാഡ്

ശരീരത്തിലുണ്ടാകുന്ന വേദനയും നീർക്കെട്ടും കുറയ്ക്കാൻ സഹായിക്കുന്ന ഉപകരണമാണ് ഇലക്ട്രോണിക് ഹീറ്റിങ് പാഡ്. എല്ലാത്തരത്തിലുമുള്ള പേശീവേദനകൾ, സന്ധിവേദനകൾ, നടുവേദന എന്നിവയ്ക്കെല്ലാം ഹീറ്റിങ് പാഡ് ഗുണകരമാണ്.

ചൂടു വയ്ക്കുമ്പോൾ ആ ഭാഗത്തെ രക്തയോട്ടം മെച്ചപ്പെടും. വേദനയ്ക്ക് ആ ശ്വാസം ലഭിക്കും.  

ഇലക്ട്രോണിക് ഹീറ്റിങ് പാഡ് ചൂടാ യശേഷം വേദനയും നീർക്കെട്ടും ഉള്ളിടത്ത് വയ്ക്കുക. നേരിട്ട് ചർമത്തി ൽ വയ്ക്കാതെ   ടവൽ വിരിച്ചിട്ട് അതിനു മുകളിൽ ഹീറ്റിങ് പാഡ് വയ്ക്കാൻ ശ്രദ്ധിക്കണം. തുടർച്ചയായി 15 മിനിറ്റിൽ കൂടുതൽ ഉപയോഗിക്കരുത്. ദിവസം പല സമയങ്ങളിലായി മൂന്നു തവണ വരെ ഉപയോഗിക്കാം.

ഹീറ്റിങ് പാഡ് വച്ച് ഉറങ്ങി പോകുന്ന അവസ്ഥയൊന്നും ഉണ്ടാകാതെ സൂക്ഷിക്കുക. അതുപോലെ ഇലക്ട്രിക് വയർ കേടുപാടില്ലാതെ സൂക്ഷിക്കുകയും വേണം. 

medical-tools4577
Tags:
  • Health Tips
  • Glam Up