Wednesday 17 February 2021 03:46 PM IST

ടെൻഷൻ കൂടി മനസ്സു കൈവിടുമെന്നു തോന്നിയാൽ ചെയ്യാൻ ഒരുപാടു കാര്യങ്ങളുണ്ട്; മാനസിക സമ്മർദം ഒഴിവാക്കാനുള്ള വഴികൾ

Roopa Thayabji

Sub Editor

tebb444sfff

ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ സാധാരണ എന്താണ് ചെയ്യാറുള്ളത്? നിർത്താതെ ഹോണടിക്കും, കാത്തുനിൽക്കാനുള്ള ക്ഷമയില്ലാതെ ഇടിച്ചു കയറാൻ നോക്കും എന്നൊക്കെയാണോ ഉത്തരം? എങ്കിൽ ഒന്നു സൂക്ഷിച്ചോളൂ. തെറ്റിക്കുന്നത് ട്രാഫിക് നിയമം മാത്രമല്ല, ജീവിതത്തിലെ സന്തോഷത്തിന്റെ നിയമങ്ങൾ കൂടിയാണ്.

അടുക്കളയിൽ ഉപ്പു തീരുന്നതു മുതൽ ബ്ലോക്കിൽ പെടുന്നതു വരെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ ഉറപ്പ്, മാനസിക സമ്മർദമെന്ന വില്ലന്റെ പിടിയിലാണു നമ്മൾ. അടുത്തുള്ള കടയിൽ നിന്ന് ഒരു പായ്ക്കറ്റ് ഉപ്പു വാങ്ങിയാൽ പോരേ. ട്രാഫിക് ബ്ലോക് കൂടി കണക്കിലെടുത്ത് നാളെ മുതൽ 15 മിനിറ്റ് മുൻപേ പുറപ്പെടുമെന്നു തീരുമാനിച്ചു കൂടേ. ചെറിയ വഴികളിലൂടെ അവസാനിക്കുന്ന പ്രശ്നങ്ങളെ ചിന്തിച്ചു വലുതാക്കും മുൻപ് സമ്മർദം മാറ്റിവച്ച് ഇതൊന്നു വായിക്കൂ. സമ്മർദം ഒഴിവാക്കാനുള്ള വഴികൾ പറഞ്ഞുതരുന്നത് മാനസിക ആരോഗ്യ വിദഗ്ധരായ ഡോ.സി.ജെ. ജോണും ഡോ. അരുൺ ബി. നായരും ആണ്.

ഫ്രണ്ട്ഷിപ് ‘മസ്റ്റാ’ണ്

ജോലി സ്ഥലത്തെ കുറച്ചു നല്ല സുഹൃത്തുക്കൾ, അയൽ വീടുകളിലെ ചങ്ങാതിമാർ, പഴയ സഹപാഠികൾ, അമ്പലം, പള്ളി പോലുള്ള സാമൂഹിക– സാമുദായിക പ്രവർത്തനങ്ങളുടെ ഭാഗമായ ബന്ധങ്ങൾ തുടങ്ങി അഞ്ചു വ്യത്യസ്ത വിഭാഗം സൗഹൃദങ്ങളെങ്കിലും ഉണ്ടാകുന്നത് മനസ്സിനെ കൂൾ ആക്കി  വയ്ക്കാൻ നല്ലതാണ്. സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയെ ഇതിനായി ഉപയോഗപ്പെടുത്താം. മനസ്സു തുറന്നു സംസാരിക്കാവുന്ന സുഹൃത്തുക്കളെ ചേർത്തു നിർത്തണം. കോവിഡ് മാനദണ്ഡങ്ങൾ കാരണം കാണാനും ഒത്തു കൂടാനും പറ്റില്ല. ഫോണും സോഷ്യൽ മീഡിയയുമൊക്കെ ഉണ്ടല്ലോ. സൗഹൃദങ്ങളുടെ വസന്തം മനസ്സിനെ വാടാതെ കാക്കും.

ഉറങ്ങാം ‘കുട്ടിക്കാലത്ത് ’

ഉറങ്ങാൻ കിടക്കുമ്പോൾ അവസാനം ചെയ്യുന്ന കാര്യമാണ് ഉണർന്നെണീക്കുമ്പോൾ ആദ്യം സ്വാധീനിക്കുക. രാത്രി വഴക്കിട്ടിട്ടു കിടന്നാൽ ഉണരുമ്പോഴും  ദേഷ്യം മനസ്സിൽ കിടക്കാറില്ലേ. എന്നും ഉറങ്ങാൻ കിടക്കുമ്പോൾ വീട്ടുകാരുമായി ബന്ധപ്പെട്ടോ കൂട്ടുകാരുമായി ബന്ധപ്പെട്ടോ നിങ്ങൾക്കു 10 വയസ്സാകും മുൻപ് നടന്ന രസകരമായ സംഭവം ഓർക്കുക. ആ കാലത്തെ, ആ നിമിഷത്തിന്റെ വൈകാരിക അവസ്ഥയിലൂടെ മനസ്സിനെ കടത്തിവിടുകയാണ്  ചെയ്യുന്നത്. അപ്പോൾ മനസ്സ് സന്തോഷപൂർണമാകും. രാവിലെ ഉണരുമ്പോഴും ആ ചിരി മുഖത്തുണ്ടാകും.

Tips to REMEMBER

∙ കാര്യങ്ങൾ അതിന്റെ ഗൗരവത്തോടെ മനസ്സിലാക്കുന്ന സുഹൃത്തിനോടു തുറന്നു സംസാരിക്കുമ്പോൾ മനസ്സിനു സുഖം കിട്ടും. നാം പറയുന്ന കാര്യങ്ങൾക്ക് നല്ലൊരു ശ്രോതാവ് ഉണ്ടാകുമ്പോൾ തന്നെ തിരയടങ്ങിയ കടൽ പോലെ മനസ്സ് ശാന്തമാകും.

∙ വിമർശിക്കുന്ന ശീലമുള്ളവരെ ഒഴിവാക്കുക. കുറ്റപ്പെടുത്താത്ത, പരിഹസിക്കാത്ത, നമ്മുടെ വിഷമങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്ന ഒരാളായിരിക്കണം. കാര്യങ്ങൾ ശരിയായി മനസ്സിലാക്കി ഉത്തരം നൽകാൻ കഴിവില്ലാത്തവരോടു സംസാരിച്ചാൽ ഉത്കണ്ഠ കൂടുകയേ ഉള്ളൂ.

∙ ഏറ്റവും അടുത്ത സുഹൃത്താണ് മനസ്സിലെ പ്രയാസത്തെ കുറിച്ചു പറയുന്നതെങ്കിൽ എന്തു മറുപടി നൽകുമെന്നു സങ്കൽപിച്ചു നോക്കുക. മനസ്സിൽ വരുന്ന മറുപടി എഴുതി വച്ച് കണ്ണാടിയിൽ നോക്കി ഉറക്കെ വായിക്കുക. പ്രശ്നത്തിന്റെ പരിഹാരം സ്വയം കണ്ടെത്തിക്കഴിഞ്ഞു.

‘സ്ലീപ് ഹൈജീൻ’ ഉറപ്പായും വേണം

ഉറക്കവുമായി ബന്ധപ്പെട്ട ശീലങ്ങളെയാണ് ഇങ്ങനെ വിളിക്കുന്നത്. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും തുടർച്ചയായ, തടസ്സമില്ലാത്ത ഉറക്കം രാത്രിയിൽ ലഭിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കും. പല കാരണങ്ങൾ കൊണ്ടും കൃത്യമായ ഉറക്കത്തിനു ബുദ്ധിമുട്ടു വരുന്നവർക്ക് ‘സ്ലീപ് ഹൈജീൻ എക്സർസൈസുകൾ’ ശീലിക്കാം.

നിശ്ചിത സമയത്തു തന്നെ ഉറങ്ങുന്നതും ഉണരുന്നതുമാണ് ഇതിലെ ആദ്യ പോയിന്റ്. ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപുള്ള രണ്ടു മണിക്കൂർ എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും മാറ്റി വയ്ക്കണം. സന്ധ്യ കഴിഞ്ഞാൽ ചായ, കാപ്പി, കോള പോലുള്ളവ ഒഴിവാക്കണം. ഇവയിൽ അടങ്ങിയ ക ഫീൻ തലച്ചോറിനെ ഉത്തേജിപ്പിക്കും. അപ്പോൾ ഉറക്കം വരുന്നത് വൈകും. മെലാറ്റോണിൻ എന്ന രാസവസ്തുവാണ് തലച്ചോറിനെ സമ്പൂർണ വിശ്രമാവസ്ഥയിലേക്ക് നയിക്കുന്നത്. രാത്രി 11 മുതൽ മെലാറ്റോണിന്റെ ഉത്പാദനം  പാരമ്യത്തിലെത്തുകയും രാവിലെ ആറു വരെ അതു നിലനിൽക്കുകയും ചെയ്യും. ഈ സമയമാണ് സുഖനിദ്ര കിട്ടാൻ ഏറ്റവും നല്ലത്.

tennbb556

Tips to REMEMBER

∙ ഉറങ്ങുന്നതിനു തൊട്ടുമുൻപ് റിലാക്സേഷൻ വ്യായാമം ശീലിക്കാം. ഒരു കൈ നെഞ്ചിലും മറ്റേതു വയറിലും ചേർത്തു വച്ച് ദീർഘമായി ശ്വാസം ഉള്ളിലേക്കെടുക്കുക. അഞ്ചു സെക്കൻഡ് ‘ഹോൾഡ്’ ചെയ്തു വച്ച ശേഷം വായിലൂടെ പതിയെ പുറത്തേക്കു വിടാം. പത്തു പ്രാവശ്യമെങ്കിലും ഇത് ആവർത്തിക്കണം.

∙ ഉറങ്ങുമ്പോൾ ശബ്ദശല്യങ്ങൾ ഇല്ലാത്ത തരത്തിൽ മുറി ക്രമീകരിക്കുക. മുറിയിൽ ഹൃദ്യമായ സുഗന്ധം നിറയ്ക്കുക.

∙ വൈകുന്നേരമാണ് വ്യായാമം ചെയ്യുന്നതെങ്കിൽ ഉറങ്ങുന്ന സമയത്തിനു നാല്– അഞ്ചു മണിക്കൂർ മുൻപ്  വ്യായാമം അവസാനിപ്പിക്കണം. വൈകി വ്യായാമം ചെയ്യുന്നത് ഉറക്കത്തെ ബാധിക്കും.

ശീലിക്കാം ‘മനോനിറവ്’

പേരു കേട്ട് ഞെട്ടേണ്ട, Mindfulness എന്നതിന്റെ മലയാളമാണിത്. ഇന്നലെ എന്തുണ്ടായി എന്നോർത്ത് സങ്കടപ്പെടാനും നാ ളെ ഇനി എന്താകുമെന്നും ഓർത്ത് ടെൻഷനിലാകാനും മിടുക്കരാണ് നമ്മൾ. ഇന്നലെയും നാളെയുമില്ലാതെ വർത്തമാന കാലത്തിൽ ഊന്നൽ നൽകികൊണ്ട് ഓരോ നിമിഷവും ആസ്വദിക്കുന്നതിലൂടെ ലഭിക്കുന്ന ‘സ്വാസ്ഥ്യം’ ആണ് ‘മൈൻഡ്ഫുൾനസ്’ .വീട്ടിൽ ആർക്കെങ്കിലും അസുഖമുണ്ടെന്നു കരുതി ഓർത്ത് സങ്കടപ്പെട്ടിട്ടു കാര്യമുണ്ടോ.

ഏറ്റവും നല്ല ചികിത്സ കൊടുത്ത്, സന്തോഷവും ആത്മവിശ്വാസവും നൽകി കൂെട നിന്നാലല്ലേ രോഗം മാറി അവർ തിരികെ വരൂ. എന്തുകൊണ്ട് എനിക്കീ വിധി എന്നോർത്ത് ദുഃഖിക്കാതെ, ഈ നിമിഷം തരണം ചെയ്യും എന്നു ചിന്തിച്ചു തുടങ്ങുന്നിടത്താണ് ‘മൈൻഡ്ഫുൾനസ്’ കൈവരുന്നത്.

എണ്ണിനോക്കൂ അനുഗ്രഹങ്ങൾ

സംഭവിച്ച തെറ്റുകളോർത്ത് നിരാശപ്പെട്ടാണോ ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത്. എങ്കിൽ ഇന്നു മുതൽ പുതിയ ശീലം തുടങ്ങാം. ഇന്നത്തെ ദിവസം ലഭിച്ച മൂന്നു അനുഗ്രഹങ്ങൾ ഡയറിയിൽ കുറിച്ചു വച്ച ശേഷമേ ഉറങ്ങാവൂ. അത്ര വലിയ കാര്യമൊന്നും ആകണമെന്നില്ല കേട്ടോ. പഴയ സുഹൃത്തിനെ വീണ്ടും കണ്ടതോ, രുചികരമായ ഭക്ഷണം കഴിച്ചതോ, ആരെങ്കിലും നമ്മളോടു നന്ദിവാക്കു പറഞ്ഞതോ ഒക്കെ ആകാം. ജീവിതത്തിൽ സംഭവിക്കുന്ന ഇത്തരം ചെറിയ െചറിയ നല്ല കാര്യങ്ങളെ കുറിച്ച് ഓർക്കാതെ, നഷ്ടപ്പെട്ടു പോയവയെ കുറിച്ച് ചിന്തിക്കുന്നതാണ് സമ്മർദം കൂട്ടുന്നത്.

നല്ല കാര്യങ്ങൾ എഴുതി വച്ചാൽ മാത്രം പോരാ, അന്നത്തെയും തലേ ദിവസത്തെയും പേജുകൾ ഒരാവർത്തി വായിക്കുകയും വേണം. ഇന്ന് എന്റെ ദിവസം സന്തോഷപൂർണമായിരുന്നു എന്ന തോന്നലുണ്ടാക്കാൻ ഇതു വളരെ ഗുണം ചെയ്യും.

തുടക്കത്തിലേ നിയന്ത്രിക്കാം

∙ സമ്മർദമുണ്ടാക്കുന്ന കാര്യങ്ങളെ ‘മുളയിലേ’ തന്നെ പരിഹരിക്കാം. ഇതിനു സമ്മർദം തിരിച്ചറിയുന്നത് പ്രധാനമാണ്. ടെൻഷനടിക്കുമ്പോൾ നെഞ്ചിടിപ്പു കൂടുക, വിയർക്കുക, കിതപ്പ് അനുഭവപ്പെടുക തുടങ്ങിയവ അനുഭവപ്പെട്ടാൽ ശ്രദ്ധ തിരിച്ചുവിടാനുള്ള വഴികൾ നോക്കാം. ഇഷ്ടപ്പെട്ട പാട്ടു കേൾക്കുന്നതും, പാടുന്നതും, ഇഷ്ടമുള്ള ഡ്രസ് ഇടുന്നതും. ഇഷ്ടഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതുമൊക്കെ മനസ്സിൽ സന്തോഷം നിറയ്ക്കും.

∙ ഹോബികൾ ശീലിക്കാം. യാത്രകൾ, പ്രാർഥന, ആരാധനാലയ ദർശനം  തുടങ്ങിയവ  മനസ്സിൽ സന്തോഷം നിറയ്ക്കും. ഒറ്റയ്ക്ക് ആകാതെ കൂട്ടുകാർക്കൊപ്പം ചേരുന്നത് അസ്വസ്ഥതകളെ പരിഹരിക്കാൻ നല്ലതാണ്.

∙ മാനസിക സമ്മർദം കാരണം നിയന്ത്രണം വിട്ടുപോകുന്നു എന്നു തോന്നിയാൽ മസാജിങ് ചെയ്തു പരിഹാരം കാണാം വിരലുകളുടെ അഗ്രഭാഗത്ത് പതിയെ മസാജ് ചെയ്യുക. കൈകൾ, കഴുത്ത്, നെറ്റി എന്നിവിടങ്ങളിലും മൃദുവായി മസാജ് ചെയ്യാം. കഴിയുമെങ്കിൽ മാസത്തിലൊരിക്കൽ സ്പാ ചെയ്യുന്നതും നല്ലതാണ്.

∙ ഓഫിസിലെ ചിട്ടകൾ പാലിക്കുന്നതും ടൈം മാനേജ്മെന്റുമാണ് സമ്മർദമില്ലാതെ ജോലി ചെയ്യാൻ ഏറ്റവും പ്രധാന കാര്യം. ജോലിക്കിടെ സമ്മർദം ഉണ്ടായാൽ കണ്ണടച്ച് ദീർഘനിശ്വാസം ചെയ്യുക. അഞ്ചുമിനിറ്റ് നടന്ന ശേഷം സീറ്റിലേക്കു തിരികെ വരാം. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ സുഖകരമായ പാട്ടുകേൾക്കുക. റബർ കൊണ്ടുള്ള സ്ട്രെസ്സ് ബോൾ കയ്യിൽ വയ്ക്കുന്നതും ഗുണം ചെയ്യും.

∙ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയാൽ വരി തെറ്റിക്കാതെ ശാന്തമായി ഇരിക്കുക. അല്ലെങ്കിൽ കൂടുതൽ സമയം കാത്തു കിടക്കേണ്ടി വരാം. ഓഫിസിലേക്ക് എന്നും ഒരേ വഴിയിലൂടെ പോകുന്നത് ബോറടിപ്പിക്കും. പല വഴികളിലൂടെ പോകാനായി സമയം ക്രമീകരിച്ച് വീട്ടിൽ നിന്നിറങ്ങുക.

Tips to REMEMBER

∙  ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അത് ആസ്വദിക്കുക. കിടക്കവിരി മടക്കി വയ്ക്കുമ്പോൾ അതിന്റെ മൃദുത്വം അറിയുന്നതും, മുഖം കഴുകുമ്പോൾ വെള്ളത്തിന്റെ തണുപ്പ് ആസ്വദിക്കുന്നതുമൊക്കെ ഗുണം ചെയ്യും.

∙ മനസ്സിനെ അലട്ടുന്ന വാർത്തകൾക്കും ചിന്തകൾക്കും ചെവി കൊടുക്കാതിരിക്കുക. ഈ സമയത്ത് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുക. പൂർവകാലത്തെ വിഷമഘട്ടങ്ങൾ ഓർക്കുന്ന ഒരു കാര്യവും ചിന്തിക്കുക പോലും ചെയ്യരുത്.

∙ ലിഫ്റ്റിനുള്ളിലും ക്യൂവിലും നിൽക്കുമ്പോൾ മൊബൈ ലിൽ നോക്കി നിൽക്കാതെ ചുറ്റുമുള്ളവരെ കൂടി ശ്രദ്ധിക്കാം. പകരം കിട്ടുന്ന ചിരിക്ക് ദിവസം മുഴുവൻ പോസിറ്റിവിറ്റി നിറയ്ക്കാനായേക്കും.

ddstebb5435

പാലിക്കാം ടൈംടേബിൾ

പഠിക്കാനുള്ള ടൈംബേബിളല്ല ഇത് . സമ്മർദം അകറ്റുന്ന കാര്യത്തിൽ പഠിപ്പിനെക്കാൾ പ്രധാനമാണ് ഭക്ഷണം കഴിക്കുന്നതിനുള്ള ടൈംടേബിൾ. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതു മാനസിക സമ്മർദം ലഘൂകരിക്കും.

ഭക്ഷണം ‘സ്കിപ്’ ചെയ്യുന്നതും കഴിക്കാൻ വൈകുന്നതും ആമാശയത്തിലെ അമ്ലത്തിലെ ഉത്പാദനം കൂട്ടും. ഇതു ശാരീരിക, ആരോഗ്യപ്രശ്നങ്ങളോടൊപ്പം മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. അതിനാൽ നിശ്ചിത ഇടവേളകളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ട് എന്നുറപ്പാക്കാൻ ടൈംടേബിൾ തയാറാക്കണം.

വീട്ടിൽ നിന്നു തന്നെ ഭക്ഷണം കഴിച്ചു മടുക്കുമ്പോൾ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി രണ്ടാഴ്ചയിൽ ഒരിക്കലോ മറ്റോ മാത്രം ‘റസ്റ്ററന്റ് അവർ’ കൊടുക്കാം.

Tips to REMEMBER

∙ എരിവും പുളിയും മസാലയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം. പച്ചക്കറികളും പഴവർഗങ്ങളും കൂടുതലുള്ള ഭക്ഷണം ശീലമാക്കുന്നത് ദഹന പ്രക്രിയ സുഗമമാക്കാനും  അതുവഴി മാനസിക സമ്മർദം ലഘൂകരിക്കാനും പ്രയോജനപ്പെടും.

∙ ധാരാളം വെള്ളം കുടിക്കണം. ജലാംശം ശരീരത്തിലെ തലച്ചോറ് അടക്കമുള്ള ഭാഗങ്ങളിലെ രക്തയോട്ടം ത്വരിതപ്പെടും. ഇതു മനസ്സിനെ ശാന്തമാക്കും.

∙ ഭക്ഷണത്തിന്റെ ഇളവ്, നിറം, രുചി, ഗന്ധം, വിളമ്പുന്നതിന്റെ കൃത്യത തുടങ്ങിയവയൊക്കെ ആസ്വദിക്കുക. പാചകം ഇഷ്ടമുള്ളവരാണെങ്കിൽ ടെൻഷൻ കുറയ്ക്കാൻ മറ്റു വഴി വേണ്ട. ഇഷ്ട ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതു തന്നെ സന്തോഷം പകരുന്ന അനുഭവമാണ്.

വ്യായാമം പ്രധാനം

തലച്ചോറിലെ എൻഡോർഫിൻ എന്ന ഘടകമാണ് മനസ്സിന് ഉന്മേഷം പകരുന്നത്. തലച്ചോറിലെ ഡോപമിൻ എന്ന രാസഘടകമാണ് ആഹ്ലാദം ഉണ്ടാക്കുന്നത്. വ്യായാമം ചെയ്യുമ്പോൾ എൻഡോർഫിന്റെയും ഡോപമിന്റെയും ഉത്പാദനം കൂടും. നടത്തം, യോഗ, നീന്തൽ, സൈക്ലിങ് തുടങ്ങി ഏതെങ്കിലും വ്യായാമം മുടങ്ങാതെ ചെയ്യുക.

Tips to REMEMBER

∙ ദിവസം ചുരുങ്ങിയത് 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. സൂര്യപ്രകാശം കൊള്ളുന്ന രീതിയിൽ ശരീരം വിയർക്കുന്ന തരത്തിലുള്ള വ്യായാമങ്ങളാണ് അഭികാമ്യം. ഇതിനായി രാവിലെ ഏഴിനും ഒൻപതിനും ഇടയിലുള്ള സമയമോ വൈകിട്ട് നാലിനും ആറിനും ഇടയിലുള്ള സമയമോ തിരഞ്ഞെടുക്കാം.

∙ സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ ഉത്പാദനം കൂടും. ഇതു രോഗപ്രതിരോധ ശക്തിയും കായികക്ഷമതയും കൂട്ടും.

∙ വായന തലച്ചോറിനുള്ള വ്യായാമമാണ്. ഇതിലൂടെ തലച്ചോറിന്റെ വിജ്ഞാന വിശകലനശേഷിയുടെ വേഗം കൂടും. ഓർമ, ബുദ്ധി, കാര്യങ്ങൾ വിലയിരുത്താനുള്ള കഴിവ് എന്നിവ മെച്ചപ്പെടും. അപ്പോൾ സമ്മർദം  കുറയും.

-ഡോ. സി. ജെ. ജോൺ, ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം. ഡോ. അരുൺ ബി. നായർ, അസോ. പ്രഫസർ (സൈക്യാട്രി), മെഡിക്കൽ കോളജ്, തിരുവനന്തപുരം.

Tags:
  • Health Tips
  • Glam Up