Wednesday 17 January 2018 10:17 AM IST : By സ്വന്തം ലേഖകൻ

മുടികൊഴിച്ചില്‍; കാരണങ്ങളറിയാം പരിഹാരങ്ങളും

Reasons for Hair Fall

തിളങ്ങുന്നതും ഇടതൂർന്നതുമായ തലമുടി ഏവരുടെയും ശ്രദ്ധയാകർഷിക്കും. എന്നാൽ മുടിയഴകു കുറയ്ക്കുന്നതിനു പിന്നിൽ മുടികൊഴിച്ചിൽ, താരൻ, മുടിയുടെ അറ്റം പിളർന്നുപോകൽ, അകാലനര എന്നീ പ്രശ്നങ്ങളാണ് പ്രധാനം.  

മുടിെകാഴിച്ചിലിന് ലേപനങ്ങൾ

പല പ്രായത്തിലുള്ളവർക്ക് പല കാരണങ്ങൾ കൊണ്ടു പലതരത്തിലുള്ള മുടികൊഴിച്ചിൽ ഉണ്ടാകാം.  കുട്ടികളിൽ മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള പ്രധാന കാരണം പൂപ്പൽബാധയാണ്. സ്ത്രീകളിൽ പ്രസവം കഴിഞ്ഞു മൂന്നു മുതൽ ആറു മാസം കഴിയുമ്പോൾ ഹോർമോൺ വ്യതിയാനം കാരണം പെട്ടെന്നു ധാരാളം മുടികൊഴിയുന്നതായി കാണാറുണ്ട്. ആർത്തവവിരാമത്തോടനുബന്ധിച്ചും സ്ത്രീകളിൽ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. പുരുഷന്മാരിൽ ഉണ്ടാകുന്ന മുടികൊഴിച്ചിലിനു പ്രധാന കാരണം കഷണ്ടിയാണ്. താരനും ചിലപ്പോൾ മുടികൊഴിച്ചിലിലേക്ക് നയിക്കാറുണ്ട്.


ശിരോചർമത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളോടൊപ്പം തന്നെ ശരീരത്തിൽ പൊതുവായുണ്ടാകുന്ന മാറ്റങ്ങളും മുടികൊഴിച്ചിൽ ഉണ്ടാക്കാം.
നാണയത്തിന്റെ രൂപത്തിൽ വട്ടത്തി ൽ മുടികൊഴിയുന്ന അലോപേഷ്യ ഏരിയേറ്റ (Alopecia Areata) എന്ന രോഗാവസ്ഥ ഏറെ പേരിൽ കണ്ടുവരുന്നുണ്ട്. രോഗിക്കു ചൊറിച്ചിലോ മറ്റു പ്രശ്നങ്ങളോ ഒന്നുമുണ്ടാകില്ല. താരൻ, ഫംഗസ് ബാധ എന്നിവ കാരണവും മുടികൊഴിച്ചിൽ ഉണ്ടാകാം. വിളർച്ചയും െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ ഏറ്റക്കുറച്ചിലും പോഷകാഹാരക്കുറവും സാധാരണയായി കണ്ടുവരാറുള്ള കാരണങ്ങളാണ്.  


ചികിത്സ തേടേണ്ട തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടോ എന്നത് ആദ്യം ഉറപ്പുവരുത്തണം. ദിവസവും നൂറു മുടിയിൽ കൂടുതൽ കൊഴിയുകയാണെങ്കിൽ മുടികൊഴിച്ചിൽ ചികിത്സിക്കേണ്ടതാണെന്ന് അനുമാനിക്കാം. ദിവസേന കൊഴിയുന്ന മുടിയുടെ എണ്ണം നൂറിൽ താഴെയാണെങ്കിലും മുടിയുടെ ഉള്ള് കുറഞ്ഞതായി അനുഭവപ്പെടുകയും മുടിയില്ലാത്തതു കാരണം ചില ഭാഗങ്ങളിൽ ശിരോചർമം പുറത്തേക്കു കാണുകയാണെങ്കിലും മുടികൊഴിച്ചിൽ ചികിത്സിക്കണം. മുടികൊഴിച്ചിലിനുള്ള കാരണം കണ്ടെത്തുകയാണ് അടുത്തപടി.
ഫംഗസ് ബാധയും താരനും മാറ്റാൻ ഉള്ളിൽ കഴിക്കാവുന്ന മരുന്നുകൾ, ലേപനങ്ങൾ ഷാംപൂ എന്നിവ ഉപയോഗിക്കാം. അലോപേഷ്യ ഏരിയേറ്റ  എത്രത്തോളം ഭാഗം വരെ വ്യാപിച്ചിട്ടുണ്ടെന്നതിനെ ആശ്രയിച്ചാണ് അതിന്റെ ചികിത്സ. ലേപനങ്ങളും ത്വക്കിനടിയിലുള്ള കുത്തിവയ്പും കഴിക്കാനുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്.പിസിഒഡി പോലുള്ള അവസ്ഥകൾക്ക് ഹോർമോൺ ചികിത്സ വേണ്ടിവരും. അനീമിയ, െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന െെവകല്യം എന്നിവയുണ്ടെങ്കിൽ ചികിത്സിക്കണം.
മുടിയുടെ വളർച്ചയെ സഹായിക്കുന്ന ബയോ ട്ടിൻ അടങ്ങിയ വൈറ്റമിൻ ഗുളികകളും ശിരോചർമത്തിൽ പുരട്ടുന്ന െഹയർ ഗ്രോത്ത് സീറമുകളുമാണു പ്രധാന ചികിത്സ. കഷണ്ടിയുടെ ചികിത്സയ്ക്കായി മിനോക്സിഡിൽ (Minoxidil) അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കാറുണ്ട്.

Beautiful Brunette Girl with Healthy Long Hair

പ്ലേറ്റ്െലറ്റ് ചികിത്സ

പ്ലേറ്റ്െലറ്റ് റിച്ച് പ്ലാസ്മ െതറപ്പി (PRP) (രോഗിയുടെ രക്തത്തിൽ നിന്നെടുക്കുന്ന പ്ലേറ്റ്ലറ്റ് ചർമത്തിൽ കുത്തിവച്ചു ചെയ്യുന്ന ചികിത്സ) കഷണ്ടിയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന നൂതന പരിഹാരമാണ്. മരുന്നുപയോഗിച്ചുള്ള ചികിത്സ കഷണ്ടിയുടെ തുടക്കത്തിൽ മാത്രമേ ഫലിക്കുകയുള്ളൂ. അല്ലാത്തവർക്ക്  െഹയർ ട്രാൻസ്പ്ലാൻേറഷൻ െചയ്യാം.

താരന് ഷാംപൂവും മരുന്നുകളും


ചർമത്തിന്റെ ഉപരിതലത്തിലുണ്ടാകുന്ന മൃതകോശങ്ങളുടെ അളവു കൂടുകയോ, അവ വളരെ വേഗത്തിൽ ഉണ്ടാകുകയോ ചെയ്യുമ്പോൾ താരൻ പ്രത്യക്ഷപ്പെടും. അതോടൊപ്പം ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം. താരനു കാരണമാകുന്ന മറ്റൊരു രോഗമാണ് സോറിയാസിസ് (Psoriasis).
താരനെതിരെയുള്ള ചികിത്സ കുറച്ചുനാൾ സ്ഥിരമായി ചെയ്യേണ്ടിവരും. പൊടിപോലെയുള്ള താരൻ നീക്കം ചെയ്യാൻ മിക്കപ്പോഴും പ്രത്യേക മരുന്നുകൾ ചേർന്നിട്ടില്ലാത്ത (Non-medicated) ഷാംപൂ മതിയാകും. ഷാംപൂ തിരഞ്ഞെടുക്കുമ്പോൾ വീര്യമേറിയവ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണു നല്ലത്. സെബോറിക് ഡെർമറ്റൈറ്റിസിന്റെ (തലയോട്ടിയിെല ചർമം െപാളിഞ്ഞ് ഇളകുക, ചുവന്ന പാടുകൾ എന്നീ ലക്ഷണങ്ങൾ ഉള്ള േരാഗം. ) ചികിത്സയ്ക്ക് ആന്റിഫംഗൽ മരുന്നുകളടങ്ങിയ ഷാംപൂവാണ് ഉപയോഗിക്കുന്നത്. താരൻ കൂടുതലായി ഉള്ളവർക്ക് ആരംഭത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നുപയോഗിക്കാം. ക്രമേണ ഉപയോഗം ആഴ്ചയിൽ ഒരിക്കലോ  രണ്ടാഴ്ചയിൽ ഒരിക്കലോ ആയി മിതപ്പെടുത്താം.  ചൊറിച്ചിൽ അധികമുണ്ടെങ്കിൽ സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങൾ നൽകാറുണ്ട്.


ശിരോചർമത്തെ ബാധിക്കുന്ന സോറിയാസിസ് ചികിത്സിക്കാൻ കോൾടാർ (Coaltar) അടങ്ങിയ ഷാംപൂ ആണു പ്രധാനമായും ഉപയോഗിക്കുന്നത്. കട്ടികൂടിയ ശല്ക്കങ്ങളെ നീക്കം ചെയ്യുന്ന ചില മരുന്നുകളും ഉപയോഗിക്കാറുണ്ട്. ഈ ചികിത്സ ഫലിക്കാത്തവർക്ക് ഉള്ളിൽ കഴിക്കുന്ന മരുന്നുകളും നൽകാറുണ്ട്.
ശിരോചർമത്തെ ബാധിക്കുന്ന െഡർമറ്റോഫൈറ്റോസിസ് എന്ന ഫംഗസ് ബാധ, ചർമരോഗവിദഗ്ധന്റെ നിർദേശാനുസരണം ആന്റിഫംഗൽ ഗുളികകളും ലേപനങ്ങളും ഉപയോഗിച്ചു ചികിത്സിക്കണം.

അറ്റം പിളർന്നാൽ


മുടിയിൽ പലതരം കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നവരിലും അയണിങ്, ബ്ലോഡ്രൈയിങ് തുടങ്ങിയ െഹയർ സ്റ്റൈലിങ് പ്രക്രിയകൾ അമിതമായി ചെയ്യുന്നവരിലുമാണ് മുടിയുടെ അറ്റം  കൂടുതലും പിളർന്നുപോകുന്നത്. മുടിയിലെ സൾഫൈഡ് ബോണ്ടുകൾ വിട്ടുപോകുന്നതുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്. വീര്യമേറിയ ഷാംപൂ സ്ഥിരമായി ഉപയോഗിച്ചാലും ഇങ്ങനെ സംഭവിക്കാം.


മുടി അറ്റം പിളർന്നു കഴിഞ്ഞാൽ, അതു മുറിക്കുക എന്നതാണു ചികിത്സ. വീണ്ടും ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കഴിവതും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. ഷാംപൂ കഴുകിക്കളഞ്ഞതിനുശേഷം നല്ല  കണ്ടീഷനർ മൂന്നു മിനിറ്റു പുരട്ടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഡീപ് കണ്ടീഷനർ 20 മിനിറ്റ് പുരട്ടി കഴുകുന്നതു നന്നായിരിക്കും. നനഞ്ഞ മുടി ചീകാതിരിക്കാൻ ശ്രദ്ധിക്കണം. അധികം മർദമേൽപിക്കാതെ വേണം മുടി ചീകാൻ. അധികം ഇഴയടുപ്പമില്ലാത്ത ചീപ്പ് ഉപയോഗിക്കുക. കെമിക്കൽ ട്രീറ്റ്മെന്റുകൾ അമിതമാകരുത്. മുടിയിൽ നിന്നും അഞ്ച് ഇഞ്ചെങ്കിലും അകലത്തിൽ പിടിച്ചു വേണം െഹയർ ഡ്രയർ ഉപയോഗിക്കാൻ. സ്വാഭാവിക രീതിയിൽ മുടി 90 ശതമാനമെങ്കിലും ഉണങ്ങിയ ശേഷമേ ഡ്രയർ ഉപയോഗിക്കാവൂ. ഒരു ഭാഗത്തു മാത്രം കൂടുതൽ പ്രയോഗിക്കാതെ, മാറ്റിമാറ്റി ഉപയോഗിക്കണം.

അകാലനര


25 വയസ്സിനു മുമ്പു നര ഉണ്ടാകുകയാണെങ്കിൽ അകാലനരയായി കണക്കാക്കാം. അകാലനരയുടെ ഏറ്റവും പ്രധാന കാരണം പാരമ്പര്യമാണ്. എന്നാൽ േകാപ്പർ, അയൺ, സിങ്ക്, വൈറ്റമിൻ ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവു കാരണം അകാലനര കണ്ടുവരുന്നുണ്ട്. ചിലതരം േരാഗങ്ങളുെട ഭാഗമായും ചില മരുന്നുകളുടെ ഉപയോഗം മൂലവും മുടി നരയ്ക്കാറുണ്ട്.പുകവലിക്കുന്നവരിലും ചിലതരം ഹൃദ്രോഗമുള്ളവരിലും മാനസികസമ്മർദം അനുഭവിക്കുന്നവരിലും അകാലനര കൂടുതലാണെന്നു ചില പഠനങ്ങൾ കാണിക്കുന്നു. അകാലനര പൂർണമായും ചികിത്സിച്ചു മാറ്റാനാവില്ല.


 ചിലതരം െെവറ്റമിനുകൾ അടങ്ങിയ മരുന്നുകൾ തുടർച്ചയായി കഴിക്കുമ്പോൾ നര മാറി കറുത്ത നിറം ലഭിക്കുമെങ്കിലും ഉപയോഗം നിർത്തിയാൽ രണ്ടു മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ നര തിരികെ വരുന്നതായി കാണുന്നു. മെലാേടാണിൻ അടങ്ങിയ ലേപനങ്ങൾ ചിലരിൽ ഫലം ചെയ്യുന്നതായി കാണുന്നു. െഹയർ ൈഡകൾ െകാണ്ട് നരച്ച മുടിക്കു നിറം നൽകാം.

Tips

വീര്യമേറിയ ഷാംപൂ ഒഴിവാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണു നല്ലത്.  

സോറിയാസിസ് രോഗികൾക്ക് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരവും ഗുളികകളും സഹായകരമാകാറുണ്ട്. മാനസിക സമ്മർദമുണ്ടാകാതെ നോക്കുകയും വേണം.

കുളിക്കുന്നതിനു മുമ്പ് ശിരസ്സിൽ ചെറിയ അളവിൽ എണ്ണ പുരട്ടാം. എന്നാലത് ഒട്ടും അധികമാകരുത്. മാത്രവുമല്ല കുളി കഴിഞ്ഞശേഷമുള്ള എണ്ണയുടെ ഉപയോഗവും ഒഴിവാക്കണം.