അമിത വൈകാരികത, പെട്ടെന്ന് ദേഷ്യം വരുക തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക. അതിന് പിന്നിലെ വില്ലൻ തൈറോയ്ഡ് രോഗങ്ങളാകാം. തൈറോയ്ഡ് സംബന്ധിച്ച 25 ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും.
എത്ര ശാന്തമായാണ് അവൾ വീട്ടിലെ ഓരോ കാര്യവും ചെയ്തിരുന്നത്. പക്ഷേ, ഇപ്പോൾ എന്തു പറഞ്ഞാലും ദേഷ്യമാണ്. എന്നോട് മാത്രമായിരിക്കും ഇങ്ങനെ എന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ദിവസം വീട്ടിൽ കാണാൻ വന്ന സ്വന്തം അമ്മയെ ശകാരിക്കുന്നത് കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ഡോക്ടറായ സുഹൃത്തിനോടു ഭാര്യയുടെ മാറ്റത്തെക്കുറിച്ച് പറഞ്ഞു. അദ്ദേഹമാണ് തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. ഒരു പക്ഷേ, അന്നത് തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബബന്ധം തന്നെ തകരാറിലായേനെ.
ഈ അനുഭവക്കുറിപ്പിൽ നിന്ന് തന്നെ തൈറോയ്ഡ് രോഗം തകരാറിലാക്കുന്നത് ശരീരത്തെ മാത്രമല്ല മനസ്സിനെക്കൂടിയാണെന്ന് വ്യക്തം. ഇരുതല മൂർച്ചയുള്ള വാളു പോലെയാണ് തൈറോയ്‍ഡ് രോഗങ്ങൾ. രോഗംമൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മാനസിക സമ്മർദങ്ങളിലേക്കും നയിക്കാം.
ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പറയുന്നത് കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതിൽ തൈറോയ്ഡ് രോഗം നിർണായക പങ്കു വഹിക്കുന്നു. എന്നാണ്. അതിവൈകാരികത, അമിതദേഷ്യം, കടുത്ത നിരാശ, നിസാരപ്രശ്നങ്ങളിൽ അമിതമായ വൈകാരികത, അമിത ദേഷ്യം, കടുത്ത നിരാശ, നിസാരപ്രശ്നങ്ങളിൽ അമിതമായ വൈകാരികപ്രതികരണം, വിഷാദം, ഏകാഗ്രതക്കുറവ്. ഓർമക്കുറവ് തുടങ്ങിയവ തൈറോയ്ഡ് രോഗവുമായി ബന്ധപ്പെട്ടു വരുന്ന പ്രശ്നങ്ങളാണ്. ഇവ കുടുംബബന്ധങ്ങളെ ദോഷകരമായി ബാധിക്കാം. ചിലപ്പോൾ ഈ അക്ഷമയും ദേഷ്യത്തിൽ അതിരുവിടുന്ന വാക്കുകളും വിവാഹമോചനത്തിനു വരെ കാരണമാകാം.
1. എന്താണു തൈറോയ്‍ഡ്? ഇത് രോഗാവസ്ഥയിലേക്കു എത്തുന്നത് എങ്ങനെ?
ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിനു മുൻഭാഗത്തായാണ് തൈറോയ്ഡ് ഗ്രന്ഥികൾ കാണപ്പെടുന്നത്. കോശപ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ടി3, ടി4 എന്നീ ഹോർമോ ണുകളാണ് ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നത്. തൈറോയ്ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. തൈറോയ്ഡ് ഹോർമോണിന്റെ അളവ് ആവശ്യമായതിനാലും കുറയുന്ന അവസ്ഥ ഹൈപ്പോ തൈറോയ്ഡിസം എന്നും ഹോർമോൺ കൂടുന്ന അവസ്ഥ ഹൈപ്പർ തൈറോയ്ഡിസം എന്നും അറിയപ്പെടുന്നു. മാത്രമല്ല തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഗോയിറ്റർ അടക്കമുള്ള മുഴകളും രോഗാവസ്ഥയാണ്. ചുരുക്കത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ ഉല്പാദനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് രോഗാവസ്ഥയിലേക്കു മാറുന്നത്.
2. ഹൈപ്പോ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ?
അമിതമായ ഉറക്കം, അമിതവണ്ണം, അലസത, ശരീരഭാഗങ്ങളിൽ നീര്, കിതപ്പ്, ആർത്തവസമയത്തെ അമിത രക്തസ്രാവം, അമിതമായി തണുപ്പ് അനുഭവപ്പെടുക, ശബ്ദത്തിൽ ഉണ്ടാകുന്ന വ്യതിയാനം, മുടി കൊഴിച്ചിൽ, ചർമവരൾച്ച, കൺപോളകളിൽ നീര്, ക്രമം തെറ്റിയ ആർത്തവം എന്നിവയാണു ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ഇല്ലാതെയും ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാകാം.
ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിനു മുൻഭാഗത്തായാണ് തൈറോയ്ഡ് ഗ്രന്ഥികൾ കാണപ്പെടുന്നത്.
3. ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ?
പെട്ടെന്ന് ശരീരഭാരം കുറയുക, നെഞ്ചിടിപ്പ് ഉയരുക, ശരീരത്തിന് എപ്പോഴും ചൂട് അനുഭവപ്പെടുക, കൈകാലുകൾക്ക് വിറയൽ, ഉത്കണ്ഠ, അതിവൈകാരികത, സന്ധികൾക്കു വേദന, അമിതമായ വിയർപ്പ്, ക്രമം തെറ്റിയ ആർത്തവം, ഉറക്കമില്ലായ്മ തുടങ്ങിയവ ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്.
4. തൈറോയ്ഡ് രോഗം ഉള്ളവർ ജീവിതകാലം മുഴുവൻ മരുന്നുകഴിക്കണം എന്നു പറയുന്നതു ശരിയാണോ?
ഹൈപ്പോ തൈറോയ്ഡിസം ഉള്ളവർ ജീവിതാവസാനം മരുന്നു കഴിക്കണം. ഹോർമോണുകളാണ് ഗുളിക രൂപത്തിൽ കഴിക്കുന്നത്. രക്തപരിശോധന നടത്തി ഹോർമോണിന്റെ അളവ് മനസ്സിലാക്കി വേണം മരുന്നു കഴിച്ചു തുടങ്ങാൻ. നിശ്ചിത കാലയളവിൽ തൈറോയ്ഡ് ഹോർമോൺ നില പരിശോധിച്ചു മരുന്നിന്റെ ഡോസിൽ ക്രമീകരണം നടത്തണം.
5. ഹൈപ്പർ തൈറോയ്ഡിസം ഉള്ളവർക്കോ?
ഒരു വർഷം കൃത്യമായി മരുന്നു കഴിക്കുകയാണെങ്കിൽ ഹൈപ്പർ തൈറോയ്ഡിസം മാറും. കടുത്ത നിലയിൽ ഹൈപ്പർ തൈറോയ്ഡിസം ഉള്ളവർക്ക് ശസ്ത്രക്രിയ വേണ്ടി വരും. താരതമ്യേന വളരെ കുറച്ചു പേർക്കു മാത്രമേ ശസ്ത്രക്രിയ വേണ്ടി വരാറുള്ളൂ. നല്ലൊരു ശതമാനം പേർക്കും മരുന്നുകൊണ്ടു തന്നെ രോഗം മാറും. എന്നാൽ വീണ്ടും രോഗം വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
6. തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകൾ അപകടകാരികളാണോ?
രണ്ടു തരത്തിലാണ് തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകൾ കാണാറുള്ളത്. കാൻസർ മുഴയും കാൻസർ അല്ലാത്ത മുഴയും. അപൂർവമായി മാത്രം കാണുന്ന രോഗമാണ് തൈറോയിഡ് ഗ്രന്ഥിയിലെ കാൻസർ. തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകളിൽ ഏറെക്കുറെ രണ്ടു മുതൽ അഞ്ചു ശതമാനം വരെ മാത്രമേ കാൻസറിനുള്ള സാധ്യതയുള്ളൂ. കാൻസർ സാധ്യതയുള്ള മുഴകൾ ആണെങ്കിലോ മുഴകൾ വലുതായിക്കൊണ്ടിരിക്കുകയാണെങ്കിലോ ശസ്ത്രക്രിയ ചെയ്യേണ്ടിവരും.
7. യോഗയും ധ്യാനവും തൈറോയ്ഡ് രോഗങ്ങൾ കുറയ്ക്കുമോ?
ഹോർമോണിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയാണല്ലോ തൈറോയ്ഡ് രോഗങ്ങൾക്കു കാരണമാകുന്നത്. ഇത് മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. യോഗ, വ്യായാമം, ധ്യാനം തുടങ്ങിയവ മനസ്സിനും ശരീരത്തിനും ഒരു പോലെ ഉണർവ് നൽകുന്നു. അതുകൊണ്ടു തന്നെ മനസ്സിന്റെ അലട്ടലുകൾക്ക് ആശ്വാസം പകരാൻ യോഗയും വ്യായാമവും സഹായിക്കും.
പെട്ടെന്ന് ശരീരഭാരം കുറയുക, നെഞ്ചിടിപ്പ് ഉയരുക, ശരീരത്തിന് എപ്പോഴും ചൂട് അനുഭവപ്പെടുക, കൈകാലുകൾക്ക് വിറയൽ, ഉത്കണ്ഠ, അതിവൈകാരികത, സന്ധികൾക്കു വേദന, അമിതമായ വിയർപ്പ്, ക്രമം തെറ്റിയ ആർത്തവം, ഉറക്കമില്ലായ്മ തുടങ്ങിയവ ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്.
8. തൈറോയ്ഡ് രോഗമുള്ളവർ ആഹാരകാര്യത്തിൽ എന്തു നിയന്ത്രണങ്ങളാണ് പാലിക്കേണ്ടത്?
തൈറോയ്ഡ് രോഗങ്ങൾക്ക് ആഹാരകാര്യത്തിൽ കർശന നിയന്ത്രണം ആവശ്യമുണ്ട്. കൃത്രിമ നിറങ്ങളും രുചിക്കൂട്ടുകളും ചേർത്ത ഭക്ഷണങ്ങൾ ഉപേക്ഷിക്കുക. എരിവും പുളിയും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക. അയഡിൻ ചേർത്ത ഉപ്പ്, ഇന്തുപ്പ് എന്നിവ ഉൾപ്പെടുത്തുക. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കാം.
9. ആഹാരത്തിൽ അയഡിന്റെ അളവ് വർധിപ്പിച്ചാൽ തൈറോയ്ഡ് രോഗങ്ങൾ വരാതിരിക്കുമോ?
ശരീരത്തിൽ അയഡിന്റെ അളവ് കുറയുന്നതാണ് തൈറോയ്ഡ് രോഗങ്ങൾക്കു കാരണം എന്നായിരുന്നു അടുത്തകാലം വരെയും വിശ്വസിച്ചിരുന്നത്. എന്നാലിപ്പോൾ അയഡിന്റെ കുറവു മൂലം രോഗം ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ മറ്റു കാരണങ്ങൾ കൊണ്ട് രോഗമുണ്ടാകാം എന്നു കണ്ടെത്തിയിരിക്കുന്നു. തൈറോയ്ഡ് രോഗങ്ങൾ കൂടാൻ കാരണം ഓട്ടോ ഇമ്യൂൺ ഡിസീസ് ആണെന്നാണ് അടുത്തകാലത്തായി കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ ശരീരത്തിനു പ്രതിരോധം തീർക്കാനുള്ള ഘടകങ്ങൾ തന്നെ നമുക്കെതിരെ തിരിയുന്ന അവസ്ഥയാണിത്. തൈറോയിഡ് രോഗമുണ്ടെന്നു കണ്ടെത്തിയാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് കാരണം എന്താണെന്നു പരിശോധിച്ചറിയണം.
10. തൈറോയ്ഡ് പ്രശ്നങ്ങൾ ഗർഭിണികളെ എങ്ങനെയെല്ലാം ബാധിക്കാം?
തൈറോയ്ഡ് രോഗം ഗർഭം അലസുന്നതിനും നവജാതശിശുവിനു ശാരീരിക മാനസിക വൈകല്യങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകും. ഗർഭിണികളിൽ തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ നിശ്ചിത അളവിൽ കൂടുതലായാൽ രക്തസമ്മർദം കൂടാൻ സാധ്യത നാലിരട്ടിയാണ്. നവജാതശിശുവിന്റെ ഭാരം കാൽകിലോ വരെ കുറയ്ക്കുകയും ചെയ്തേക്കാമെന്നു പഠനങ്ങൾ. ഗർഭധാരണത്തിനു തയാറെടുക്കുന്ന സ്ത്രീകൾ തൈറോയ്ഡ് രോഗനിർണയം നടത്തി മുൻകരുതലെടുക്കുന്നത് ഭാവിയിലെ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും.
11. പുരുഷന്മാർക്ക് തൈറോയ്ഡ് രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണോ?
സ്ത്രീ–പുരുഷ അനുപാതത്തിന്റെ കാര്യത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ തൈറോയ്ഡ് രോഗബാധ ഒമ്പത് ഇരട്ടി കൂടുതലാണെന്നു കണക്കാക്കിയിട്ടുണ്ട്. ഒരു വർഷം കൃത്യമായി മരുന്നു കഴിക്കുകയാണെങ്കിൽ ഹൈപ്പർ തൈറോയ്ഡിസം മാറും.
12. തൈറോയ്ഡ് രോഗം വ്യക്തിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുമെന്ന് പറയുന്നത് ശരിയാണോ?
തൈറോയ്ഡ് രോഗം ചികിൽസയിലൂടെ ഭേദമാക്കാവുന്നതാണ്. രോഗത്തെക്കുറിച്ച് അനാവശ്യമായ ഭീതി പുലർത്തേണ്ട കാര്യമില്ല. നിസാര കാര്യങ്ങൾക്ക് ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്ന പല സ്ത്രീകളിലും തൈറോയ്ഡ് പ്രശ്നങ്ങൾ കാണാറുണ്ട്.കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഭാര്യയുടെ വൈകാരിക മാറ്റങ്ങൾക്ക് കാരണം തൈറോയ്ഡ് പ്രശ്നങ്ങളാണോ എന്നു കണ്ടെത്തി ചികിത്സിക്കുക. മാനസിക പ്രശ്നങ്ങൾ മൂലം വിവാഹ മോചനത്തിനു താൽപര്യം കാണിച്ച സ്ത്രീകളിൽ നാൽപതു ശത മാനത്തോളം പേരും ഹൈപ്പർ, ഹൈപ്പോ തൈറോയ്ഡ് രോഗം ബാധിച്ചവരായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയേഷൻ ഇന്ത്യ കൗൺസ ലിങ് സെന്റർ ഈ വിഷയത്തിൽ പഠനം നടത്തിയിട്ടുണ്ട്.
13. തൈറോയിഡ് പ്രശ്നങ്ങൾ രോഗിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമോ?
തൈറോയ്ഡ് രോഗങ്ങൾ മാരകമോ മരണകാരണമോ അല്ല. എങ്കിലും ജീവിതത്തിന്റെ ഗുണം നന്നായി കുറയ്ക്കും. തൈറോയ്ഡ് ഹോർമോൺ ശരീരത്തിലെ പ്രവർത്തനങ്ങൾ തുലനം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ശരീരത്തിന്റെ വളർച്ച, ഹൃദയം, ശ്വാസകോശം, വൃക്ക, എന്നിവയുടെ പ്രവർത്തനം തുടങ്ങിയവയെ ഒക്കെ വളരെ സ്വാധീനിക്കുന്ന ഹോർമോണുകളാണിവ. അതുകൊണ്ടു തന്നെ പലവിധ ശാരീരിക മാനസിക പ്രശ്നങ്ങളും രോഗിക്ക് ഉണ്ടാകാം. ശരിയായ ജീവിതക്രമത്തിലൂടെയും ശുഭാപ്തി വിശ്വാസത്തിലൂടെയും ജീവിതം തിരിച്ചു പിടിക്കാം. രോഗചിന്ത ഉണ്ടാക്കുന്ന മാനസികാഘാതം രോഗം കൂട്ടാനേ ഉപകരിക്കൂ. കുടുംബത്തിന്റെ പിന്തുണയും പ്രധാനമാണ്. രോഗിയുടെ മാനസികാവസ്ഥ കുടുംബത്തിലെ മറ്റുള്ളവർ തിരിച്ചറിയുകയും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ നടപ്പിൽ വരുത്തുകയും വേണം.
14. ഈ രോഗം പാരമ്പര്യമാണോ?
പ്രമേഹം പോലെയുള്ള ഒരു പാരമ്പര്യ രോഗമല്ല തൈറോയ്ഡ്. എന്നാൽ വീട്ടിൽ ഒരാൾക്ക് രോഗമുണ്ടെങ്കിൽ നിശ്ചയമായും പരിശോധനയ്ക്ക് വിധേയമാകണം. അതു പോലെ തന്നെ ഗർഭിണികൾ നിർബന്ധമായും തൈറോയ്ഡ് നില പരിശോധിക്കണം. പ്രമേഹമുള്ളവർ, കൊളസ്ട്രോൾ കൂടുതലുള്ളവർ, ഹെപ്പറ്റൈറ്റിസ് ബാധിച്ചിട്ടുള്ളവർ തുടങ്ങിയവരും പരിശോധന നടത്തുന്നതു നല്ലതാണ്.
15. തൈറോക്സിൻ ഗുളികകൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?
ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ തൈറോക്സിൻ ഗുളിക കഴിക്കാൻ പാടുള്ളൂ. മിതമായ അളവിൽ ഗുളിക കഴിക്കുന്നതു കൊണ്ട് പാർശ്വഫലങ്ങൾ ഇല്ല. എന്നാൽ ആവശ്യത്തിലും അധികമാണു കഴിക്കുന്നതെങ്കിൽ എല്ലുകൾക്കു തേയ്മാനം, ശരീരഭാരം കുറയൽ, ഹൃദയമിടിപ്പിൽ വ്യത്യാസം, പ്രമേഹം എന്നിവയക്കുള്ള സാധ്യതകളുണ്ട്. സാധാരണ 100 ഗുളിക അടങ്ങിയ കുപ്പിയിലാണ് തൈറോക്സിൻ ഗുളിക ലഭിക്കുന്നത്. ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്ക്കും. അതുകൊണ്ടാണ് തൈറോക്സിൻ ഇരുണ്ട നിറമുള്ള കുപ്പികളിൽ സൂക്ഷിക്കുന്നത്. ഗുളിക രാവിലെ വെറും വയറ്റിൽ കഴിക്കണം. സോയ, പാൽ, ഉൽപന്നങ്ങൾ, കാത്സ്യം, അയൺ ഇവ അടങ്ങിയ മരുന്നുകൾ, ചില അസിഡിറ്റി മരുന്നുകൾ എന്നിവ തൈറോക്സിന്റെ ആഗിരണം തടസപ്പെടുത്തും.
16. ഗർഭിണി തൈറോയ്ഡ് ഗുളികകൾ കഴിക്കാമോ?
ഗർഭസ്ഥ ശിശുവിന്റെ ശരിയായ വളർച്ചയ്ക്ക് അമ്മയുടെ തൈറോയ്ഡിന്റെ ശരിയായ പ്രവർത്തനം ആവശ്യമാണ്. അതുകൊണ്ട് ഗർഭകാലത്ത് ഒരു കാരണവശാലും തൈറോയ്ഡ് മരുന്നുകൾ മുടക്കരുത്. ഹൈപ്പർ തൈറോയിഡിസമുള്ളവരിൽ മരുന്നു മുടങ്ങിയാൽ ഗർഭമലസാം.
17. ശരീരത്തിന് ആവശ്യമുള്ള അയഡിൻ ലഭിക്കുന്നതിന് കടൽമത്സ്യങ്ങൾ എങ്ങനെ ഉപയോഗിക്കണം?
ലോകത്ത് ഏറ്റവും കൂടുതൽ അയഡിൻ അടങ്ങിയിട്ടുള്ള ആഹാരപ ദാർഥം കടൽമീനാണ്. കടലിലെ ഉപ്പു വലിച്ചെടുത്ത് മാംസത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അയഡിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒരു വഴിയുണ്ട്; ആഴ്ചയിൽ മൂന്നു ദിവസം കടൽ മത്സ്യം ആഹാരത്തിൽ ഉൾപ്പെടുത്തുക. കൂടാതെ അണ്ടിപ്പരിപ്പ്, സ്ട്രോബറി, പശുവിന്റെ പാൽ തുടങ്ങിയവയിൽ അയഡിനും ഗോതമ്പ്, ബാർളി, ആട്ടിറച്ചി തുടങ്ങിയവയിൽ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട സിങ്കും ധാരാളമുണ്ട്..
ഹോർമോണിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയാണല്ലോ തൈറോയ്ഡ് രോഗങ്ങൾക്കു കാരണമാകുന്നത്. ഇത് മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു.
18. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ആവശ്യമായ അയഡിൻ ആഹാരത്തിൽ നിന്നു കിട്ടുമോ?
ദിവസവും 150 മൈക്രോ ഗ്രാം അയഡിനാണ് പ്രായപൂർത്തിയായ ഒരാളിന് ആവശ്യമുള്ളത്. സസ്യഭുക്കായ ഒരാൾക്ക് അയാൾ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ആവശ്യമുള്ള അയഡിൻ കിട്ടാനുള്ള സാധ്യതയുണ്ട്. അയഡിൻ ചേർന്ന ഉപ്പ് ഉപയോഗിക്കണമെന്നു മാത്രം. ഉപ്പിൽ നിന്നു മാത്രമല്ല ഉപ്പു രസമുള്ള മണ്ണിൽ വളരുന്ന പച്ചക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമുള്ള അയഡിൻ കിട്ടാം.
19. എല്ലാ ഉപ്പിലും അയഡിൻ ചേർന്നിട്ടുണ്ടോ?
സോഡിയം ക്ലോറൈഡാണ് കറിയുപ്പ് എന്ന് അറിയപ്പെടുന്നത്. ഇതിൽ നിശ്ചിത അളവിൽ അയഡിൻ മിശ്രിതം ചേർത്താണ് അയഡിൻ ഉപ്പ് തയ്യാറാക്കുന്നത്. അയഡിൻ മിശ്രിതം ഏത് ഉപ്പിലും ചേർക്കാം. ഇപ്പോൾ കിട്ടുന്ന പായ്ക്കറ്റ് ഉപ്പുകൾ മിക്കവയും അയഡിൻ ചേർത്തതാണ്.
20. ഉപ്പിൽ നിന്ന് അയഡിൻ നഷ്ടമാകുന്ന സാഹചര്യങ്ങൾ ഉണ്ടോ?
സൂര്യപ്രകാശം അമിതമായി ഏൽക്കുന്ന സ്ഥലങ്ങളിൽ ഉപ്പ് വച്ചാൽ അയഡിൻ നഷ്ടമാകാം. ഇരുണ്ട നിറമുള്ള കണ്ണാടി പാത്രങ്ങളിലോ തടികൊണ്ടുള്ള പാത്രങ്ങളിലോ (ഉപ്പു മരവകൾ) അയഡിൻ ഉപ്പ് വയ്ക്കുന്നത് അയഡിൻ നഷ്‍ടമാകാതിരിക്കാൻ സഹായിക്കും.
21. മലയോരങ്ങളിൽ താമസിക്കുന്നവർക്ക് രോഗ സാധ്യത കൂടുതലുണ്ടോ?
അങ്ങനെയൊരു പ്രശ്നം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല നേരത്തെ സൂചിപ്പിച്ചതു പോലെ അയഡിന്റെ അഭാവം കൊണ്ടു മാത്രമല്ല തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാകുന്നത്. എങ്കിലും മലയോര മേഖലയിലെ മണ്ണിൽ അയഡിന്റെ അംശം കുറവായതു കൊണ്ടും കടൽമീനുകൾ കിട്ടാൻ പ്രയാസമുള്ളതു കൊണ്ടും ആഹാരത്തിൽ അയഡിൻ ചേർന്ന ഉപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണ രീതിയിൽ പുലർത്തുന്ന ശ്രദ്ധ ഒരു പരിധി വരെ രോഗസാധ്യത കുറയ്ക്കും.
22. തൈറോയ്ഡ് രോഗം ഉള്ളവർ കപ്പയും മീനും കഴിക്കാമോ?
കപ്പ പതിവായി കഴിക്കുന്നതു തൈറോയ്ഡ് രോഗസാധ്യത വർധിപ്പിക്കുന്നതാണെന്നു പഠനങ്ങൾ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്നകാരി. എന്നാൽ കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് രോഗസാധ്യത കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്. മീനിലെ അയഡിന്റെ സാന്നിധ്യം തന്നെയാണു പ്രധാനം.
23. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ രീതിയിലുള്ള രോഗലക്ഷണങ്ങളാണോ കാണുന്നത്?
രോഗലക്ഷണങ്ങളും രോഗത്തിന്റെ രീതിയും ഏറെക്കുറെ ഒരു പോലെയാണ്. എന്നാൽ പുരുഷന്മാർ പലപ്പോഴും രോഗലക്ഷണങ്ങൾ വകവയ്ക്കാതിരിക്കുകയും രോഗം ചിലപ്പോൾ തീവ്രമാകു കയും ചെയ്യുന്ന പ്രവണതയുണ്ട്. തൈറോയ്ഡ് രോഗം ഗർഭം അലസുന്നതിനും നവജാതശിശുവിനു ശാരീരിക മാനസിക വൈകല്യങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകും.
24. ഏതു പ്രായത്തിലുള്ളവർക്കാണ് തൈറോയ്ഡ് രോഗങ്ങൾ ബാധിക്കാൻ സാധ്യത. രോഗം എങ്ങനെ കണ്ടുപിടിക്കാം?
തൈറോയ്ഡ് രോഗങ്ങൾ ഏതു പ്രായക്കാർക്കും ഉണ്ടാകാം. മുകളിൽ സൂചിപ്പിച്ച രോഗലക്ഷണങ്ങൾ ഉള്ളവർക്ക് രക്തപരിശോധനയിലൂടെ (തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്) രോഗം തീർച്ചപ്പെടുത്താം.
25. സ്ത്രീകൾക്കിടയിൽ എന്തുകൊണ്ട് തൈറോയ്ഡ് രോഗങ്ങൾ വ്യാപകമാവുന്നു?
വ്യക്തമായ കാരണങ്ങൾ ഇനിയും പഠനവിധേയമായിട്ടില്ല. എങ്കിലും കേരളത്തിലെ സ്ത്രീകളുടെ സാധാരണ ജീവിതത്തിൽ തൈറോയ്ഡ് രോഗങ്ങൾ കരിനിഴൽ വീഴ്ത്തുന്നു എന്നത് യാഥാർത്ഥ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്- ഡോ. പി.കെ. ജബ്ബാർ, ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ്, ഡിപ്പാർട്മെന്റ് ഓഫ് എൻഡോക്രൈനോളജി മെഡിക്കൽ കോളജ്, തിരുവനന്തപുരം, കോട്ടയം.