Monday 27 June 2022 03:38 PM IST : By സ്വന്തം ലേഖകൻ

എന്നും രാത്രിയിൽ പല്ലു തേയ്ക്കാതെയാണോ കിടന്നുറങ്ങുന്നത്? ഈ ദുശ്ശീലമുള്ളവര്‍ ഇതുകൂടി അറിഞ്ഞോളൂ..

tooth-cleannn886678

പല്ലുകളുടെ ആരോഗ്യത്തിനു രാവിലെയും രാത്രിയും നിര്‍ബന്ധമായും പല്ലു തേയ്ക്കണമെന്ന് ഡോക്ടർമാര്‍ നിഷ്കര്‍ഷിക്കാറുണ്ട്. എന്നാല്‍ രാത്രിയില്‍ പല്ലു തേയ്ക്കാന്‍ ഒരല്‍പം മടിയുള്ളവരാണ് ഏറെയും. അങ്ങനെ ഒരു ദുശ്ശീലമുണ്ടെങ്കില്‍ ഇതുകൂടി അറിഞ്ഞോളൂ.. 

. രാത്രിയിൽ ആഹാരം കഴിച്ചശേഷം പല്ലുകള്‍ വൃത്തിയാക്കാതെ ഉറങ്ങുമ്പോള്‍ വായില്‍ ബാക്ടീരിയകള്‍ പെരുകും. ഈ ബാക്ടീരിയകളാണ് പല്ലില്‍ കേടുപാടുകള്‍ ഉണ്ടാക്കുന്നത്‌. പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുത്തി എളുപ്പത്തില്‍ കേടുകള്‍ വരുത്താന്‍ ഇവയ്ക്ക് കഴിയും. 

. രാത്രി ബ്രഷ് ചെയ്തില്ലെങ്കില്‍ പല്ലുകളില്‍ പ്ലേക് അടിയുകയും ഇത് കട്ടിയേറിയ പ്രതലമായി രൂപപ്പെടുകയും ചെയ്യും. ഇത് പിന്നീട് ബ്രഷ് ചെയ്‌താല്‍ പോലും പോകാത്ത രീതിയിലാകും. ഈ പ്ലേക് തന്നെയാണ് വായ്‌നാറ്റത്തിനും കാരണമാകുന്നത്. കൂടാതെ മോണകളില്‍ അണുബാധ, മോണവീക്കം, മോണയില്‍നിന്നു രക്തം വരുക എന്നീ അസ്വസ്ഥതകളുമുണ്ടാക്കും.

. രാത്രി കുറഞ്ഞത്‌ അഞ്ചോ ആറോ മണിക്കൂര്‍ നേരം ഉറക്കത്തിലാണ്. ഈ സമയം പല്ലുകളില്‍ അണുക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ അവ അവിടെ പെറ്റു പെരുകും. അതിനാല്‍ രാത്രിയിൽ ഉറങ്ങുന്നതിനു മുന്‍പ് പല്ലുകള്‍ തേയ്ക്കേണ്ടത് പ്രധാനമാണ്. 

. വായ്ക്കുള്ളില്‍ എപ്പോഴും ആസിഡ് സാന്നിധ്യമുണ്ട്. തുപ്പലില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, ആസിഡ് പ്രവര്‍ത്തനത്തെ കുറയ്ക്കും. രാത്രിസമയത്ത് തുപ്പല്‍ ഉല്‍പാദനം കുറവാണ്. അതുകൊണ്ടുതന്നെ ആസിഡ് പ്രവര്‍ത്തനം കൂടുകയും ചെയ്യും. രാത്രി ബ്രഷ് ചെയ്യുമ്പോള്‍ ടൂത്ത് പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ഫ്ലൂറൈയ്ഡ് ഇതിനു ബദലായി പ്രവര്‍ത്തിക്കും. അണുക്കള്‍ പെരുകുന്നത് തടയാന്‍ രാത്രി നേരത്ത് പല്ലുകള്‍ ശുചിയാക്കുന്നത് സഹായിക്കും. 

Tags:
  • Health Tips
  • Glam Up